ADVERTISEMENT

കോവിഡ്കാലത്തെ  ഒറ്റപ്പെടലിലും അടച്ചു പൂട്ടലിലും പകച്ചുപോയവർ അരുമകളുടെ കൂട്ടുതേടിയപ്പോൾ അരുമമൃഗങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. വളർത്താൻ താൽപര്യമുള്ളവരും അരമനസ്സുള്ളവരുമൊക്കെ പട്ടിയേയും പൂച്ചയേയുമൊക്കെ സ്വന്തമാക്കി. ഇപ്പോൾ വേലിയിറക്കത്തിന്റെ സമയമാണ്. ഇപ്പണി തങ്ങൾക്ക് പറ്റിയതല്ലെന്നു മനസ്സിലാക്കിയവർ സൂത്രത്തിൽ അവയെ തെരുവിലേക്കിറക്കി വിടുന്നു. ഇന്നലത്തെ വീട്ടുനായ അങ്ങനെ നാളത്തെ തെരുവുനായ ആകുന്നു.

തെരുവിലേക്ക് എത്തുമ്പോൾ

തെരുവില്‍ അലയുന്ന നായ്ക്കളുടെ ദൃശ്യം നമുക്കൊരു  പുതുമയല്ല. എന്നാല്‍ പെരുവഴിയില്‍ അനാഥനായി റോട്ട് വീലറോ, സെയിന്റ് ബര്‍ണാഡോ പോലെയുള്ള കുലമഹിമയുടെ പാരമ്പര്യം പേറുന്ന ബ്രീഡുകളെ കണ്ടു മുട്ടിയാലോ? പോറ്റാനും കൈകാര്യം ചെയ്യാനും കഴിയാതെ വരുമ്പോള്‍ മികച്ച വംശാവലിയുടെ പിന്‍ബലവും ആഭിജാത്യവുമുള്ള ശുദ്ധ, വിദേശ ജനുസ്സുകളെ പോലും പ്രായഭേദമെന്യേ തെരുവിലുപേക്ഷിക്കുന്ന തികച്ചും അപലപനീയമായ പ്രവണത വർധിച്ചു വരുന്നു. മാന്യമായ ഒരു അരുമപാലന സംസ്‌കാരം നേടാന്‍ നമുക്കാവില്ലായെന്നതിന്റെ സൂചനയാണിത്.

പെരുവഴിയില്‍ അലഞ്ഞു തിരിയുന്ന നായ്ക്കള്‍ മൂന്നു തരത്തില്‍പ്പെടാം. ഒന്ന് തെരുവുനായ്ക്കള്‍ എന്നു പൂര്‍ണ്ണമായും പറയാവുന്ന ഉടമകളില്ലാതെ തെരുവില്‍ ജനിച്ച്, അവിടെ പെറ്റുപെരുകി കഴിയുന്നവര്‍. രണ്ടാമത്തെ കൂട്ടര്‍ ഉടമയുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടുപോയവരും സ്വന്തം വീട് കണ്ടെത്താനാവാത്തവരുമാണ്. മൂന്നാമത്തെ വിഭാഗമാകട്ടെ ഒരിക്കല്‍ വീട്ടില്‍ താമസിച്ചിരുന്നവയും പിന്നീട് ഉടമയാല്‍ ഉപേക്ഷിക്കപ്പെട്ടവരുമാണ്. 

നായ്ക്കളെ ഉപേക്ഷിച്ചുപോകാന്‍ പ്രത്യേക ഷെല്‍റ്ററുകളും സംവിധാനങ്ങളും പരിമിതമായ  കേരളത്തില്‍ ഇവരുടെ സ്ഥാനവും പെരുവഴിയില്‍ തന്നെ. ഒരു വ്യത്യാസം മാത്രം പരമ്പരാഗത നാടന്‍ തെരുവുനായ്ക്കളെപ്പോലെ ഇവര്‍ക്ക് തെരുവില്‍ അതിജീവനം എളുപ്പമാകില്ല.  എങ്കിലും ഈ മൂന്നു വിഭാഗവും വന്യമൃഗങ്ങളല്ല. നാം ഇണക്കി വളര്‍ത്തിയവ തന്നെയായിട്ടാണ് കണക്കാക്കപ്പെടുക. കേരളത്തില്‍ ഏകദേശം അഞ്ചു ലക്ഷത്തോളം തെരുവുനായ്ക്കള്‍ (ചതുരശ്ര കിലോമീറ്ററിന് 25) ഉണ്ടെന്നാണ് കണക്ക്.

നായയുടെ ജീവിതം മനുഷ്യനോട് ചേർന്ന്

മുപ്പതിനായിരം വര്‍ഷം നീളുന്ന ഒരു സ്‌നേഹബന്ധമാണ് നായയും മനുഷ്യനും തമ്മിലുള്ളത്. സ്‌നേഹത്തിനും, ഭക്ഷണത്തിനും, ആശ്രയത്തിനുമായി  നമ്മെ ആശ്രയിക്കുന്നര്‍ സ്വന്തം ശരീരപ്രകൃതിയും, സഹജസ്വഭാവ ഗുണങ്ങളും, തലച്ചോറുപോലും നമുക്കായി മാറ്റിയെടുത്തവർ. അന്‍പത്തിമൂന്നോളം ജീനുകളാണ് മനുഷ്യനൊപ്പം  ജീവിക്കാന്‍ വേണ്ടി അവയുടെ തലച്ചോറില്‍ ഉണരുകയോ, നവീകരിക്കപ്പെടുകയോ ചെയ്തത്.  

നാം വീട്ടില്‍ നിന്ന് തെരുവിലേക്ക് ഇറക്കിവിടുമ്പോള്‍ പൂര്‍ണ്ണമായും ഇണക്കി വളര്‍ത്തിയ നായയ്ക്ക് കാടിനും നാടിനും ഇടയിലൊരു ഇടമില്ലായെന്നതാണ് സത്യം ഓർക്കണം. മനുഷ്യനോട് പൂര്‍ണ്ണമായി ഇണങ്ങി അവനായി മാത്രം സൃഷ്ടിക്കപ്പെട്ട ശുദ്ധജനുസ്സില്‍പ്പെട്ട നായ്ക്കള്‍ കടുത്ത ദുരിതങ്ങളിലൂടെയാവണം കടന്നുപോകുന്നത്. വിശപ്പിനും രോഗബാധകള്‍ക്കുമൊപ്പം കടുത്ത മാനസിക, ശാരീരിക വ്യഥകളുമുണ്ടാവും ഉപേക്ഷിക്കപ്പെടുന്ന നായകള്‍ പൊതുജനാരോഗ്യ പ്രശ്‌നങ്ങളും, പരിസര മലിനീകരണവുമുണ്ടാക്കും. 

ഭയം, ആകാംക്ഷ, ഏകാന്തത, സമ്മര്‍ദ്ദം, തുടങ്ങിയ വൈകാരിക പ്രശ്‌നങ്ങള്‍ ശാരീരിക വേദനയായി മാറിത്തുടങ്ങും. വൈകാരിക, ശാരീരിക വേദനകളെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഒരേ ഭാഗം തന്നെയാണ്. മനുഷ്യന്റെ തണലില്‍ ദീര്‍ഘകാലം കഴിഞ്ഞതിനാല്‍ നഷ്ടപ്പെട്ടുപോയ സഹജവാസനകളും, കഴിവുകളും തുണയില്ലാത്തതിനാല്‍ ഇത്തരം കുലപുരുഷന്മാര്‍ ഭക്ഷണവും, വെള്ളവും കിട്ടാതെ  വലയുക തന്നെയാവും. ഏതെങ്കിലും മൃഗസ്‌നേഹിയോ, സംഘടനയോ ഏറ്റെടുക്കാത്ത പക്ഷം തെരുവില്‍ തന്നെയാവും അവരുടെ അന്ത്യം. 

ഉപേക്ഷിക്കപ്പടുന്നതിന്റെ കാരണങ്ങൾ

മേല്‍ത്തരമെന്നു വിശേഷിക്കപ്പെടുന്ന നായ്ക്കള്‍ സഹയാത്രയില്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ നായ വളര്‍ത്താനുള്ള  തീരുമാനത്തില്‍ തുടങ്ങുന്നു. ഒരു നായയെ പ്രത്യേകിച്ച്  ഒരു പ്രത്യേക ജനുസ്സിനെ  പരിപാലിക്കാനുള്ള  കഴിവും, സാഹചര്യവും, മനസ്സും തനിക്കുണ്ടോയെന്ന ആത്മപരിശോധന പലരും നടത്താറില്ല. വര്‍ഷങ്ങള്‍ നീളുന്ന ഒരു സവിശേഷ ബന്ധത്തിനു തുടക്കമിടുമ്പോള്‍ നടത്തേണ്ട  ഗവേഷണവും, ഗൃഹപാഠവും നടത്താതെയാകും നായ വളര്‍ത്തല്‍ തുടങ്ങുക. 

വാങ്ങുന്ന ജനുസ്സിന്റെ തനതായ പ്രത്യേകതകള്‍, ആവശ്യങ്ങള്‍, പരിപാലന രീതികള്‍ ഇവയെക്കുറിച്ചൊന്നും അടിസ്ഥാന ധാരണ പോലും പലപ്പോഴും ഉണ്ടാകാറില്ല. ഓരോ ഇനവും തനതായ  പരിപാലനവും ആരോഗ്യത്തിലുള്ള ശ്രദ്ധയും ആവശ്യപ്പെടുന്നു. എല്ലാറ്റിനുമുപരിയായി ഞാന്‍ വീട്ടിലേക്ക് കൊണ്ടുവരുന്ന നായയെ എന്റെ കുടുംബാംഗത്തേപ്പോലെ എന്നും കരുതിക്കൊള്ളാം എന്ന പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കേ ഉത്തരവാദിത്വമുള്ള നായ ഉടമയാകാനാകുകയുള്ളൂ. 

പെറ്റ് ഷോപ്പിലോ, കൂട്ടുകാരുടെ വീട്ടിലോ, ബ്രീഡറുടെ കൈവശമോ കണ്ടുമുട്ടുന്ന ഒരു സുന്ദര കുസൃതിയെ ചിന്തിക്കാതെ പെട്ടെന്നൊരാവേശത്തില്‍ എടുത്തുചാടി വാങ്ങിയതാകാം. ചിലപ്പോഴാണ് വീട്ടിലെ കുട്ടിയുടെ നിര്‍ബന്ധത്താലാവാം. എന്നാല്‍ നായ്ക്കുട്ടി വളരുന്നതോടെ പലപ്പോഴും കൗതുകങ്ങള്‍ അവസാനിക്കുന്നു. വ്യായാമത്തിനോ, പരിശീലനത്തിനോ സമയം മാറ്റിവെയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ നായ്ക്കള്‍ ദുശീലങ്ങള്‍ കാണിച്ചു തുടങ്ങുന്നു. അക്രമണ സ്വഭാവവും നശീകരണപ്രവണതയുമൊക്കെ ഇതുമൂലം ഉണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹികെട്ട  ഉടമ നായ്ക്കളെ ഉപേക്ഷിച്ചേക്കാം. ഉടമയുടെ  മരണം, വിവാഹം, കുട്ടിയുടെ ജനനം, വിവാഹമോചനം, പ്രണയബന്ധം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ സംഭവവികാസങ്ങള്‍ ഉടമയും, അരുമയും തമ്മിലുള്ള ബന്ധത്തില്‍ മാറ്റമുണ്ടാക്കാം. 

