പട്ടികളെ നിയന്ത്രിക്കാൻ പിപ്പിടിവിദ്യകൾക്കാവില്ല; അറിയണം ജോധ്പുരിൽ സംഭവിച്ചത്

HIGHLIGHTS
  • പുനരധിവാസ കേന്ദ്രങ്ങളല്ല, കേരളത്തിന് വേണ്ടത് കുറ്റമറ്റ എബിസി- എആർ
  • കുത്താ കാ ബുറാകൾ ഓർമിപ്പിക്കുന്നത്
stray-dogs
SHARE

തെരുവുനായ്ക്കൾക്ക് പേവിഷപ്രതിരോധ വാക്സീൻ നൽകിയും വന്ധ്യംകരണശസ്ത്രക്രിയ നടത്തിയും തെരുവിൽത്തന്നെ തിരികെ വിടുന്ന രീതി തികച്ചും അശാസ്ത്രീയമാണന്ന വാദം ഇപ്പോൾ ഉയരുന്നുണ്ട്. വാക്സീൻ നൽകിയ നായ്ക്കളെ തിരിച്ചറിയാൻ കഴിയില്ലെന്നും വീണ്ടും തെരുവിലേക്ക് എത്തുമ്പോൾ അവ പേവിഷബാധയുടെ കാരിയർമാരാകാനും സാധ്യതയേറെയുണ്ടെന്ന് പലർക്കും ആശങ്കയുണ്ട്. തെരുവുനായ്ക്കളുടെ പ്രശ്നം അവസാനിപ്പിക്കാനും മനുഷ്യർക്കു ഭയപ്പെടാതെ പുറത്തിറങ്ങുന്നതിനും സംസ്ഥാനത്ത് ആവശ്യം അവയെ പിടികൂടി പ്രത്യേകവാസകേന്ദ്രങ്ങൾ സ്ഥാപിച്ച് പുനരധിവസിപ്പിക്കാനുള്ള സംവിധാനമാണെന്ന് ആവശ്യപ്പെടുന്നവർ ഇപ്പോഴുണ്ട്. പ്രത്യേക പാർപ്പിട സംവിധാനം ഒരുക്കി ഭക്ഷണവും ആവശ്യമായ മരുന്നുകളും നൽകി അവയെ പരിചരിച്ചാൽ തെരുവിൽ അവവഴിയുണ്ടാകുന്ന പ്രശ്നങ്ങൾ തടയാൻ കഴിയുമെന്നാണ് വാദം. സംസ്ഥാനത്ത് ചുരുങ്ങിയത് ഓരോ ജില്ലകൾ തോറും നായ്ക്കൾക്കുവേണ്ടി പുനരധിവാസ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. വിദേശരാജ്യങ്ങളിൽ ഇത്തരം ഷെൽട്ടറുകൾ ഉണ്ടെന്നാണ് ചൂണ്ടികാണിക്കുന്നത്. എന്നാൽ തെരുവുനായ്ക്കൾക്ക് പ്രത്യേക പുനരധിവാസ, പാർപ്പിട കേന്ദ്രങ്ങൾ തീർത്തും അശാസ്ത്രീയമാണന്നതാണ് വസ്തുത. നായ്ക്കളുടെ സ്വഭാവത്തെയും പെരുമാറ്റ രീതികളെയും പറ്റി മനസ്സിലാക്കിയാൽ ഇത്തരം നിർദ്ദേശങ്ങൾ അപ്രായോഗികമെന്ന് അതുന്നയിക്കുന്നവർക്ക് പോലും ബോധ്യപ്പെടും.

