കോർഗികളുമായി ഏഴാം വയസിൽ തുടങ്ങിയ ആത്മബന്ധം: ബ്രിട്ടീഷ് രാജ്ഞിയുടെ നായ്ക്കളെക്കുറിച്ച് അറിയാം

HIGHLIGHTS
  • രാജ്ഞിയുടെ സഞ്ചരിക്കുന്ന കാർപെറ്റ്; ഒളിംപിക്സ് മുതൽ വാനിറ്റി ഫെയർ വരെ
  • രാജ്ഞിയുടെ അരുമകളുടെ ഭാവി എന്ത്? സന്ദേഹത്തോടെ ബ്രിട്ടനിലെ മൃഗസ്നേഹികൾ
elizabeth-queen-1
കോർഗി നായ്ക്കൾക്കൊപ്പം എലിസബത്ത് രാജ്ഞി
SHARE

'ലണ്ടൻ ബ്രിജ് ഈസ് ഡൗൺ - തെംസ് നദിക്കു മേലുള്ള ലണ്ടൻ പാലം തകർന്നുവീണിരിക്കുന്നു-' എലിസബത്ത് രാജ്ഞിയുടെ വിയോഗം ബ്രിട്ടീഷ് ഭരണകേന്ദ്രങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത് ഈ രഹസ്യഭാഷയിലായിരുന്നു. അതിപ്രൗഢമായ ഒരു യുഗത്തിനു തിരശ്ശീല താഴ്ത്തിയാണ് ഏഴു പതിറ്റാണ്ടിലധികം ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞി ചരിത്രത്തിന്റെ ഭാഗമായത്. രാജ്ഞിയുടെ വിടവാങ്ങലിനെത്തുടർന്ന് അവരെക്കുറിച്ചുള്ള വൈവിധ്യമാർന്ന വാർത്തകളും അവലോകനങ്ങളുമാണ് ലോകമെങ്ങും മാധ്യമങ്ങളിൽ നിറഞ്ഞത്. അതിൽ ഏറ്റവും കൗതുകമുണർത്തുന്ന വാർത്തകളിലൊന്നാണ് എലിസബത്ത് രാജ്ഞിയുടെ അരുമകളെ ഇനി ആരു സംരക്ഷിക്കുമെന്നത്. ബ്രിട്ടനിലെ ഒരു ദേശീയ ദിനപത്രമായ ഗാർഡിയൻ, ബഹുരാഷ്ട്ര കേബിൾ വാർത്താ ചാനലായ സിഎൻഎൻ അടക്കം മിക്ക മാധ്യമങ്ങളും ഇതുസംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. കാരണം തന്റെ നാടിനെയും ജനങ്ങളെയും മാത്രമല്ല അരുമനായ്ക്കളെയും ജീവനുതുല്യം സ്നേഹിച്ച രാജ്ഞിയായിരുന്നു എലിസബത്ത്.

കോർഗികളെ ജീവനോളം സ്നേഹിച്ച ക്യൂൻ

ബ്രിട്ടനിലെ എല്ലാ അരയന്നങ്ങളുടെയും തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ഉടമസ്ഥാവകാശം ബ്രിട്ടീഷ് രാജ്ഞിക്കായിരുന്നു. എന്നാൽ എലിസബത്ത് രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട അരുമ നായകളായിരുന്നു, പ്രത്യേകിച്ച് കുഞ്ഞൻ കാലുകളുള്ള നായയിനമായ കോർഗികൾ. 1933ൽ എലിസബത്ത് രാജ്ഞിക്ക് ഏഴു വയസ്സുള്ളപ്പോൾ പിതാവ് ജോർജ് ആറാമനാണ് തന്റെ കുട്ടികൾക്ക് കളിക്കൂട്ടായി ഡൂക്കി എന്ന് പേരുള്ള കോർഗി ഇനത്തിൽപ്പെട്ട പട്ടിക്കുഞ്ഞിനെ കൊട്ടാരത്തിലെത്തിക്കുന്നത്. അന്നുമുതലാണ് എലിസബത്ത് രാജ്ഞിയ്ക്ക് കോർഗി നായ്ക്കളോടുള്ള അടുപ്പം തുടങ്ങുന്നത്. 1944ൽ പതിനെട്ടാം പിറന്നാൾ ദിനത്തിൽ സൂസൻ എന്ന് പേരുള്ള കോർഗി നായ്ക്കുഞ്ഞിനെ രാജ്ഞിക്ക് സമ്മാനമായി കിട്ടിയതോടെ കോർഗികളുമായുള്ള രാജ്ഞിയുടെ ഹൃദയബന്ധത്തിന് ശക്തിയേറി.1947ൽ ഹണിമൂൺ കാലത്തു പോലും എലിസബത്തിന്റെ ട്രാവൽ പാക്കിൽ സുരക്ഷയോടെ സൂസനുമുണ്ടായിരുന്നു.

