വ്യാജചികിത്സയോട് വിട്ടുവീഴ്ചയില്ല; ഉറച്ചനിലപാടുമായി ഐവിഎ; പരിശോധന നടത്തി വെറ്ററിനറി കൗൺസിൽ; മിണ്ടാപ്രാണികൾക്കും ചോദിക്കാനാളുണ്ട്

HIGHLIGHTS
  • സ്വന്തം രോഗമെന്തെന്നോ ആരോഗ്യപ്രശ്നങ്ങളെന്തെന്നോ മുന്നിലിരിക്കുന്ന ഡോക്ടറോട് പറയാൻ കഴിവില്ലാത്ത ഒരു മിണ്ടാപ്രാണിയെ ചികിത്സിച്ച് സുഖപ്പെടുത്തുകയെന്നത് കേവലം ഒരു ജോലി എന്നതിലുപരി മഹത്തരമായ ഒരുത്തരവാദിത്തമാണ്
illegal-veterinary-treatment
കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിനു ലഭിച്ച വ്യാജചികിത്സ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വെറ്ററിനറി കൗൺസിൽ രജിസ്ട്രാർ ഡോ. അജിലാസ്റ്റ്, കൊല്ലം ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.അനിൽകുമാർ, വെറ്ററിനറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ഡോ. ജെ.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വകാര്യ വെറ്ററിനറി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.
SHARE

സ്വന്തം രോഗമെന്തെന്നോ ആരോഗ്യപ്രശ്നങ്ങളെന്തെന്നോ മുന്നിലിരിക്കുന്ന ഡോക്ടറോട് പറയാൻ കഴിവില്ലാത്ത ഒരു മിണ്ടാപ്രാണിയെ ചികിത്സിച്ച് സുഖപ്പെടുത്തുകയെന്നത് കേവലം ഒരു ജോലി എന്നതിലുപരി മഹത്തരമായ ഒരുത്തരവാദിത്തമാണ്. അത്തരം ഒരു വലിയ ഉത്തരവാദിത്തം നിർവഹിക്കുന്ന പ്രഫഷനാണ് വെറ്ററിനറി സയൻസും വെറ്ററിനറി ഡോക്ടറും. തന്റെ മുന്നിലെത്തുന്ന മിണ്ടാപ്രാണിയുടെ ആരോഗ്യ, അനാരോഗ്യ വിവരങ്ങൾ സ്വയമന്വേഷിച്ച് കണ്ടെത്തി ചികിത്സ നിശ്ചയിച്ച് നൽകുകയും, ജിവിതത്തിലേക്കവയെ തിരികെ നടത്താൻ ഒരു നിമിത്തവുമായി തീരുക എന്നതാണ് വെറ്ററിനറി പ്രഫഷന്റെ സത്ത. സേവന സന്നദ്ധതയും ആത്മാർഥതയുമുള്ള വെറ്ററിനറി ഡോക്ടർമാരെ കർഷകരും അരുമമൃഗപരിപാലകരുമെല്ലാം ഹൃദയത്തിലൊരിടം നൽകി ആദരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. കർഷകരെ സംബന്ധിച്ചിടത്തോളം അവരുടെ ഉപജീവനോപാധിയുടെയും അരുമപരിപാലകരെ സംബന്ധിച്ച് അവരുടെ ജീവന്റെ ജീവനായ സ്വത്തിന്റെയും കാവൽക്കാരാണ് വെറ്ററിനറി ഡോക്ടർമാർ.

എന്നാൽ, മറ്റേത് ചികിത്സാമേഖലകളിലെന്നതു പോലെ വെറ്ററിനറി ചികിത്സാമേഖലയിലും ഇന്ന് വ്യാജചികിത്സകരുടെ കടന്നുകയറ്റമുണ്ട്. രോഗികൾ മിണ്ടാപ്രാണികളാണ്, അതിനാൽ രോഗമെന്തെന്നൊന്നും നിർണയിക്കാതെ ഏത് മരുന്ന് ഏത് അളവിൽ  കുത്തിവച്ച് പരീക്ഷണം നടത്തിയാലും അവ പ്രതികരിക്കുകയില്ലന്നതാണ് വ്യാജന്മാർക്ക് തുണയാവുന്നത്.  മരുന്ന് പരീക്ഷണം വിജയിച്ചാൽ ചക്ക വീണ് ഒരു തവണ മുയൽ ചത്ത കഥപോലെ വ്യജന്മാർക്ക് അത് നേട്ടമാവുന്നു. പരീക്ഷണം പാളിയാൽ അവർ സൗകര്യപൂർവം കൈമലർത്തുകയും ചെയ്യും.

