ADVERTISEMENT

നായപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് ഹാച്ചിക്കോ. അളവറ്റ കൂറ് വെളിവാക്കും വിധം നീണ്ട 9 വർഷങ്ങള്‍ ഉടമയെ കാത്തിരുന്നതാണ് ഹാച്ചിക്കോ എന്ന നായയ്ക്കു ലോകമെമ്പാടുമുള്ള നായപ്രേമികളുടെ മനസ്സിൽ ഇടം നേടിക്കൊടുത്തത്. അകിറ്റ എന്ന ജാപ്പനീസ് ഇനത്തിൽപ്പെട്ടതായിരുന്നു ഹാച്ചിക്കോ. ഹാച്ചിക്കോയെ ലോകം ഓർക്കുമ്പോൾ ഒപ്പം ഓർമിക്കപ്പെടുന്നത് അകിറ്റ എന്ന ജനുസ്സു കൂടിയാണ്.

ഉത്തര ജപ്പാനിലെ മലനിരകളിൽ ഉരുത്തിരിഞ്ഞുവന്നതാണ് അകിറ്റ. ഇന്ന് പ്രധാനമായും 2 സ്ട്രെയിനുക ളിൽ ഇവ പ്രചാരത്തിലുണ്ട് – ശുദ്ധ ജനുസ്സായ ജാപ്പനീസ് സ്ട്രെയിനും സങ്കര ജനുസ്സായ അമേരിക്കൻ സ്ട്രെയിനും. 

അകിറ്റയെന്നു കേൾക്കുമ്പോൾത്തന്നെ പലരും നെറ്റി ചുളിക്കും. ഇത്ര തല്ലുകൊള്ളിയായ അപകടകാരിയായ മറ്റൊരു ഇനമില്ലെന്നു ഈ നായയെ അടുത്തറിയുന്നവർ പറയും. അതേ, പൂർണ ശ്രദ്ധ നൽകാൻ കഴിഞ്ഞില്ലെങ്കിൽ... കഴിയുന്നില്ലെങ്കിൽ... ഇവർ തനി സ്വഭാവം പുറത്തെടുക്കും. ഏതാനും വർഷങ്ങൾക്കു മുൻപ് പ്രജനന സമയത്ത് ഇണയെ ആക്രമിച്ചു കൊന്ന ചരിത്രവും അകിറ്റയ്ക്കുണ്ട്. അതുപക്ഷേ മറ്റെവിടെയുമല്ല, നമ്മുടെ കേരളത്തിൽത്തന്നെ. ഏറ്റവും അപകടകാരിയെന്ന് പറയപ്പെടുന്ന റോട്ട് വെയ്‌ലറിനേക്കാൾ ശക്തിയുണ്ട് ഇവയുടെ കടിക്ക്. 

Read also: രാത്രിയോളം നീണ്ട സിസേറിയൻ: കുട്ടിയെ കാണാനും നക്കിത്തുടയ്ക്കാനുമുള്ള ആവേശമായിരുന്നു ആ മിണ്ടാപ്രാണിക്ക്

കരടിയുടേതിനു സമാനമായ രൂപമാണ് അകിറ്റയുടെ സവിശേഷത. വെളുപ്പ്, ടാൻ, കറുപ്പ് നിറങ്ങളുടെ സ ങ്കലനം. കറുത്ത മുഖം. കാഴ്ചയിൽ ശാന്തരെന്നു തോന്നും. സുരക്ഷയ്ക്കും വേട്ടയ്ക്കും നായ്പ്പോരിനുംവേണ്ടിയാണ് ഇവയെ ആദ്യകാലങ്ങളിൽ വളർത്തിയിരുന്നത്. വന്യസ്വഭാവം ഇവയ്ക്ക് ജന്മനായുണ്ടെന്നതിനാൽ കെന്നലുകളിൽ വളർത്താൻ പ്രയാസമാണ്. എന്നാൽ, കേരളത്തിൽ ചില നായപ്രേമികളുടെ പക്കൽ ഇവ ‘നല്ല കുട്ടികളായി’ കഴിയുന്നുണ്ട്. അതിനു കാരണം അവരുടെ വളർത്തൽരീതിതന്നെ.

