ADVERTISEMENT

കുവി ഭാഗം - 9

അടുത്ത ദിവസം രാവിലെ തന്നെ ഫോൺ തുറന്ന് നോക്കിയപ്പോൾ സാനുവിന്റെ  വാട്സാപ് മെസേജ് കിടക്കുന്നു. തുറന്ന് നോക്കിയപ്പോൾ സാനു കുവിയേയും ചേർത്ത് പിടിച്ച് കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ കൂടെ ഒരു മെസേജും.

''സാറ് വിഷമിക്കണ്ട വരുന്നത് വരെ കുവിയെ ഞാൻ നോക്കിക്കൊള്ളാം"

വലിയൊരാശ്വാസമായിരുന്നു ആ വാക്കുകൾ. തുടർന്നെപ്പോഴും ഞാൻ സാനുവിനെ വിളിച്ച് ശല്യപ്പെടുത്തുന്ന രീതിയിൽ തന്നെ അവളുടെ വീഡിയോകളും ഫോട്ടോകളും ആവിശ്യപ്പെട്ടു കൊണ്ടേയിരുന്നു. സാനു ഒരു പരിഭവവുമില്ലാതെ ഫോട്ടോകളും വീഡിയോകളും അയച്ചു തന്നു കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ പ്രിയപ്പെട്ട സുഹൃത്തായ അഡ്വ. അമ്പിളി പെട്ടിമുടിയിൽ പോകുന്നുണ്ടെന്ന് അറിയിച്ചത്. മറക്കാതെ കുവിയുടെ ഫോട്ടോ അയക്കണേന്ന് പറഞ്ഞ പ്രകാരം എനിക്കൊരു ഫോട്ടോ അയച്ചുതന്നു. തന്റെ നഷ്ടങ്ങളിലേക്കവൾ നോക്കി നിൽക്കുന്ന നൊമ്പരപ്പെടുത്തുന്ന ഒരു ഫോട്ടോ. അതു കണ്ടപ്പോൾ എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കണന്നുള്ള ഭ്രാന്ത് കൂടി വന്നു. മുൻപ് മുട്ടിയവരെയെല്ലാം ഞാൻ നിരന്തരം വീണ്ടും വിളിച്ചുകൊണ്ടിരുന്നു. ശല്യമായിട്ടോ, അവർക്ക് തിരക്കായിട്ടോ, എന്റത്രയും ഭ്രാന്തവർക്കില്ലാഞ്ഞിട്ടോ, എന്തോ പലരുടെയും മറുപടി തരാതെയുള്ള ഒഴിഞ്ഞുമാറൽ പിന്നീട് ഫോണെടുക്കാതെയിരിക്കുക എന്ന അവസ്ഥയിൽ വരെയെത്തി. ആഗ്രഹിച്ചത് സ്വന്തമാക്കാൻ ആകാശത്തോളം കഷ്ടമനുഭവിക്കണം എന്നു പലതവണ പറഞ്ഞു പതിപ്പിച്ച അമ്മുമ്മയുടെ വാക്കുകൾ ഉരുവിട്ട് ബലം കൂട്ടി. 

എന്നും രാത്രിയിൽ വീട്ടിലേക്ക് വിളിക്കുമ്പോഴും തിരിയാത്ത മലയാളത്തിൽ മകളുടെ പതിവ് ചോദ്യം അന്നുമുണ്ടായിരുന്നു. 

''എന്നാച്ഛാ കുവിയെ കൊണ്ടു വരുന്നത് "

കൃത്യമായ ഉത്തരം നൽകാൻ പറ്റാത്തതുകൊണ്ട് അന്നും പറഞ്ഞു.

"കുവിക്ക് പനിയാടാ. പനി മാറിയിട്ട് കൊണ്ടു വരാം "

മോൾടെ പരിഭവം പറച്ചിലിനിടയിൽ ഫോൺ വാങ്ങി ആരതി പറയും 

"എന്നും കുവി നാളെ വരുമെന്നും പറഞ്ഞാണ് ആഹാരം കഴിപ്പിക്കുന്നത്. എന്നും ഇതു തന്നെ ചോദിച്ചുകൊണ്ടിരിക്കും. അവളെയിങ്ങ് എടുത്തുകൊണ്ട് വന്നൂടെ?"

അതിനും കൃത്യമായ മറുപടി കൊടുക്കാനില്ലാത്തതുകൊണ്ട്

മ് ..... നോക്കട്ടെടാ......

എന്ന് മാത്രം മറുപടി പറഞ്ഞൊതുക്കി.

ആവശ്യമില്ലാത്ത ഓരോരോ നൂലാമാലകൾ അവളെ ആ മലയിൽ നിന്നിറക്കിക്കൊണ്ടു വരുന്നതിനു തടസ്സമായി ഒന്നിനു പിറകെ ഓരോന്നായി വന്നു കൊണ്ടേയിരുന്നു.

ഇനിയും കണ്ടെടുക്കാൻ മൃതദേഹങ്ങളുണ്ടായിട്ടും പ്രതീക്ഷയസ്തമിച്ച് പല രക്ഷാപ്രവർത്തകരും മടിയോടെ മലയിറങ്ങിത്തുടങ്ങി. അവളുടെ പതിവ് വീഡിയോ കാത്തിരുന്ന എന്നെ തിരക്കി സാനുവിന്റെ ഫോൺ കോളാണ് അന്നു വന്നത്. സാനുവിന്റെ ശബ്ദത്തിൽ എന്തോ പറയാൻ ബുദ്ധിമുട്ടുള്ളതായി തോന്നി. വാക്കുകളിലെ മുറിഞ്ഞ് പോക്ക് കേട്ടിട്ട് ഞാൻ ചോദിച്ചു

എന്ത് പറ്റി സാനു ?....

സാറെ..... എന്റെ ഇവിടുത്തെ ജോലി കഴിഞ്ഞു ഞാനിന്ന് വൈകിട്ട് തിരികെ പോകുവാണ്..

തടസ്സങ്ങൾ സ്ഥിരം പരിചിതനായ ഞാൻ കുറച്ച് നേരം അടുത്ത വഴിയെന്തന്നാലോചിച്ച് ഫോണും പിടിച്ച് മിണ്ടാതിരുന്നു. അങ്ങേ തലയ്ക്കൽനിന്ന് സാനുവിന്റെ ശബ്ദം വീണ്ടും കേട്ടു .

സാർ.....

അപ്പോഴാണ് ഞാൻ ആലോചനയിൽനിന്ന് വിട്ട് വന്നത്. ആകപ്പാടെ മുന്നിൽ തെളിഞ്ഞ വഴി ഞാൻ സാനുവിനോട് ചോദിച്ചു

‘അവളെ വീട്ടിൽ കൊണ്ട് പോകാൻ പറ്റുമോ?’

പ്രതീക്ഷിക്കാതുള്ള ചോദ്യം കേട്ടു സാനുവിന്റെ വർത്തമാനം മുറിഞ്ഞ് നിന്നു.

സാർ.... അത്.... സാറിന് വിഷമമാകരുത്.... എന്നോട് പിണക്കമൊന്നും തോന്നരുത്....

വാക്കുകളിലൂടെ സാനുവിന്റെ നിസ്സഹായവസ്ഥ മനസ്സിലാക്കിയ ഞാൻ പറഞ്ഞു.

കുഴപ്പമില്ല.... വിഷമിക്കണ്ട....

എനിക്ക് വേണ്ടി ഇത്രയും ചെയ്തത് തന്നെ വലിയ കാര്യം....

എനിക്ക് സാനുവിന്റെ അവസ്ഥ മനസ്സിലാകും.....

അവളെ.....

കുവിയെ....

മ് മ്......

