ADVERTISEMENT

വലിയ ഷെഡ്ഡിന്റെ വലകൊണ്ടുള്ള ഭിത്തി തകർത്ത് അകത്തുകയറിയ നായ്ക്കൂട്ടം നടത്തിയത് കൂട്ടക്കുരുതി. മികച്ച രീതിയിൽ മുൻപോട്ടുപൊയ്ക്കൊണ്ടിരുന്ന മുയൽ ഫാമിൽ കടന്ന നായ്ക്കൾ കൂടുകൾ തട്ടിത്താഴെയിട്ടും ആക്രമിച്ചും കൊന്നത് ഒട്ടേറെ മുയലുകളെയാണ്. കണ്ണുകൾ പോലും തുറക്കാത്ത കുഞ്ഞുങ്ങൾ വരെ നിലത്ത് ചത്തുകിടന്നത് വേദനയോടെ മാത്രമേ ഓരോ കർഷകനും നോക്കിക്കാണാൻ കഴിയൂ. ഇത്തരത്തിൽ നായ്ക്കൂട്ടം കർഷകർക്ക് വരുത്തിവയ്ക്കുന്ന സാമ്പത്തികബാധ്യത വളരെ വലുതാണ്.

മിക്ക കർഷകർക്കും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നായ്ക്കളുടെ ആക്രമണം. കോഴിക്കർഷകരും മുയൽ കർഷകരുമാണ് പ്രധാനമായും നായ്ക്കളുടെ ശല്യത്തിൽ ബുദ്ധിമുട്ടിലാകുക. ഇറച്ചിക്കോഴിഫാമുകളിൽ നായ്ക്കൾ കയറി വലിയ നാശനഷ്ടങ്ങൾ വരുത്തിയ സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറുമുണ്ട്. ആക്രമിച്ച് ഭക്ഷിക്കുന്നതിലുപരി കൊന്നൊടുക്കുകയാണ് ഇത്തരം ശല്യക്കാരായ മൃഗങ്ങൾ ചെയ്യുക. നായ്ക്കളെ കൂടാതെ കീരി, പാമ്പ് എന്നിവയെല്ലാം ലൈവ്സ്റ്റോക് ഫാം നടത്തുന്ന കർഷകർക്ക് തലവേദന സൃഷ്ടിക്കുന്നവയാണ്.

സമീപകാലത്ത് തെരുവുനായ്ക്കൾ കൂടുതൽ ശല്യം വിതച്ചപ്പോൾ പലരും ചോദിച്ചത് മുയലുകളെ നായ കടിച്ചാൽ എന്തു ചെയ്യണം എന്നാണ്. ഷെഡ്ഡ് നിർമിച്ച് വലിയ രീതിയിൽ വളർത്തുന്നവരും ചെറു കൂടുകളിൽ വളർത്തുന്നവരും ഒരുപോലെ നായ്ക്കളുടെ ആക്രമണം നേരിടേണ്ടിവരാറുണ്ട്. രാത്രികാലങ്ങളിൽ കൂട്ടത്തോടെയോ ഒറ്റയ്ക്കോ വരുന്ന നായ്ക്കൾ കൂടിന്റെ അടിയിൽനിന്ന് കാലിൽ പിടിക്കുകയാണ് ചെയ്യുക. നായ്ക്കളെ കണ്ട് ഭയക്കുന്ന മുയലുകൾ കൂടിനുള്ളിൽ വെപ്രാളത്തോടെ ഓടുമ്പോൾ കൈകാലുകൾ വിടവിലൂടെ താഴേക്ക് വരാം. കൈകാലുകളിൽ കടിച്ച് താഴേക്കു വലിക്കാൻ നായ്ക്കൾ ശ്രമിക്കും. അതല്ലെങ്കിൽ കൂട് തകർത്ത് പിടിക്കും. 

ഇരപിടിക്കൽ ശ്രമത്തിൽ വലിയ നാശനഷ്ടം വരുത്തിവയ്ക്കാൻ നായ്ക്കൾക്കാകും. ഒരുപക്ഷേ അവിടെയുള്ള എല്ലാ മുയലുകളെയും നശിപ്പിക്കുന്ന വിധത്തിലുള്ള ആക്രമണവും നടക്കാം. വലിയ പ്രതിസന്ധികൾ തരണം ചെയ്യുക എന്നത് മുയലുകളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. വലിയ മുറിവോ പേടിയോ ഉണ്ടായാൽ മരണപ്പെടാനുള്ള സാധ്യത ഏറെയുള്ള സാധു ജീവി എന്നുതന്നെ മുയലുകളെ വിളിക്കാം.

നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മുയലുകളെ ശുശ്രൂഷിക്കുമ്പോൾ കരുതൽ വേണം. കാരണം പേവിഷബാധ നാട്ടിൽ ഏറിവന്നിട്ടുള്ളതിനാൽ ശ്രദ്ധ അനിവാര്യമാണ്. വലിയ മുറിവുണ്ടാവുകയും മുറിവിലൂടെ രക്തം വാർന്നുപോകുകയും ചെയ്താൽ ആ മുയലുകൾ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണ്. ചെറിയ മുറിവുകളാണെങ്കിൽ ചികിത്സ നൽകി രക്ഷപ്പെടുത്താം. ഇതിനായി വെറ്ററിനറി ഡോക്ടറുടെ സേവനം തേടാൻ മറക്കരുത്. കാരണം, നായ്ക്കളുടെ ആക്രമണം ആയതിനാൽ പേവിഷബാധയ്ക്ക് സാധ്യതയുണ്ട്. പേവിഷബാധ പിടിപെടാവുന്ന ജീവികളിലൊന്നുതന്നെയാണ് മുയൽ. ഇതുവരെ അത്തരത്തിലുള്ള കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പേവിഷബാധ ഉണ്ടാവാതിരിക്കാൻ ഉടമകൾ ശ്രദ്ധിക്കണം. പരിക്കേറ്റ മുയലുകൾക്ക് 0, 3, 7, 14, 28 ദിവസങ്ങളിൽ പോസ്റ്റ് എക്സ്പോഷർ വാക്സീൻ നൽകണം. അതുകൊണ്ടുതന്നെ നായ്ക്കൾ ആക്രമിച്ച മുയലുകൾക്ക് സ്വയം ചികിത്സ നൽകാൻ മുതിരരുത്. മുയലെന്നല്ല, നായ്ക്കളുടെ കടിയേറ്റ ഏതൊരു ജീവിക്കും ഈ വാക്സീനേഷൻ പ്രോട്ടോക്കോൾ സ്വീകരിക്കാൻ മറക്കരുത്. 

അതുപോലെ മേയാൻ അഴിച്ചുവിടുന്ന പശുക്കളുടെ മുഖം, കൈകാലുകൾ, വാൽ എന്നിവ  തിരികെ കൂട്ടിലെത്തിക്കുമ്പോൾ പരിശോധിക്കുന്നതും ഉചിതമാണ്. അസാധാരണ മുറിവോ പരിക്കോ ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ നൽകണം. പുല്ല് തിന്നുന്നതിനായി തുറസായ സ്ഥലങ്ങളിൽ കെട്ടാറുള്ള കന്നുകാലികളിൽ അടുത്തിടെ പേവിഷബാധ റിപ്പോർട്ട് ചെയ്തത് വിസ്മരിക്കരുത്.

English summary: How to protect rabbits from street dogs & cats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com