ADVERTISEMENT

പക്ഷിപ്പനി വന്നാൽ താറാവുകളെയും കോഴികളെയും ഒന്നാകെ കൊന്നു കത്തിക്കുന്നില്ലേ? ആഫ്രിക്കൻ പന്നിപ്പനി പടർന്നപ്പോൾ വളർത്തുപന്നികളെ കൂട്ടമായി കൊന്നൊടുക്കി കുഴിച്ചുമൂടിയില്ലേ? കൃഷിയിടത്തിലിറങ്ങി കർഷകർക്കുമുന്നെ വിളവെടുക്കുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുന്നുണ്ടല്ലോ? എങ്കിൽപിന്നെ മനുഷ്യജീവന് ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ തെരുവുനായ്ക്കളെയും കൊന്നൊടുക്കിയാൽ എന്താണ്? അങ്ങനെചെയ്താൽ പേവിഷബാധയുൾപ്പടെയുള്ള ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരമാവില്ലേ? ഇങ്ങനെയൊരു സത്വരപരിഹാരമുള്ളപ്പോൾ എന്തിനാണ് ഗവൺമെന്റ് നായ്ക്കളുടെ പ്രജനനനിയന്ത്രണ, വന്ധ്യംകരണ പദ്ധതികളൊക്കെ നടപ്പാക്കി കോടിക്കണക്കിനു പണം കളയുന്നത് ? നായ്ക്കളുടെ ആക്രമണം കുറയ്ക്കാൻ വന്ധ്യംകരണം നടത്തിയിട്ട് എന്തുകാര്യം നായ കടിക്കുന്നത് വായ് കൊണ്ടല്ലേ? - കഴിഞ്ഞ കുറെ ദിവസങ്ങളിലായി നവമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലുമെല്ലാം ഉയരുന്ന ചോദ്യങ്ങളിലും വാദങ്ങളിലും ചിലതാണിത്. ഈ ചോദ്യങ്ങൾ സമൂഹത്തിലേക്ക് തൊടുത്തുവിടുന്നതിൽ സാധാരണക്കാർ മാത്രമല്ല മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരും വരെയുണ്ട്. 

തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് അവയുടെ നിയന്ത്രണത്തിനും പേവിഷബാധ പ്രതിരോധത്തിനും ഉപകരിക്കുന്ന സുസ്ഥിരമായ ഒരു നടപടിയാണോ? തെരുവുനായശല്യത്തിനും പേവിഷ പ്രതിരോധത്തിനും താൽകാലിക പരിഹാരങ്ങളല്ല, ശ്വാശ്വത സുസ്ഥിര പരിഹാരങ്ങളല്ലേ നമുക്ക് വേണ്ടത്? തെരുവുനായ്ക്കളെ പിടികൂടി കൊന്നുതള്ളൽ (ക്യാച്ച് ആൻഡ് കിൽ) പദ്ധതികൾ നടപ്പിൽ വരുത്തിയ നാടുകളിൽ സംഭവിച്ച കാര്യങ്ങൾ പരിശോധിച്ചാൽ അത്തരം പദ്ധതികൾ ഒരു തുഗ്ലക്കിയൻ ആശയമാണന്ന് ബോധ്യമാകും.

ക്യാച്ച് ആൻഡ് കിൽ; തെരുവുനായ്ക്കളോട് തോറ്റുപോയ മദ്രാസ്  മോഡൽ

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും പേവിഷബാധ തടയാനും 1860കളിൽ തന്നെ തെരുവിൽ അലയുന്ന നായ്ക്കളെ കൊന്നൊടുക്കാൻ പദ്ധതി ആരംഭിച്ച നാടാണ് മദ്രാസ്(ചെന്നൈ) കോർപ്പറേഷൻ. 'പിടികൂടുക, കൊല്ലുക- ക്യാച്ച് ആൻഡ് കിൽ' എന്നതായിരുന്നു കോർപ്പറേഷന്റെ പോളിസി. തുടക്കത്തിൽ ഒരു ദിവസം ശരാശരി ഒരു നായയെ കൊല്ലുന്നതിൽനിന്ന്, 1996ലെ കണക്കനുസരിച്ച് ഓരോ ദിവസവും ശരാശരി 135 നായ്ക്കളെ വരെ പിടികൂടി കൊല്ലുന്നതിലേക്കു കാര്യങ്ങൾ എത്തി. ഈ രീതിയിൽ നൂറു മുതൽ മുപ്പതിനായിരം വരെ തെരുവുനായ്ക്കളെയായിരുന്നു ഓരോ വർഷവും മദ്രാസിൽ സർക്കാരിന്റെ ഒത്താശയോടെ കൊന്നൊടുക്കിയിരുന്നത്. 

