വില കുത്തനെ ഇടിഞ്ഞ് ഇറച്ചിക്കോഴി: കർഷകരെ കടക്കെണിയിലാക്കിയ നിങ്ങൾ എന്തു നേടി?

broiler-chicken-1
SHARE

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിനെ 35–40 രൂപ നിരക്കിൽ വാങ്ങി രണ്ടു കിലോ തൂക്കം ആകുന്നതു വരെ കിലോയ്ക്ക് ഏകദേശം 45 രൂപ വിലവരുന്ന ശരാശരി 3.2 കിലോ തീറ്റ നൽകി വളർത്തി വിൽക്കാറാകുമ്പോൾ കമ്പോള വില 70 രൂപയിലും താഴ്ന്നാൽ കോഴിക്കർഷകരെന്തു ചെയ്യും? 

ഇന്നു കോഴിക്കടകളിലെ ചില്ലറ വില 90–95 രൂപയാണ് കിലോയ്ക്ക്. ഫാമിൽനിന്ന് പിടിക്കുന്ന കോഴിക്ക് കർഷകനു ലഭിക്കുന്നത് ഏകദേശം 65–70 രൂപ. ഉൽപാദനച്ചെലവിനെക്കാളും കുറഞ്ഞ നിരക്കിൽ കർഷകർക്ക് കോഴിയെ വിൽക്കേണ്ടി വരുന്നതെന്തുകൊണ്ട്?

1) യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ അസത്യ ദൃശ്യങ്ങളും വിവരണങ്ങളുമായി ഈയടുത്ത് ഒരു ചാനൽ ഇറച്ചിക്കോഴിയെ അവതരിപ്പിച്ചത്, ആന്റിബയോട്ടിക്കും ഹോർമോണും നൽകിയാണ് വളർത്തുന്നത് എന്ന രീതിയിൽ. ഈ മേഖലയിലെ ശാസ്ത്രജ്ഞരും പരിചയസമ്പന്നരായ കർഷകരും കാര്യകാരണ സഹിതം ഇത്തരം ഹോർമോണോ ആന്റിബയോട്ടിക്കോ നൽകിയല്ല കോഴി വളരുന്നതെന്ന് പലകുറി പറഞ്ഞെങ്കിലും പ്രസ്തുത ചാനൽ തെറ്റായ വാർത്ത തിരുത്താൻ തയാറായില്ല. ചില ഉപഭോക്താക്കളെങ്കിലും ഈ തെറ്റായ വാർത്തയിൽ വീണു പോയെന്നത് വാസ്തവം. ഉപഭോക്താക്കൾ ശാസ്ത്രം പഠിച്ചിട്ടല്ലല്ലോ കോഴിയെ വാങ്ങുന്നത്. കർഷകനെ കടക്കെണിയിലാക്കിയപ്പോൾ മാധ്യമധർമ്മം മറന്ന എന്റെ സുഹൃത്ത് എന്തുനേടി?

2) ഈ വാർത്ത കണ്ട് ഹരം പിടിച്ച കാൻസർ വിദഗ്ധനായ ഡോക്ടർ, കാൻസർ രോഗികൾക്ക് തൽക്കാലം അവധി നൽകി, കോഴി വളർത്തൽ മേഖലയെക്കുറിച്ച് ആധികാരികമായി പ്രസ്താവനകളിറക്കി. ഇതും ചിലർ വിശ്വസിച്ചു. കാൻസർ വരുന്നത് കോഴിയിറച്ചി കഴിച്ചിട്ടാണെന്ന് അദ്ദേഹം സരസമായി അവതരിപ്പിച്ചു. ‘എന്റെ ഡോക്ടറേ ഈ മേഖലയിൽ ഒട്ടേറെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നിരന്തരം നടക്കുന്നുണ്ട്. അത്തരം ശാസ്ത്രജ്ഞരും മണ്ടന്മാരല്ല. മൃഗാരോഗ്യമേഖല ഒട്ടും തന്നെ പിറകിലല്ല. പക്ഷേ, നിങ്ങളെപ്പോലുള്ള ജനപ്രിയർ പറയുമ്പോൾ, ചിലരെങ്കിലും വിശ്വസിക്കും. ബഹുമാന്യനായ ഡോക്ടറേ കർഷകന്റെ നഷ്ടത്തിനും കണ്ണീരിനും നിങ്ങൾക്കും പങ്കുണ്ട്.’

3) ‘കാളപെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരും’ പരിശോധനാ സംവിധാനങ്ങളും 

വൃത്തഹീനമായ ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്ന് കേരളം മുഴുവനും ‘വാർത്താഭീകരത’ സൃഷ്ടിച്ച മാധ്യമങ്ങൾക്കും പരിശോധന സംവിധാനങ്ങൾക്കും കർഷകന്റെ കണ്ണീരിന്റെ ഒരു പങ്ക് അവകാശപ്പെട്ടതാണ്. ഇറച്ചിക്കോഴിയല്ല ഇതിനൊന്നും കാരണക്കാരെന്ന വസ്തുത മറക്കരുത്.

4) കേരളത്തിന്റെ ഏതെങ്കിലും ഭാഗത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്താൽ, കേരളം മുഴുവൻ കോഴിക്കു വില കുറയുന്ന പ്രതിഭാസം കുറെനാളായി കണ്ടു വരുന്നുണ്ട്. അങ്ങനെയും വില കുറഞ്ഞു.

കോഴിക്കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരുന്നിട്ടും സർക്കാർ സംവിധാനങ്ങൾ, യാഥാർഥ്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലുകൾ കാര്യക്ഷമമായി നടത്തിയില്ലെന്നത് ദുഃഖകരമായി അവശേഷിക്കുന്നു. മൃഗസംരക്ഷണ വകുപ്പു മന്ത്രി കർഷകർക്കായി ഇന്ന് പുറത്തുവിട്ട വിഡിയോ ഉപഭോക്താക്കളുടെ തെറ്റിദ്ധാരണ മാറ്റും എന്ന് പ്രതീക്ഷിക്കുന്നു. തൽക്കാലം കർഷകർ കെട്ടുതാലി പണയം വച്ച് കടം തീർക്കുക. ബാക്കി പിന്നാലെ നോക്കാം.

ഫോൺ: 94462 90897 (whatsapp only)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS