ADVERTISEMENT

പേവിഷബാധയേറ്റ് വീണ്ടുമൊരു ജീവൻ പൊലിഞ്ഞിരിക്കുന്നു. സമീപനാളുകളിൽ തെരുവുനായ്ക്കളിൽനിന്ന് കടിയേൽക്കുന്നവരുടെയും പേവിഷബാധയേറ്റ് മരണമടയുന്നവരുടെയും എണ്ണം ക്രമാതീതമായി ഉയർന്നിരിക്കുന്നുവെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ  ആറു വർഷത്തിനിടെ സംസ്ഥാനത്ത് പട്ടികടിയേറ്റത് 10 ലക്ഷത്തിലധികം പേർക്ക്. അതിൽ നല്ലൊരു പങ്കും ലോക്ഡൗണിനു ശേഷം. ലോക്ഡൗണിനു ശേഷം  നായ്ക്കളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ മാത്രം അര ലക്ഷത്തിലധികം പേർക്ക് തെരുവുനായ്ക്കളിൽനിന്ന് കടിയേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വർഷംതന്നെ 26 പേർക്ക് പേവിഷബാധമൂലം ജീവൻ നഷ്ടപ്പെട്ടു. തെരുവുനായ്ക്കളാണ് ഈ മരണങ്ങൾക്കൊക്കെ കാരണമെന്ന് പറയാനാകില്ലെങ്കിലും നായ്ക്കളുടെ ആക്രമണം മൂലം ചെറുതും വലുതുമായ പരിക്കുകൾ പറ്റിയവരുടെ കാര്യം വെറുതെ അങ്ങു തള്ളിക്കളയാൻ കഴിയില്ല.

നായ്ക്കൾക്ക് പേവിഷപ്രതിരോധ വാക്സീൻ നൽകുന്നതിനായി വാക്സീനേഷൻ ഡ്രൈവുകൾ സംസ്ഥാനത്ത് ഇപ്പോൾ നടക്കുകയാണ്. എന്നാൽ, ഇത് എത്രത്തോളം വിജയകരമാകുമെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. വർഷാവർഷം ഇതിനായി നല്ലൊരു തുക സംസ്ഥാന സർക്കാർ വകയിരുത്തുന്നുൃ. ഒപ്പം തെരുവു നായ്ക്കൾക്കായി വന്ധ്യംകരണ പദ്ധതികളും നടക്കുന്നു. 

തെരുവുനായ്ക്കൾക്ക് പേവിഷപ്രതിരോധ വാക്സീൻ നൽകിയാലും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയാലും തെരുവിൽത്തന്നെ തിരികെ വിടുന്ന രീതിയാണ് നിലവിൽ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഈ രീതി തികച്ചും അശാസ്ത്രീയമാണ്. വാക്സീൻ നൽകിയ നായ്ക്കളെ തിരിച്ചറിയാൻ കഴിയില്ലെന്നു മാത്രമല്ല അവ വീണ്ടും തെരുവിലേക്ക് എത്തുമ്പോൾ പേവിഷബാധയുടെ കാരിയർമാരാകാനും സാധ്യതയേറെ. അതുകൊണ്ടുതന്നെ തെരുവുനായ്ക്കളുടെ പ്രശ്നം അവസാനിപ്പിക്കാനും മനുഷ്യർക്ക് ഭയപ്പെടാതെ പുറത്തിറങ്ങുന്നതിനും സംസ്ഥാനത്ത് ആവശ്യം അവയെ പുനരധിവസിപ്പിക്കാനുള്ള സംവിധാനമാണ്. വിദേശ രാജ്യങ്ങളിൽ തെരുവുനായ പ്രശ്നം ഫലപ്രദമായി ഒഴിവാക്കാൻ ഈ മാർഗമാണ് സ്വീകരിച്ചിരിക്കുന്നത്.