1970കളുടെ തുടക്കത്തിൽ കോർപ്പറേഷൻ കൊന്നുടുക്കിയ തെരുവുനായ്ക്കളുടെ എണ്ണം വളരെ കൂടുതലായിരുന്നു. മദ്രാസിൽ പ്രവർത്തിക്കുന്ന സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആ സമയത്ത് കൊന്നൊടുക്കിയ നായ്ക്കളുടെ തോലിൽ നിന്നുള്ള കഴുത്തുകെട്ടുകളും വാലറ്റുകളും പോലുള്ള ഉൽപ്പന്നങ്ങൾ വരെ രൂപകൽപ്പന ചെയ്‌തു എന്ന് റിപ്പോർട്ടുകൾ പറയുന്നു. സോഡിയം തയൊപെന്റാൽ (Sodium Pentothal) നായ്ക്കളുടെ ഹൃദയത്തിൽ നേരിട്ട് കയറ്റിയും, വിഷം വെച്ചും, കൂട്ടമായി കൂട്ടിലടച്ച് വൈദ്യുതാഘാതമേൽപ്പിച്ചും, വലിയ കുഴി കുത്തി അതിൽ ബ്ലീച്ചിങ് പൗഡറും കീടനാശിനിയും നിറച്ച്  നായ്ക്കളെ ജീവനോടെ കുഴിച്ചുമൂടിയുമെല്ലാമായിരുന്നു കൊന്നൊടുക്കിയിരുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്രമായതിന് ശേഷവും മദ്രാസ് കോർപ്പറേഷൻ തെരുവുനായനിയന്ത്രണത്തിന് ക്യാച്ച് ആൻഡ് കിൽ എന്ന തങ്ങളുടെ നയം മാറ്റാൻ തയാറായില്ല. നായ്ക്കളെ വർഷങ്ങളോളം കൂട്ടക്കുരുതി ചെയ്തെങ്കിലും തങ്ങളുടെ നാടിനെ പേവിഷബാധ വിമുക്തമാക്കുക എന്ന ലക്ഷ്യം നേടാൻ മദ്രാസ് എന്ന മഹാനഗരത്തിനായില്ല.

ഒടുവിൽ 1964ൽ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിന് പകരം വന്ധ്യംകരണ പദ്ധതിയിലൂടെ ശാസ്ത്രീയ പ്രജനന നിയന്ത്രണം (എബിസി), വന്ധ്യംകരിക്കുന്ന നായ്ക്കൾക്കെല്ലാം പേവിഷപ്രതിരോധ കുത്തിവയ്പ് (എആർ ) എന്നീ നിർദ്ദേശങ്ങൾ മദ്രാസ് കോർപ്പറേഷന് മുന്നിൽ സമർപ്പിച്ചത്. എങ്കിലും അത്തരം ശാസ്ത്രീയനിർദ്ദേശങ്ങൾ ചെവിക്കൊള്ളാൻ കോർപ്പറേഷൻ ഭരണകൂടം തയാറായില്ല. എന്നാൽ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ മദ്രാസിൽ തങ്ങൾ രക്ഷപ്പെടുത്തിയ തെരുവുനായ്ക്കളുടെ ശാസ്ത്രീയ പ്രജനന നിയന്ത്രണപ്രവർത്തനങ്ങൾക്കും ആന്റി റാബീസ് വാക്സിനേഷനും സ്വന്തം രീതിയിൽ തുടക്കമിട്ടു. മദ്രാസ് കോർപ്പറേഷൻ തങ്ങളുടെ ക്യാച്ച് ആൻഡ് കിൽ നടപടികൾ തന്നെ തുടർന്നുകൊണ്ടേയിരുന്നു. തമിഴ്‌നാട്ടിലെ മാറിമാറി വന്ന സർക്കാരുകൾ കോർപ്പറേഷൻ നടപടികളെ പിന്തുണച്ചു. പക്ഷേ പേവിഷബാധയെ വറുതിയിലാക്കാൻ മദ്രാസിനായില്ല. പേവിഷ ബാധ കേസുകൾ പൊതുജനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത് തുടർന്നു.

