അറുതിയില്ലാതെ തുടരുന്ന പേവിഷമരണങ്ങളിൽ പകച്ചിരിക്കുകയാണ് ഇന്നു കേരളം. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റിട്ടും വൈറസിനെതിരെ അതിവേഗം പ്രതിരോധം ഉറപ്പാക്കുന്ന ഇമ്മ്യൂണോഗ്ലോബിലിനും തുടർന്ന് ആന്റിറാബീസ് വാക്സീനും കൃത്യസമയത്ത് എടുക്കുന്നതിൽ വരുന്ന വീഴ്ചയയും അശ്രദ്ധയുമാണ് പേവിഷ മരണങ്ങളിലേക്കു നയിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ 111 പേർ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരണമടഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും ചെറുപ്പക്കാരുമായിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ 21 പേരാണ് പേവിഷബാധ മൂലം കേരളത്തിൽ മരണമടഞ്ഞത്. ഈ 21 പേരിൽ 15 പേർ ഒരു ഡോസ് വാക്സീൻ പോലും സ്വീകരിക്കാത്തവരാണ് എന്നതാണ് വസ്തുത. മുറിവേറ്റാൽ ഉടൻ ചെയ്യേണ്ട പ്രഥമശുശ്രൂഷയിൽ വരുന്ന അലംഭാവവും ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പും വാക്സീനും സ്വീകരിക്കുന്നതിൽ വരുന്ന കാലതാമസവും വൈറസിന് ശരീരത്തിൽ പ്രവർത്തിക്കാൻ അനുകൂല വഴിയൊരുക്കുന്നു. പേവിഷബാധ വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ തീർച്ചയായും ഓർമയിൽ സൂക്ഷിക്കേണ്ട പേവിഷപ്രതിരോധത്തിന്റെ വഴികൾ ഇതാ.
എല്ലാത്തിനും അതിന്റെതായ സമയമുണ്ട്; കടിയേറ്റ ആദ്യമിനിറ്റുകളിൽ വേണ്ടത്
മൃഗങ്ങളിൽ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുമ്പോൾ ആദ്യമിനിറ്റുകളിൽ ചെയ്യേണ്ടത് മുറിവേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. പെപ്പിൽ നിന്നും വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് 10–15 മിനിറ്റെങ്കിലും സമയമെടുത്ത് കഴുകണം. മുറിവ് വൃത്തിയാക്കാൻ വേണ്ടിയല്ല, മറിച്ച് മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മവൈറസുകളെ നിർവീര്യമാക്കാൻ വേണ്ടിയാണ് ഇങ്ങനെ കഴുകുന്നത്. റാബീസ് വൈറസിന്റെ പുറത്തുള്ള കൊഴുപ്പ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് കളഞ്ഞ് മുറിവിൽ നിക്ഷേപിക്കപ്പെട്ട 90 - 95 ശതമാനത്തോളം വൈറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്. ഈ രീതിയിൽ യഥാസമയത്ത് ചെയ്യേണ്ട പ്രഥമശുശ്രൂഷയുടെ അഭാവമാവാം ഒരുപക്ഷേ പേവിഷ പ്രതിരോധ വാക്സീൻ സ്വീകരിച്ച ചിലരിൽ രോഗബാധയുണ്ടാകാൻ ഇടയാക്കിയത്.
