പേവിഷബാധയേറ്റ് പാമ്പാടിയിൽ പോത്ത് ചത്തു; തെരുവുനായ ആക്രമിച്ചത് ചിങ്ങം ഒന്നിന്

buffalo-1
SHARE

ഭക്ഷണം കഴിക്കാനാവാതെ... വായിലൂടെ നുരയും പതയും വന്ന്... നാക്ക് പുറത്തേക്കു തള്ളി യാതന അനുഭവിച്ച മരണം. പേവിഷബാധയേറ്റുള്ള മരണം ഭയാനകമാണെന്നത് ഇത്രയും കാര്യങ്ങൾ പറയുമ്പോൾത്തന്നെ മനസിലാക്കാവുന്നതേയുള്ളൂ. രോഗം പിടിപെട്ടാൽ മരണം മാത്രം മുൻപിലുള്ള ജന്തുജനന്യ വൈറസ് രോഗംമൂലം മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത് സംസ്ഥാനത്ത് ഏറിയിട്ടുണ്ട്.

പത്തനംതിട്ട റാന്നി സ്വദേശിനി അഭിരാമിയാണ് പേവിഷബാധയുടെ അവസാന ഇര. മനുഷ്യർ മാത്രമല്ല നായ്ക്കളുടെ കടിയേൽക്കുന്ന വളർത്തുമൃഗങ്ങളുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. ഏറ്റവുമൊടുവിൽ കോട്ടയം ജില്ലയിലെ പാമ്പാടി പഞ്ചായത്തിൽ മൂലേപ്പീടിക എന്ന സ്ഥലത്ത് പേവിഷബാധയേറ്റ് പോത്തിൻകുട്ടി ചത്തിരിക്കുന്നു. രോഗം മൂർച്ഛിച്ച ലക്ഷണങ്ങൾ പ്രകടിപ്പിച്ചപ്പോൾ പോത്തിൻകുട്ടിയെ വെടിവച്ചു കൊല്ലാനുള്ള തീരുമാനം ഉണ്ടായെങ്കിലും അതിനു മുൻപേ അത് മരണത്തിനു കീഴടങ്ങി.

ചിങ്ങം ഒന്നിനായിരുന്നു പോത്തിൻകിടാവിന് നായയുടെ കടിയേറ്റത്. തീറ്റുന്നതിനായി പറമ്പിലേക്ക് അഴിച്ചുകെട്ടിയപ്പോഴായിരുന്നു തെരുവുനായ ആക്രമിച്ചത്. മൂക്കിന്റെ ഭാഗത്ത് വലിയ മുറിവുണ്ടായിരുന്നതായി ഉടമ പറഞ്ഞു. അന്നുതന്നെ ആ നായ ഒരു സ്ത്രീയെയും ആക്രമിച്ചിരുന്നു. അവർ ചികിത്സ തേടിയിരുന്നു.

മൂന്നു ദിവസം മുൻപ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ പോത്ത് ഇന്നാണ് ചത്തത്. പനി, തീറ്റയെടുക്കാൻ മടി, തളർന്ന കീഴ്ത്താടി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ. പോത്ത് പേവിഷബാധയേറ്റു ചത്തതിനാൽ അതിന്റെ ഉടമയും പരിചരിച്ചവരും ചികിത്സ തേടിയിട്ടുണ്ട്.

വളർത്തുമൃഗങ്ങളിൽ പേവിഷബാധ കൂടുതൽ

വളർത്തു മൃഗങ്ങളിലെ പ്രത്യേകിച്ചു കന്നുകാലികളിലെ പേവിഷബാധ പലപ്പോഴും അറിയാതെയോ, ശ്രദ്ധിക്കപ്പെടാതെയോ പോകാറാണ് പതിവ്. തുറസായ സ്ഥലങ്ങളിൽ മേയാൻ വിടുന്ന കന്നുകാലികൾക്ക് പലപ്പോഴും പേപ്പട്ടിയുടെ കടിയേൽക്കാറുണ്ട്. അത് പലപ്പോഴും ഉടമ അറിയാറുകൂടിയില്ല. കടിയേറ്റ് 10 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. മുഖത്താണ് കടിയേൽക്കുന്നതെങ്കിൽ രോഗം അതിവേഗം പിടിപെടും.

മനുഷ്യരിൽ കാണപ്പെടുന്ന ജലഭീതി മൃഗങ്ങളിൽ കാണാറില്ല. തീറ്റ മടുപ്പ്, വായിൽനിന്ന് ഉമനീർ ഒലിപ്പ്, അക്രമ സ്വഭാവം, പ്രത്യേക ശബ്ദത്തിലുള്ള കരച്ചിൽ, വയറിന്റെ ഇടതു ഭാഗം അകത്തേക്ക് ചുരുങ്ങുക, തുള്ളി തുള്ളിയായി മൂത്രം ഒഴിക്കുക എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം. രോഗം മൂർച്ഛിക്കുമ്പോൾ തളർച്ച ബാധിച്ച് വീണുപോവുകയും ദിവസങ്ങൾക്കകം മരണപ്പെടുകയും ചെയ്യും. ഒരു ജന്തുജന്യ രോഗമായതു കൊണ്ടും രോഗബാധയുണ്ടാൽ മരണം സുനിശ്ചിതമാണെന്നും മരണത്തിന്റെ അവസാന നിമിഷത്തിലും രോഗി ബോധവാനായിരിക്കുമെന്നുള്ളതും ഈ രോഗത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന കാര്യങ്ങളാണ്.

തീറ്റമടുപ്പിൽ തുടങ്ങുന്ന രോഗലക്ഷണം 2–3 ദിവസം ആകുമ്പോഴേക്ക് പേവിഷബാധയുടെ പ്രകടമായ ലക്ഷണങ്ങളിലേക്കു മാറും. പലപ്പോഴും തീറ്റ എടുക്കാൻ മടിക്കുന്നു എന്ന രോഗലക്ഷണവുമായി ആയിരിക്കും ഉടമകൾ വെറ്ററിനറി ഡോക്ടറെ സമീപിക്കുക. ലക്ഷണങ്ങൾ വച്ചുള്ള മരുന്ന് നൽകിയാൽ അത് ഫലിക്കുകയുമില്ല. ക്രമേണ രോഗം മൂർച്ഛിച്ച് മരണത്തിലേക്ക് കടക്കും. എന്നാൽ, ഉടമകൾ നിർദേശിച്ചാൽ ദയാവധം നൽകാറുണ്ട്. പശുവിനെ പരിചരിക്കുന്നവർ പേവിഷബാധയ്ക്ക് എതിരേയുള്ള കുത്തിവയ്പ്പ് എടുക്കുന്നത് ജീവൻ സുരക്ഷിതമാക്കാൻ ഉപകരിക്കും.

കായംകുളം–പത്തിയൂർ അതിർത്തിയിൽ പുല്ലുകുളങ്ങര ചന്തയിൽ പേവിഷബാധയേറ്റ പശുവിന്റെ വിഡിയോയാണ് മുകളിലുള്ളത്. 

സമൂഹത്തിൽനിന്ന് പേവിഷബാധ രോഗഭീതി ഒഴിവാക്കുന്നതിനുള്ള പ്രതിവിധി വളർത്തുനായ്ക്കളെയും പൂച്ചകളെയും പേവിഷ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുകയും തെരുവുനായ്ക്കളുടെ ഭക്ഷണസ്രോതസുകളായ മാലിന്യക്കൂമ്പാരങ്ങൾ തെരുവിൽ സൃഷ്ടിക്കാത്ത രീതിയിൽ മാലിന്യനിർമാർജനം ചെയ്യുക എന്നുള്ളതുമാണ്.

English summary: The Warning Signs Of Rabies In Livestock Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}