‘നമ്മുടെ കോഴി നന്നായിട്ട് നടക്കുന്നുണ്ട് കേട്ടോ... അവള് ഇപ്പോ മുട്ടയിടാനും തുടങ്ങി, ഡോക്ടറെ ദൈവം അനുഗ്രഹിക്കും’

dr-surya
പുള്ളിക്കോഴി (ഇടത്ത്), കോഴിയുടെ ഉടമയുടെ വാട്സാപ് സന്ദേശം, ഡോ. സൂര്യ സുരേന്ദ്രൻ (വലത്ത്)
SHARE

താൻ കൂവിയാലെ നേരം പുലരുവോള്ളൂ എന്ന് അഹങ്കരിക്കുന്ന കോഴിയെകുറിച്ച് നാം കഥകളിൽ വായിക്കാറുണ്ടല്ലോ! കൂവി നേരം വെളുപ്പിക്കലും മുട്ടയിടലും പിന്നെ തീൻമേശയിൽ അണിഞ്ഞൊരുങ്ങി കിടക്കലുമൊക്കെയാണ് ഇവരുടെ പ്രധാന പരിപാടികൾ. ഒരു വീട്ടിലെ ഇവരുടെ റോൾ എന്തായിരിക്കും? ഇതൊക്കെ തന്നെ ആയിരിക്കും അല്ലെ? അങ്ങനെ ഉറപ്പിക്കാൻ വരട്ടെ... ഒരു ചെറിയ കഥ പറയാം..

കുറച്ച് നാളുകൾക്കു മുൻപ് അത്യാവശ്യം തിരക്കൊന്നും ഇല്ലാത്ത ആശുപത്രി സമയം. ഒരു ചേച്ചിയും അവരുടെ അനിയത്തിയും കയറിവന്നു. അവരുടെ കയ്യിൽ  ഗമയിൽ ഒരാളുകൂടെ ഉണ്ട്. അയാളാണ് കഥയിലെ നായിക. ഒരു പിടക്കോഴി. ആള് കൂട്ടിൽ നിന്ന് സർക്കസ് കാണിച്ചതാണ്, കമ്പിക്കുള്ളിൽ കുരുങ്ങി പണി കിട്ടി. ഞാൻ നോക്കിയപ്പോൾ തുടയെല്ല് പൊട്ടിയിരിക്കുന്നു. സാധാരണ ഇത്തരം അവസ്ഥകൾ ആശുപത്രി വരെ എത്താറില്ല. എത്തിയാലും പ്ലാസ്റ്റർ ഇട്ടാൽ ശരിയാവാനുള്ള സാധ്യത കുറവാണെന്നും സർജറി ചെയ്യേണ്ടി വരും എന്നും അറിയിക്കുമ്പോൾ ഒരു പാക്കറ്റ് മസാലപ്പൊടിയും വാങ്ങിച്ച് തിരിച്ച് കൊണ്ടുപോവാറാണ് പതിവ്. പിന്നീട് പല പേരുകളിൽ ഒരു പേരിട്ട് ആശാൻ തീൻമേശയിൽ എത്തുമായിരിക്കും. 

ഇവിടെ കഥ അൽപം മാറി, വീട്ടിലെ ഒരു അംഗത്തെ പോലെയാണ്, അകത്തൊന്നും കാഷ്ഠിച്ച് വൃത്തികേടാക്കില്ല, എപ്പൊ വിളിച്ചാലും ഓടിയെത്തും, ഒരു ശല്യവും ഇല്ല എന്നൊക്കെ പറഞ്ഞപ്പോഴെ ആൾക്ക് വീട്ടിലുള്ള ഹോൾഡ് മനസ്സിലായി. ഇവളെ എങ്ങനെയെങ്കിലും രക്ഷിക്കണം ഡോക്ടറേ പ്ലാസ്റ്റർ ഇട്ടുതന്നാമതി.. അനങ്ങാതെ എത്ര ദിവസം വേണമെങ്കിലും ഞങ്ങള് നോക്കിക്കോളാം എന്ന് പറഞ്ഞു. ശരി നോക്കാം എന്ന് ഞാനും.