ഒടുവിൽ തെരുവുനായ്ക്കളോടും പേവിഷബാധയോടും തോറ്റതോടെ മദ്രാസ് കോർപ്പറേഷനു മാറിചിന്തിക്കാതെ കഴിയില്ലെന്നായി. ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ മൂന്നു പതിറ്റാണ്ടുകൾക്ക് മുന്നെ തങ്ങൾക്ക് മുന്നിൽ വച്ച പ്രജനനനിയന്ത്രണം, വന്ധ്യംകരിക്കുന്ന നായ്ക്കൾക്കെല്ലാം പേവിഷ പ്രതിരോധ കുത്തിവയ്പ് എന്നീ നിർദേശങ്ങൾ സ്വീകരിക്കാൻ 1995 -1996 കാലഘട്ടത്തിൽ മദ്രാസ് കോർപ്പറേഷൻ  തയാറായി. 1996ൽ അന്നത്തെ കോർപ്പറേഷൻ കമ്മീഷണർ എസ്. അബുൽ ഹസ്സൻ, സൗത്ത് മദ്രാസിൽ എബിസി-എആർ പ്രോഗ്രാം നടത്താൻ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യയ്ക്ക് അനുമതി നൽകി. കമ്മീഷണർ പ്രക്രിയയും ഫലവും വ്യക്തിപരമായി നിരീക്ഷിക്കും എന്ന ഉറപ്പിന് പുറത്തായിരുന്നു അത്. 1995ൽ,  ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ ദക്ഷിണ ചെന്നൈയിൽ ABC-AR പ്രോഗ്രാം ആരംഭിച്ചപ്പോഴും, നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ തെരുവ് നായ്ക്കളെ പിടികൂടി കൊന്നിരുന്നു. 

തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള എബിസി-എആർ രീതി ദൃശ്യമായ ഫലങ്ങൾ നൽകി.  ഒടുവിൽ 1996 സെപ്റ്റംബർ മുതൽ കോർപ്പറേഷൻ അതിന്റെ ക്യാച്ച് ആൻഡ് കിൽ നയം ഉപേക്ഷിച്ച് ചെന്നൈ നഗരത്തിലുടനീളം എബിസി-എആർ നടപ്പാക്കാൻ സമ്മതിച്ചു. തെരുവുനായ്ക്കളുടെ കൂട്ടക്കൊരുതി അവസാനിപ്പിച്ച്  നായ്ക്കളുടെ പ്രജനനനിയന്ത്രണത്തിനായുള്ള ഒന്നാമത്തെ എബിസി കേന്ദ്രം സൗത്ത് ചെന്നൈയിൽ 1996ൽ പ്രവർത്തനമാരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ എബിസി കേന്ദ്രങ്ങൾ ചെന്നൈയുടെ മണ്ണിലുയർന്നുവന്നു. തെരുവുനായ്ക്കളെ 'കൊല്ലുക' എന്ന നയത്തിൽ നിന്ന് 1996ൽ 'കൊല്ലരുത്' എന്ന ബോധ്യത്തിലേക്ക്  എത്താൻ മദ്രാസ്  കോർപ്പറേഷന് 136 വർഷമെടുത്തു എന്നത് ചരിത്രവസ്തുത. 1996ൽ ക്യാച്ച് ആൻഡ് കിൽ പദ്ധതി അവസാനിപ്പിച്ച വർഷം മദ്രാസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പേവിഷബാധ കേസുകളുടെ എണ്ണം 120 ആയിരുന്നെങ്കിൽ, ആദ്യ എബിസി കേന്ദ്രം ആരംഭിച്ച് പത്തു വർഷത്തിനു ശേഷം 2007ൽ ചെന്നൈയിൽ റിപ്പോർട്ട് ചെയ്ത പേവിഷബാധ കേസുകളുടെ എണ്ണം പൂജ്യമായിരുന്നു. നായ്ക്കളെ ക്യാച്ച് ആൻഡ് കിൽ പോളിസി വഴി ഉന്മൂലനം ചെയ്യുന്നത് പേവിഷ പ്രതിരോധത്തിനുള്ള സുസ്ഥിരമോ ശാസ്ത്രീയമോ ആയ മാർഗമല്ലന്ന് പാളിപ്പോയ മദ്രാസ് മോഡൽ തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ മുറവിളികൂട്ടുന്നവരെ ഓർമിപ്പിക്കുന്നു. മാത്രമല്ല, പഴയ മദ്രാസ് മാതൃകയിലുള്ള കണ്ണിൽ ചോരയില്ലാത്ത ക്യാച്ച് ആൻഡ് കിൽ പോളിസി നടപ്പാക്കാൻ നമ്മുടെ രാജ്യത്ത് നിയമപരമായി (PCA Act (1960) and the Dog Rule Act (2001)) ഇന്ന് സാധ്യവുമല്ല.

പ്ലേഗ് പടർന്ന വഴി; തെരുവുനായ്ക്കളെ കൊന്നൊടുക്കിയ സൂററ്റ് നഗരത്തിന് സംഭവിച്ചത് 

സൂററ്റിൽ 1994 ൽ പടർന്നുപിടിച്ച പ്ലേഗ് മഹാമാരിയുടെ കാരണങ്ങളിൽ ഒന്ന്  സൂററ്റ് മുനിസിപ്പാലിറ്റി മേയർ ഇറക്കി കമ്മീഷണർ ഒപ്പുവച്ച ഒരു ഉത്തരവായിരുന്നത്രെ. സൂററ്റ് നഗരത്തിലെ മുഴുവൻ തെരുവുനായ്ക്കളെയും ഉടനടി കൊന്നൊടുക്കാനായിരുന്നു ആ ഉത്തരവ്. മദ്രാസിൽ വർഷങ്ങൾ സമയമെടുത്താണ് നായ്ക്കളെ കൊന്നൊടുക്കിയതെങ്കിൽ സൂററ്റ് നഗരം ഒരു മാസം കൊണ്ടായിരുന്നു നഗരത്തിൽ തമ്പടിച്ചിരുന്ന നായ്ക്കളെയെല്ലാം കൊന്നൊടുക്കിയത്. അതോടെ തെരുവുനായ ശല്യത്തിന് പരിഹാരമായെന്ന് കരുതി ആശ്വസിച്ചിരുന്ന സൂററ്റ് നഗരത്തെ തേടി ഏറെ താമസിയാതെ എത്തിയത് എലികളിൽ നിന്നും പടരുന്ന പ്ലേഗ് മഹാമാരിയായിരുന്നു. തെരുവുനായ്ക്കൾ ഇല്ലാതായതോടെ തെരുവ് എലികൾക്ക് പറുദീസയായി. സുലഭമായി ലഭ്യമായ തീറ്റ അവശിഷ്ടങ്ങൾ യദേഷ്ടം കഴിച്ച് എലികൾ നാൾക്കുനാൾ പെറ്റുപെരുകി. എലികൾ പെരുകിയതോടെ എലികൾ വഴി പകരുന്ന സാംക്രമിക രോഗങ്ങളും കൂടി. അങ്ങനെയായിരുന്നു 1994ൽ സൂററ്റ് നഗരം പ്ളേഗിന്റെ പിടിയിൽ അമർന്നതെന്ന് മഹാമാരിയെ തുടർന്ന് നടന്ന പഠനങ്ങൾ നിരീക്ഷിക്കുന്നു. അവസാനം പ്ലേഗ് പടർന്നതിന്റെ പ്രധാന കാരണം തിരിച്ചറിഞ്ഞ ഭരണകൂടം മഹാമാരിക്ക് പിന്നാലെ അയൽ നാടുകളിൽ നിന്നും നായ്ക്കളെ സൂററ്റ് നഗരത്തിലേക്കു വീണ്ടും കൊണ്ടുവന്നത്രെ. 

മദ്രാസ് മോഡലല്ല നമുക്ക് വേണ്ടത് ഗോവൻ മോഡൽ

കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് ഗോവ പേവിഷവിമുക്തമായെന്ന അഭിമാനകരമായ നേട്ടം സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചത്. പിന്നിട്ട മൂന്ന് വര്‍ഷങ്ങളിലായി ഒരൊറ്റ പേവിഷബാധ കേസ് പോലും മനുഷ്യരിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം പേവിഷബാധയെ തുടച്ചുനീക്കിയെന്ന പ്രഖ്യാപനം ഗോവ നടത്തിയത്. രാജ്യത്തെ ഈ നേട്ടം കൈവരിച്ച ഒരേ ഒരു സംസ്ഥാനമാണ് ഗോവ. വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വീസസ് ( WVS) എന്ന പേരില്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന 2014ല്‍ ഗോവയിൽ തുടക്കമിട്ട മിഷന്‍ റാബീസ് എന്ന പദ്ധതിയായാണ് പേവിഷമുക്തനാട് എന്ന നേട്ടത്തില്‍ ഗോവയെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിർലോഭമായ പിന്തുണ ലഭിച്ചു. പതിനെട്ടര കോടിയോളം രൂപയാണ് സംസ്ഥാനം മിഷൻ റാബീസ് പദ്ധതിക്കായി ചിലവിട്ടത്. വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വീസസ് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി തമിഴ്നാട്ടിലെ നീലഗിരി മേഖലയും ഇപ്പോൾ പേവിഷ വിമുക്ത നാടാണ്.

തെരുവുനായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ എഴുപത് ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ കഴിഞ്ഞാൽ നായ്ക്കളിലെ പേവിഷബാധ നിർമാർജനം ചെയ്യാൻ കഴിയുമെന്ന് മാത്രമല്ല മനുഷ്യരിൽ രോഗബാധക്കുള്ള സാധ്യത ഏകദേശം പൂർണമായും തന്നെ തടയാൻ കഴിയുമെന്നും പഠനങ്ങൾ വിലയിരുത്തപ്പെടുന്നു. ഈ ഒരു ആശയത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഗോവയിൽ നടന്നത്. 2014 മുതല്‍ പ്രതിവർഷം ഒരു ലക്ഷത്തിലധികം നായ്ക്കള്‍ക്കാണ് മുടക്കമില്ലാതെ വാക്സിന്‍ നൽകുന്നത്. വളർത്തുമൃഗങ്ങൾക്ക് മാത്രമല്ല തെരുവുനായ്ക്കളെ ശാസ്ത്രീയമായി പിടികൂടി അവയ്ക്കും വാക്സീൻ നൽകി വരുന്നു. ജിപിഎസ് സംവിധാനം, മൊബൈൽ ആപ് എന്നിവയെല്ലാം പ്രയോജനപ്പെടുത്തി സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടിയ പേവിഷ പ്രതിരോധയജ്ഞമാണ് ഗോവയിൽ നടക്കുന്നത്. 2019-2020 ൽ കോവിഡ് പ്രതിസന്ധിയുണ്ടായിട്ട് പോലും ഒരു ലക്ഷത്തോളം നായ്ക്കൾക്ക് റാബീസ് വാക്സീൻ നൽകാൻ കഴിഞ്ഞു. തെരുവുനായ്ക്കളുടെ പ്രജനനനിയന്ത്രണത്തിനായി വന്ധ്യംകരണം, പൊതുജനങ്ങൾക്കുള്ള ബോധവൽകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒപ്പം നടന്നുവരുന്നു. അഞ്ചര ലക്ഷം കുട്ടികള്‍ക്കും, കാല്‍ ലക്ഷത്തോളം അധ്യാപകര്‍ക്കും റാബീസ് പ്രതിരോധത്തെ പറ്റി ബോധവല്‍കരണ ക്ലാസ്സുകള്‍ ഇക്കാലയളവിൽ നല്‍കി. യുപി, ഹൈസ്ക്കൂൾ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ പേവിഷബാധയുടെ പ്രതിരോധം പഠനവിഷയമായി ഉൾപ്പെടുത്തുകയും ചെയ്തു. നായ്ക്കളുടെ അക്രമം,  പേവിഷബാധ കേസുകള്‍ എന്നിവ അടിയന്തരമായി കൈകാര്യം ചെയ്യുന്നതിനായി ദ്രുതകര്‍മ്മ സേനയെ വരെ ഗോവ തയാറാക്കിയിരുന്നു. 

ഗോവയുടെ ഈ പേവിഷ പ്രതിരോധ മാതൃകയാണ് ഇന്ന് തെരുവുനായ്ക്കൾക്ക് മുന്നിൽ പതറിയും തുടർച്ചയായ പേവിഷമരണങ്ങളിൽ വിറങ്ങലിച്ചും നിൽക്കുന്ന നമ്മുടെ നാടിനു വേണ്ടത്. അതല്ലാതെ നായ്ക്കളുടെ കൂട്ടക്കുരുതി പേവിഷപ്രതിരോധത്തിനുള്ള സുസ്ഥിരമോ ശാസ്ത്രീയമോ ആയ പരിഹാരമല്ലെന്ന് അറിയുക.

English summary: What is the best way of controlling the stray dog population?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com