പതിനഞ്ച് വർഷങ്ങൾക്കു ശേഷം സൂസൻ മരണത്തിന് കീഴടങ്ങിയെങ്കിലും തന്റെ ആദ്യ അരുമയുടെ ഓർമകളെ കാലവിസ്മൃതിയിലേക്കു തള്ളാൻ രാജ്ഞി ഒരുക്കമല്ലായിരുന്നു. രാജ്ഞിയുടെ നിർദ്ദേശപ്രകാരം തുടർന്നുള്ള അറുപത് വർഷക്കാലം സൂസന്റെ വംശാവലിയിലുള്ള കോർഗി നായ്ക്കളെ തിരഞ്ഞെടുത്ത് ബ്രീഡ് ചെയ്ത് പലതലമുറകളെ, പല കാലങ്ങളിലായി രാജ്ഞിക്ക് ഓമനിക്കാനായി സമർപ്പിക്കപ്പെട്ടു. 1952ൽ കോമൺവെൽത്ത് രാജ്ഞിയായതു മുതൽ മരിക്കുന്നതുവരെ പല വർഷങ്ങളിലായി മുപ്പതോളം കോർഗി നായ്ക്കൾ അവർക്കുണ്ടായിരുന്നു. രാജ്ഞിയുടെ ഹണിമൂൺ, കുടുംബ അവധിക്കാലം മുതൽ ബക്കിംഗ്ഹാം കൊട്ടാരത്തിലെ പരിപാടികൾ, ഔദ്യോഗിക ഫോട്ടോകളിലും പോർട്രെയ്‌റ്റുകളിലും രാജ്ഞിക്ക് കോർഗിസിന്റെ കൂട്ടുമുണ്ടായിരുന്നു. ബ്രിട്ടനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ പോലും സ്‌പെഷൽ വിഐപികളായി കോർഗികളിൽ ചിലത് രാജ്ഞിയെ അനുഗമിക്കുമായിരുന്നു.

elizabeth-queen-3
കോർഗി നായ്ക്കൾക്കൊപ്പം എലിസബത്ത് രാജ്ഞി

രാജ്ഞിയുടെ കോർഗികൾ ബ്രിട്ടനിൽ അറിയപ്പെട്ടത് റോയൽ കോർഗീസ് എന്നായിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ കോർഗികൾക്കായി കോർഗി റൂം എന്ന് വിളിപ്പേരുള്ള പ്രത്യേകം മുറി തന്നെ സജ്ജമാക്കിയിരുന്നു. കോർഗീസിനോടൊപ്പമുള്ള നടത്തവും സവാരികളുമായിരുന്നു രാജ്ഞിയുടെ ഇഷ്ടവിനോദനങ്ങളിലൊന്ന്. ഫ്രഷായ മുയലിറച്ചിയും പോത്തിറച്ചിയും അടക്കം രാജ്ഞിയുടെ റോയൽ കോർഗീസിനായി വിഭവസമൃദ്ധമായ ഭക്ഷണമെനു തന്നെ കൊട്ടാരത്തിലുണ്ടായിരുന്നു, ഒരു മുടക്കവുമില്ലാതെ ഇതെല്ലാം ഒരുക്കി നൽകാൻ കൊട്ടാരത്തിൽ പ്രത്യേകം നിയമിക്കപ്പെട്ട ഷെഫും. ആരോഗ്യപരിശോധനയ്ക്ക് കൊട്ടാരത്തിൽ തന്നെ വെറ്ററിനറി ഡോക്ടറും. ചില സമയങ്ങളിൽ രാജ്ഞിയുടെ കൈപ്പുണ്യത്തിന്റെ രുചി നുകരാനുള്ള അവസരവും കോർഗീസിനുണ്ടായി.