പ്രത്യേക പുനരധിവാസ പാർപ്പിട കേന്ദ്രങ്ങൾ പ്രായോഗികമല്ല - കാരണങ്ങൾ പലതുണ്ട്

നായ്ക്കളെ വീടുകളിൽ വളർത്താൻ തുടങ്ങിയിട്ട് കുറഞ്ഞ നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളു. ലാബ്രഡോറും ജർമൻ ഷെപ്പേഡും റോട്ട് വീലറും പഗ്ഗുമെല്ലാം നമ്മുടെ വീടുകളിൽ രാജകീയമായി വാഴുന്ന നായ ജനുസ്സുകളാണെങ്കിൽ തെരുവിൽ വാഴുന്ന നായ്ക്കളിൽ മഹാഭൂരിപക്ഷവും നാടൻ നായ്ക്കൾ എന്ന് നമ്മൾ വിളിക്കുന്ന ഇന്ത്യൻ പരിയാ എന്ന തദ്ദേശീയ ഇനം നായ്ക്കളാണ്. ഇന്ത്യൻ പരിയാ ഇനം (Indian pariah dog) നായ്ക്കളും മോഗ്രൽ (Mongrel) ഇനം നാടൻ നായ്ക്കളും അടിസ്ഥാനപരമായി നാട്ടിൽ റോന്തുചുറ്റാനും ഇരതേടാനും സഹജസ്വഭാവമുള്ള ജീവികളാണ്. പൊതുസമൂഹത്തോടൊപ്പം ജീവിക്കാൻ ഇഷ്ടപ്പെടുന്ന വളരെ സോഷ്യൽ ആയ ജീവിവർഗ്ഗമാണ് ഇന്ത്യൻ പരിയാ. എന്നാൽ ലാബ്രഡോർ, റോട്ട് വീലർ തുടങ്ങിയ വിദേശ ബ്രീഡുകളിൽ ഈ സാമൂഹ്യസ്വഭാവം തീർത്തും കുറവാണെന്ന് പറയാം. തന്റെ ഉടമയും കുടുംബവുമാണ് അവരുടെ ലോകം. 4,500ലധികം വർഷങ്ങൾ നീണ്ട പരിണാമപ്രക്രിയയിലൂടെയും പ്രകൃതിയുടെ സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെയും രൂപപ്പെട്ട് ജീനിൽ വിളക്കിച്ചേർക്കപ്പെട്ടതാണ് ഇന്ത്യൻ പരിയാ നായ്ക്കളുടെ സാമൂഹ്യസ്വഭാവം. ജനിതകമായി സാമൂഹ്യസ്വഭാവമുള്ള, സ്വച്ഛന്ദം വിഹരിക്കാനും ഇരതേടാനും ഇഷ്ടപെടുന്ന ഒരു ജീവിവർഗത്തെ പിടികൂടി കൂട്ടിലടച്ചാൽ അവയുടെ സഹജസ്വഭാവം മാറില്ലെന്ന് മാത്രമല്ല അവർ കൂടുതൽ ആക്രമകാരികളായി തീരുകയും ചെയ്യും.

പട്ടികളെ നിയന്ത്രിക്കാൻ പിപ്പിടിവിദ്യകൾക്കാവില്ല 

ഒരു പ്രദേശത്ത് തന്റെതായ ഒരു വിഹാരപരിധി അഥവാ ടെറിറ്ററി ഉണ്ടാക്കുകയെന്നതും ആ മേഖലയിൽ വളരെ പ്രതിരോധാത്മകമായ സ്വഭാവം കാണിക്കുകയെന്നതും ഇന്ത്യൻ പരിയാ ഇനം നായ്ക്കളുടെ സഹജസ്വഭാവമാണ്. ഈ പരിധിയിൽ മറ്റു നായ്ക്കൾ അതിക്രമിച്ചു കയറിയാൽ പരസ്പരം പോരാട്ടമുറപ്പ്. നായ പുനരധിവാസകേന്ദ്രങ്ങളിൽ പാർപ്പിക്കുമ്പോൾ നായ്ക്കളുടെ ഈ ടെറിറ്ററി സ്വഭാവം പ്രശ്നമാവുകയും പുനരധിവാസ കേന്ദ്രങ്ങൾക്കുള്ളിൽ നായകൾ തമ്മിൽ പോരാട്ടം രൂക്ഷമാവുകയും ചെയ്യും. പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ എന്ന് പറയുന്നത് പോലെ ഇന്ത്യൻ പരിയാ നായ്ക്കളുടെ പ്രകൃത്യരൂപപ്പെട്ട ഈ ജനിതക-സഹജസ്വഭാവങ്ങൾ അത്ര പെട്ടെന്നൊന്നും മാറ്റിതീർക്കാൻ നമ്മുടെ പിപ്പിടിവിദ്യകൾക്കാവില്ല. കേരളത്തിന്റെ തെരുവുകളിൽ പെരുകിയ നായ്ക്കൾ റോട്ട് വീലറോ ജർമൻ ഷെപ്പെർഡോ ലാബ്രഡോറോ ഒക്കെയായിരുന്നെങ്കിൽ ഒരുപക്ഷേ ഷെൽട്ടർ സംവിധാനം വിജയിച്ചേനെ!.

പലരും ഇപ്പോൾ മനക്കോട്ട കെട്ടുന്ന നായപുനരധിവാസകേന്ദ്രങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രായോഗിക വെല്ലുവിളികൾ വേറെയുമുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ പരിപാലനം കാര്യക്ഷമമല്ലെങ്കിൽ നായ്ക്കളിലെ പകർച്ചവ്യാധികൾ എളുപ്പം പകരും. ഒരു പ്രദേശത്തുനിന്ന് മുഴുവൻ നായ്ക്കളെയും നീക്കിയാലും അവിടെ താമസിയാതെ പുതിയ നായ്ക്കളെത്തുകയും ടെറിറ്ററിയുണ്ടാക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു വസ്തുത. മാത്രമല്ല നായകളുടെ പുനരധിവാസകേന്ദ്രങ്ങൾ കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യപ്രശ്നങ്ങളും എതിർപ്പുകളും വേറെയുമുണ്ട്. കേരളത്തിൽ ഇന്നുള്ള ഏകദേശം രണ്ടേമുക്കാൽ ലക്ഷത്തോളം തെരുവുനായ്ക്കളെ എങ്ങനെ എവിടെ പുനരധിവസിപ്പിച്ച് ദൈനംദിന പരിചരണം നൽകുമെന്നതും പ്രായോഗിക പ്രശ്നമാണ്. യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ തെരുവുനായ ശല്യത്തിന് ബാൻഡ് എയ്ഡ് പരിഹാരങ്ങളില്ലെന്ന് മനസിലാക്കുക.

പുനരധിവാസ പാർപ്പിട കേന്ദ്രങ്ങൾ ഒരുക്കിയ സ്ഥലങ്ങളിൽ സംഭവിച്ചതെന്ത്? കുത്താ കാ ബുറാകൾ ഓർമിപ്പിക്കുന്നത്

തെരുവുനായ്ക്കളെ പിടികൂടി പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയ പ്രദേശമായിരുന്നു രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരവും മെട്രോപൊളിറ്റൻ സിറ്റിയുമായ ജോധ്പുർ. ‘കുത്താ കാ ബുറാ (Kutte ka burra)’ എന്നായിരുന്നു ഈ നായ പുനരധിവാസകേന്ദ്രങ്ങളെ നഗരഭരണകൂടം വിശേഷിപ്പിച്ചത്. പുനരധിവാസകേന്ദ്രങ്ങളിൽ ഒതുങ്ങിക്കൂടപ്പെട്ട ആരോഗ്യമുള്ള തദ്ദേശീയ നായ്ക്കൾ തങ്ങളുടെ ഊർജം ചെലവിടാൻ മറ്റു വഴികളില്ലാതെ പരസ്പരം പോരടിച്ച് ക്രമേണ കൂടുതൽ അക്രമകാരികളായി മാറിയെന്നതാണ് വസ്തുത. 

