ADVERTISEMENT

നാടൻപശുക്കളുടെ മഹിമ നാം തിരിച്ചറിഞ്ഞു തുടങ്ങിയത് വെച്ചൂർപ്പശുക്കളിലൂടെയാണ്. കോട്ടയം ജില്ലയിലെ അപ്പർ കുട്ടനാടൻ ഗ്രാമമായ വെച്ചൂരിൽനിന്നു വീണ്ടെടുക്കപ്പെട്ട ഇവയ്ക്ക് ഈർപ്പം നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചു വളരാൻ സാധിക്കും. അനന്യമായ താപ സന്തുലനശേഷിയും സവിശേഷമായ പാലും വെച്ചൂരിന്റെ സവിശേഷതകളാണ്. പാലിലെ കൊഴുപ്പിനു വലുപ്പക്കുറവുള്ളതിനാൽ വളരെ വേഗം ദഹിക്കും. കുട്ടികൾക്കും രോഗമുക്തി നേടി വിശ്രമിക്കുന്നവർക്കും നൽകാൻ ഉത്തമമായ ഈ പാലിന്റെ മഹത്വം തിരിച്ചറിഞ്ഞതുകൊണ്ടാവണമല്ലോ തിരുവിതാംകൂർ രാജാവിന്റെ വൈദ്യൻ വെച്ചൂർപ്പശുക്കളെ കൊട്ടാരത്തിലേക്കു ശുപാർശ ചെയ്തത്. ടി.കെ. വേലുപ്പിള്ളയുടെ ട്രാവൻകൂർ മാനുവലിൽ ഈയിനത്തെക്കുറിച്ചു പരാമർശമുണ്ട്. 

വെച്ചൂരിനു സമാനമായ ഗുണഗണങ്ങൾ കേരളത്തിലെ പത്തോളം നാടൻ ഇനങ്ങൾക്കുമുണ്ട്. കാസർകോട്, വടകര, ചെറുവള്ളി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഇവ തമ്മിൽ, വളരുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായ വ്യത്യാസങ്ങളുമുണ്ടെന്നു മാത്രം. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതസാഹചര്യങ്ങൾക്ക് ഏറ്റവും ചേരുന്ന നാടൻ ഇനത്തെ തിരഞ്ഞെടുക്കുകയാണു വേണ്ടത്. ഉദാഹരണമായി കുട്ടനാടൻ സാഹചര്യങ്ങളിൽ വളരുന്ന വെച്ചൂരിനെക്കാൾ മലമ്പ്രദേശങ്ങളോട് തലമുറകളായി പൊരുത്തപ്പെട്ടു കഴിയുന്ന ചെറുവള്ളി പശുക്കളായിരിക്കും ഹൈറേഞ്ചിലെ കുടുംബങ്ങൾക്കു യോജിച്ചത്. പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞാലും പച്ചിലകളും മരത്തോലുമൊക്കെ ആഹരിച്ച് കഴിയാനുള്ള ശേഷി അവയ്ക്കുണ്ട്. കാസർകോട് കുള്ളൻ പശുക്കൾ കേരളത്തിലെവിടെയും നന്നായി വളരുമെങ്കിലും അവയുടെ ഏറ്റവും മികച്ച ഉൽപാദനക്ഷമതയും ആരോഗ്യവും പ്രകടമാകുന്നത് ചന്ദ്രഗിരിപ്പുഴയ്ക്കു വടക്കോട്ടു തന്നെയാവണം. 

നാടൻപശുക്കളുടെ പ്രജനനത്തിന് ബീജാധാന സൗകര്യം നമ്മുടെ സംസ്ഥാനത്തെ മൃഗാശുപത്രികളിലുണ്ട്. നാടൻ ഇനങ്ങളുടെ മൂരികളെ സംരക്ഷിക്കാൻ സാഹചര്യമില്ലാത്തവർക്ക് ഏറ്റവും നല്ല മാർഗം ഇതുതന്നെ. അതത് ഇനത്തിൽപ്പെട്ട ബീജം തന്നെ പരമാവധി ഉപയോഗപ്പെടുത്താനും വംശശുദ്ധി സംരക്ഷിക്കാനും ശ്രമിക്കണം. മൃഗാശുപത്രികളിൽ ലഭിക്കുന്ന ബീജം ഏത് മൂരിയുടേതാണെന്നും അതു കുത്തിവച്ച പശുവിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്നും രേഖപ്പെടുത്തുന്നത് പിന്നീട് ഉപകരിക്കും. പ്രജനനവിവരങ്ങൾ മാത്രമല്ല പശുവിനെ സംബന്ധിക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും രേഖ സൂക്ഷിക്കുന്നത് നന്ന്.

വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ള പാൽ കിട്ടാൻ ഒരു നാടൻപശു മതിയാവില്ലെന്നു കൂടി ഓർക്കണം. അതേസമയം അയൽക്കാരായ രണ്ടോ മൂന്നോ പേർ ഓരോ നാടൻപശുവിനെ വളർത്തുകയും അവയുടെ ഉൽപാദനകാലം ക്രമീകരിക്കുകയും ചെയ്താൽ മൂന്നു വീട്ടിലേക്കും വർഷം മുഴുവൻ നാടൻപശുവിന്റെ പാൽ നിശ്ചിത അളവിൽ ലഭ്യമാക്കാനാവും. ഇനി അതിനു സാധിച്ചില്ലെങ്കിലെന്താ, ജൈവക്കൃഷിക്കാവശ്യമായ ചാണകവും ഗോമൂത്രവും വേണ്ടുവോളം കിട്ടുന്ന തൊഴുത്തിൽനിന്ന് ആറു മാസം നല്ല പാൽ കിട്ടുന്നതുതന്നെ ഒന്നാന്തരം ബോണസല്ലേ.      

നാടൻപശുവിന്റെ ഒരു ലീറ്റർ പാലിന് ഇന്ന് 125–150 രൂപ വില നേടുന്നവരുണ്ട്. പതിവായി പാൽ വിൽക്കാൻ സാധിക്കാത്തവർക്ക് നെയ്യുണ്ടാക്കി വിൽക്കുന്നത് വരുമാനസാധ്യതയാക്കാം. നാടൻ പശുവിന്റെ പാലിൽനിന്നു തയാറാക്കുന്ന നെയ്യുടെ വില കിലോയ്ക്ക് 2500 രൂപവരെ എത്തുന്ന സ്ഥിതിയുണ്ട്. നാടൻ പശുക്കളെ വളർത്തുന്ന സമീപവാസികളുടെ കൂട്ടായ്മയുണ്ടാക്കിയാൽ പരസ്പരം അറിവുകൾ കൈമാറാനും പ്രജനന ആവശ്യങ്ങൾക്കായി കാളയെ വളർത്താനുമൊക്കെ സാധിക്കും.

English summary: Native Cattle Breed of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com