ADVERTISEMENT

പ്രഭാതം പൊട്ടിവിടർന്നത് എന്നത്തേയും പോലെ തന്നെ, വലിയ ശബ്ദങ്ങൾ ഒന്നുമില്ല. നേരെ തൊഴുത്തിലേക്ക്. കറവ ലക്ഷ്യമിട്ടു തൊഴുത്തിലേക്കെത്തുമ്പോഴേക്കും മീര ചാണകം മാറ്റി തെഴുത്തു വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. കറവ കഴിഞ്ഞാലുടൻ തീറ്റ കൊടുക്കും. താറാവുകൾക്കും കോഴികൾക്കും എല്ലാം മുകുന്ദയാണ് തീറ്റ കൊടുക്കാറ്. മണിത്താറാവിനു കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്. 4 പേരുണ്ട്. കഴിഞ്ഞ തവണ ഉണ്ടായതിനെ ഒക്കെ കാക്ക കൊണ്ടുപോയതുകൊണ്ട് ഇത്തവണ പഴുതടച്ച സെക്യൂരിറ്റി ആയിരുന്നു. കാക്കകൾ റാഞ്ചാൻ അവസരം കൊടുത്തില്ല. 

മുട്ട വിരിഞ്ഞ ഉടൻ അടച്ചുറപ്പുള്ള കോഴിക്കൂട്ടിലേക്കു മാറ്റി. നീന്താനായി ചെറിയ ഒരു ട്രേയിൽ വെള്ളം നിറച്ചു കൊടുത്തു. കഴിഞ്ഞ ദിവസം രാവിലെ പെട്ടെന്നൊരു ഭക്ഷ്യ വിഷബാധ. കുഞ്ഞുങ്ങൾ ഒന്നിനു പിറകെ ഒന്നായി പിടഞ്ഞു വീഴുന്നു. തല നേരെ നിൽക്കുന്നില്ല, മലർന്നു കിടക്കുകയും പിടയുകയും ഒക്കെ ചെയ്യുന്നു. എല്ലാം പൊടുന്നനെ. സിനിമകളിൽ കാണുന്ന accident casuality പോലെ കാര്യങ്ങൾ കൈവിട്ടു പോയോ എന്ന് തോന്നി.

35 ദിവസത്തോളം തീറ്റയും വെള്ളവുമില്ലാതെ തപസ്സിരുന്നാണ് ആ അമ്മ മുട്ട വിരിയിച്ചത്. കാര്യമായി ഭക്ഷണം കഴിക്കാതെയുള്ള കഠിന തപസ് ആയതുകൊണ്ടുതന്നെ തലയിലെ ചുവന്ന മണികൾ വിളറി മഞ്ഞ നിറമാകും. എപ്പോഴും ചിരിച്ച മുഖമാണ് മണിത്താറാവുകൾക്ക്. അവയുടെ കുണുങ്ങിക്കുണുങ്ങിയുള്ള തടത്തവും ശബ്ദവുമെല്ലാം പ്രത്യേകത നിറഞ്ഞതാണ്. കാണാനും ചന്തം.

hari-duck
കറവസമയത്തും പോക്കറ്റിൽ

ആലോചിക്കാൻ സമയമില്ല. ഇവിടെ മഹാലക്ഷ്മിയിൽ (നാടൻ പശുക്കളെ വളർത്തുന്ന എന്റെ ഫാമിന്റെ പേരാണ്) എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അത് എത്ര ചെറുതായാൽ പോലും... അതുകൊണ്ടുതന്നെ വിട്ടുകൊടുക്കാൻ മനസില്ല. 2 കുഞ്ഞുങ്ങളെ എടുത്ത് ഹോമിയോ മരുന്ന് കൊടുത്ത് മുകുന്ദയെ ഏൽപ്പിച്ചു. വിറയ്ക്കുന്നുണ്ട്, ചൂട് ആവശ്യമുണ്ടാകും. മടിയിൽ വച്ച് ചൂട് നൽകാൻ ആവശ്യപ്പെട്ടു. അവൾ അങ്ങനെ ചെയ്തുകൊണ്ടിരുന്ന സമയത്ത് മറ്റു രണ്ടുപേരെയും എടുത്ത് മരുന്നു കൊടുത്തു. ഒരെണ്ണത്തിന് അൽപം വെള്ളവും നൽകി. അപ്പോൾ പെട്ടെന്ന് കാഷ്ടം പോയ ഒരെണ്ണം ജീവിതത്തിലേക്കു തിരിച്ചുവരുന്ന സൂചനകൾ നൽകി. കാര്യങ്ങളുടെ ഗൗരവം മനസിലാകാതെ അമ്മത്താറാവ് വേണ്ട പരിചരണം കൊടുത്തില്ല. അതുകൊണ്ട് ഒരു കുഞ്ഞ് നിലത്തു കിടന്നു വിറയ്ക്കാനും തല തിരിഞ്ഞ് കിടക്കുകയും, ശ്വസിക്കുന്നതിനു ബുദ്ധിമുട്ടും കാണിക്കുന്നു. എടുത്ത് കച്ചിയിൽ ഒരു കുഴി ഉണ്ടാക്കി അതിൽ ഇരുത്തിയപ്പോൾ വലിയ കുഴപ്പമില്ല. പക്ഷേ, അപ്പോഴേക്കും മുകുന്ദയുടെ കൈയിലെ കുഞ്ഞുങ്ങൾ ചേതനയറ്റ് കഴിഞ്ഞിരുന്നു. 