ലഭ്യമായ കാര്യങ്ങൾവച്ച് ചെയ്ത് കൊടുക്കാം എന്നു തീരുമാനിച്ചു. ആവശ്യമായ സാധനങ്ങൾ വാങ്ങിക്കാൻ എഴുതികൊടുത്തു. ഞാനും അറ്റൻഡർ സഞ്ജീവ് ചേട്ടനും കൂടി പിവിസി കട്ട് ചെയ്ത് സൈഡ് സപ്പോർട്ട് ചെയ്യാൻ പാകത്തിന് ആക്കിവച്ചു. പ്ലാസ്റ്റർ ഇട്ട് കഴിഞ്ഞപ്പോഴേക്കും കോഴിടെ പകുതി ഭാരം അതിനു മാത്രം ആയിട്ടുണ്ടാവും. അതുംവച്ച് അതിനു നടക്കാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റില്ല. പക്ഷേ അവർ നോക്കിക്കോളാം എന്ന് ഉറപ്പിച്ച് പറഞ്ഞു. അങ്ങനെ പ്ലാസ്റ്റർ ഒക്കെ ഇട്ട് ആളെ അവരുടെ കൂടെ വിട്ടു.

കുറച്ചു നാള് കഴിഞ്ഞ് ചേച്ചിയും അനിയത്തിയും പിന്നെ പ്ലാസ്റ്റർ ഇട്ട കാലുമായി കോഴിയും കയറിവന്നു. ഇത്തവണ പ്ലാസ്റ്റർ അഴിക്കാനുള്ള വരവാണ്. എന്തായിക്കാണും എന്നൊരു ആകാംക്ഷ എനിക്കും ഉണ്ടായിരുന്നു. പ്ലാസ്റ്ററിൽ ഒരു ചെളി പോലും പറ്റിയിട്ടില്ല. ഇവിടുന്ന് പോയ അതേപോലെ തന്നെ ഇപ്പഴും ഉണ്ട്.. നന്നായിട്ട് നോക്കിയിട്ടുണ്ട് എന്നതിന് വേറെ തെളിവൊന്നും വേണ്ടല്ലോ. 

കക്ഷി അപ്പോഴേക്ക് നടക്കാൻ ഒക്കെ തുടങ്ങിയിട്ടുണ്ടായിരുന്നു. പ്ലാസ്റ്ററിന്റെ ഭാരം കാരണം കുറച്ച് ബുദ്ധിമുട്ടി ആണെങ്കിലും. പ്ലാസ്റ്റർ അഴിച്ചുനോക്കിയ ഞാനും അതിശയപ്പെട്ടു. പഴയതിലും ഉഷാറായി ആള്. പ്ലാസ്റ്റർ ഇട്ട കാലു കുറച്ച് ചട്ട് പോലെ തോന്നിയെങ്കിലും ആൾക്ക് അതൊരു വിഷയമായിട്ട് തോന്നിയതേ ഇല്ല. തിരിച്ച് പോവാൻ നേരം അവർ ഒരു പൊതി തന്നിട്ട് പോയി. നോക്കുമ്പോൾ നല്ല ചൂട് ഷവർമ. ഒരു കോഴി സുഖം പ്രാപിക്കുമ്പോൾ മറ്റൊരു കോഴി ബലിയാടാവണം എന്നു എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ ആവോ. 

എന്തായാലും അവർക്ക് സന്തോഷം കൂടെ എനിക്കും... കുറച്ച് നാള് കഴിഞ്ഞ് ഒരു വാട്സാപ് മെസ്സേജ് , ‘ഡോക്ടറേ നമ്മുടെ കോഴി നന്നായിട്ട് നടക്കുന്നുണ്ട് കേട്ടോ.. അവള് ഇപ്പൊ മുട്ടയിടാനും തുടങ്ങി, ഡോക്ടറെ ദൈവം അനുഗ്രഹിക്കും.’ 

എത്ര പവിത്രമായ ജോലി ആണല്ലേ? ആരുടെയൊക്കെയോ പ്ലേറ്റിലെ ചില്ലി ചിക്കനോ ചിക്കൻ കടായിയോ ഒക്കെ ആവേണ്ട ആളാണ്... ദേ ഇപ്പൊ മുട്ടയിട്ട് തുടങ്ങിയെന്ന്.... പൗലോ കൊയ്‌ലോ പണ്ട് പറഞ്ഞതുപോലെ നമ്മൾ ഒരു കാര്യം ആത്മാർഥമായി ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കും എന്ന്... ഇവിടെ എന്നെക്കാൾ ആഗ്രഹിച്ചത് ആ ചേച്ചിയും അനിയത്തിയും ആയിരിക്കും... ആ ആഗ്രഹത്തിന് ഈ ലോകവും ഞാനും കൂടെ ഒരു പാവം പിടക്കോഴിയും കൂടെ നിന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA