ഗുണ്ടകളുടെ വടിവാൾ പഠനത്തിന് നായ്ക്കൾ, കാൽ ലക്ഷം മുടക്കിയിട്ടും രക്ഷിക്കാനാവാത്ത ജീവൻ: കുറിപ്പ്

HIGHLIGHTS
  • നാടൻ നായ പലർക്കും ഒരു നികൃഷ്ടജീവിയാണ്
  • ഡൂഡുവിന്റെ ഇടതുവശം മൊത്തത്തിൽ വടിവാൾ വെട്ടുകൾ
stray-dog
ലക്ഷ്മി വീട്ടിലെ നായ്ക്കൾക്കൊപ്പം (ടാൻ നിറത്തിലുള്ള നായയാണ് ഡൂഡു)
SHARE

തെരുവുനായയും കടിയും പേവിഷബാധയുമെല്ലാം ഇന്ന് വലിയ ചർച്ചാവിഷയമാണ്. എന്നാൽ, നാടൻ നായ്ക്കളെന്ന് അറിയപ്പെടുന്ന നമ്മുടെ തദ്ദേശീയ നായ്ക്കൾ പേറുന്നത്ര അവഗണനയും ആക്രമണങ്ങളും മറ്റൊരു നായയും നേരിടുന്നുമില്ല. പേവിഷബാധയുടെ ഭീതി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് പലയിടങ്ങളിലും നായ്ക്കൾക്കെതിരേയുള്ള ക്രൂരതകൾ കൂടിയിട്ടുണ്ട്. മൃഗസ്നേഹികൾ ഒട്ടേറെ പേർ നായ്ക്കളുടെ സംരക്ഷണത്തിനായി ശ്രമിക്കുകയും ചെയ്യുന്നു. കൊച്ചിയിലെ ഗുണ്ടാസംഘങ്ങൾ മനുഷ്യനെ ആക്രമിക്കുന്നതിനു മുൻപായി പരിശീലനം നടത്തുന്നത് നായ്ക്കളിലാണെന്ന് മൃഗസ്നേഹിയായ ലക്ഷ്മി സി പിള്ള പറയുന്നു. അത്തരത്തിൽ ശരീരത്തിൽ മാരകമായി പരിക്കേറ്റ ഡൂഡു എന്ന നായയെ താൻ സംരക്ഷിക്കുന്നുവെന്നും ലക്ഷ്മി പങ്കുവച്ച കുറിപ്പിലുണ്ട്. അതുപോലെ നായ്ക്കളോട് സമൂഹത്തിനുള്ള മനോഭാവവും  കുറിപ്പിലുണ്ട്. ലക്ഷ്മി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ചുവടെ...

നാടൻ നായ പലർക്കും ഒരു നികൃഷ്ടജീവിയാണ്. നായ എന്ന ഭൂമിയിലെ ജന്തുവർഗ്ഗത്തിനോടു കാണിക്കുന്ന ക്രൂരതയോട് ഇനിയും മിണ്ടാതിരിക്കാൻ കഴിയുന്നില്ല. വിദേശ ബ്രീഡിന്റെ ജാഡപ്പേരില്ലാതെ നാടൻ നായ എന്നു വന്നാൽ പിന്നെ അതിനെ ആർക്കും വേണ്ട. സ്റ്റാറ്റസ് സിംബൽ ആകില്ല പോലും... എന്നാൽ അറിയൂ അവരാണ് എല്ലാ അർഥത്തിലും ചുണക്കുട്ടികൾ. ആയുസ്സിന്റെ കാര്യത്തിൽ, പ്രതിരോധ ശേഷിയുടെ കാര്യത്തിൽ, നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതിന്റെ കാര്യത്തിൽ...

നായ സ്നേഹി ആണെങ്കിൽ വീട്ടിലേക്കു കൊണ്ടുപോകൂ എന്നു പറയുന്നവരോട് - അതെ, തെരുവിൽനിന്ന് ഞാൻ സ്വീകരിച്ചത് സ്നേഹത്തിന്റെ നിറകുടങ്ങളെയാണ്. കൊച്ചിയിലെ ഗുണ്ടാസംഘങ്ങൾ മനുഷ്യനെ ആക്രമിക്കുന്നതിനു മുൻപായി പരിശീലനം നടത്തി ക്രൂരമായി മുറിവേൽപ്പിച്ച 'ഡൂഡു' ആണ് വീട്ടിലെ ആദ്യത്തെ മകൾ.

stray-dog-1
ശങ്കരിയും ഡൂഡുവും

ഡൂഡുവിന്റെ ഇടതുവശം മൊത്തത്തിൽ വടിവാൾ വെട്ടുകൾ. 'V' ആകൃതിയിലുള്ള ആഴമേറിയ വെട്ടുകൾ. കഴുത്തിനു വെട്ടിയത് ഉന്നം മാറി നഷ്ടപ്പെടുത്തിയത് ഒരു കണ്ണ്. വാൽ പൂർണ്ണമായും മുറിച്ചു മാറ്റിയ ഡൂഡു ഞങ്ങളുടെ സുന്ദരി മോളാണ്. അവളുടെ ഒറ്റക്കണ്ണിൽ കാണുന്നത്ര സ്നേഹവും നന്ദിയും ഞാനീ മനുഷ്യായുസ്സിൽ ഒരിടത്തുനിന്നും കണ്ടിട്ടില്ല. കൃഷ്ണമണിയില്ലാത്ത കുഴിയായിപ്പോയ ഇടത്തേ കണ്ണിൽ അടിഞ്ഞു കൂടുന്ന  പഴുപ്പും അഴുക്കും ഞങ്ങൾ എന്നും വൃത്തിയാക്കും. നന്ദിയോടെ അവൾ നിന്നു തരും.

ഒരിക്കൽ അമ്മായിയമ്മ ചോദിച്ചു, വളർത്തണമെങ്കിൽ വൃത്തിയുള്ള ഒന്നിനെ വളർത്തിക്കൂടേ? ഈ ചാവാലിയെ കിട്ടിയുള്ളോ? സ്വന്തം കുഞ്ഞിന് കണ്ണില്ലെങ്കിൽ അമ്മ കളയുമോ എന്ന് മറുചോദ്യം.

stray-dog-3

രണ്ടാമത് ദത്തെടുത്തത് ഡൂഡുവിന്റെ മകൾ എന്ന് നാട്ടുകാർ പറയുന്ന 'ശങ്കരി'യെയാണ്. ഡൂഡു വീട്ടുകാരി ആയപ്പോൾ അവളുടെ മകൾ ഒറ്റപ്പെട്ടു. ഒരുപാട് ഉപദ്രവങ്ങൾ ഏറ്റുവാങ്ങിയ 'ശങ്കരി' ഫ്രണ്ട്‌ലി അല്ലായിരുന്നു. എപ്പോഴും ഭയം മാത്രം. ഭക്ഷണം കഴിച്ച് മടങ്ങും. മതിലിനുള്ളിൽ അഭയം കൊടുത്താലും മതിൽ ചാടി പോകും. പരിചയമില്ലാത്തവർ ആ പ്രദേശത്ത് വന്നാൽ സ്കൂട്ടറിനു പിന്നാലെ ഓടും. റസിഡൻസ് അസോസിയേഷനിലെ പ്രമാണികൾ വീഡിയോ എടുത്ത് പ്രചരിപ്പിച്ച് ഞങ്ങളെ ഒറ്റപ്പെടുത്തി. 

ഒറ്റയ്ക്ക് നടന്ന ശങ്കരിയെ നാട്ടുകാർ ഉപദ്രവിച്ചു. കൂടുതൽ പേടിച്ച ശങ്കരിക്ക് ഒടുവിൽ ഒരു കൂട്ടുകാരനെ കിട്ടി. കട്ട കറുപ്പിലുള്ള ശങ്കരിയും വെളുമ്പനായ കാമുകനും മൂന്ന് നേരം ഒരുമിച്ചു വന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്ന കാഴ്ച ഞങ്ങൾക്ക് വലിയ സന്തോഷമായി.

