കേരളത്തിൽ ശ്വാനപരിശീലനത്തിന് തുടക്കംകുറിച്ച ജവാൻ: കെ.പി.സഞ്ജയന്‍ എന്ന സൂപ്പര്‍ ട്രെയിനര്‍

HIGHLIGHTS
  • ബിഎസ്എഫില്‍ ഡോഗ് ട്രെയിനറായിരുന്നു സഞ്ജയന്‍
  • പാലായില്‍ 2008ലാണ് സുരക്ഷ കെ9 അക്കാദമിയുടെ തുടക്കം
SHARE

കണ്ടാല്‍ ഭയങ്കരന്മാരായ നായ്ക്കള്‍ ഉടമ പറയുന്നത് അതേപടി അനുസരിക്കുന്നത് കണ്ടിട്ടില്ലേ? ഉടമയുടെ മനസ്സറിഞ്ഞു പെരുമാറാന്‍ നായ്ക്കളെ പ്രാപ്തരാക്കുന്നത് ചെറുപ്പത്തില്‍ത്തന്നെ ലഭിക്കുന്ന പരിശീലനമാണ്. നായ്ക്കള്‍ക്കു പരിശീലനം നല്‍കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട് ഇന്നു നമ്മുടെ നാട്ടില്‍. എന്നാല്‍ ഇവിടെയൊക്കെയുള്ള പരിശീലകരില്‍ മിക്കവരുടെയും ഗുരു ഒരാള്‍തന്നെ. കെ.പി.സഞ്ജയന്‍ എന്ന സൂപ്പര്‍ ട്രെയിനര്‍. ശ്വാനപരിശീലനത്തില്‍ 32 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം 2008ലാണ് പരിശീലകരെ പഠിപ്പിക്കാനിറങ്ങിയത്. 

പട്ടാളത്തിലെ ശ്വാനപരിശീലകൻ

സഞ്ജയൻ ബിഎസ്എഫിൽ പ്രവേശിച്ച കാലത്ത് അണ്ടർ ട്രെയിനികളായവർക്ക് നാഷനല്‍ ട്രെയിനിങ് സെന്റര്‍ ഫോര്‍ ഡോഗ്‌സ് ബിഎസ്എഫ് തെക്കന്‍പുരിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നു. അങ്ങനെ നായ്ക്കളോട് താൽപര്യം തോന്നി. പരിശീലനം പൂർത്തിയാക്കി പഞ്ചാബ് അതിർത്തിയിൽ നിയോഗിക്കപ്പെട്ടു. തുടർന്ന് 1990ൽ ശ്വാന പരിശീലന കോഴ്സ് ചെയ്യാൻ അവസരം ലഭിച്ചതാണ് സഞ്ജയന്റെ ജീവിതത്തിലെ വഴിത്തിരിവ്. നാഷനല്‍ ട്രെയിനിങ് സെന്റര്‍ ഫോര്‍ ഡോഗ്‌സ് ബിഎസ്എഫ് തെക്കന്‍പുരിൽ തിരിച്ചുവന്ന് ഡോഗ് ട്രെയിനിങ് പഠിച്ചു. നല്ല ഗ്രേഡിൽ പാസായി. പിന്നാലെ അവിടെത്തന്നെ ഇൻസ്ട്രക്ടര്‍ ആയി. അങ്ങനെ 1990 മുതൽ ശ്വാനപരിശീലനമേഖലയിൽ സജീവമായെന്നു സഞ്ജയൻ.

ഒരു സർവീസ് നായയ്ക്കു വേണ്ട എല്ലാ ട്രെയിനിങ്ങും നൽകുന്ന സ്കൂളാണ് നാഷനല്‍ ട്രെയിനിങ് സെന്റര്‍ ഫോര്‍ ഡോഗ്‌സ് ബിഎസ്എഫ്. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുക, ലഹരിയുല്‍പന്നങ്ങള്‍ കണ്ടെത്തുക, ട്രാക്കര്‍ ഡോഗ് ട്രെയിനിങ്, റെസ്‌ക്യൂ, കഡാവര്‍ എന്നിങ്ങനെ എല്ലാവിധ പരിശീലനവും ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ എല്ലാ വിഷയത്തിലും സ്പെഷലൈസ് ചെയ്യാനും  ശ്വാനപരിശീലനത്തിലെ ചാമ്പ്യൻഷിപ്പുകളിൽ  മികച്ച പ്രകടനം  നടത്താനും സഞ്ജയനു കഴിഞ്ഞു. ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റില്‍ ബിഎസ്എഫ് ടീം അംഗമായി 5 മെഡലുകള്‍ നേടി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തില്‍, അതായത്, സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പില്‍(എസ്‌പിജി) 1998ല്‍ ഡപ്യൂട്ടേഷനില്‍ പ്രവേശിച്ചു. എസ്പിജിയില്‍നിന്ന്  ഓള്‍ ഇന്ത്യ പൊലീസ് മീറ്റില്‍ പങ്കെടുത്ത് മെഡല്‍ നേടിയ ഏക വ്യക്തിയെന്ന ബഹുമതിയുമുണ്ട്. എസ്‌പിജിയിലുള്ളപ്പോള്‍ ബെസ്റ്റ് കനൈന്‍ ട്രെയിനര്‍ മത്സരത്തില്‍ പങ്കെടുത്ത് 2 തവണ ഒന്നാം സ്ഥാനം നേടി.  അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് മെഡല്‍ സമ്മാനിച്ചത്. 1998 മുതല്‍ 2008 വരെ എസ്പിജി ഡോഗ് ഇന്‍സ്ട്രക്ടറായിരുന്നു. ഒപ്പം നായ്ക്കളുമായി ജോലിക്കും നിയോഗിക്കപ്പെട്ടിട്ടുണ്ട്. 2008 ഏപ്രിലില്‍ വിആര്‍എസ് എടുത്ത് നാട്ടിലേക്ക് പോന്നു. തുടര്‍ന്ന് സുരക്ഷ കെ9 അക്കാദമി തുടങ്ങി. 