ബാക്കിയുള്ളവരെ രക്ഷിച്ചേ മതിയാവൂ. ചൂട് കൊടുത്ത് നോക്കാം എന്ന് കരുതി പശുക്കൾക്ക് കഞ്ഞി വച്ചുകൊണ്ടിരുന്ന അടുപ്പിന്റെ മുൻപിൽ അൽപനേരം പൊതിഞ്ഞ് പിടിച്ചു. കണ്ണുകൾ തുറക്കുന്നുണ്ട്. ചെറിയ വ്യത്യാസം ഉണ്ട്. അപ്പൊ ചൂട് തന്നെ ആശ്രയം. അമ്മത്താറാവ് ഇരിക്കുന്നില്ല. അല്ലെങ്കിൽ മറ്റു വഴി നോക്കേണ്ടായിരുന്നു. നേരത്തെ പറഞ്ഞപോലെ കുരുട്ടു ബുദ്ധിക്ക് ഒരു കുറവുമില്ലല്ലോ.... ഒരു കങ്കാരു ടെക്‌നിക്‌ പ്രയോഗിച്ചു. നേരെ ട്രൗസറിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. മുൻപ്, പ്രസവിക്കാൻ ബുദ്ധിമുട്ടുള്ള പശു സഹകരിക്കാതെ വന്നപ്പോൾ കസേരയിൽ ഇരുത്തി പ്രസവമെടുത്ത ചരിത്രബുദ്ധി വിജയം കണ്ടതാണ് സുഭദ്ര എന്ന കുഞ്ഞിക്കിടാവ്.

hari-duck-1

അങ്ങനെ പോക്കറ്റിൽനിന്ന് അവൾ സ്വയം തല വെളിയിലെക്കിട്ട് സുഖമായി ഇരുന്നു. ഇടക്ക് പീക് പീക് ശബ്ദവും ഉണ്ടാക്കി തുടങ്ങി. എന്നാൽ അവിടെത്തന്നെ ഇരിക്കട്ടെ. സുഖമായി. മറ്റു പണികളിലേക്കു കടന്നു. തൊഴുത്തു കഴുകിയപ്പോഴും, പാൽ കറന്നപ്പോഴും, തീറ്റ കൊടുക്കുമ്പോഴും എല്ലാം അവൾ ഹാപ്പിയായി എന്റെ പോക്കറ്റിൽത്തന്നെ. ദ്രൗപതി പശുവിന് തീറ്റ കൊടുക്കാൻ ചെന്നപ്പോൾ അവൾ കുഞ്ഞിനെ ഒന്ന് നക്കുകയും ഒരു മുത്തം കൊടുക്കുകയും ചെയ്തു. അത്ഭുതം ആയി തോന്നി. എല്ലാം കഴിഞ്ഞു വീട്ടിലേക്ക് വന്നു പ്രഭാത ഭക്ഷണം കഴിക്കുമ്പോഴും അവൾ പോക്കറ്റിൽ തന്നെ. കുറച്ച് ഇഡലിയും അകത്താക്കി. തിരിച്ചുചെന്ന് അമ്മയുടെ അടുത്തേക്ക് വിട്ടപ്പോഴേക്കും മറ്റേ കുഞ്ഞും ആരോഗ്യം വീണ്ടെടുത്തിരുന്നു. രണ്ടു പേരും കൂടി ഓടി ചെന്ന് ട്രെയിലെ വെള്ളത്തിലേക്ക് ചാടിയപ്പോ ഒരു ദീർഘനിശ്വാസശ്വാസം. രണ്ട് ജീവനുകൾ അങ്ങനെ രക്ഷിക്കാനായി. അല്ലെങ്കിൽ ആ അമ്മ വീണ്ടും തനിച്ചായേനെ.

മണിത്താറാവുകൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com