പലപ്പോഴും തല, കൺപോള, ചെവി പോലുള്ള ഭാഗങ്ങളിൽ കടിയേറ്റാൽ പലരും പേടികാരണം കൃത്യമായി കഴുകാറില്ല, ഇത് അപകടം വിളിച്ചു വരുത്തും. പേവിഷ വൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്ക്കത്തോട് അടുത്തുകിടക്കുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളിൽ കടിയേറ്റാൽ 5 മിനിറ്റിനകം തന്നെ പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണം. കഴുകുമ്പോൾ വെറും കൈ കൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കണം, പകരം കൈയ്യുറ ഉപയോഗിക്കാം. മുറിവ് എത്ര ചെറുതാണെങ്കിലും ഈ രീതിയിൽ പ്രഥമ ശുശ്രൂഷ ചെയ്യാതിരിക്കരുത്. കഴുകിയതിന് ശേഷം മുറിവിൽ സ്പിരിറ്റോ അയഡിൻ അടങ്ങിയ ആന്റി സെപ്റ്റിക് ലേപനങ്ങളോ പുരട്ടാം. കടിയേറ്റ മുറിവുകളിൽ തണുപ്പോ ചൂടോ ഏൽപ്പിക്കുക, മണ്ണോ ഉപ്പോ മഞ്ഞളോ മറ്റോ പുരട്ടുക തുടങ്ങിയവയെല്ലാം തീർച്ചയായും ഒഴിവാക്കണം. ഇതെല്ലാം മുറിവുകളിൽ പേശികളോടെ ചേർന്നുള്ള നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുകയും റാബീസ് വൈറസിന് പേശികളിലെ നാഡീതന്തുക്കളിലേക്കു കടന്നുകയറാനുള്ള വഴിയും വേഗവും എളുപ്പമാക്കുകയും ചെയ്യും.
ആദ്യം ഇമ്മ്യൂണോഗ്ലോബുലിൻ പിന്നെ വാക്സീൻ; കടിയേറ്റ ആദ്യമണിക്കൂറുകളിൽ വേണ്ടത്
പ്രഥമശുശ്രൂഷ കഴിഞ്ഞാലുടൻ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടണം. മുറിവോ മറ്റു പോറലുകളോ ഇല്ലെങ്കിൽ പേവിഷ പ്രതിരോധത്തിനായുള്ള വാക്സിൻ (ഐഡിആർവി) എടുക്കേണ്ടതില്ല.
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയുണ്ടെങ്കിൽ വാക്സീൻ എടുക്കണം.
0, 3, 7, 28 ദിവസങ്ങളിൽ 4 ഡോസ് വാക്സീനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്സിനാണ് '0' ഡോസ് ആയി പരിഗണിക്കുന്നത്. ഒന്നോ രണ്ടോ വാക്സിനെടുത്ത് നിർത്താൻ പാടില്ല, മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം. വാക്സീൻ എടുക്കുന്നതിലൂടെ ശരീരത്തിൽ പേവിഷവൈറസിനെ പ്രതിരോധിക്കാൻ കഴിവുള്ള ആന്റിബോഡികൾ എന്ന മാംസ്യമാത്രകൾ രൂപപ്പെടും. മൃഗങ്ങളിൽ നിന്നുണ്ടാവുന്ന രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളിൽ നിന്നേൽക്കുന്ന മുറിവ് എന്നിവ കൂടിയ പേവിഷ സാധ്യതയുള്ള കാറ്റഗറി 3ൽ ഉൾപ്പെടുന്നു. ഉടനടി പ്രതിരോധം ഉറപ്പാക്കുന്ന ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിനും (ആന്റി റാബീസ് സിറം) ആദ്യവും തുടർന്ന് ആന്റിറാബീസ് വാക്സീനും ഇത്തരം കേസുകളിൽ നിർബന്ധമായും എടുക്കണം. വൈറസിനെ വേഗത്തിൽ നേരിട്ട് പ്രതിരോധിക്കാനുള്ള കഴിവ് പേവിഷ പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ഇമ്മ്യൂണോഗ്ലോബുലിനുണ്ട്. ആന്റിറാബീസ് വാക്‌സിൻ ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടായിവരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവിൽ ഇമ്മ്യുണോഗ്ലോബലിൻ വൈറസിൽ നിന്നും സുരക്ഷ ഉറപ്പാക്കും. മുറിവേറ്റ് ഏറ്റവും ഉടനെ ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ സ്വീകരിക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. മുഖം, കഴുത്ത്, കൺപോള, ചെവി, കാൽവെളള, വിരലിന്റെ അറ്റം, ജനനേന്ദ്രിയം പോലുളള നാഡീതന്തുക്കൾ കൂടുതലുള്ള സ്ഥലങ്ങളിലാണ് കടിയേറ്റതെങ്കിൽ വൈറസ് വേഗത്തിൽ മസ്തിഷ്കത്തിലെത്തും. ഇത് തടയാൻ പരമാവധി ഒരു മണിക്കൂറിനകം തന്നെ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്. മുറിവിന് ചുറ്റും നൽകുന്നതിനൊപ്പം മാംസപേശിയിൽ ആഴത്തിലും ഇമ്മ്യൂണോഗ്ലോബുലിൻ നൽകാറുണ്ട്.

സമയബന്ധിതമായി വാക്സീൻ എടുക്കാൻ വിട്ടുപോയെങ്കിൽ
മൃഗത്തിന്റ മാന്ത്/ കടി ഏറ്റ ശേഷം ഏറ്റവും കുറഞ്ഞ സമയത്തിനകം ഇമ്യൂണോഗ്ലോബുലിനും ആദ്യ ഡോസ് വാക്സീനും എടുക്കുക എന്നതാണ് പരമപ്രധാനം. എന്നാൽ മൃഗങ്ങളിൽനിന്ന് കടി/ മാന്ത് ഏറ്റ് ഏതെങ്കിലും കാരണവശാൽ സമയബന്ധിതമായി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വിട്ടുപോയിട്ടുണ്ടങ്കിൽ പിന്നീടാണെങ്കിലും വാക്സീൻ എടുക്കുന്നതിൽ ജാഗ്രത പുലർത്തണം. വൈറസ് മസ്തിഷ്കത്തിലെത്തി ലക്ഷണങ്ങൾ പ്രകടമാകും മുൻപെടുക്കുന്ന വാക്സീന് ജീവന്റെ വിലയുണ്ട്. എപ്പോഴാണോ ആദ്യ കുത്തിവയ്പ് എടുക്കുന്നത് അത് '0' ദിവസത്തെ ഡോസ് ആയി പരിഗണിക്കും.
റാബീസ് ഹൈ റിസ്ക്ക് ഗ്രൂപ്പിലാണോ? എടുക്കാം മുൻകൂർ കുത്തിവയ്പ്
പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി ഇടപഴുകുന്നവർ വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവർ റാബീസ് വൈറസുമായി നിരന്തരം സമ്പർക്കം ഉണ്ടാകാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിൽപ്പെടുന്നവർ മുൻകൂറായി 0, 7, 21/ 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധകുത്തിവയ്പ്പ് (Pre exposure Prophylaxis) എടുക്കുന്നതും വർഷാവർഷം രക്തപരിശോധന നടത്തി സിറത്തിൽ ആന്റിബോഡിയുടെ അളവ് നിർണയിച്ച ശേഷം ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതും ഉചിതമാണ്. മുൻകൂറായി 0, 7 , 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി 0, 3 ദിവസങ്ങളിൽ രണ്ട് ഡോസ് കുത്തിവയ്പ്പ് ഒരു വശത്തു മാത്രം എടുത്താൽ മതി. ഇവർ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല.

വാക്സീൻ എടുത്ത വളർത്തുനായ കടിച്ചാൽ
വീട്ടിൽ വളർത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണ്ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും വാക്സീനേഷന്‍ എടുക്കണം. എന്റെ പൂച്ചയോ നായയോ വീട് വിട്ട് മറ്റൊരിടത്തും പോവാറില്ല, മറ്റ് മൃഗങ്ങളുമായി യാതൊരു സമ്പർക്കവും ഉണ്ടാവാറില്ല എന്നൊക്കെയുള്ള ന്യായവാദങ്ങൾ വെറുതെയാണ്. സമ്പർക്കം എന്നത് ഇണചേരൽ, കടിപിടി കൂടൽ, മാന്തൽ, കടിയേൽക്കൽ, ശരീരത്തിലോ മുറിവിലോ നക്കൽ ഇങ്ങനെ പല വിധത്തിൽ ആകാം. ഈ രീതിയിൽ അരുമകൾക്ക് പേവിഷബാധ ഉള്ള മൃഗങ്ങളുമായി ഒരു സമ്പർക്കവും ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ച് പറയൽ പ്രയാസകരമാണ്.
