ADVERTISEMENT

കോട്ടയം ജില്ലയിലെ പാമ്പാടിയിൽ തെരുവുനായ വീട്ടിൽ കിടന്നുറങ്ങിയവരുൾപ്പെടെ 7 പേരെ കടിച്ചു. പിന്നീട് ചത്ത നായയെ പരിശോധിച്ചപ്പോൾ പേ പിടിച്ച നായയാണെന്നു തെളിഞ്ഞു. 

ഇവിടെ 7 മനുഷ്യരെ കടിച്ചതു മാത്രമേ നാം കാണുന്നുള്ളൂ. പട്ടിക്കു പേ ഇളകിക്കഴിഞ്ഞ് കൂട്ടത്തിലുള്ള അനേകം പട്ടികളെ ഈ പേപ്പട്ടി കടിച്ചിട്ടുണ്ടാകാം.‌ കടിയേറ്റ നായ്ക്കളും സ്വാഭാവികമായും ഒരു മാസത്തിനുള്ളിൽ പേവിഷബാധയുള്ളവരാകും. മറ്റു പട്ടികളെ മാത്രമായിരിക്കില്ല വളർത്തുമൃഗങ്ങളെയും ആക്രമിച്ചിട്ടുണ്ടാകാം. അടുത്തിടെ പാമ്പാടിയിൽ ഒരു പോത്ത് പേവിഷബാധയേറ്റ് ചത്തത് ഇതിനൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ്. കാരണം, പേവിഷബാധ ഒരു ചെയിൻ റിയാക്ഷൻ എന്ന പോലെ കൈമാറ്റം ചെയ്ത് കൂടുതൽ നായ്ക്കളിലേക്കും അവയിലൂടെ മറ്റു മൃഗങ്ങളിലേക്കും എത്തപ്പെടുന്നുണ്ട്. 2019ലെ സെൻസസ് പ്രകാരം കോട്ടയം പാമ്പാടി പഞ്ചായത്തിൽ 210 തെരുവു പട്ടികളാണുള്ളത്. ഇപ്പോൾ കണക്കിൽ ചെറിയ വ്യത്യാസം വന്നേക്കാം. ഈ 210 പട്ടികളിൽ ഏതിനു വേണമെങ്കിലും പേ ഇളകാം. 

പേ ഇളകാൻ കാത്തു നിൽക്കുന്ന അതീവ റിസ്ക് ഗ്രൂപ്പിൽ വരുന്ന ഈ പട്ടികളെ വന്ധ്യംകരിച്ച് തിരികെ അവിടെത്തന്നെ വിടുമെന്ന് പറയുന്നതിന്റെ സാമാന്യബുദ്ധി മനസ്സിലാകുന്നില്ല. തെരുവിലെ എല്ലാ പട്ടികളെയും ഈ മാസം 20 മുതൽ അടുത്ത മാസം 20നുള്ളിൽ പ്രതിരോധ കുത്തിവയ്പ് നടത്തി തിരികെവിടുമെന്ന് പ്രഖ്യാപിച്ച് പദ്ധതി നടപ്പിലാക്കാനായി ഇറങ്ങിത്തിരിച്ചപ്പോൾ 21 പ്രവർത്തകർക്ക് നായ്ക്കളുടെ കടിയേറ്റു. തുടർന്ന് തൽക്കാലത്തേക്ക് നിർത്തിവയ്ക്കേണ്ടിവന്നു. തെരുവിലെ അക്രമകാരികളായ നായ്ക്കൾ കടിക്കുമെന്നും ദിവസം 10,000 തെരുവുനായ്ക്കളെ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കാൻ കഴിയില്ലെന്നും ഇനിയെങ്കിലും ശീതീകരിച്ച മുറികളിലിരുന്ന് പ്രായോഗിക പരിജ്ഞാനമില്ലാതെ പദ്ധതി തയാറാക്കുന്ന ഉദ്യോഗസ്ഥർ മനസ്സിലാക്കണം. അടിയന്തിരമായി പാമ്പാടി പോലുള്ള ഹോട്ട്സ്പോട്ടുകളിലെ പേവിഷബാധ സംശയിക്കുന്ന പട്ടികളെ അവിടെനിന്നു നീക്കണം. അതുവരെ ശക്തമായ നിരീക്ഷണവും ആവശ്യമാണ്. 

2019ലെ സെന്‍സസ് പ്രകാരം കോട്ടയം ജില്ലയിൽ 9915 തെരുവ് പട്ടികളാണുള്ളത്. 2017 മുതൽ 2021 ജൂലൈ വരെ കുടുംബശ്രീ 8754 പട്ടികളേയും 2016ൽ കോട്ടയം ജില്ലാ പഞ്ചായത്ത് 2600 പട്ടികളെയും വന്ധ്യംകരിച്ചതായാണ് കണക്ക്. ഈ കണക്ക് പ്രകാരം ആകെ 9915 പട്ടികൾ സെൻസസ് പ്രകാരമുള്ളപ്പോള്‍ 11,354 പട്ടികളെ വന്ധ്യംകരിച്ചു കഴിഞ്ഞു. ഈ വന്ധ്യംകരിച്ച 11,354 പട്ടികള്‍ക്കും, പ്രതിരോധ കുത്തിവയ്പും നൽകിയതാണ്. അങ്ങനെയെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു പട്ടിയാകണം പാമ്പാടിയിൽ കടിച്ചത്. അപ്പോൾ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച പട്ടിക്ക് എങ്ങനെ പേ ഇളകി?

സെൻസസ് പ്രകാരമുള്ളതിനേക്കാൾ കൂടുതൽ നായ്ക്കൾക്ക് കോട്ടയത്ത് വന്ധ്യംകരണം നടത്തിയതായി കാണുന്നു. ഇതിനായി 1.83 കോടി കുടുംബശ്രീക്കും, കോട്ടയം ജില്ലാപഞ്ചായത്തിന് 803/16 നമ്പർ പദ്ധതി പ്രകാരം 2.31 കോടി രൂപയും 2016ൽ വകയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാമ്പാടി ഉൾപ്പെടുന്ന കോട്ടയം ജില്ല പഠനവിധേയമാക്കേണ്ടത്. 

തെരുവുനായ്ക്കള്‍ മനുഷ്യനെ കടിച്ചപ്പോൾ, വാർത്തയും ചാനൽ ചർച്ചയുമാകുന്നു. 3–4 ദിവസങ്ങൾക്കുള്ളിൽ ചർച്ച അവസാനിക്കുന്നു. അടിയന്തിര സ്വഭാവത്തിൽ ചില തീരുമാനങ്ങളെടുക്കുന്നു. ഉടൻ തന്നെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നത് മറ്റൊരു പട്ടികടി വാർത്ത വരുന്നതു വരെ ജനം തെറ്റിദ്ധരിക്കുന്നു. ഇങ്ങനെ എത്രനാൾ മുന്നോട്ട് പോകാൻ കഴിയും?

ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ളവരെ ഉൾപ്പെടുത്തി കൃത്യമായ കണക്കെടുപ്പുകളും, കർമപദ്ധതിയും തയാറാക്കി, ഇതൊരു പ്രത്യേക മേഖലയായി കണക്കാക്കി അതിനുവേണ്ട അടിസ്ഥാനസൗകര്യവും ഉദ്യോഗസ്ഥരെയും കണ്ടെത്തി, കുറ്റമറ്റ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ ഇതിനൊരു പരിഹാരമാകുകയുള്ളൂ. 

English summary: Dog bites incidents increase in Kerala, Stray dogs and Rabies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com