ആദ്യമായി നായ്ക്കളെ വളർത്തുന്നവർക്ക്  യോജ്യമായ ഇനമല്ലിത്. നായയ്ക്കുവേണ്ടി സമയം ചെലവഴിക്കാൻ കഴിയുന്നവർക്ക് ഇവയെ തിരഞ്ഞെടുക്കാം. ഒപ്പം ഇനത്തെക്കുറിച്ച് നല്ല അറിവും വേണം. പരിശീലനം നൽകലും പ്രധാനം. അങ്ങനെയെങ്കിൽ ബുദ്ധിയും മിടുക്കും കൂറുമുള്ള കംപാനിയൻ നായയെ ലഭിക്കും.

ചെറു പ്രായത്തിൽത്തന്നെ എല്ലാവരുമായി അടുത്തിടപഴകിച്ചു വളർത്തിയാൽ ഇവരുടെ വന്യസ്വഭാവം മാറ്റാൻ കഴിയുമെന്ന് അകിറ്റയെ വളർത്തുന്നവർ പറയുന്നു. കുടുംബാംഗങ്ങളോടും അയൽക്കാരോടും ഇടപഴകി ജീവിക്കുന്നവ പൊതുവെ ആക്രമണസ്വഭാവം കാണിക്കാറില്ലെന്ന് എറണാകുളം കടവന്ത്രയിലുള്ള യുവ എൻജിനീയർ ഡിറ്റോ ജോർജ്. ഇവയെ കെന്നലുകളിൽ വളർത്താൻ പല ബ്രീഡർമാരും മടിക്കുന്നത് പൊതുവെ ആക്രമണ സ്വഭാവംകൊണ്ടുതന്നെ. ചെറുപ്പം മുതൽ എല്ലാവരുമായി ഇടപഴകി ശീലിപ്പിച്ചതിനാല്‍ ഡിറ്റോയുടെ എമി എന്ന അകിറ്റ ഇനം നായ അയല്‍വീടുകളിലെ  കൊച്ചുകുട്ടികളുമായിപ്പോലും ചങ്ങാത്തത്തിലാണ്. എന്നാൽ, പരിചയമില്ലാത്ത മറ്റു നായ്ക്കളോട് തനി സ്വഭാവം കാണിക്കുകയും ചെയ്യും. ഓരോ നായയുടെയും സ്വഭാവം നിശ്ചയിക്കുന്നതു വളരുന്ന സാഹചര്യമാണെന്നു ഡിറ്റോ പറയുന്നു. എമിയുമായി പുറത്തുപോകാറുമുണ്ട്. ഡിറ്റോയ്ക്കൊപ്പമുള്ള നൈറ്റ് വാക്ക് എമിക്കും പെരുത്തിഷ്ടം.  

Read also: വിശ്വസിക്കണം, ഇത് സെന്റ് ബെർണാഡ് നായതന്നെയാണ്; ടൈഗർ എന്ന നായ്ക്കുട്ടിയുടെ കഥ പറയാം

കാത്തിരുന്നു, മരണംവരെ

ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ യുവേനോയുടെ വളർത്തുനായ ഹാച്ചിക്കോ 1923 നവംബർ 10നാണ് അദ്ദേഹത്തിനൊപ്പം കൂടിയത്.  തുടര്‍ന്ന്  അദ്ദേഹത്തിന്റെ സന്തതസഹചാരിയായി. ജോലിക്കു ശേഷം തിരികെയെത്തുന്ന പ്രഫസറെ കാത്ത് ഹാച്ചിക്കോ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകും. 1925 മേയ് 21ന് ജോലിസ്ഥലത്ത് യുവേനോ മരണപ്പെട്ടു. ഇക്കാര്യം അറിയാതെ ഹാച്ചിക്കോ റെയിൽവേ സ്റ്റേഷനിൽ തന്റെ യജമാനനെ കാത്തിരുന്നു, മരണം വരെ. 1935 മാർച്ച് 8ന്  ഹാച്ചിക്കോ തന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോകത്തോടു വിടപറഞ്ഞു. ഹാച്ചിക്കോയെക്കുറിച്ച് സിനിമകളും ഡോക്യുമെന്ററികളും ഇറങ്ങിയിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ ഹാച്ചി: ദ ഡോഗ്സ് ടേൽ എന്ന ചിത്രം ഒട്ടേറെപ്പേരുടെ മനസ്സുലച്ചു.

English summary: Akita Dog Breed Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com