 സാമ്പത്തിക പ്രശ്‌നങ്ങളാണ് അരുമകളെ ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് ചിലപ്പോള്‍ ഉടമയെ എത്തിക്കുന്നത്. തൊഴില്‍ നഷ്ടം, തൊഴില്‍ മാറ്റം, നായയെ വളര്‍ത്താന്‍ വരുന്ന അമിതച്ചെലവ് തുടങ്ങിയവ ബുദ്ധിമുട്ടുകളുണ്ടാകാം. വീട് നഷ്ടപ്പെടുമ്പോഴോ ഒക്കെ നായയുടെ സ്ഥാനവും, സ്ഥലംമാറ്റവും  പ്രശ്‌നമാകും. പല സ്ഥലത്തും നായയെ വളര്‍ത്താന്‍  നിയന്ത്രണങ്ങളുണ്ടാവും. പ്രത്യേകിച്ച് അപ്പാര്‍ട്ട്‌മെന്റ്, വില്ല പോലെയുള്ള  കമ്മ്യൂണിറ്റി ലിവിങ്  കൂടുതലാകുന്ന കാലത്ത്. 

ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി വരുന്ന ഉപയോഗവും വലിച്ചെറിയലും, സംസ്‌കാരവും അരുമ വളര്‍ത്തലിനെ സ്വാധീനിക്കുന്നു. വളരെ എളുപ്പത്തില്‍ ഇഷ്ടംപോലെ വാങ്ങാന്‍ കഴിയുന്ന വിധത്തില്‍  പെറ്റ്‌ഷോപ്പുകളും, ബ്രീഡിങ് കേന്ദ്രങ്ങളും  ഇന്നുണ്ട്. പലപ്പോഴും സ്റ്റാറ്റസിന്റെയും ഫാഷന്റെയും  ഭാഗമായിട്ടാവും വാങ്ങലും, ഉപയോഗവും എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. ഒരു നായയ്ക്ക് ശരാശരി 10 വര്‍ഷമെങ്കിലും  ആയുസുണ്ടാകും. ഈ പത്തു വര്‍ഷത്തിനിടയില്‍  ഉടമയ്ക്കും, അരുമയ്ക്കും  ജീവിതത്തില്‍  എന്തെല്ലാം കാര്യങ്ങള്‍ സംഭവിക്കാമെന്ന ബോധ്യം വേണം. ഇത്തരം മാറ്റങ്ങളുടെ  സമയത്തും  ഉലയാതെ നിര്‍ത്താന്‍ പറ്റുന്ന ബന്ധമാവണം നായ വളര്‍ത്തലിലുള്ളത്. 

വാങ്ങുന്ന  ജനുസ്സിനേക്കുറിച്ച് യാതൊരു മുന്നറിവുമല്ലാതെ വാങ്ങുകയും  കൊണ്ടുനടക്കാന്‍ പറ്റാതെ വരുമ്പോള്‍ ഉപേക്ഷിക്കുകയും  ചെയ്യുന്നു.  കള്‍ച്ചര്‍ ആണ് അരുമകളെ  തെരുവിലെത്തിക്കുന്നത്. ബിസിനസ്സ് മാത്രം ലക്ഷ്യമാക്കി  നായ്ക്കളെ  ഒരു യന്ത്രംപോലെ പ്രജനനം  നടത്തുന്നവര്‍ അവരുടെ ആരോഗ്യം നശിപ്പിക്കുന്നതു കൂടാതെ അന്തഃപ്രജനനം മൂലം അംഗവൈകല്യമുള്ള കുട്ടികളെ ജനിപ്പിക്കുകയും അവയെ തെരുവിലേക്ക് നയിക്കുകയും ചെയ്യുന്നു. 

