സ്വന്തമായി വാഹനവും ലാപ്ടോപ്പും മൊബൈലുമൊക്കെയുണ്ട്. പക്ഷേ, സ്വന്തമായൊരു അരുമ വേണ്ടേ? ഏകാന്തതയുടെ അപാര തീരങ്ങളിൽ കൂട്ടാകാൻ അരുമകളെ തേടുന്നവരേറെ. പക്ഷേ, എല്ലാവർക്കും അത് സാധ്യമാകാറില്ല. സാമ്പത്തിക കാരണങ്ങളും ജോലിത്തിരക്കും കുടുംബത്തിലെ എതിർപ്പുമൊക്കെ അതിനു കാരണമാകാറുണ്ട്. ടു വീലറും ഫോർവീലറുമൊക്കെ വാങ്ങുന്നതുപോലെയല്ലല്ലോ നാൽക്കാലിയെയും ഇരുകാലിയെയുമൊക്കെ വാങ്ങുന്നതും പരിപാലിക്കുന്നതും. അവരുടെ ഇഷ്ടം നമ്മുടെ അനിഷ്ടമായാൽ പെട്ടതുതന്നെ. പരിപാലിക്കുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം അനാഥമാകുന്ന അരുമകളും കൂടുന്നതിനു കാരണം ഇത്തരം പൊരുത്തക്കേടുകള്‍തന്നെ.

ഉടമയും അരുമയും തമ്മിൽ ചേരുമോയെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. അതിനു വഴിയൊരുക്കുകയാണ് കാക്കനാട് റെയിൻ ഫോറസ്റ്റ് പെറ്റ് വെൽനെസ് സെന്ററില്‍ ജിതിനും സജുവും ഐശ്വര്യയും. ജിതിൻ ഐടി കമ്പനി ഉടമയും സജു ഐടി പ്രഫഷനലുമാണ്. കോളജ് അധ്യാപികയായിരുന്ന ഐശ്വര്യ ഇംഗ്ലിഷിൽ ഡോക്ടറേറ്റ് നേടിയയാളാണ്. നിറയെ ചെടികളും ജീവികളുമുള്ള റെയിൻ ഫോറസ്റ്റാണ് കാക്കനാട് പാർക്ക് റെസിഡൻസി ഹോട്ടലിനു സമീപം ഇവർക്കുള്ളത്. നാലു ചുമരുകൾക്കുള്ളിലെ ഈ റെയിൻ ഫോറസ്റ്റിൽ മൃഗങ്ങളെല്ലാം അരുമകളും ചെടികളെല്ലാം അകത്തളച്ചെടികളുമാണെന്നു മാത്രം. നായ്ക്കളുണ്ട്, പൂച്ചകളുണ്ട്, കിളികൾ, ഉരഗങ്ങൾ എന്നിവയൊക്കെയുണ്ട്. അരുമകളെ വളർത്താനാഗ്രഹിക്കുന്നവർക്ക് റെയിൻ ഫോറസ്റ്റിലെത്തി ഓരോന്നിനെയും അടുത്തറിയാം. താൽപര്യമുള്ള അരുമകള്‍ക്കൊപ്പം നിശ്ചിത സമയം ചെലവഴിച്ച് അവയുടെ സ്വഭാവ സവിശേഷതകൾ, പരിപാലനരീതി, തീറ്റക്രമം എന്നിവയൊക്കെ നേരിട്ടു കണ്ടുമനസ്സിലാക്കുന്ന പരിപാടിക്കു പെറ്റ് എക്സ്പീരിയൻസ് എന്നാണ് പേര്. വീട്ടിൽ അരുമകളെ വളർത്താൻ സാഹചര്യമില്ലാത്തവർക്ക് അൽപസമയം അവയുടെ കൂട്ടു നൽകുന്ന സന്തോഷം ആസ്വദിക്കാനും ഇത് അവസരമൊരുക്കുമെന്ന് ലക്ഷ്യമെന്ന് ഐശ്വര്യ പറഞ്ഞു. ബോർഡിങ്ങുകളിലും മറ്റും അടയ്ക്കപ്പെടുന്ന അരുമമൃഗങ്ങൾ മനുഷ്യരുടെ സഹവാസവും സ്പർശവുമൊക്കെ ആഗ്രഹിക്കുന്നുണ്ടെന്ന തിരിച്ചറിവു കൂടിയാണ് ഈ സംരംഭത്തിനു പ്രചോദനം. ആരെങ്കിലുമൊക്കെ കാണാനും താലോലിക്കാനുമുള്ളത് അവയുടെ മാനസികാരോഗ്യത്തിനു നല്ലതാണ്.

വിൽപന, ബോർഡിങ്, ഡേ കെയർ, ചികിത്സ, സ്റ്റേഷനറി, ഗ്രൂമിങ്, ട്രെയിനിങ് എന്നിങ്ങനെ അരുമകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുമുള്ള പെറ്റ് വെൽനെസ് സെന്ററാണിത്. പാലക്കാട് സ്വദേശികളായ ഐശ്വര്യക്കും ജിതിനും സ്വന്തമായി വലിയ പെറ്റ് ശേഖരമുണ്ട്. ബ്ലാക്ക് ജർമൻ ഷെപ്പേർഡ്, അമേരിക്കൻ ബുള്ളി എന്നിങ്ങനെ വിവിധ ഇനം നായ്ക്കൾ, നായ്ക്കുട്ടികൾ, പൂച്ചകൾ, പൂച്ചക്കുട്ടികൾ, മക്കാവ്, കൊക്കറ്റൂ, ആഫ്രിക്കൻ ഗ്രേ പാരറ്റ് എന്നിങ്ങനെ പലയിനം തത്തകളും കിളികളും, ബോൾ പൈത്തൺ, ഇഗ്വാന, ടർട്ടിൽസ് എന്നിങ്ങനെ പട്ടിക നീളുകയാണ്. ഈ ശേഖരം പരിപാലിക്കുന്നതിനൊപ്പം സംരംഭമാക്കി സാമ്പത്തിക സുസ്ഥിരത നേടുകയാണ് റെയിൻ ഫോറസ്റ്റിന്റെ ലക്ഷ്യം.

പെറ്റ് എക്സ്പീരിയൻസിനായി എല്ലാ പ്രായത്തിലുമുള്ളവര്‍ വരുന്നുണ്ടെന്ന് മാനേജർ ലിജോ. സ്കൂൾ കുട്ടികളാണ് ഏറെയും. എറണാകുളത്തെ പല സ്കൂളുകളും ജീവ ലോകത്തെ അടുത്തറിയാനായി വിദ്യാർഥികളെ കൊണ്ടുവരാറുണ്ട്. സ്കൂളുകൾക്കായി പ്രത്യേകം പാക്കേജ് ഉണ്ട്.

ഇത്തരം സംരംഭങ്ങള്‍ കൂടുതല്‍ ഉണ്ടാകണമെന്നാണ് ഈ സംരംഭകരുടെ അഭിപ്രായം. നിത്യജീവിതത്തിന്റെ സമ്മർദമകറ്റാൻ സഹായിക്കുന്ന സംരംഭം ഒട്ടേറെപ്പേർക്ക് ആശ്വാസവും പലർക്കും വരുമാനവുമായി മാറും. ഉപേക്ഷിക്കപ്പെടുന്ന അരുമകളുടെ എണ്ണം കുറയും. തെരുവുകളിൽ ലാബും ഡോബർമാനുമൊക്കെ അലഞ്ഞുതിരിയുന്ന അവസ്ഥയ്ക്ക് അറുതി വരും. പെറ്റ് ഇൻഡസ്ട്രിയിലെ ഏറ്റവും പുതിയ ട്രെൻഡുകളും ഉൽപന്നങ്ങളുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന ഇവിടെ അരുമകൾക്കൊപ്പം അകത്തളച്ചെടികളും ലഭ്യമാണ്.
ഫോൺ: 9447240000

English summary: Rainforest Pets & Plants in Kakkanad