പ്രതിരോധ കുത്തിവയ്പുകള്‍ എടുത്ത മൃഗങ്ങള്‍ ആണെങ്കില്‍ തന്നെയും ഇവ പൂര്‍ണ്ണമായും പേവിഷബാധയ്ക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. വാക്സീന്റെ ഗുണനിലവാരം, നൽകിയ രീതി, മൃഗത്തിന്റെ ആരോഗ്യം, പ്രായം എന്നിവയെല്ലാം പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വാക്സീൻ എടുക്കുന്നതിനൊപ്പം കടിച്ച നായയേയോ, പൂച്ചയേയോ പത്ത് ദിവസം നിരീക്ഷിക്കുകയും വേണം. പത്തു ദിവസത്തെ നിരീക്ഷണം എന്നത് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മാത്രം ബാധകമായ സമയപരിധിയാണ് എന്നത് പ്രത്യേകം ഓർക്കുക. നായ്ക്കളും പൂച്ചകളും പേവിഷ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുന്നതിന് 4 - 5 ദിവസം മുൻപ് മുതൽ തന്നെ അവയുടെ ഉമിനീരിൽ വൈറസ് സാന്നിധ്യം ഉണ്ടാവും. ലക്ഷണം കാണിച്ച് തുടങ്ങിയാൽ 4- 5 ദിവസത്തിനകം അവയിൽ മരണവും സംഭവിക്കും. പത്തു ദിവസത്തെ നിരീക്ഷണം എന്നതിന് പിന്നിലെ ശാസ്ത്രം ഇതാണ്. പത്ത് ദിവസം നിരീക്ഷിച്ചിട്ടും നായക്കോ, പൂച്ചക്കോ മരണം സംഭവിച്ചിട്ടില്ലെങ്കില്‍ അവ പേവിഷബാധ ഏറ്റവയല്ലെന്ന് ഉറപ്പിക്കാം. വാക്സിന്‍ എടുത്തവരെ പേവിഷബാധയ്ക്കെതിരെ മുന്‍കൂര്‍ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചവരായി പിന്നീട് പരിഗണിക്കുന്നതായിരിക്കും. കടിച്ച നായയെയോ പൂച്ചയേയോ പത്തു ദിവസം നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്‌സീൻ എടുക്കാം എന്ന തീരുമാനവും വാക്സീൻ സ്വീകരിക്കുന്നതിൽ പുലർത്തുന്ന ആലസ്യവും അത്യന്തം അപകടകരമാണ്.
കടി കുഞ്ഞിന്റേതാണെങ്കിലും വേണം പ്രതിരോധ കുത്തിവയ്പ്പ്
മൂന്ന് മാസത്തില്‍ ചുവടെ പ്രായമുള്ള നായക്കുഞ്ഞോ പൂച്ചക്കുഞ്ഞോ മാന്തിയാലോ, കടിച്ചാലോ വാക്സീന്‍ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. അതൊരു പാവം പട്ടിക്കുഞ്ഞല്ലേ, അതൊരു കുഞ്ഞ് പൂച്ചയല്ലേ എന്നൊക്കെ പറഞ്ഞ് കടിയും മാന്തുമെല്ലാം പ്രതിരോധ കുത്തിവയ്പെടുക്കാതെ അവഗണിക്കുന്നവർ ഏറെയുണ്ട്. എന്നാൽ അറിയേണ്ടത് ലിംഗ പ്രായഭേദമെന്യേ ഉഷ്ണരക്തമുള്ള ഏതൊരു സസ്തനിജീവിയും റാബീസ് വൈറസിന്റെ വാഹകരാവാം എന്ന വസ്തുതയാണ്. അരുമകളായി വളർത്തുന്ന മൂന്ന് മാസത്തിൽ താഴെയുള്ള പട്ടിക്കുഞ്ഞുങ്ങളിൽ പേവിഷബാധ സ്ഥിരീകരിച്ച അനേകം സംഭവങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അതിനാല്‍ അരുമകൾ കുഞ്ഞാണെങ്കിലും കടിയോ മാന്തോ കിട്ടിയാല്‍ പ്രതിരോധകുത്തിവെയ്പ് എടുക്കുന്നതില്‍ ഒരു വീഴ്ചയും വിമുഖതയും അരുത്.