രാജ്ഞിയുടെ പ്രൗഢചിഹ്നങ്ങളിലൊന്നായ ഹാൻഡ് ബാഗിൽ മിക്കപ്പോഴും പട്ടിക്കുഞ്ഞുങ്ങൾക്കായുള്ള സ്നാക്സ് കൊട്ടാരം അധികൃതർ കരുതിവയ്ക്കുമായിരുന്നത്രേ. ക്രിസ്മസ് ദിനങ്ങളിൽ കളിപ്പാട്ടങ്ങളും ബിസ്ക്കറ്റ് പോലുള്ള പലഹാരങ്ങളും നിറച്ച സ്റ്റോക്കിങ്സ് അരുമ നായ്ക്കൾക്കായി എലിസബത്ത് രാജ്ഞി തന്നെ നേരിട്ട് തയാറാക്കുമായിരുന്നത്രേ. ഇങ്ങനെ അരുമകളോടുള്ള രാജകീയ സ്നേഹത്തിന്റെ കൗതുകമുള്ള ഉദാഹരണങ്ങൾ ഏറെയുണ്ട്. 

റോയൽ കോർഗീസിന് കൊട്ടാരത്തിൽ കരുതലിന് ഒരു കുറവുമുണ്ടായിരുന്നില്ല. കോർഗികളോട് നല്ല രീതിയിൽ പെരുമാറാത്തവരൊക്കെ രാജ്ഞിയുടെ അപ്രീതിയുടെയും അനിഷ്ടത്തിന്റെയും ചൂടറിഞ്ഞു. 1999ൽ എലിസബത്ത് രാജ്ഞിയുടെ രാജകീയ ഉദ്യോഗസ്ഥരിൽ ഒരാൾ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് തരംതാഴ്ത്തപ്പെട്ടതിന്റെ കാരണം  കോർഗിസിന്റെ ഭക്ഷണത്തിലും വെള്ളത്തിലും മദ്യം ഒഴിക്കാൻ നടത്തിയ ശ്രമത്തെ തുടർന്നായിരുന്നു. കോർഗികളോടുള്ള രാജ്ഞിയുടെ പ്രിയം ഡോർഗിയെന്ന സങ്കരയിനം നായജനുസ്സിന്റെ പിറവിക്കും കാരണമായി. എലിസബത്ത് രാജ്ഞിയുടെ വെൽഷ് കോർഗിസുകളിലൊന്ന് മാർഗരറ്റ് രാജകുമാരിയുടെ പിപ്കിൻ എന്ന ഡാഷ്ഹണ്ടുമായി ഇണചേർന്നാണ് ഡോർഗി ജനുസ്സിന്റെ പിറവി. പിന്നീട് രാജ്ഞിയുടെ താൽപര്യപ്രകാരം കൂടുതൽ ഡോർഗി ഇനത്തിന്റെ പ്രജനനം ആരംഭിച്ചു. സൈഡർ, ബെറി, വൾക്കൻ, ബ്രാണ്ടി, ഹാരിസ്, പൈപ്പർ, ടിങ്കർ, കാൻഡി എന്നിങ്ങനെ പല പേരുകളിൽ പല വർഷങ്ങളായി രാജ്ഞിക്കു കുറഞ്ഞത് പത്തു ഡോർഗികളെങ്കിലും ഉണ്ടായിരുന്നു,

elizabeth-queen-2
നായ്ക്കൾക്കൊപ്പം എലിസബത്ത് രാജ്ഞി

രാജ്ഞിയുടെ സഞ്ചരിക്കുന്ന കാർപെറ്റ്; ഒളിംപിക്സ് മുതൽ വാനിറ്റി ഫെയർ വരെ 

എലിസബത്ത് രാജ്ഞിയുടെ കോർഗി പെറ്റുകളെ മകൻ ചാൾസ് രാജകുമാരന്റെ ഭാര്യ ഡയാന ഒരിക്കൽ വിശേഷിപ്പിച്ചത് രാജ്ഞിയുടെ സഞ്ചരിക്കുന്ന കാർപെറ്റ് എന്നായിരുന്നു. 2002ൽ എലിസബത്ത് രാജ്ഞിയുടെ സുവർണ്ണ ജൂബിലിവർഷത്തിൽ പുറത്തിറക്കിയ 33 മില്ലിമീറ്റർ വലുപ്പമുള്ള ചെമ്പ്–നിക്കൽ കൊണ്ട് നിർമിച്ച KM# 1135 എന്ന നാണയത്തിൽ രാജ്ഞിക്കൊപ്പം കോർഗീസുമുണ്ടായിരുന്നു. 2012ലെ ലണ്ടൻ ഒളിംപിക്സ് കാലത്ത് പുറത്തിറക്കപ്പെട്ട ജയിംസ് ബോണ്ട് ഹ്രസ്വചിത്രത്തിൽ എലിസബത്ത് രാജ്ഞിക്കൊപ്പം അവരുടെ  മോണ്ടി, വില്ലോ, ഹോളി എന്നീ കോർഗികൾ മുഴുനീളെ ഇടംപിടിച്ചതും അഭിനയിച്ചതും അന്താരാഷ്ട്ര പ്രസിദ്ധി നേടിയിരുന്നു. പ്രഗത്ഭ നടൻ ഡാനിയൽ ക്രെയ്ഗ് 2012ലെ സമ്മർ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലേക്ക് രാജ്ഞിയെ കൊണ്ടുപോകാനുള്ള ദൗത്യത്തിനായി ബക്കിംഗ്ഹാം കൊട്ടാരത്തിൽ എത്തുന്നതും ഹെലികോപ്ടറിലേറി രാജ്ഞി ഒളിമ്പിക്‌സ് വേദിയിലേക്ക് രാജകീയമായി എഴുന്നള്ളതും ചിത്രികരിക്കുന്ന ജയിംസ് ബോണ്ട് ഹ്രസ്വചിത്രമായിരുന്നു അത്.  ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി എക്‌സ്‌പ്രസിലെ വരകളിലൂടെ ലോകപ്രശസ്തനായ കാർട്ടൂണിസ്റ്റ് റൊണാൾഡ് കാൾ ഗൈൽസ് 1962ന് ശേഷം രാജ്ഞിയെ വരച്ച എല്ലാ കാർട്ടൂണുകളിലും കോർഗിസിനെയും ഉൾപ്പെടുത്തിയിരുന്നു. രാജ്ഞിയുടെ റോയൽ കോർഗിസിന് ആഗോളതലത്തിൽ തന്നെ പ്രശസ്ഥിയുണ്ടായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജനപ്രിയ മാസികയായ വാനിറ്റി ഫെയർ  മാഗസിന്റെ  2016ലെ  സമ്മർ പതിപ്പിന്റെ മുഖചിത്രത്തിലും ഫീച്ചർ ലേഖനത്തിലും അവ ഇടംപിടിച്ചു. രാജ്ഞിയും കോർഗികളും തമ്മിലുള്ള ഹൃദയബന്ധത്തെ ചിത്രികരിക്കുന്ന സിനിമകൾ പുറത്തിറങ്ങി. ബെൽജിയൻ സ്റ്റുഡിയോ എൻ‌വേവ് പിക്‌ചേഴ്‌സ് 2019 ജൂലൈയിൽ യുകെയിൽ റിലീസ് ചെയ്ത ദ ക്വീൻസ് കോർഗി എന്ന ആനിമേറ്റഡ് സിനിമ രാജ്ഞിയുടെ കോർഗികളെ കുറിച്ചായിരുന്നു.