വാക്സീൻ നൽകുന്നതിലൂടെ പേവിഷബാധയും വന്ധ്യംകരിക്കുന്നതിലൂടെ പ്രജനനവും തടയാൻ കഴിയും. പ്രത്യേക പാർപ്പിട സംവിധാനം ഒരുക്കി ഭക്ഷണവും ആവശ്യമായ മരുന്നുകളും നൽകി അവയെ പരിചരിച്ചാൽ തെരുവിൽ അവ വഴിയുണ്ടാകുന്ന പ്രശ്നങ്ങൾ തടയാൻ കഴിയും. സംസ്ഥാനത്ത് ചുരുങ്ങിയത് ഓരോ ജില്ലകൾ തോറും നായ്ക്കൾക്കുവേണ്ടി പുനരധിവാസ സംവിധാനം ഒരുക്കാൻ കഴിഞ്ഞാൽ വലിയൊരു പ്രശ്നം ഒഴിവാകുമെന്നതിൽ സംശയമില്ല. ഇതിനായി എൻജിഒകളുടെ സേവനവും സർക്കാരിന് പ്രയോജനപ്പെടുത്താവുന്നതാണ്. സംസ്ഥാനത്ത് മൃഗക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒട്ടേറെ എൻജിഒകളും സ്വകാര്യ വ്യക്തികളുമുണ്ട്. നിലവിൽ പരിക്കേറ്റതും അവശനിലയിലായ നായ്ക്കളെയാണ് ഇത്തരം ആളുകൾ സംരക്ഷിക്കുന്നതെങ്കിലും സർക്കാർ സഹായം ലഭിച്ചാൽ അവരുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിലേക്ക് മാറ്റാൻ കഴിഞ്ഞേക്കും.

നായ്ക്കളെ റെസ്ക്യൂ ചെയ്യുന്ന യുവാക്കൾ സംസ്ഥാനത്ത് മിക്ക പ്രദേശങ്ങളിലുമുണ്ട്. തെരുവിൽ അവശനിലയിൽ ലഭിക്കുന്ന നായ്ക്കളെ ചികിത്സ നൽകി സ്വന്തം ഷെൽറ്റർ ഹോമുകളിൽ പാർപ്പിക്കുകയാണ് അത്തരം ആളുകൾ ചെയ്യുന്നത്. പലപ്പോഴും നായ്ക്കളുടെ എണ്ണത്തിലുള്ള വർധന മൂലം പ്രദേശവാസികളിൽനിന്ന് എതിർപ്പും ഇത്തരം ശ്വാനപ്രേമികൾക്ക് നേരിടേണ്ടിവരാറുണ്ട്. സർക്കാർ സഹായത്തോടെ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകിയാൽ ഇവരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായേക്കും. 

തെരുവുനായ്ക്കളുടെ പെരുപ്പം തടയാനും ഭാവിയിൽ എണ്ണം കുറയ്ക്കാനും ഏറ്റവും ഉചിതമായ മാർഗം ഇതുതന്നെ. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനായി ആധുനിക സംവിധാനങ്ങളോടെ ആശുപത്രി പുതുതായി തുടങ്ങുന്നതിനു പകരം ഇത്തരം ഷെൽട്ടർ ഹോമുകൾ നിർമിക്കുന്നതിനാണ് തുക ചെലവഴിക്കേണ്ടത്. വന്ധ്യംകരണത്തിനും ചികിത്സകൾക്കും മറ്റും നിലവിലുള്ള വെറ്ററിനറി ഡിസ്പെൻസറി, ആശുപത്രി‌കളുടെ സേവനം തേടാം. ഇത്തരത്തിൽ കൃത്യമായി മുൻപോട്ടു പോയാൽ 10 വർഷത്തിനുള്ളിൽ തെരുവുനായ്ക്കളുടെ എണ്ണത്തിൽ കുറവ് വരുത്താൻ കഴിയുമെന്നു മാത്രമല്ല ഷെൽറ്റർ ഹോം സംവിധാനം അവസാനിപ്പിക്കാനും കഴിയും.