അരുമകൾക്ക് വാക്സിനെടുക്കാൻ വിമുഖത വേണ്ട
നമ്മുടെ അരുമകളായ പൂച്ചകളെയും നായ്ക്കളെയും കൃത്യമായ പ്രായത്തിൽ പേവിഷബാധ പ്രതിരോധ വാക്സീൻ നൽകി റാബീസ് വൈറസിൽ നിന്ന് സുരക്ഷിതമാക്കാൻ മറക്കരുത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ പേവിഷബാധയേറ്റ് മരിച്ച 21 പേരിൽ ആറുപേർക്കും രോഗബാധയേറ്റത് വളർത്തുനായ്ക്കളിൽ നിന്നായിരുന്നു. ഈയൊരു സാഹചര്യത്തിൽ വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും പ്രതിരോധ വാക്സീനേഷന് വലിയ പ്രാധാന്യമുണ്ട്. പേവിഷബാധ പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമായി എടുത്ത തള്ളമൃഗത്തിൽ നിന്നും കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന ആന്റിബോഡികള്‍ ആദ്യ മൂന്ന് മാസം എത്തുന്നത് വരെ കുഞ്ഞുങ്ങളെ രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കും. വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്ന് മാസം (12 ആഴ്ച / 90-100 ദിവസം) പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം ( 16 ആഴ്ച) ബൂസ്റ്റര്‍ കുത്തിവെയ്പ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെയ്പ്പ് ആവര്‍ത്തിക്കണം. പൂർണ്ണസമയം വീട്ടിനകത്ത് തന്നെയിട്ട് വളർത്തുന്ന അരുമകൾക്ക് വാക്സീനേഷൻ വേണോ എന്ന് ചിന്തിക്കുന്നവരുണ്ട്. അരുമകൾ അകത്തായാലും പുറത്തായാലും വാക്സീൻ എടുക്കുന്നതിൽ വിമുഖത അരുത്. വാക്സിൻ നൽകിയ രേഖകൾ കൃത്യമായി സൂക്ഷിക്കണം. പൂര്‍ണ്ണ ആരോഗ്യമുള്ളപ്പോള്‍ മാത്രമേ അരുമകൾക്ക് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കാന്‍ പാടുള്ളൂ. കുത്തിവയ്പ്പിന് ഒരാഴ്ച മുന്‍പ് ആന്തര പരാദങ്ങള്‍ക്കെതിരായി മരുന്നുകള്‍ നല്‍കാന്‍ വിട്ടുപോവരുത്. പ്രതിരോധ കുത്തിവയ്പ് നല്‍കി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍ പ്രതിരോധശേഷി രൂപപ്പെടും. വാക്സീൻ എടുത്തതിന് ശേഷം വെറ്ററിനറി ഡോക്ടർ നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങി സൂക്ഷിക്കണം. നായകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നേടാൻ ഇതാവശ്യമാണ്.
മൃഗങ്ങളുടെ പേവിഷവാക്സീന് പുറത്ത് നല്ല വിലയുണ്ട്. ഈ സാഹചര്യത്തിൽ പേവിഷ വാക്സീനായി സർക്കാർ മൃഗാശുപത്രികൾ വഴിയുള്ള സൗജന്യം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.