elizabeth-queen-5

കൊട്ടാരത്തിൽ കോർഗിയുണ്ട് സൂക്ഷിക്കുക

വീടിന്റെ ഗേറ്റിൽ തൂക്കിയ പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് മലയാളിക്കു സുപരിചിതമാണ്. എന്നാൽ ബക്കിംഗ്ഹാമിലെയും ബാൽമോറാൽ  കൊട്ടാരത്തിനുള്ളിലെ മുന്നറിയിപ്പ് റോയൽ കോർഗിയുണ്ട് സൂക്ഷിക്കുക എന്നായിരുന്നു. പല അവസരങ്ങളിലും കൊട്ടാരം ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമൊക്കെ കോർഗിസിന്റെ കടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. എന്നാൽ നായ്ക്കൾക്കെതിരെ പരാതി പറയാനോ നടപടികൾ വല്ലതും എടുക്കാനോ പറ്റുമോ? ഇല്ലേയില്ല. കാരണം കടിച്ചത് രാജ്ഞിയോട് ഏറ്റവും അടുപ്പവും സ്വാധീനമുള്ള റോയൽ കോർഗികളാണ്. അവയ്ക്കെതിരെ പരാതി പറഞ്ഞാൽ രാജ്ഞിയുടെ അപ്രീതിയുറപ്പ്. കൊട്ടാരം ജീവനക്കാർക്ക് മാത്രമല്ല ഇടയ്ക്ക് എലിസബത്ത് രാജ്ഞിക്കും കിട്ടിയിട്ടുണ്ട് കോർഗികളുടെ കടി. ബാൽമോറൽ കൊട്ടാരത്തിലെത്തിയ തപാൽ ജീവനക്കാരനെ കടിച്ചു പരിക്കേൽപ്പിച്ചതിനെ തുടർന്ന് കൊട്ടാരത്തിൽ നായയെ സൂക്ഷിക്കുക എന്ന ബോർഡ് സ്ഥാപിക്കാൻ കൊട്ടാരം  ജീവനക്കാരോട് ആവശ്യപ്പെട്ടത് 1968ൽ ലേബർ പാർട്ടി നേതാവായ പീറ്റർ ഡോയിഗ് ആയിരുന്നു. കൊട്ടാരത്തിൽ കോർഗികളുടെ കുരുത്തക്കേട് തുടർന്നതോടെ അവയുടെ സ്വഭാവം നന്നാക്കിയെടുക്കാനും മെരുക്കാനും 1989 ഫെബ്രുവരിയിൽ, രാജകുടുംബം ഒരു ആനിമൽ സൈക്കോളജിസ്റ്റിനെ കൊട്ടാരത്തിൽ നിയമിച്ചത്രേ. എന്നാലും കോർഗികളുടെ കുരത്തക്കേടിനു കുറവുണ്ടായിരുന്നില്ല. 1989ൽ, എലിസബത്ത് രാജ്ഞിയുടെ അമ്മയുടെ നായയായ റേഞ്ചർ രാജ്ഞിയുടെ പ്രിയപ്പെട്ട ഡോർഗിയായ ചിപ്പറിനെ ആക്രമിച്ച് കൊലപ്പെടുത്തി. 1991 മാർച്ചിൽ  കോർഗിസ് തമ്മിലുള്ള വഴക്ക് ഇടപെട്ട് തീർക്കാൻ ശ്രമിക്കുന്നതിനിടെ എലിസബത്ത് രാജ്ഞിയും കോർഗിയുടെ കടിയുടെ കടുപ്പമറിഞ്ഞു. രാജ്ഞിയുടെ ഇടതുകയ്യിൽ മൂന്നായിരുന്നത്രേ തുന്നലുകൾ. രാജ്ഞിയെ ആക്രമിച്ചാൽ ബ്രിട്ടനിലത് മാപ്പിലാത്ത കുറ്റകൃത്യമാണ്, എന്നാൽ രാജ്ഞിയുടെ റോയൽ കോർഗികളെ തൊടാൻ ആർക്കുണ്ട് ധൈര്യം!

elizabeth-queen-4

'ഐ ഡിഡിന്റ് വാണ്ട് ടു ലീവ് എനി യങ് ഡോഗ് ബിഹൈൻഡ്'

ഒരു ഉൾവിളിയെന്നോണം 2015 ജൂണിൽ തന്റെ കോർഗികളുടെ പ്രജനനം അവസാനിപ്പിക്കാൻ എലിസബത്ത് രാജ്ഞി തീരുമാനിച്ചു. കൂടുതൽ കോർഗികളെ വളർത്താൻ അവരെ സുഹൃത്തുകൾ പ്രേരിപ്പിച്ചെങ്കിലും 'I didn't want to leave any young dog behind' -  'ഇളംപ്രായത്തിലുള്ള ഒരു നായയെയും ഇവിടെ ഉപേക്ഷിച്ച്, അവയെ അനാഥമാക്കി പോവാൻ താൻ ആഗ്രഹിക്കുന്നില്ല" എന്നായിരുന്നത്രേ എലിസബത്ത് രാജ്ഞിയുടെ മറുപടി. സൂസൻ എന്ന ആദ്യ കോർഗി അരുമയുടെ വംശപരമ്പരയിലെ അവസാന നായ വില്ലോ മരണമടഞ്ഞത് 2018ൽ അർബുദത്തെ തുടർന്നായിരുന്നു. 2021 ഏപ്രിലിൽ ഫിലിപ്പ് രാജകുമാരന്റെ മരണശേഷം എലിസബത്ത് രാജ്ഞിയെ ആശ്വസിപ്പിക്കാൻ  മകൻ ആൻഡ്രൂ രാജകുമാരനും കൊച്ചുമകളായ ബിയാട്രീസും യൂജെനിയും രാജ്ഞിക്കു സമ്മാനമായി നൽകിയത് രണ്ട് കോർഗികളെയാരുന്നു.

രാജ്ഞിയുടെ അരുമകളുടെ ഭാവി എന്ത്? സന്ദേഹത്തോടെ ബ്രിട്ടനിലെ മൃഗസ്നേഹികൾ

ഏഴാം വയസ്സിൽ തുടങ്ങിയ കോർഗി നായ്ക്കളോടുള്ള അടുപ്പം തൊണ്ണൂറ്റിയാറാം വയസ്സിൽ വിടപറയുന്ന നാൾ വരെ രാജ്ഞി കാത്തുസൂക്ഷിച്ചു എന്നതാണ് ചരിത്രത്തിലെ കൗതുകം. മരണസമയത്ത് സ്കോട്ട്‌ലൻഡിലെ ബാൽമർ കൊട്ടാരത്തിൽ രാജ്ഞിക്കൊപ്പം നാല് അരുമ നായ്ക്കളുണ്ടായിരുന്നു. പെംബ്രോക്ക് വെൽഷ് ഇനത്തിൽപ്പെട്ട മിക്, സാൻഡി എന്ന് പേരുള്ള രണ്ടു കോർഗി നായ്ക്കൾ, ലിസ്സി എന്ന് പേരുള്ള ഒരു കോക്കർ സ്പാനിയൽ, ഒരു ഡോർഗി (കോർഗി-ഡാഷ്ഹണ്ട് മിശ്രിതം) ആയിരുന്നു അവ. രാജ്ഞിയുടെ ഈ നായ്ക്കളുടെ ഭാവിയാണ് ഇഗ്ലണ്ടിലെ അരുമ മൃഗസ്നേഹികൾക്കിടയിൽ ഇപ്പോൾ ചർച്ച. നവമാധ്യമങ്ങളിൾ പരതിയാൽ ഈ വിഷയത്തിൽ കൗതുകമുണ്ടാക്കുന്ന ചർച്ചകൾ നടക്കുന്നതായി കാണാം. എലിസബത്ത് ജ്ഞിയുടെ അവശേഷിക്കുന്ന രണ്ട് റോയൽ കോർഗി നായ്ക്കളെ രാജ്ഞിയുടെ മകനായ ആൻഡ്രു രാജകുമാരൻ ദത്തെടുക്കുമെന്നും അവയെ വിൻഡ്‌സർ എസ്റ്റേറ്റിലെ റോയൽ ലോഡ്ജിലുള്ള വസതിയിലേക്ക് പുനരധിവസിപ്പിക്കുമെന്നും രാജകീയ പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. ആൻഡ്രൂ രാജകുമാരനും മുൻ ഭാര്യ സാറാ ഫെർഗുസനും ചേർന്നാവും ഇനി റോയൽ കോർഗികളെ പരിപാലിക്കുക. അവശേഷിക്കുന്ന ഡോർഗി ഇനത്തിൽപ്പെട്ട കാൻഡി എന്ന് പേരുള്ള നായയുടെയും ലിസ്സി എന്ന് പേരുള്ള ഒരു കോക്കർ സ്പാനിയൽ നായയുടെയും സംരക്ഷണം ആരേറ്റടുക്കുമെന്ന് അറിയാനാണ് ബ്രിട്ടനിലെ അരുമസ്നേഹികൾ ഇപ്പോൾ കൗതുകത്തോടെ കാത്തിരിക്കുന്നത്.

കോർഗി ജനുസ്സിനെ  പറ്റി

യുണൈറ്റഡ് കിങ്ഡത്തിലെ രാജ്യമായ വെയിൽസിലെ പെംബ്രോക്‌ഷെയറിൽ ഉത്ഭവിച്ച ഒരു കന്നുകാലി മേയ്ക്കുന്ന നായ ഇനമാണ് യഥാർഥത്തിൽ കോർഗികൾ എന്ന കുള്ളൻ നായ്ക്കൾ. നായ്ക്കളുടെ ബുദ്ധികൂർമതയെ പറ്റി എഴുതപ്പെട്ട ആധികാരിക ഗ്രന്ഥമായ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ കനൈൻ സൈക്കോളജി പ്രൊഫസർ സ്റ്റാൻലി കോറന്റെ 'ദി ഇന്റലിജൻസ് ഓഫ് ഡോഗ്സ്' എന്ന ഗ്രന്ഥത്തിൽ ബുദ്ധിശക്തിയിൽ പതിനൊന്നാം സ്ഥാനത്ത് നിൽക്കുന്ന നായ ജനുസ്സായി പരിഗണിക്കുന്നത് കോർഗികളെയാണ്. പെംബ്രോക്ക് വെൽഷ് കോർഗിസ്, കാർഡിഗൻ വെൽഷ് കോർഗിസ് എന്നിങ്ങനെ വെൽഷ് കോർഗികളിൽ രണ്ടിനങ്ങളുണ്ട്. പെംബ്രോക്ക് വെൽഷ് കോർഗിസ് നമ്മുടെ സ്പിറ്റ്സ് നായ്ക്കളുടെ കുടുംബക്കാരാണ്. കാർഡിഗൻ വെൽഷ് കോർഗിസിന് ഡാഷ്‌ഹണ്ട് നായ ജനുസ്സിനോടാണ് സാമ്യം. യുകെയിലും യുഎസിലും ഏറെ ജനപ്രീതിയുള്ള നായ ജനുസ്സാണ് കോർഗികൾ. ന്യൂയോർക്ക്, ബോസ്റ്റൺ, ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയനഗരങ്ങളിൽ നടക്കുന്ന കോർഗി ഉടമകളുടെ വാർഷിക ഒത്തുകൂടലായ ‘കോർഗി മീറ്റപ്പുകൾ’ പ്രശസ്തമാണ്.

English summary: Queen Elizabeth and her Corgi Dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}