വാര്‍ധക്യമാണ്  അരുമകളെ ഉപേക്ഷിക്കാന്‍  ഉടമകളെ പ്രേരിപ്പിക്കുന്ന  മറ്റൊരു  പ്രധാന ഘടകം. ശരാശരി 10-15 വര്‍ഷം ആയുര്‍ദൈര്‍ഘ്യമുള്ള നായ്ക്കളില്‍ ആറു വയസ്സു കഴിയുന്നതോടെ വാര്‍ധക്യസഹജമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നു. ജീവിതത്തിന്റെ വസന്തകാലമാണ്  തനിക്ക് കളിയും  ചിരിയും, സൗഹൃദവും  നല്‍കിയ അരുമയെ  ജീവിത സായാഹ്നത്തിലും  തണല്‍ നല്‍കി കരുതേണ്ടത്  ഉത്തരവാദിത്വമുള്ള ഉടമയുടെ കടമയാണ്. പ്രായം കൂടുന്നതിനനുസരിച്ചു വരുന്ന മാറ്റങ്ങളേയും രോഗങ്ങളെയും എത്രയും നേരത്തെ കണ്ടെത്താനും ആവശ്യമായ ചികിത്സ നല്‍കാനും ജീവിതസാഹചര്യങ്ങള്‍ പരിഷ്‌ക്കരിച്ച് മാറ്റങ്ങളോട് അനുരൂപപ്പെടാന്‍ അരുമകളെ സഹായിക്കുകയും ചെയ്തില്ലെങ്കില്‍ അവ ഭാരമായി മാറുകയും വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം. 

മാറ്റങ്ങള്‍ വരണം. ചെയ്യാനുള്ളത് എന്തൊക്കെ?

1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ നിയമം തുടങ്ങി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങള്‍, പെറ്റ് ഷോപ്പും ബ്രീഡിങ് കേന്ദ്രങ്ങളും, നായവളര്‍ത്തല്‍ കേന്ദ്രങ്ങളും നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍, വാണിജ്യ വ്യവസായ മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രജനനത്തിനുള്ള നായ്ക്കളുടെ ഇറക്കുമതി നിരോധനം തുടങ്ങി സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളില്‍ നിയമങ്ങളും സ്ഥാപനങ്ങളും, സംവിധാനങ്ങളും  നിരവധിയുണ്ട് നമ്മുടെ നാട്ടില്‍. അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളിലും നായ്ക്കളെ ഉപേക്ഷിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഉപേക്ഷിക്കപ്പെടുന്ന നായ്ക്കള്‍ക്കായി ഷെല്‍റ്ററുകളും  അനാഥാലയങ്ങളുമൊക്കെ നിര്‍മ്മിക്കല്‍ പ്രായോഗികമാകാന്‍ വഴിയില്ല. എന്നാല്‍ ലൈസന്‍സിങ് കര്‍ശനമാക്കി പെറ്റ്‌ഷോപ്പുകള്‍, പ്രജനന കേന്ദ്രങ്ങള്‍ എന്നിവയെ നിയന്ത്രിക്കണം. ഉടമയുടെ ഉത്തരവാദിത്വത്തില്‍ അധിഷ്ഠിതമായ ഒരു ഉത്തമ അരുമ വളര്‍ത്തല്‍  സംസ്‌കാരം സമൂഹത്തില്‍ വളര്‍ത്തിയെടുക്കണം. ഏറ്റവും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍  ഉപയോഗിക്കാന്‍  ഷെല്‍റ്ററുകള്‍ നിര്‍മിക്കാം. നായ്ക്കള്‍ക്കുള്ള ക്ലിനിക്കുകളും, ചികിത്സാ സൗകര്യങ്ങളും വർധിപ്പിക്കണം. വ്യക്തി, സമൂഹതലത്തിലുള്ള  പ്രവര്‍ത്തനം വഴി അരുമസാക്ഷരത വളര്‍ത്തിയെടുക്കണം. 

English summary: Main reasons for abandoning a pet animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com