sanjayan-dog-trainer-1
ശ്വാനപരിശീലനം പഠിക്കാനെത്തിയ പഠിതാക്കൾക്കൊപ്പം കെ.പി.സഞ്ജയൻ. ചിത്രങ്ങൾ∙ എജിൻ കെ.പോൾ

സുരക്ഷ കെ9 അക്കാദമി

സര്‍വീസില്‍നിന്ന് വിരമിച്ചശേഷം 13 വിദഗ്ധ ട്രെയിനര്‍മാരുടെ സെമിനാറുകളില്‍ പങ്കെടുത്ത് ആധുനിക പരിശീലനമുറകള്‍ സ്വായത്തമാക്കി. അക്കാദമി തുടങ്ങിയ കാലത്ത് കേരളത്തിൽ ശ്വാനപരിശീലനം അവഗണിക്കപ്പെട്ട മേഖലയായിരുന്നു. പിന്നീട് ട്രെയിനിങ്  ഒരു പ്രഫഷനാക്കാന്‍ താല്‍പര്യമുള്ളവര്‍ തന്നെ തേടിയെത്തിയതായി സഞ്ജയൻ. ഇന്ന് കേരളത്തിലുള്ള ഡോഗ് ട്രെയിനര്‍മാരില്‍ നല്ല പങ്കും സഞ്ജയന്റെ അക്കാദമിയില്‍ പരിശീലനം നേടിയവരാണ്. കേരളത്തിലും  പുറത്തുമുള്ള ഒട്ടേറെ പേർ ഡോഗ് ട്രെയിനിങ് പഠിക്കാൻ ഇവിടെത്തുന്നുണ്ട്.

പാലായില്‍ 2008ലാണ് സുരക്ഷ കെ9 അക്കാദമിയുടെ തുടക്കം. ഇപ്പോൾ 3 സംസ്ഥാനങ്ങളിലായി 4 സെന്ററുകള്‍. കേരളത്തിൽ മൂവാറ്റുപുഴയിലും മറയൂരിലുമാണ്. കൂടാതെ, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലുമുണ്ട്. 4 സെന്ററുകളിലും നായ്ക്കൾക്ക് പരിശീലനമുണ്ട്. എന്നാൽ, ട്രെയിനർമാർക്കുള്ള പരിശീലനം മൂവാറ്റുപുഴയിലും ബെംഗളൂരുവിലുമാണുള്ളത്. മറയൂരിലെ സെന്ററിൽ നായ്ക്കൾക്കായുള്ള ഓൾഡ് ഏജ് ഹോം ഉണ്ടെന്നതു സവിശേഷതയാണ്. നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാൻ ഈ സൗകര്യം ഉപകാരപ്പെടുമെന്നാണ് സഞ്ജയന്റെ പ്രതീക്ഷ. നായ്ക്കളെ സംരക്ഷിക്കുന്നതിന് ചെറിയ തോതിൽ ഫീസും ഈടാക്കും.

കേരളത്തിൽ ശ്വാനപരിശീലകരാകാന്‍ താല്‍പര്യപ്പെടുന്നത് പൊതുവേ പുരുഷന്മാരാണ്. എന്നാൽ, സ്ത്രീകൾക്കും ശോഭിക്കാൻ കഴിയുന്ന തൊഴിലാണിതെന്ന് സഞ്ജയൻ‌. കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലുമൊക്കെ  ഈ മേഖലയിൽ ഒട്ടേറെ വനിതകളുണ്ട്. അവര്‍ക്കു സ്വയം തൊഴില്‍ നല്‍കുന്ന മേഖലയാണിത്. 

ശ്വാന പരിശീലനം ഒരു കലയാണ്. നമ്മുടെ ആവശ്യം അനുസരിച്ചുവേണം നായയെ തിരഞ്ഞെടുക്കാനും അതിനു പരിശീലനം നൽകാനും. ഓരോ നായയും വ്യത്യസ്തമാണ്, ഓരോ ഇനവും വ്യത്യസ്തമാണ്. രാജ്യാന്തരതലത്തില്‍ 5 സിസ്റ്റമാണ് ഇതിലുള്ളത്. അതുകൊണ്ടുതന്നെ ഓരോ നായയുടെയും സവിശേഷതകള്‍ തിരിച്ചറിഞ്ഞു വേണം  സിസ്റ്റം തിരഞ്ഞെടുക്കാന്‍.

sanjayan-dog-trainer-2
കെ.പി.സഞ്ജയൻ നായയ്‌ക്കൊപ്പം

പ്രാഥമിക പരിശീലനം  

ഏതു തരം നായയാണെങ്കിലും പ്രാഥമിക പരിശീലനം അത്യാവശ്യം. ശരിയും തെറ്റും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നായ്ക്കള്‍ക്കു കഴിവ്  നല്‍കുന്നത് ഈ പരിശീലനമാണ്. അല്ലാത്തപക്ഷം, ഉടമയ്ക്ക് തലവേദനയാകും.  അതുകൊണ്ടു വളർത്തുനായ്ക്കൾക്ക്  ചെറുപ്പത്തിൽത്തന്നെ പരിശീലനം നൽകാൻ ഉടമകൾ ശ്രദ്ധിക്കണം. അടിസ്ഥാന പരിശീലനം ഉടമയ്ക്കുതന്നെ നൽകാവുന്നതേയുള്ളൂ. എന്നാൽ, വിദഗ്ധ പരിശീലനം നൽകാൻ സ്കൂളുകളിൽ എത്തിക്കേണ്ടിവരും.

‌ഏറെ ഇഷ്ടം ബെല്‍ജിയന്‍ മലിന്വ

ലോകത്തിലെ ഏറ്റവും മികച്ച വര്‍ക്കിങ് ഡോഗ് ഇനമാണ് ബെല്‍ജിയന്‍ മലിന്വ. ലാബ്, ജര്‍മന്‍ ഷെപ്പേഡ് തുടങ്ങിയ നായ്ക്കളെ അപേക്ഷിച്ച് കൂടുതല്‍ കാലം, കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാന്‍ ഇവയ്ക്കാകും. ഭയമില്ല, നാണമില്ല അതുകൊണ്ടുതന്നെ ചുറുചുറുക്കോടെ ജോലി ചെയ്യും. വലിയ ബുദ്ധിശാലികളുമാണിവർ. പരിശീലനമുറകളെല്ലാം അതിവേഗം പഠിച്ചെടുക്കും. 

ഓരോ നായയ്ക്കും പരിശീലനം നേടാനുള്ള കഴിവ് പാരമ്പര്യമായി ലഭിക്കുന്നതാണ്. മുന്‍തലമുറകള്‍ മികച്ച രീതിയില്‍ പരിശീലനം നേടിയതുകൊണ്ടാണ് ബെല്‍ജിയന്‍ മലിന്വ ലോകത്തിലെ മികച്ച നായ ഇനമായി മാറിയത്. മിലിട്ടറി, പൊലീസ് സേനകളിൽ വരുംകാലങ്ങളിൽ ഏറ്റവും കൂടുതൽ റിക്രൂട്ട് ചെയ്യപ്പെടുന്ന നായയിനം ഇതായിരിക്കുമെന്നു സഞ്ജ‍യന്‍. അതുകൊണ്ടുതന്നെ ഇതിന്റെ മികച്ച മാതൃ–പിതൃ ശേഖരം സഞ്ജ‍യനുണ്ട്. ഭംഗിക്കു പ്രാധാന്യമുള്ള  ഷോ ലൈൻ നായ്ക്കളെയല്ല, പകരം വർക്കിങ് ലൈൻ നായ്ക്കളെയാണ് അദ്ദേഹം തന്റെ ശേഖരത്തിലേക്ക് എടുത്തിട്ടുള്ളത്. 

ഒന്നര പതിറ്റാണ്ടോളമായി കേരളത്തിലെ ശ്വാനപരിശീലനമേഖലയിലുണ്ടെങ്കിലും  പ്രജനനത്തിലേക്കു തിരിഞ്ഞിട്ട് ഏതാനും വർഷമേ ആയിട്ടുള്ളൂ. മിലിറ്ററി, പൊലീസ് സേനകളിലേക്ക് ഇവിടെനിന്ന് ബെൽജിയൻ മലിന്വയുടെ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.  മികച്ച പ്രൊട്ടക്‌ഷൻ നായ്ക്കളെ വേണ്ടവരും സഞ്ജയനെ തേടിയെത്തുന്നു.

ഫോൺ: 80754 14620

English summary: Best dog training academy in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}