ADVERTISEMENT

വെറ്ററിനറി ഡോക്ടർമാരും കർഷകരും തമ്മിലുള്ള അസ്വാരസ്യങ്ങൾ പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. ഡോക്ടറെ വിളിച്ചിട്ട് വന്നില്ലെന്നും ആശുപത്രിയിൽ ചെല്ലുമ്പോൾ ഡോക്ടറെ കാണില്ലെന്നുമെല്ലാം കർഷകർ പരാതിപ്പെടാറുമുണ്ട്. അതുപോലെതന്നെ വെറ്ററിനറി ഡോക്ടർ വീട്ടിൽ വന്ന് ചികിത്സിച്ചാൽ ഫീസ് കൊടുക്കണോ എന്ന് കർഷകർ ചോദിക്കാറുണ്ട്. കർഷകർക്കുവേണ്ടിയല്ലേ അവർ പ്രവർത്തിക്കുന്നത് എന്നുള്ള ചോദ്യം കർഷകർക്കുണ്ടെങ്കിലും ജോലി സമയത്ത് ആശുപത്രിക്കു പുറത്തുപോയി ചികിത്സിക്കാൻ സർക്കാർ വെറ്ററിനറി ആശുപത്രികളിലുള്ള ഡോക്ടർമാർക്ക് അനുമതിയില്ല. അതായത്, ആശുപത്രിയിൽ ചെന്ന് ഒപി റജിസ്റ്റർ ചെയ്ത് ചികിത്സ തേടണം.

എന്നാൽ, അതീവ പ്രാധാന്യമുള്ള കേസുകളിൽ ഡോക്ടർക്ക് ഫീൽഡിൽ പോകാതിരിക്കാനും കഴിയില്ല. വിഷമപ്രസവം, ഗർഭപാത്രം പുറംതള്ളൽ എന്നിങ്ങനെ ഗുരുതര പ്രശ്നങ്ങളിൽ ഡോക്ടർക്ക് ഫീൽഡിൽ പോകാവുന്നതാണ്. എന്നാൽ, സർക്കാർ വാഹനം ഇല്ലാത്ത ആശുപത്രിയാണെങ്കിൽ വാഹനസൗകര്യം കർഷകൻ ഒരുക്കണം. 

വെറ്ററിനറി ഡോക്ടർ ഫീൽഡിൽ പോകുമ്പോൾ ആശുപത്രിയിൽ എത്തുന്നവരുടെ ബുദ്ധിമുട്ടും പലപ്പോഴും വിവാദങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. അതുകൊണ്ടുതന്നെ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ വേണം ഫീൽഡിൽ പോകേണ്ടതെന്ന് 2015 ഒക്ടോബർ 14ന് ഇറങ്ങിയ സർക്കാർ ഉത്തരവിലുണ്ട്.

പ്രധാനമായും 4 കാര്യങ്ങളാണ് അന്നത്തെ ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.

1. വെറ്ററിനറി ഡോക്ടർമാർ അവരുടെ കൃത്യനിർവഹണത്തെ ബാധിക്കാത്ത രീതിയിലും ഡ്യൂട്ടി സമയത്തിന് പുറത്തുമായിരിക്കണം സ്വകാര്യ പ്രാക്ടീസ് നടത്തേണ്ടത്. അടിയന്തിര ചികിത്സ ആശ്യമുള്ളപ്പോൾ ഡോക്ടർമാർക്ക് തങ്ങളുടെ അധികാരപരിധിക്കുള്ളിൽ ഡ്യൂട്ടി സമയത്ത് (രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ) കർഷകഭവനങ്ങളിൽ/ഫാമുകളിൽ പോയി സേവനം ചെയ്യാവുന്നതാണ്. ഇത്തരം കേസുകളിൽ പോകുന്ന സമയവും തിരിച്ചുവരുന്ന സമയവും മൃഗാശുപത്രിയിലെ മൂവ്മെന്റ് റജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തണം.

2. അടിയന്തിര സാഹചര്യങ്ങളിൽ ഗതാഗത സൗകര്യവും ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകളും കർഷകർ ഏർപ്പെടുത്തണം. കർഷകൻ ഗതാഗത സൗകര്യം ലഭ്യമാക്കിയിട്ടില്ലെങ്കിൽ ഗുണഭോക്താവിൽനിന്ന് വെറ്ററിനറി സർജന് കൺവേയൻസ് അലവൻസ് മാത്രം ഈടാക്കാം.

3. ആശുപത്രിയിൽ വച്ച് പരിശോധിച്ച് നൽകുന്ന മറ്റു സേവനങ്ങളായ ഹെൽത്ത് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, വാല്വേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് 50 രൂപ നിരക്കിൽ ഫീസ് വാങ്ങാം. പോസ്റ്റ്മോർട്ടം ഫീസ് ആയി 250 രൂപ വാങ്ങാം. ഇത്തരം ഫീസിന് രസീത് നൽകണം. രണ്ടു വർഷത്തിലൊരിക്കൽ ഫീസ് പുതുക്കി നിശ്ചയിക്കണം.

4. സർക്കാർ സ്കീമുകളിൽ സർക്കാർ നിശ്ചയിച്ച ഫീസുകൾ നൽകുന്നുണ്ടെങ്കിൽ കർഷകരിൽനിന്നും അധികമായ പ്രസ്തുത ആവശ്യത്തിന് വീണ്ടും ഫീസ് വാങ്ങാൻ പാടില്ല.

English summary: How to Charge for Veterinary Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com