അതിന് ബാക്കി പറയാൻ വാക്കുകൾ വന്നില്ല

അവളെ ഞാൻ കൊണ്ടു പോകും സാനു....

അങ്ങനെ പറഞ്ഞു എനിക്ക് വാക്കുകൾ നിർത്തേണ്ടി വന്നു

സാറ് വിഷമിക്കണ്ട...

കുവിയെ സാറിന് തന്നെ കിട്ടും...

സാറിന്റെ ഈ കഷ്ടപാടിന് ആണ്ടവൻ നിശ്ചയമായും തരും സാറെ....

ജീപ്പ് പോകാൻ പോകുവാണ്....

തിരക്കാണെലും എന്നെ ഇടയ്ക്കൊക്കെ വിളിക്കണം.....

എന്നും പറഞ്ഞ് ആരോടൊ ദോ.... വന്തിട്ടേന്നും വിളിച്ച് പറഞ്ഞ് ഓടി പോയി. സാനുവിന്റെ കട്ട് ചെയ്യാൻ മറന്നുപോയ ഫോണിൽ തമിഴിൽ ആരൊക്കെയൊ സംസാരിക്കുന്ന അവ്യക്ത ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു.

ഞാൻ ഫോൺ കട്ട് ചെയ്തു മാറ്റി വച്ചിട്ട് മനസ്സിലൊരു വഴിയും തെളിയാതെ ആലോചനകളിൽ മുഴുകി നടന്നു. ചാറൽ മഴ നനഞ്ഞ് നടന്നു രാത്രി വൈകി ചെറുതോണി ജംക്ഷനിലെ തട്ടുകടയിൽ പോയിരുന്നു. മോഹനൻ ചേട്ടന്റെ തട്ടുകടയിൽ ഒറ്റക്ക് മാറിയിരുന്ന് ചൂട് കട്ടൻ കാപ്പി ചുണ്ടോടടുപ്പിച്ചപ്പോൾ അവളെ വീണ്ടും കാണാൻ പോകണമെന്നൊരുൾ വിളിയുണ്ടായി. ഇത്തിരിയുറക്കം പൂർത്തിയാക്കി രാവിലെ തന്നെ എഴുന്നേറ്റു  മല കയറാൻ ഞാനും എന്റെ ബുള്ളറ്റും റെഡിയായി. ചെറുതോണി പമ്പിൽനിന്ന് ബുള്ളറ്റിന് വയറ് നിറച്ച് പെട്രോളും വാങ്ങി കൊടുത്ത് നേരെ മൂന്നാറിലേക്ക് പോയി. മൂന്നാറിൽ നിന്ന് കുവിക്ക് വേണ്ടി ബിസ്ക്കറ്റും ബണ്ണും ബ്രഡുമൊക്കെ വാങ്ങി സാഡിൽ ബാഗിന്റെ മുകളിൽ കവറിൽ പൊതിഞ്ഞ് കെട്ടി വച്ചു വീണ്ടും യാത്ര തുടങ്ങി. ഇരവികുളം നാഷനൽ പാർക്കിന്റെ കവാടത്തിലെത്തിയപ്പോൾ ആരാണ് എവിടെ പോകുന്നു എന്ന് അവിടുത്തെ ഗാർഡുമാരുടെ പതിവ് ചോദ്യം കേട്ടു. കാര്യമറിയിച്ച് അനുവാദം വാങ്ങി മുന്നോട്ട് പോയി. നാഷനൽ പാർക്കിന്റെ നല്ല വഴി കഴിഞ്ഞ് പൊട്ടിപ്പൊളിഞ്ഞ വഴിയുള്ള കയറ്റത്തിൽ  അന്നും എന്നെയും കാത്ത് മഴ നിൽപ്പുണ്ടായിരുന്നു.

തുടരും

കുവി ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കുവി ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം മൂന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം അഞ്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം ആറ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം ഏഴ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം എട്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Lifestory of Pettimudi Dog Kuvi- Part 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com