മയിൽ ആക്രമിച്ചു, കണ്ണുതകർന്ന് കൃഷ്ണമണി പുറത്ത്: മിക്കിക്ക് സംഭവിച്ചത്...

pet-dog-eye-issue
മയിലിന്റെ കൊത്തിൽ വലതുകണ്ണിന്‌ മാരക പരിക്കേറ്റ മിക്കി ടാർസോറാഫി ശസ്ത്രക്രിയക്ക് ശേഷം (ഇടത്ത്), പരിക്കേറ്റ കണ്ണ് (വലത്ത്)
SHARE

കാടുവിട്ടു നാട്ടിൽ പെരുകുന്ന മയിലുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെറുതല്ല, പ്രത്യേകിച്ച് കാർഷിക മേഖലയിൽ. കൃഷിയിടങ്ങൾ കയ്യേറി വിളവെടുക്കുമെന്ന് മാത്രമല്ല തളിരില പോലും ബാക്കിയാക്കാതെ കൊത്തിതിന്നുതീർക്കും. എങ്ങുനിന്നോ പാറി വന്ന മയിലിടിച്ച് വാഹനാപകടങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. എന്നാൽ, കാട്ടുപന്നികളെപ്പോലെ നേരിട്ട് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന അപകടകാരികളല്ല ഇതുവരെയും മയിലുകൾ. എങ്കിലും മയിലുകളും ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന അപകടകാരികളാകാം എന്നു തെളിയിക്കുന്ന ഈ സംഭവം കാസർഗോഡ് കാഞ്ഞങ്ങാട് നിന്നാണ്. വീട്ടുമുറ്റത്ത് പാറിയിറങ്ങിയ മയിലിന്റെ ശക്തമായ കൊത്തിൽ മാരകമായി പരിക്കേറ്റത് മിക്കിയെന്ന വളർത്തുനായയ്ക്കായിരുന്നു. കാഞ്ഞങ്ങാടിനടുത്ത പുല്ലൂർ-പെരിയ പഞ്ചായത്തിലെ കാർഷികഗ്രാമമായ കൊടവലം സ്വദേശിയായ അനീഷിന്റെ ഓമനയാണ് മിക്കി എന്ന ഒരു വയസ്സുള്ള സ്പിറ്റ്സ് ഇനം നായ. വലതുകണ്ണിനേറ്റ ശക്തമായ കൊത്തിൽ കണ്ണ് തകർന്ന് കോർണിയ ഉൾപ്പെടെ നേത്രഗോളം മുഴുവനും പുറത്തുചാടി. വേദനയിൽ പിടഞ്ഞ തന്റെ അരുമയ്ക്ക് അടിയന്തിര ചികിത്സ തേടി  അനീഷ് എത്തിയത് കാഞ്ഞങ്ങാട് ഗവൺമെന്റ് വെറ്ററിനറി ഹോസ്പിറ്റലിലായിരുന്നു.

pet-dog-eye-issue-1
മയിലിന്റെ കൊത്തിൽ വലതുകണ്ണിന്‌ മാരക പരിക്കേറ്റ മിക്കി ടാർസോറാഫി ശസ്ത്രക്രിയക്ക് ശേഷം (ഇടത്ത്), പരിക്കേറ്റ കണ്ണ് (വലത്ത്)

അടിയന്തിര ശസ്ത്രക്രിയ മിക്കിക്ക് ഡോക്ടർമാരുടെ കരുതൽ

കണ്ണിന്റെ നേത്രഗോളം പൂർണമായും പുറത്തുചാടിയ സാഹചര്യത്തിൽ മിക്കിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. മാരകമായി മുറിവേറ്റ ഭാഗം വൃത്തിയാക്കി അനസ്തീഷ്യ നൽകിയതോടെ സർജറിക്ക് തുടക്കമായി. ടാർസോറാഫി (Tarsorrhaphy) എന്ന് വിളിക്കുന്ന അടിയന്തര സർജറിയാണ് ഇത്തരം സാഹചര്യങ്ങളിൽ ചെയ്യുക.  പുറത്തേക്കു തള്ളിയ നേത്രഗോളം സാധാരണ നിലയിലേക്കിയ ശേഷം കൺപോളകൾ പരസ്പരം താൽകാലികമായി തുന്നിചേർത്ത് കൺപോളകളുടെ ദ്വാരം ഇടുങ്ങിയതാക്കുന്ന ഒരു ശസ്ത്രക്രിയരീതിയാണിത്. കോർണിയ എക്സ്പോഷർ കേസുകളിൽ കോർണിയയെ സംരക്ഷിക്കാനും മുറിവുണക്കം ത്വരിതപ്പെടുത്തി കണ്ണിനേറ്റ പരിക്ക് ഭേദമാവുന്നത് വേഗത്തിലാക്കാനും ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. 

ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യരിൽ ചെയ്യുന്നതും ഇതേ ചികിത്സ രീതി തന്നെയാണ്. കാഞ്ഞങ്ങാട് വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. എസ്.ജിഷ്ണുവിന്റെയും ഡോ. ബിജിന മുരളീധരന്റെയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഹോസ്പിറ്റൽ അറ്റന്റന്റ് അനിലാകുമാരിയും സഹായത്തിനുണ്ടായിരുന്നു.

ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഡോക്ടർമാരുടെ സംഘത്തിനായി. ശസ്ത്രക്രിയയുടെ വേദനയെല്ലാം മറന്ന് മിക്കിയിപ്പോൾ സുഖമായിരിക്കുന്നു. 15 ദിവസം കഴിയുമ്പോൾ തുന്നലഴിക്കും. അതുവരെ ദിവസവും ഡോക്ടറുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയാനന്തര ചികിത്സയും പരിചരണവും മിക്കിക്കുണ്ട്. പരിക്ക് മാരകമായതിനാൽ മിക്കിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടമാകാനാണ് സാധ്യതയെന്നാണ് ഡോക്ടറുടെ നിരീക്ഷണം.

മിക്കിയുടെ ഒരു കണ്ണിൽ ഇരുട്ടുകയറിയാലും തന്റെ അരുമയെ അതിന്റെ ജീവിതകാലമത്രയും  ജീവിതത്തിലിരുട്ടുകയറാതെ സംരക്ഷിക്കാനാണ് അനീഷിന്റെ തീരുമാനം.

English summary: Saved! Dog from Peacock Attack!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}