ADVERTISEMENT

‘‘സെപ്റ്റംബർ 28’’ ലോകം പേവിഷദിനമായി ആചരിക്കുന്നു. ഈ വർഷത്തേത് 16–ാമത് വാർഷിക ദിനാചരണമാണ്. 

ഏകദേശം 60,000 പേരാണ് ലോകത്ത് പേവിഷബാധ മൂലം പ്രതിവർഷം മരണമടയുന്നത്. ഇന്ത്യയിൽ 20,000 എന്നാണ് കണക്കാക്കിയിരിക്കുന്നത്. 2030 ആകുമ്പോഴേക്ക് ഭൂമുഖത്തുനിന്നു തന്നെ ഈ അസുഖത്തെ തുടച്ചു നീക്കുമെന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. ‘‘വൺ ഹെൽത്ത് സീറോ ഡെത്ത്’’ എന്നതാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം. 

കേരളത്തിൽ ഇതുവരെ 21 പേർ മരിക്കുകയും 1.7 ലക്ഷത്തോളം പേർക്ക് പട്ടികടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ അടുത്ത എട്ടു വർഷം കൊണ്ട് കേരളം പേവിഷ വിമുക്തമാകുമോ?

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വാർത്താ മാധ്യമങ്ങളിൽ ചർച്ചകളായും പ്രത്യേക ബുള്ളറ്റിനുകളായും, വാർത്തകളായും നിറഞ്ഞുനിന്നത് പട്ടികടിയും, തെരുവുനായ പ്രശ്നങ്ങളുമായിരുന്നു. അതുവരെ നിർജീവമായിരുന്ന സർക്കാർ സംവിധാനങ്ങൾ സടകുടഞ്ഞെഴുന്നേറ്റ് കർമപദ്ധതികൾക്ക് രൂപം കൊടുത്ത്, വാർത്താ സമ്മേളനവും നടത്തി, പ്രശ്നങ്ങൾക്ക് പരിഹാരമായതായി പൊതുജനങ്ങളെ അറിയിച്ചു. അതോടെ വാർത്തകളും ശമിച്ചു. 

ഈ പ്രഖ്യാപിച്ച കർമപദ്ധതികൾ നടപ്പിലായി തുടങ്ങിയോ? 

എത്ര ശല്യക്കാരായ തെരുവ് പട്ടികളെ ഷെൽട്ടറിനുള്ളിലാക്കി?

എത്ര ABC സെന്ററുകൾ തുടങ്ങി?

എത്ര എണ്ണത്തിനെ വന്ധ്യംകരിച്ചു?

ഈ മാസം 20ന് തുടങ്ങി അടുത്തമാസം 20നോടുകൂടി സംസ്ഥാനത്തെ എല്ലാ തെരുവു നായ്ക്കളേയും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കുമെന്ന് പറഞ്ഞു. എന്തെങ്കിലും നടന്നോ?

മേൽപ്പറഞ്ഞതൊന്നും കാര്യമായി നടന്നില്ലെന്നു വേണം പറയാൻ. മേമ്പൊടിക്ക് ചിലയിടത്തൊക്കെ ചിലതൊക്കെ നടത്തിയെന്ന് മാത്രം.

ചില മൃഗസ്നേഹി സംഘടനകൾ ഇതിനിടെ തെരുവുനായ്ക്കൾക്ക് വാക്സീൻ നൽകുന്നതായുള്ള ഫോട്ടോയും വാർത്തകളുമായി രംഗത്തു വരുന്നുണ്ട്. 

ഈ പ്രവർത്തനങ്ങളൊക്കെ തെരുവുനായ്ക്കൾ മനസ്സിലാക്കിയിട്ടോ എന്തോ, ഇപ്പോൾ പട്ടി കടിച്ച വാർത്തകൾ വരുന്നില്ല. വന്നെങ്കിൽത്തന്നെ നന്നേ കുറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പ്രവർത്തനങ്ങളൊക്കെ കാര്യക്ഷമമായി നടപ്പിലാകണമെങ്കിൽ ‘‘സീറോ റാബീസ്’’ എന്ന ലക്ഷ്യത്തിനായി പ്രത്യേക സംവിധാനം തന്നെ ഉണ്ടാകണം. അതിനായി സ്ഥിരമായുള്ള അടിസ്ഥാനസൗകര്യവും ഉദ്യോഗസ്ഥരും ഉണ്ടാകണം. 

സ്ഥിരം ഷെൽറ്ററും വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കുന്ന ABC സെന്ററും, തദ്ദേശസ്വയംഭരണ തലത്തിൽ ഉണ്ടാകണം. നിലവിലെ തുച്ഛമായ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പേരിന് 3–4 മാസത്തിൽ മാത്രം ചുരുക്കം ചില പഞ്ചായത്തിൽ മാത്രം മേൽപ്പറഞ്ഞ സൗകര്യങ്ങൾ ഒരുക്കിയാൽ പോരാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രത്യേകം ഒരു വിഭാഗം ഇതിനായി പ്രവർത്തിക്കണം. അതിനാവശ്യമായ ഉദ്യോഗസ്ഥരെ വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്നതിനായി സജ്ജമാക്കണം. 

വന്ധ്യംകരിച്ച് തിരികെവിട്ടതായാലും പ്രതിരോധ കുത്തിവയ്പ് നൽകി തിരികെ തെരുവിൽ വിട്ടതായാലും, തെരുവിലെ പട്ടി തെരുവിൽ തന്നെയുണ്ടെന്നുള്ളതാണ് യാഥാർഥ്യം. അതിനാൽ കാൽനടയാത്രക്കാർ കരുതിയിരിക്കണം. വീട്ടിലെ പട്ടി ആയാലും തെരുവിലെ പട്ടി ആയാലും കടി കിട്ടിയാല്‍ ഉടൻ സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകി, അടുത്തുള്ള ആശുപത്രിയിൽ നിന്നും ചികിത്സ തേടണം. തെരുവുപട്ടിക്ക് വാക്സീൻ ലഭിച്ചതാണ് അതിനാൽ അതിന് പേവിഷബാധയേല്‍ക്കില്ല എന്നു തെറ്റിദ്ധരിക്കരുത്. 

വാർത്തയ്ക്ക് പിന്നാലെ പ്രതികരിച്ച്, മേമ്പൊടി ചികിത്സ കൊണ്ട് 2030ല്‍ കേരളം പേവിഷമുക്തമാകുമെന്ന് പ്രതീക്ഷിക്കണ്ട. 

തെരുവ് നായ്ക്കളുടെ കൃത്യമായ വിവരശേഖരണം നടത്തി, അക്രമകാരികളായ തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റി, ഓരോ വർഷവും വന്ധ്യംകരിക്കേണ്ട നായ്ക്കളുടെ എണ്ണം മുൻകൂട്ടി നിശ്ചയിച്ച്, കൃത്യമായ പദ്ധതി അവലോകനം നടത്തി ഇതിനാവശ്യമായ ഫണ്ടും, ആൾബലവും നൽകി മുന്നോട്ട് പോകുകയാണു വേണ്ടത്.

English summary: World Rabies Day 2022 One Healtha Zero Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com