തല വട്ടത്തിൽ ചുഴറ്റി, പ്രതിമ കണക്കെ നിന്ന് ആട്: കാരണം കണ്ടെത്തിയപ്പോൾ കരയണോ ചിരിക്കണോ എന്ന അവസ്ഥ

goat
SHARE

ഞാൻ ഉഴവൂർ ബ്ലോക്കിലെ രാത്രികാല അടിയന്തര സേവനത്തിലെ ഡോക്ടറാണ്. മൂന്നു ദിവസം മുൻപ് ഒരു രാത്രിയിൽ ഒരു കേസ് അറ്റൻഡ് ചെയ്യാനായി ആശുപത്രിയിൽനിന്ന് ഇറങ്ങുന്ന സമയത്താണ് തെയ്യാമ്മ എന്ന അമ്മ വിളിക്കുന്നത്. പള്ളിയിൽ പോകുന്നതിന് മുൻപ് ആടിന് പുല്ല് ഇട്ട് കൊടുത്തു പോയതാണ്. രാത്രി നോക്കുമ്പോൾ ആട് തല വടത്തിൽ തിരിക്കുകയാണ്. കരയുന്നുമുണ്ട്. പഴം കൊടുത്ത്, കൈതച്ചക്കയുടെ തൊലി കൊടുത്തു. അതൊക്കെ കഴിക്കുന്നുണ്ടെന്ന് ആ അമ്മ പറഞ്ഞു. ഒപ്പം, എനിക്കൊരു വീഡിയോയും അയച്ചു തന്നു.

രാത്രി 10 മണിയോട് കൂടി ഞാൻ അവിടെയെത്തി. ആടിനെ പരിശോധിച്ചു. പറഞ്ഞപോലെ തലയിട്ട് കുടയുന്നുണ്ട്. വായിൽനിന്ന് നുരയും പതയും വരുന്നുണ്ട്. പക്ഷേ ആടിനെ കൂട്ടിൽനിന്ന് മാറ്റിയില്ല. മനസ്സിൽ ആദ്യം വന്നത് PEM എന്ന രോഗത്തിന്റെ ലക്ഷണമാണ് (പെം രോഗത്തെക്കുറിച്ച് വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക). പക്ഷേ, വേറെ ലക്ഷണങ്ങൾ ഒന്നും തന്നെ യോജിക്കുന്നില്ല. എനിക്ക്, ആകെ കൺഫ്യൂഷൻ ആയി. ഉടൻതന്നെ പരിചയത്തിലുള്ള ഒരു സീനിയർ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു.  PEMന്റെ സ്റ്റാർട്ടിങ് സ്റ്റേജ് ആകും. നീ അതിന്റെ ട്രീറ്റ്മെന്റ് തുടങ്ങാൻ പറഞ്ഞു. ചികിത്സ നൽകി പിറ്റേന്ന് രാവിലെ തന്നെ എന്നെ വിളിച്ച് അപ്ഡേറ്റ് ചെയ്യണം എന്ന് ആടിന്റെ ഉടമയായ അമ്മയോട് നിർദേശിച്ച് ഞാൻ മടങ്ങി. 

പിറ്റേന്ന് ഉച്ചയോടു കൂടി തെയ്യാമ്മച്ചി എന്നെ വിളിച്ചു. ‘ഡോക്ടറേ, തലയുടെ പ്രശ്നം മാറി. ഇത്തിരി വെള്ളം കുടിച്ചു. പക്ഷേ, ഒരു സൈഡിൽ കൂടി വെള്ളം പോകുന്നുണ്ട്. പുല്ല് എടുത്ത് കടിച്ചു പിടിച്ചു ദൂരത്തേക്ക് നോക്കി അനങ്ങാതെ നിൽക്കുകയാണ്. ഇന്നും വരണം’ എന്നു പറഞ്ഞു. ട്രീറ്റ്മെന്റിനോട് റെസ്പോണ്ട് ചെയ്തെങ്കിലും ഈ പ്രത്യേക രീതിയിലുള്ള നിൽപ് എന്നെ അലട്ടുന്നുണ്ടായിരുന്നു. രണ്ടാമത്തെ ദിവസം, ഞാൻ എന്തായാലും വാ തുറന്ന് ഒന്നു പരിശോധിക്കാൻ തീരുമാനിച്ചു. ആട് ഒരു തരത്തിലും നിന്നു തരുന്നില്ലായിരുന്നു. ഞാൻ എങ്ങനെയൊക്കെയോ വായ തുറന്നു നോക്കി. ശ്വാസനാളം പരിശോധിച്ചു. പ്രത്യേകിച്ച് ഒന്നും കാണാൻ കഴിഞ്ഞില്ല. കുറച്ച് പെല്ലെറ്റ് തീറ്റ കഴിച്ചു. വയറ്റിൽ നിന്നും പോയി എന്ന് തെയ്യാമ്മച്ചി പറഞ്ഞു. അന്നും ചികിത്സ തുടർന്ന് ഞാൻ തിരിച്ചു പോയി. 

Read also: ആരാദ്യം പുറത്തേക്ക്? ഇരട്ടക്കുട്ടികളിലൊരാളുടെ ജീവൻ കവർന്ന ഗർഭപാത്രത്തിലെ മത്സരം

പിറ്റേന്നും അമ്മ എന്നെ വിളിച്ചു. ‘മോളേ പുല്ല് കഴിക്കുന്നില്ല. എന്റെ ആടിന് എന്തു പറ്റി എന്ന് പറഞ്ഞ് ഒരു കരച്ചിൽ’. ഞാനും ആകെ ധര്‍മസങ്കടത്തിലായി. ആടിന് പ്രത്യേകിച്ച് അസുഖമൊന്നും കാണിക്കുന്നില്ല. എന്താണ് പറ്റിയതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ വീണ്ടും എനിക്ക് പരിചയത്തിലുള്ള സീനിയർ ഡോക്ടറെ വിളിച്ചു. അൾസർ എന്തേലും ആയിരിക്കും. അതിന്റെ ട്രീറ്റ്മെന്റ് ചെയ്യൂ. ഒന്നൂടെ പരിശോധിക്കാൻ ഉപദേശിച്ചു. എന്തായാലും ഇന്നത്തോടെ ഇതിന് ഒരു പരിഹാരം കാണണമെന്ന് ഞാനും തീരുമാനിച്ചു. പതിവുപോലെ, അവിടെയെത്തി. ഇത്തവണ സഹായത്തിന് ഞാൻ എന്റെ ഓട്ടോക്കാരനെയും അറ്റൻഡറേയും വീട്ടുകാരെയും ഒക്കെ കൂട്ടി. തലേദിവസം ചെന്നപ്പോൾ ആട് ഒട്ടും സഹകരിക്കുന്നില്ലായിരുന്നു. അതുകൊണ്ടുതന്നെ അതു കണക്കാക്കി എല്ലാവരും കൂടി ചേർന്ന് ആടിനെ പിടിച്ചുനിർത്തിത്തന്നു. ഞാൻ വാ പൊളിച്ചു. നാക്ക് ഒരു വശത്തേക്ക് വലിച്ചു, ടോർച്ച് അടിച്ചോണ്ടിരുന്ന ഓട്ടോചേട്ടൻ വിളിച്ചു പറഞ്ഞു. ‘ദേ ഒരു പാറക്കല്ല്’. അത് നാക്കിന്റെ അടിയിൽ നിന്നും എടുക്കാൻ നന്നായി കഷ്ടപ്പെട്ടു. കഷ്ടപ്പെട്ട് അത് വലിച്ച് പുറത്തെടുത്തു. അപ്പോഴാണ് യഥാർഥ വില്ലന്റെ മുഖം മനസ്സിലായത്. ഒരു മാങ്ങാണ്ടി. പുല്ലിന്റെ ഉള്ളിൽ കിടന്നതായിരിക്കും. അതിന്റെ ഒരു സൈഡ് ‘V’ ആകൃതിയിലായിരുന്നു. അതുകൊണ്ടാണ് അവിടെ തന്നെ ഉറച്ചിരുന്നത്. ഞങ്ങൾ എല്ലാവരും കൂടി ഒരു കൂട്ടച്ചിരി. പക്ഷേ, ഇതൊന്നും വകവയ്ക്കാതെ ആട് അപ്പോഴേക്കും വെപ്രാളം കാട്ടി പാത്രത്തിൽ തലയിട്ടു നിർത്താതെ വെള്ളം കുടിക്കുകയാണ്. അവളുടെ പരാക്രമം കണ്ട് എനിക്ക് ചിരിയും സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ചു വന്നു. മൂന്നു ദിവസമായി ഒന്നും കഴിക്കാതെയും കുടിക്കാതെയും ഇരിക്കുന്ന ആടിന്റെ ആർത്തി കണ്ട് എല്ലാവരും കൂടി ചിരിച്ചു. തലേദിവസം ഒന്നൂടെ വിശദമായി പരിശോധിക്കേണ്ടതായിരുന്നു എന്ന് ചെറിയ കുറ്റബോധം പക്ഷേ തെയ്യാമ്മച്ചിയുടെ ചിരിയിൽ മാഞ്ഞുപോയി. ഒത്തിരി സന്തോഷം ഡോക്ടറേ എന്ന മനസ്സു നിറഞ്ഞുള്ള തെയ്യാമ്മച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ആ മിണ്ടാപ്രാണിക്ക് എന്നാൽ ആയത് ചെയ്യാൻ കഴിഞ്ഞതിലുള്ള ചാരുതാർഥ്യവും സ്നേഹവും ആദരവും ഒക്കെ തോന്നി. 

തന്റെ വിഷമം പറയാൻ കഴിയാത്ത ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് ആ ആടും. അതാണ് ഈ സർവീസിന്റെ പ്രത്യേകത. ചിലപ്പോൾ പീഡിയാട്രിക് ചിലപ്പോൾ ഗൈനക്കോളജിസ്റ്റ് മറ്റു ചിലപ്പോൾ ന്യൂട്രീഷനിസ്റ്റ് ആയി നിങ്ങൾ വർക്ക് ചെയ്യേണ്ടി വരുമെന്ന് കോളജിൽ പഠിപ്പിച്ചത് ഓർമ വന്നു. എന്തായാലും ഇതൊരു പാഠമാക്കി സന്തോഷത്തോടെ ഞാൻ അവിടെ നിന്നും പോന്നു. എന്നാലും എന്റെ മാങ്ങാണ്ടി.... നീ എന്നെ നന്നായിട്ട് ഒന്നു വെളളം കുടിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA