ADVERTISEMENT

ഏതാനും നാളുകളായി കേരളം മൃഗങ്ങളെ ഭയന്നാണ് ജീവിക്കുന്നത്. മലയോര മേഖല വന്യജീവികളെ ഭയപ്പെട്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടാണ് മറ്റു പ്രദേശങ്ങളിലുള്ളവർ ജീവിക്കുക. കാരണം, തെരുവ് കീഴടക്കി നായ്ക്കൾ വിലസുന്നു. ദിനംപ്രതി പട്ടികടിയുടെയും വന്യജീവി ആക്രമണങ്ങളുടെയും വാർത്തകളും പുറത്തുവരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരള ജനതയെ അപ്പാടെ ഭീതിയിലാഴ്ത്തിയ തെരുവുനായാക്രമണത്തിന് അൽപം ശമനം വന്നിട്ടുണ്ട്. എന്നാൽ, അതിൽ ആശ്വസിക്കാൻ വരട്ടെ... അപകടകരമാംവിധം കേരളത്തിൽ പേവിഷബാധ വ്യാപിച്ചിട്ടുണ്ടെന്നുവേണം കരുതാൻ. കാരണം, 2022 തുടങ്ങി ഒൻപതു മാസം പൂർത്തിയാകുമ്പോൾ ഇതുവരെ പേവിഷബാധയേറ്റു മരിച്ചത് 21 പേരാണ്. അതുകൊണ്ടുതന്നെയാണ് തെരുവുനായ്ക്കളും പേവിഷബാധയും സമീപകാലത്ത് വലിയ ചർച്ചാവിഷയം ആയത്. ഒറ്റപ്പെട്ട സംഭവമെന്ന് പലരും പറയുമ്പോഴും ഈ ജീവനുകൾ നഷ്ടപ്പെട്ടവരുടെ ഉറ്റവരുടെ വിഷമസ്ഥിതി  അവർക്കു മാത്രമല്ലേ അറിയൂ... അതുകൊണ്ടുതന്നെ മനുഷ്യജീവന് മൃഗങ്ങളേക്കാൾ വില നൽകുകതന്നെ വേണം.

ആഗോളതലത്തിൽ പ്രതിവർഷം ശരാശരി 60,000 പേവിഷബാധ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിന്റെ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നതുതന്നെ ചിന്തിക്കേണ്ട വിഷയമാണ്. കേരളത്തിൽ വർഷങ്ങളായി തെരുവുനായാക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഈ വർഷമാണ് കൂടുതൽ ചർച്ചയായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കടികളുടെ എണ്ണം ഈ വർഷം കൂടുതലാണ്. അതുപോലെതന്നെ പേവിഷബാധയുടെ എണ്ണത്തിലും വർധനയുണ്ട്. 21 മനുഷ്യരുടെ ജീവൻ പൊലിഞ്ഞതു കൂടാതെ ഒട്ടേറെ വളർത്തുമൃഗങ്ങളും പേവിഷബാധയേറ്റ് ചത്തു.

ഇനി ആര്?

പലപ്പോഴും നമ്മുടെ നിസ്സംഗതയാണ് അപകടങ്ങൾ വരുത്തിവയ്ക്കുക. തെരുവുനായ ആക്രമിച്ചതിനെത്തുടർന്ന് പേവിഷബാധയേറ്റുള്ള മരണങ്ങളാണ് കൂടുതലെങ്കിലും വളർത്തുനായയുടെ കടിയിൽനിന്നും പേവിഷബാധയേറ്റ് മരിച്ചവരുമുണ്ട്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിയ സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പിൽനിന്ന് മുഖം തിരിച്ച എത്രയോ പേരുണ്ട്! സ്വന്തം വീട്ടിലെ നായയ്ക്ക് പേവിഷബാധ ഉണ്ടാവില്ലെന്ന ചിന്താഗതിയാണ് പലരെയും പ്രതിരോധ കുത്തിവയ്പ്പിൽനിന്ന് പിന്തിരിപ്പിക്കുന്നത്. വീട്ടിൽ വളർത്തുന്നു എന്നതുകൊണ്ട് രോഗം പിടിപെടാതിരിക്കാനുള്ള ഒരു കാരണമല്ല.

മൂന്നു മാസം പ്രായത്തിലും പിന്നീട് വർഷാവർഷവും പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നായ്ക്കൾക്ക് നൽകാൽ ഉടമകൾ ശ്രദ്ധിക്കണം. അത് അവയുടെ മാത്രം സുരക്ഷയെ കരുതിയല്ല, ഉടമകളുടെയും നായയുമായി ബന്ധപ്പെട്ടുള്ളവരുടെയും സുരക്ഷയേക്കൂടി മുൻനിർത്തിയാണ്. അതുപോലെ വീട്ടിലെ നായയോ നാട്ടിലെ നായയോ കടിച്ചാലും കൃത്യമായ ചികിത്സ തേടാനും ഉപേക്ഷ അരുത്.

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഈ വർഷം പൊലിഞ്ഞ ജീവനുകളിൽ ഏഴു പേർ പൂർണമായോ ഭാഗികമായോ പോസ്റ്റ് എക്സ്പോഷർ വാക്സീൻ എടുത്തിരുന്നവരാണ്. വാക്സീൻ എടുത്തിട്ടും രോഗം പിടിപെട്ടു എന്നത് പഠനവിധേയമാക്കേണ്ട  വിഷയമാണ്. 21 പേരിൽ 5 പേർ 20 വയസിനു താഴെയുള്ളവരും പത്തിലധികംപേർ 50 വയസിനു മുകളിലുള്ളവരുമാണ്. തൃശൂരിലെ ആകർഷും പാലക്കാട്ടെ ശ്രീലക്ഷ്മിയും പോരുവഴിയിലെ ഫൈസലും റാന്നിയിലെ അഭിരാമിയുമൊക്കെ ഇനിയും നമുക്കിടയിൽ ജീവിക്കേണ്ടവരായിരുന്നു. 

അരുമപരിപാലത്തിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഇന്ന് കൂടുതലാണ്. മറ്റുള്ളവരുടെ അരുമകളെ കണ്ട് അതുപോലൊന്ന് സ്വന്തമാക്കാനും അവയെപ്പോലെ തന്റെ അരുമയും പെരുമാറണമെന്ന് ചിന്തിക്കുന്നവരും ഏറെ. മാത്രമല്ല, കൂടെ കിടത്തുന്നതും മക്കൾക്കൊപ്പം ഭക്ഷണം വാരിക്കൊടുക്കുന്നതുമൊക്കെ ഇന്ന് സർവസാധാരണമായിരിക്കുന്നു. പലപ്പോഴും ഇവ കണ്ട് അനുകരിക്കാൻ ശ്രമിക്കുന്നവരും ഏറെ. എന്നാൽ, ഇവയൊന്നും ശരിയായ പ്രവണതയല്ല. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുന്നതിനായി ഇത്തരം ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കപ്പെടുമ്പോൾ പലരിലേക്ക് തെറ്റായ സന്ദേശവും എത്താം. കൃത്യമായ രീതിയിൽ പ്രതിരോധ വാക്സീൻ നൽകാത്ത നായ്ക്കളോടൊപ്പം അനുകരണത്തിന് ശ്രമിച്ചാൽ അതൊരുപക്ഷേ അപകടത്തിലേക്ക് എത്തിച്ചേക്കാം. അവയെ കൊഞ്ചിക്കാം ലാളിക്കാം. എന്നാൽ, അവയിലൂടെ ജന്തുജന്യ രോഗങ്ങൾ നമ്മിലേക്ക് എത്താതിരിക്കാനും ശ്രദ്ധിക്കണം. 

ഇണചേരൽ കാലം

നായ്ക്കളുടെ ഇണചേരൽ കാലമാണ്. അതുകൊണ്ടുതന്നെ പെൺനായ്ക്കളെ അന്വേഷിച്ച് ദൂരെ സ്ഥലങ്ങളിൽനിന്നുവരെ ആൺനായ്ക്കൾ എത്തും. ഈ സാഹചര്യത്തിൽ സ്വാഭാവികമായി പരസ്പരമുള്ള ബലപരീക്ഷണ ആക്രമണങ്ങൾ പതിവാണ്. അതിന്റെ ബാക്കിയെന്നോണം മനുഷ്യരിലേക്കും ആക്രമണം നീളാം. എന്നാൽ, ഈ വർഷം സ്തിതി അൽപം വ്യത്യസ്തമാണ്. നായ് കടികൾക്കൊപ്പം പേവിഷബാധയുടെ എണ്ണത്തിലും വർധനയുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വിദഗ്ധ പഠനം ആവശ്യമാണ്. പേവിഷബാധയുള്ള നായ്ക്കൾ കണ്ണിൽ കാണുന്നതെന്തും കടിക്കുമെന്നുണ്ടെങ്കിലും വീടിനുള്ളിൽ വരെ കയറി ആക്രമണം നടത്തി എന്നുള്ളത് ഭിതിയുളവാക്കുന്ന സംഭവമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പേവിഷബാധ നായ്ക്കളിൽ കൂടുതൽ വ്യാപകമായിരിക്കുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടുതന്നെ ഫലപ്രദമായ പരിഹാര മാർഗങ്ങൾ ഉണ്ടാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com