നായ്ക്കൾ വഴക്കിടുന്ന ശബ്ദവും ചത്തനായ്ക്കളുടെ ദുർഗന്ധവും മാലിന്യവും എല്ലാം ചേർന്ന് നായ പുനരധിവാസ കേന്ദ്രങ്ങൾ ക്രമേണ പൊതുശല്യമായി മാറി. ഒടുവിൽ ഇത്തരം കേന്ദ്രങ്ങൾക്കുള്ളിലേക്കു കയറാൻ നിർവാഹമില്ലാതെ നഗരസഭ നിയമിച്ച ജോലിക്കാർ നായ്ക്കൾക്കുള്ള ഭക്ഷണവും വെള്ളവും മതിലിന് മുകളിലൂടെ വലിച്ചെറിഞ്ഞ് നൽകുകയായിരുന്നത്രേ ചെയ്തത്. വലുതും ശരീരക്ഷമതയുള്ളതുമായ നായ്ക്കൾ ഇങ്ങനെ വലിച്ചെറിഞ്ഞു കിട്ടുന്ന ഭക്ഷണമെല്ലാം പിടിച്ചെടുത്തു, ചെറുതും ദുർബലവുമായ നായ്ക്കൾ വിശന്നുവലഞ്ഞു, പട്ടിണി കിടന്ന് ചത്തു. ഇത്തരം കേന്ദ്രങ്ങൾ വൃത്തിയാക്കാൻ പോലും ജീവനക്കാർക്ക് കഴിഞ്ഞില്ല. താമസിയാതെ നായ്ക്കൾ സ്വന്തം മലത്തിൽ ആഴത്തിലാണ്ടു. പകർച്ചവ്യാധികളും നായ്ക്കളുടെ പരസ്പരമുള്ള പോരും പട്ടിണിയും നിമിത്തം നൂറുകണക്കിന് നായ്ക്കളുടെ ദാരുണമായ മരണമായിരുന്നു ജോധ്പുരിലെ നായ പുനരധിവാസ കേന്ദ്രങ്ങളുടെ അവസാനഫലം.

ഒടുവിൽ തെരുവുനായ പുനരധിവാസ കേന്ദ്രങ്ങൾ വിനാശകാലത്ത് തങ്ങൾക്ക് തോന്നിയ വിപരീത ബുദ്ധിയാണന്ന് തിരിച്ചറിഞ്ഞതോടെ ജോധ്പുരിലെ നായ പുനരധിവാസകേന്ദ്രം നഗരസഭ അടച്ചുപൂട്ടി. ഇന്ന് ആ മേഖല ആനിമൽ ബർത്ത് കണ്ട്രോൾ (എബിസി) - ആന്റി റാബീസ് വാക്സിനേഷൻ ( എആർ) /എബിസി-എആർ പ്രോഗ്രാമിന്റെ കേന്ദ്രമാണ്. തങ്ങളുടെ രാജ്യത്തു പെരുകിയ നായ്ക്കളെ നിയന്ത്രിക്കാൻ ഭൂട്ടാൻ സർക്കാരും ഇതേ രീതിയിൽ ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ഫലം ജോധ്പുരിന്റെ ആവർത്തനമായിരുന്നു. ജോധ്പുരിന്റെ അതേ ദുരന്തം രാജ്യം നേരിട്ടപ്പോൾ ഭൂട്ടാൻ സർക്കാർ ഈ ആശയം ഉപേക്ഷിക്കുകയും എബിസി-എആർ നടപ്പിലാക്കുന്നതിനായി തങ്ങളുടെ പൗരസംഘടനകളെ പരിശീലിപ്പിക്കാൻ ഇന്ത്യൻ എൻജിഒകളെ ക്ഷണിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. അമേരിക്ക അടക്കമുള്ള പേവിഷ വിമുക്തവും തെരുവുനായ രഹിതവുമായ വികസിത രാജ്യങ്ങളിലുള്ള ആനിമൽ ഷെൽട്ടറുകളുമായി നമ്മുടെ തെരുവുനായ പുനരധിവാസ കേന്ദ്രങ്ങളെ താരതമ്യപ്പെടുത്തുന്നതിൽ അർഥമേതുമില്ല, കാരണം സാമൂഹികസാഹചര്യങ്ങൾ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്.