ശങ്കരിക്ക് ഇണചേരേണ്ട സമയം (Heating time) വന്നു. നാട്ടിലെ ആൺപട്ടികൾ മൊത്തം അവളുടെ പിന്നാലെ. വെളുത്ത കാമുകനെ മറ്റുള്ളവർ ആക്രമിച്ചു. ഒപ്പം ഇണ ചേർന്ന് കിടന്ന അവന്റെ കാലുകൾ നാട്ടുകാർ തല്ലി ഓടിച്ചു. ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരാതിരിക്കുവാൻ പടക്കം എറിഞ്ഞു പേടിപ്പിച്ചു.

ഒടിഞ്ഞ കാലുകൾ, പട്ടിണി, ഭയം എല്ലാം കൂടി അവൻ തളർന്ന് വീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ 'ടിക് ഫീവർ' -  പരിശോധനകളുടെ ഫലം കണ്ട ഡോക്ടർ തീർത്തു പറഞ്ഞു - "3 ദിവസം കൂടി ആയുസ്സ്, എങ്കിലും ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ നടത്തി നോക്കാം." ഡൂഡുവിൽ നിന്ന് രക്തം നൽകി അവനെ രക്ഷിക്കുവാൻ നോക്കി - ശരീരം രക്തത്തെ സ്വീകരിക്കാതെ മൂത്രത്തിലൂടെ പുറത്തേക്ക്...

stray-dog-4

അവനെ 11 ദിവസം എന്റെയൊപ്പം കട്ടിലിൽ കിടത്തിയുറക്കി. ഭക്ഷണം വാരിക്കൊടുത്ത്, രണ്ടു നേരം ദിവസവും ആശുപത്രിയിൽ കൊണ്ട് പോയി. കാറിനുള്ളിൽ ശർദിച്ചു, മൂത്രമൊഴിച്ചു. എന്നും എടുത്തുകൊണ്ടു പോയി ചികിത്സ നടത്തി. അവന്റെ സ്ഥിതി കൂടുതൽ മോശമായി. മസ്തിഷ്ക മരണം സംഭവിക്കുന്നതിന്റെ 2-3 മിനിറ്റുകൾ മുൻപ് അവൻ തലയുയർത്തി. '2 തുള്ളി കണ്ണീർ' "എന്തിനാടാ കരയുന്നെ? എല്ലാം മാറും." പക്ഷെ അവൻ പെട്ടെന്ന് ഒരു വെപ്രാളം കാണിച്ചു. കൊച്ചി പെറ്റ് ഹോസ്പിറ്റലിലെ ഡോ. സൂരജ് പറഞ്ഞു - പോകുവാണെന്ന്. കണ്ണുകൾ തുറന്നിരുന്നു. അവൻ പോയി. പക്ഷേ ഹൃദയം മിടിച്ചുകൊണ്ടിരുന്നു. കുത്തിവയ്പ്പ് നടത്തി ഡോക്ടർ ആ ഹൃദയം നിശ്ചലമാക്കി. ഞാൻ അലറികരഞ്ഞു. എന്റെ മാസ്കും കണ്ണുനീരിൽ കുതിർന്നു. ഇന്നും നീറുന്ന ഓർമ്മയാണ് ആ വിട പറച്ചിൽ. കാൽ ലക്ഷം മുടക്കിയിട്ടും ആ മിണ്ടാപ്രാണിയെ എനിക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല. ആ ഷോക്കിൽ ഞാൻ കിടപ്പിലുമായി.

ഈ സമയം ശങ്കരിയെ നാട്ടുകാർ ഉപദ്രവിച്ചു. ശങ്കരിക്ക് വിഷം നൽകുമെന്നും ഓട്ടോയിൽ കയറ്റി ദൂരെ കൊണ്ടുപോയി കളയും എന്നും നാട്ടുകാർ പറഞ്ഞു. ഒരുപാട് കഷ്ടപ്പെട്ട് ശങ്കരിയെ വീണ്ടും മതിലിനുള്ളിലാക്കി. എങ്കിലും ശങ്കരിയെത്തേടി ഒരുപാട് പേർ മതിൽ ചാടി വന്നു. കാമുകന്മാർക്കൊപ്പം അവളും ചാടിപ്പോയി. ആകെ പ്രശ്നം. മനസ്സില്ലാ മനസ്സോടെ ശങ്കരിയെ വന്ധ്യംകരണത്തിന് വിധേയമാക്കി. വലിയ കുറ്റബോധത്തോടെ ചെയ്യുന്ന ക്രൂരതയെന്നേ ഞാൻ പറയൂ. അവളെയും ദത്തെടുക്കാൻ തീരുമാനിച്ചു. മൂന്നു വർഷത്തിനിപ്പുറം ഇപ്പോഴും കാറിനടിയിൽ ഒളിഞ്ഞു കിടക്കാനാണ് കൂടുതലും ശങ്കരിക്ക് ഇഷ്ടം. അടുത്തിടെയായി വീടിനുള്ളിലേക്ക് ഇടയ്ക്ക് വരും. ത്രോ കുഷ്യൻ എടുത്ത് പുറത്തിടും. 'ഞാൻ അകത്തു കയറി' എന്ന് ബോധ്യപ്പെടുത്താനുള്ള ശങ്കരിയുടെ കുസൃതിയായി ഞങ്ങൾ അതിനെ കണ്ടു.

ആരോ ഉപേക്ഷിച്ച കുറുമ്പിയാണ് മൂന്നാമത്തെ സുന്ദരി. കുത്തിവയ്പ്പെടുത്ത് വന്ധ്യംകരിച്ച് പട്ടിണി മാറ്റി ഗുണ്ടുമണിയാക്കി സമൂഹ മാധ്യമത്തിൽ ദത്തെടുക്കൽ പ്രോഗ്രാമിന് ഫോട്ടോ പ്രദർശിച്ചപ്പോൾ ആവശ്യക്കാർ ഏറെ. കാരണം അവൾ കറുത്ത ലാബ് - നാടൻ ക്രോസ് സുന്ദരിയായിരുന്നു.

സ്നേഹനിധിയായ കുടുംബത്തെ കണ്ടെത്തി അവളെ നൽകി. വേദനയാജനകമായ വിടപറച്ചിൽ. 48 മണിക്കൂർ പൂർണ്ണ നിരാഹാരം കിടന്ന് പുതിയ വീടിന്റെ ഗേറ്റിൽ നിന്നും പുറത്തേക്കു നോക്കി നിൽക്കുന്ന അവൾ ദത്തെടുക്കൽ കുടുംബത്തെ വല്ലാണ്ട് വേദനിപ്പിച്ചു. കുറുമ്പിയുടെ അവസ്ഥ അറിഞ്ഞ ഞാൻ ഉടൻ തന്നെ അവളെ മടക്കി കൊണ്ടുവന്നു - വീട്ടിലെ മൂന്നാമത്തെ മകൾ 

അവർക്കിവിടെ സ്വർഗ്ഗമാണ്. വീടിനുള്ളിലാണ് കിടപ്പും ഉറക്കവുമെല്ലാം. തെരുവുനായ എന്ന് അധിക്ഷേപിക്കുന്നവരോട് ഒരു വാക്ക് - ഒരു നായയെ തെരുവ് നായ ആക്കുന്നതും അരുമ നായ ആക്കുന്നതും നിങ്ങളാണ്. വീട്ടിൽ അഭയം കൊടുത്തു നോക്കൂ - വേലികൾ കെട്ടി തിരിച്ച് ഭൂമിയുടെ അവകാശികൾ എന്ന് അഹങ്കരിക്കുന്ന മനുഷ്യാ- നിങ്ങളുടെ ഇണയെയോ മക്കളെയോ മാതാപിതാക്കളെയോ ആരെങ്കിലും പിടിച്ചു കൊണ്ടുപോയി കൊല്ലുന്നത് നിങ്ങൾക്ക് സഹിക്കുമോ? എല്ലാ ജീവജാലങ്ങൾക്കും നമ്മളെപ്പോലെ വികാരങ്ങളുണ്ട്. നായ കുറുകെ ചാടി വാഹനം മറിഞ്ഞു എന്നൊക്കെയുള്ള വാർത്തകൾക്ക് വലിയ തലക്കെട്ടാണ്. എത്ര മിണ്ടാപ്രാണികളെയാണ് പെരുകുന്ന വാഹനം റോഡിൽ ഇടിച്ചു കൊല്ലുന്നത്. മനുഷ്യൻ പെരുകി, വാഹനങ്ങൾ പെരുകി 'നായ മാത്രമല്ല ഹേ പെരുകിയത്.' സ്നേഹത്തോടെ ഒരു നായയുടെ കണ്ണിലേക്കു നോക്കൂ. ആ ദീനത നിങ്ങൾ മനുഷ്യൻ ആണെങ്കിൽ കരയിക്കും. മാസങ്ങളായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ അലയുകയാണ് അവ. കല്ലേറുകൾ മാത്രം - ഭയം മാത്രമാണവയ്ക്ക്. വിഷം കലർത്തിയ ഭക്ഷണം വിളമ്പിയാലും വാലാട്ടി ആർത്തിയോടെ കഴിക്കും.

ഓട്ടോ ബ്ലോഗിങ്ങിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും പോകുന്ന ഞാൻ ഒന്നു പറയട്ടെ - എല്ലും തോലുമായ 'നായ്ക്കൾ ' 'കേരള മോഡൽ' മാത്രമാണ്. കഴിഞ്ഞ മാസങ്ങളിൽ ഗോവ, തമിഴ്നാട്, മുംബൈ, ഉദയ്പുർ ഒക്കെ സന്ദർശിച്ചപ്പോൾ അവിടുത്തെ നായ്ക്കൽ ആരോഗ്യമുള്ളവരാണ് - മാളിനു മുന്നിലും ഉദയ്പുരിലെ എയർപോർട്ടിലും ഒക്കെ നായ്ക്കൾ കൂട്ടത്തോടെ ശാന്തരായി ഉറങ്ങുന്നു. ഒരു പ്രശ്നവുമില്ല. കേരളത്തിലാണത്രേ പ്രശ്നം. പ്രശ്നം ഗുണ്ടാസംഘങ്ങളിലാണ്, കഞ്ചാവ് മാഫിയകളിലാണ്, മത തീവ്രതയിലാണ്, രാഷ്ട്രീയക്കാരിലാണ്.

എന്തും വാരി വിതറുന്ന സമൂഹ മാധ്യമങ്ങളിൽ പ്രശ്നം രൂക്ഷമയതോടെ കൂടുതൽ ഊർജ്ജിതമായി  ഞാൻ ഇവയ്ക്ക് ഭക്ഷണം വിളമ്പും. ഏതു യാത്രയിലും വാഹനം ഒരുപാട് തവണ നിർത്തി വഴിയിൽ കാണുന്നവർക്കൊക്കെ ഞാൻ വെള്ളവും ഭക്ഷണവും നൽകും. ഇന്ന് ഞാൻ സന്തോഷിക്കുന്ന ഏറ്റവും വലിയ പ്രവൃത്തി അത് മാത്രം. Peace of mindന് ഏറ്റവും ഉചിതം.

ശാസ്ത്രീയമായി മികച്ച പരിചരണം നൽകി വേണം വന്ധ്യംകരിക്കാൻ. പേവിഷ പ്രതിരോധ കുത്തിവയ്പ്പും നൽകണം. മാസങ്ങളായി ഭക്ഷണമില്ലാതെ ജീവിക്കുന്ന കമ്മ്യൂണിറ്റി നായ്ക്കളെ പിടിച്ചു കൊണ്ടുപോയി വന്ധ്യം കരിച്ചു തെരുവിൽ തള്ളുന്നതല്ല മനുഷ്യത്വം. തയ്യലുകൾ പഴുത്ത് കുടൽ പുറത്തുചാടി രണ്ട് വർഷം മുൻപ് തൃപ്പുണിത്തുറയിൽ ഇല്ലാതായത് എത്രയോ പാവം ജീവികൾ. വന്ധ്യംകരണം എന്ന പ്രവൃത്തിയുടെ മറ്റൊരു തലം കൂടി. നാടൻ നായ്ക്കളുടെ തലമുറയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമം അല്ലേ ഇത്. കോടികളുടെ വെട്ടിപ്പ്, ഒപ്പം ബ്രീഡർമാരെ പ്രോത്സാഹിപ്പിക്കലും. വരും വർഷങ്ങളിൽ നമ്മുടെ നാടൻ പട്ടികുട്ടിക്ക് എവിടെ പോകും?

ദത്തെടുക്കൽ മേളയിലെല്ലാം നാടൻ കുഞ്ഞുങ്ങൾക്ക് വലിയ ഡിമാന്റാണ്. കിട്ടാനില്ലത്രേ.  കൊച്ചിയിൽ ഒരുപാട് പേർ ഭക്ഷണം കൊടുക്കാനും രക്ഷിക്കാനും മുന്നിട്ടിറങ്ങുന്നുണ്ട്. NGOകളും വിദ്യാർഥികളും ഉഷാർ. അഭിമാനത്തോടെ പറയുന്നു. ഒറ്റയ്ക്കും സന്നദ്ധ സംഘടനകൾക്കൊപ്പവും രക്ഷിച്ച് ദത്ത് നൽകിയത് 150ൽപ്പരം നായ്ക്കുഞ്ഞുങ്ങളെ.

ആറു വർഷമായി ഞാൻ ഭക്ഷണം നൽകാൻ പോയി, നായ്ക്കുട്ടികളെ രക്ഷിക്കാൻ പോയി, മുറിവേറ്റതിനെ, ഉപേക്ഷിച്ചതിനെ ആശുപത്രിയിൽ എത്തിക്കാനും പോയി. ഒരു നായയും എന്നെ കടിച്ചില്ല. കുരച്ചതു മൊത്തം മനുഷ്യർ മാത്രം.

stray-dog-2
വീട്ടിലെ പൂച്ചകൾ

തെരുവിലെ മക്കൾ 7 പേർ ഈ വീട്ടിലുണ്ട്. 4 പൂച്ചകൾ ഉൾപ്പെടെ. മൃഗങ്ങൾ കാരണം പൊലീസ് സ്റ്റേഷൻ സന്ദർശനവും തുടർക്കഥ. വളർത്തു പൂച്ചകൾക്ക് എയർഗൺ വെടിവയ്പ്പ് എന്ന ക്രൂരതയ്ക്കും ഞാൻ സാക്ഷിയായി. എന്റെ വളർത്തു പൂച്ചകൾക്ക് നാട്ടുകാരുടെ എയർഗൺ വെടിവയ്പ്പ് എന്ന ക്രൂരത. വെടിയേറ്റ 3 പേരെ രക്ഷിച്ചു. 2 പേക്ക് ജീവൻ നഷ്ടപ്പെട്ടു. അഞ്ചാറു വർഷത്തെ മൃഗസ്നേഹത്തിന്റെ ബാക്കി പത്രം ഇത്രയുമാണ്. എന്റെ പ്രദേശത്തെ ഒറ്റ മനുഷ്യമൃഗത്തോടും ഞാൻ സംസാരിക്കാതെയായി. എന്റെ അരുമകൾ എനിക്ക് അത്രയധികം സ്നേഹം നൽകുന്നു. അവരുടെ ഭാഷ എനിക്കറിയാം. എന്റെ ഭാഷ അവർക്കും. പൂർണ്ണമായും സസ്യാഹാരം ശീലിച്ച ശേഷം, മൃഗങ്ങളോട് കൂടുതൽ അടുത്ത ശേഷം മാത്രമാണ് മൃഗമായ ഞാനൊരു മനുഷ്യനായത്.

English summary: Stray Dogs, too, have the right to live without pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}