stray-dog

ഉപേക്ഷിക്കുന്നവർക്കുവേണം ശിക്ഷ

ലോക്ഡൗണിനു ശേഷം തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുനായ്ക്കളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. ചെറുതും വലുതമായ ഒട്ടേറെ വിദേശയിനം നായ്ക്കൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ട വിധത്തിൽ കാണുന്നു. ഈ അവസ്ഥ ഒഴിവാക്കാൻ ലൈസൻസ് സംവിധാനം സഹായിച്ചേക്കും. നായയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇക്കാര്യം അധികൃതരെ അറിയിച്ച് രേഖപ്പെടുത്തുകയും വേണം. അല്ലാത്തപക്ഷം ലൈസൻസ് ഉണ്ടെങ്കിലും നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. മോണിറ്ററിങ് സംവിധാനം കാര്യക്ഷമമായിരിക്കണം. കൃത്യമായ പരിശോധനങ്ങൾ നടന്നെങ്കിൽ മാത്രമേ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത തടയാൻ കഴിയൂ. 

പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുത്ത നായ്ക്കൾക്കാണ് അതാത് പഞ്ചായത്തിൽനിന്ന് ലൈസൻസ് നൽകുക. വർഷാവർഷം ലൈസൻസ് പുതുക്കണം. വളർത്തുനായയെ ഉപേക്ഷിച്ചാൽ മാതൃകാപരമായ നടപടി സ്വീകരിക്കാനും അധികൃതർ തയാറാകണം. നായ്ക്കളെ വളർത്താൻ ബുദ്ധിമുട്ടുള്ളവർ അവയെ മറ്റാർക്കെങ്കിലും നൽകുകയോ നായ്ക്കൾക്കുവേണ്ടിയുള്ള ഓൾഡ് ഏജ് ഹോമുകളിൽ പാർപ്പിക്കുകയോ ചെയ്യാം. മാസാമാസം നിശ്ചിത തുക നൽകണമെന്നു മാത്രം. തെരുവിൽ ഉപേക്ഷിച്ച് മറ്റുള്ളവർത്ത് തലവേദന സൃഷ്ടിക്കേണ്ടിരില്ല എന്നതാണ് ഇതിന്റെ നേട്ടം. നായ്ക്കൾക്കായി ഒരു ഓൾഡ് ഏജ് ഹോം തുടങ്ങിയ ശ്വാനപരിശീലകനെക്കുറിച്ച് സെപ്റ്റംബർ ലക്കം കർഷകശ്രീയിലുണ്ട്. അദ്ദേഹത്തിന്റെ സേവനം ആവശ്യക്കാർക്ക് പ്രയോജനപ്പെടുത്താം. നായ്ക്കൾക്കുള്ള ബോർഡിങ്ങുകൾ പോലെ ഈ സംവിധാനത്തനും ഇന്ന് കേരളത്തിൽ സാധ്യതയുണ്ട്.

stray-dog-7

നഷ്ടപരിഹാരമില്ല, കടിയേൽക്കാതെ ശ്രദ്ധിക്കണം

നായയുടെ കടിയേറ്റാലോ പേവിഷബാധയേറ്റാലോ മരണപ്പെട്ടാലോ ആരോഗ്യവകുപ്പിൽനിന്ന് ധനസഹായം ഒന്നും കൊടുക്കാറില്ലെന്ന് വിവരാവകാശത്തിൽ പറയുന്നു. പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ ബി.മനോജാണ് വിവരാവകാശം നൽകിയത്.‌‌‌

കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചണ വിഭാഗത്തിലായിരുന്ന പത്തനംതിട്ട റാന്നി സ്വദേശി അഭിരാമി മരണത്തിനു കീഴടങ്ങിയശേഷവും പുറത്തുവന്നത് തെരുവുനായ ആക്രമണമായിരുന്നു. തിരുവനന്തപുരം ജില്ലയിൽ വഴിയരികിൽനിന്ന 9 പേരെയാണ് തെരുവുനായ ആക്രമിച്ചത്. 

English summary: Solution to controlling stray dog population in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com