നായ പുനരധിവാസ കേന്ദ്രങ്ങളല്ല, കേരളത്തിന് വേണ്ടത് കുറ്റമറ്റ എബിസി- എആർ

തെരുവ് നായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ 70 ശതമാനം നായ്ക്കൾക്കും വർഷാവർഷം പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ കഴിഞ്ഞാൽ നായ്ക്കളിലെ പേവിഷബാധ നിർമാർജനം ചെയ്യാൻ കഴിയുമെന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതാണ്. മാത്രമല്ല, മനുഷ്യരിൽ രോഗബാധക്കുള്ള സാധ്യത ഏകദേശം പൂർണമായും തന്നെ തടയാൻ കഴിയും. 70 ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ കഴിഞ്ഞാൽ ബാക്കി നായ്ക്കൾ പേവിഷ വൈറസിനെതിരെ ആർജിത പ്രതിരോധം കൈവരിക്കുകയും ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ കൂട്ട പ്രതിരോധം എന്ന ലക്ഷ്യം നേടുകയും ചെയ്യും. പേവിഷ വൈറസിന്റെ കാരിയർമാരാവാൻ പിന്നെ നായ്ക്കൾക്കാവില്ല. 

ഗോവ, ജയ്‌പുർ ഉൾപ്പെടെ അതിന്റെ തെളിയിക്കപ്പെട്ട മാതൃകകളും നമുക്കു മുന്നിൽ വഴികാട്ടിയായുണ്ട്. മാത്രമല്ല മറ്റ് വൈറസുകളെ പോലെ ലക്ഷണമൊന്നും കാണിക്കാതെ ദീർഘകാലം പേവിഷ വൈറസിനെ ശരീരത്തിൽ കൊണ്ടുനടക്കുന്ന കാരിയറാകാനും മറ്റു ജീവികളിലേക്ക് പകർത്താനും നായ്ക്കൾക്കാവില്ല എന്നതും മനസിലാക്കണം. 70 ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാൽ അടുത്ത മൂന്നു വർഷം കൊണ്ട് നായകളുടെ ജനനനിരക്ക് ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിക്കും എന്നും വിലയിരുത്തപ്പെടുന്നു. ഈ ആശയങ്ങളുടെ അടിസ്ഥാനത്തിൽ കാര്യക്ഷമമായ, പാതിവഴിയിൽ നിലച്ചുപോവാത്ത  തെരുവുനായ്ക്കളുടെ ആനിമൽ ബർത്ത് കണ്ട്രോൾ (എബിസി) - ആന്റി റാബീസ് വാക്സിനേഷൻ (എആർ) പദ്ധതിയാണ് കേരളത്തിന് ഇനി വേണ്ടത്. ഇതിനായുള്ള നിയമങ്ങളും നിർദ്ദേശങ്ങളും പതിറ്റാണ്ടുകൾക്ക് മുന്നേ നിലവിലുണ്ടെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ അവ നടപ്പാക്കുന്നതിൽ കാണിച്ച അതീവ ഉദാസീനതയാണ് ഇന്ന് കേരളത്തെ പേപ്പട്ടിപല്ലിൽ കുരുക്കിയതെന്ന് നാം തിരിച്ചറിയണം. കാര്യക്ഷമമായ എബിസി-എആർ പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സമഗ്ര ആരോഗ്യ മിഷൻ തന്നെ സർക്കാരിന് വിഭാവനം ചെയ്യാവുന്നതാണ്. നായ്ക്കളെ പിടികൂടി കൂട്ടക്കുരുതി നടത്തലോ കുത്താ കാ ബുറാകളോ തെരുവുനായ പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള മാർഗമല്ലെന്ന് പേപ്പേടിയിൽ മനംപിടയുന്ന ഈ കാലത്ത് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

English summary: Animal Birth Control and Anti-Rabies Vaccination programs to control Rabies and stray animal populations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}