കരുതൽ വേണം കമ്മ്യൂണിറ്റി ഡോഗ്‌സിനും
വീട്ടിൽ വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൂടാതെ ചിലപ്രദേശങ്ങളിൽ ഹൗസിങ് കോളനികളോട് ചേർന്നും വ്യാപാരകേന്ദ്രങ്ങളോട് ചേർന്നും വാഹന സ്റ്റാന്റുകളോടെ ചേർന്നുമെല്ലാം ഒരുപാട് ആളുകൾ കൂട്ടത്തോടെ പരിപാലിക്കുന്നതും എല്ലാവരോടും ഇണങ്ങിവളരുന്നതുമായ നായ്ക്കളും പൂച്ചകളും ഉണ്ടാവും. ആർക്കും വ്യക്തിപരമായ ഉടമസ്ഥതയോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും ഈ മൃഗങ്ങൾ എല്ലാവരുടെയും കൂടിയായിരിക്കും. കമ്മ്യൂണിറ്റി ഡോഗ്‌സ് / ക്യാറ്റ്‌സ് വിഭാഗത്തിൽ പെടുന്ന ഇവയ്ക്ക് സമയബന്ധിതമായി പ്രതിരോധവാക്സീൻ നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
വളർത്തുമൃഗങ്ങൾക്ക് കടിയേറ്റാൽ
വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേറ്റാല്‍ കൈയ്യുറയിട്ട ശേഷം മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് പതപ്പിച്ച് പതിനഞ്ച് മിനിറ്റ് സമയമെടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. ശേഷം അഞ്ച് പ്രതിരോധകുത്തിവെയ്പുകൾ/പോസ്റ്റ് എക്സ്പോഷർ വാക്സിനേഷൻ കടിയേറ്റതിന്റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം. പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി മുന്‍കൂട്ടി എടുത്തിട്ടുള്ള നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളാണെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവയ്പ്പുകള്‍ നല്‍കിയാല്‍ മതി. വളർത്തുമൃഗത്തെ കടിച്ച മൃഗത്തെ സാധ്യമെങ്കിൽ നിരീക്ഷിക്കണം. കടിയോ മാന്തോ ഏറ്റവയെ കുത്തിവയ്പ് എടുക്കുന്നതിനൊപ്പം മുൻകരുതൽ എന്ന നിലയിൽ അടുത്ത സമ്പർക്കം ഒഴിവാക്കി 2 മാസത്തേക്ക് എങ്കിലും നിരീക്ഷിക്കുന്നതും ഉചിതമാണ്.
അരുമകൾ വീടുവിട്ടിറങ്ങിയാൽ
ഇരതേടാൻ, ഇണചേരാൻ, വിരസത, ഭയം, അവഗണന, സമ്മർദ്ദം, ഇടിമിന്നൽ, പടക്കം പോലെയുള്ള വലിയ ശബ്ദകോലാഹലങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ അരുമമൃഗങ്ങൾ വീട് വിട്ട് ഓടിപ്പോകുന്നതും ദിവസങ്ങൾ കഴിഞ്ഞ് തിരികെവരുന്നതും സാധാരണയാണ്. ഓടിപ്പോകുന്ന അരുമകളെ പിന്നീട് ദിവസങ്ങൾ കഴിഞ്ഞ് കണ്ടുകിട്ടുമ്പോൾ അവയുടെ ശരീരത്തിൽ മുറിവുകളും പോറലുകളുമെല്ലാം കാണുന്നത് സാധാരണയാണ്. പേവിഷബാധയുള്ള മൃഗങ്ങളുമായി ഇവയ്ക്ക് മറ്റേതങ്കിലും തരത്തിൽ സമ്പർക്കമുണ്ടായിട്ടുണ്ടോ എന്നതും ഉറപ്പിച്ച് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഇങ്ങനെ വീട് വിട്ട് ഓടിപ്പോയ മൃഗങ്ങൾ ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അവയ്ക്ക് മുൻകൂർ റാബീസ് വാക്സീൻ നൽകിയതാണെങ്കിലും ഡോക്ടറുടെ ഉപദേശം തേടി പോസ്റ്റ് എക്സ്പോഷർ വാക്സിനേഷൻ നൽകണം
English summary: Human rabies prevention and management