ഈ മേഖലയുമായി ബന്ധപ്പെട്ട് കർഷകരുടെയും അരുമ പരിപാലകരുടെയും അജ്ഞതയും മൃഗചികിത്സാരംഗത്തെ കള്ളനാണയങ്ങൾ മുതലെടുക്കുന്നു. മിണ്ടാപ്രാണികളോടുള്ള കണ്ണില്ലാത്ത ഈ ക്രൂരതയാണ് അത്തരക്കാർ വരുമാനത്തിനുള്ള മാർഗമായി കണ്ടെത്തുന്നത്. എന്തിനേറെ മൃഗങ്ങളുടെ ക്ഷേമത്തിനായുള്ള  എസ്‌പിസിഎ ( Society for the Prevention of Cruelty to Animals) പോലുള്ള സന്നദ്ധസംഘടനകളിൽ പോലും ഇത്തരം വ്യാജന്മാർ കടന്നുകയറി ഡോക്ടർ എന്ന വ്യാജനെ ആൾമാറാട്ടം നടത്തി അനധികൃത ചികിത്സയിൽ ഏർപ്പെടുന്നുണ്ടെന്ന് പുതിയ ചില സംഭവങ്ങൾ സൂചിപ്പിക്കുന്നു. അത്തരം മൃഗക്ഷേമപ്രസ്ഥാനങ്ങളുടെ പേരും പെരുമയും യൂണിഫോമും എംബ്ലവുമെല്ലാം ഇത്തരക്കാർ വിദഗ്ധമായി തങ്ങൾ വെറ്ററിനറി ഡോക്ടർ ആണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും ഉപയോഗപ്പെടുത്തുന്നതായും കാണാം.

ഡോക്ടറില്ലാതെ വെറ്ററിനറി ഹോസ്പിറ്റൽ ഒപ്പം ചികിത്സയും; പ്രതികരിച്ചവർക്ക് ഭീഷണി; സംഭവം കൊട്ടാരക്കരയിൽ

ഒരു വെറ്ററിനറി ഡോക്ടർ പോലുമില്ലാതെ വെറ്ററിനറി ക്ലിനിക് എന്ന ബോർഡും വെച്ച് ഒരു സ്വകാര്യ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചത് ഈയിടെ കൊല്ലം കൊട്ടാരക്കരയിലാണ്. എന്തിനധികം സംസ്ഥാന ധനവകുപ്പ് മന്ത്രിയുടെ വീടിന് തൊട്ട് സമീപമായിരുന്നു ഈ വ്യാജക്ലിനിക് തുറന്നത്. ഉദ്ഘാടനം നടത്താൻ  ഉത്തരവാദിത്തപ്പെട്ട പദവികളിൽ ഇരിക്കുന്ന  ജനപ്രതിനിധികൾ പലരുമെത്തി. ഇവരെയെല്ലാം വിദഗ്ധമായി തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ഹോസ്പിറ്റൽ നടത്തിപ്പുകാർക്ക് കഴിഞ്ഞെന്ന് സംശയിക്കേണ്ടിവരും. എന്നാൽ വ്യാജചികിത്സ നടത്തിയതിന് നിലവിൽ കോടതിയിൽ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഈ സ്ഥാപനത്തിന്റെ ഉടമ എന്നത് വ്യക്തമായതോടെ ഇതിന്റെ പ്രവർത്തനങ്ങൾ ജാഗ്രതയോടെയാണ് വെറ്ററിനറി ഡോക്ടർമാർ നോക്കികണ്ടത്. വെറ്ററിനറി ഡോക്ടർമാരുടെ പ്രഫഷണൽ സംഘടനായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവിഎ) കേരള തുടക്കം മുതൽ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടുകയും വിഷയം സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തിരുന്നു.  

ചിലയിടത്ത് വ്യാജചികിത്സകർ, ചിലയിടത്ത് അശാസ്ത്രീയ ചികിത്സ: നാഥനില്ലാക്കളരിയായി കേരളത്തിലെ മൃഗസംരക്ഷണം

വെറ്ററിനറി ഡോക്ടർ എന്ന വ്യാജേന ഒളിഞ്ഞും തെളിഞ്ഞും ചിലർ സംസ്ഥാനത്ത് അനധികൃത മൃഗചികിത്സ നിയമവിരുദ്ധമായി നടത്തുന്നുണ്ടെങ്കിലും ഈ രീതിയിൽ ഒരു വ്യാജ ആശുപത്രി തന്നെ തുറന്ന് പരസ്യമായി വ്യാജമൃഗചികിത്സ നടത്തുന്നത് സംസ്ഥാനത്തെ തന്നെ ആദ്യ സംഭവമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് തുടർന്നുള്ള ദിവസങ്ങളിൽ സ്ഥാപനത്തിന്റെ പ്രവർത്തനം പല വഴികളിൽ നിരീക്ഷിച്ചതോടെ ഡോക്ടറുടെ സാന്നിധ്യമില്ലാതെയാണ് ഈ സ്ഥാപനം മുന്നോട്ട് പോവുന്നതെന്ന് പകൽ പോലെ വ്യക്തമായി. നിയമവിരുദ്ധമായ ഈ വ്യാജ ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങൾ ഗൂഗിൾ റിവ്യൂവിൽ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ച ചിലരോട് സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയതിന് സൈബർ സെല്ലിൽ കേസു നൽകുമെന്നായിരുന്നു ഉടമയുടെ ഭീഷണി.

എന്നാൽ, വെറ്ററിനറി ആതുര സേവനത്തെ ആകെ അപഹസിച്ചും  വെല്ലുവിളിച്ചുമുള്ള ഈ വ്യാജചികിത്സാസ്ഥാപനത്തോടോ വ്യാജചികിത്സയോടോ വിട്ടുവീഴ്ച ചെയ്യാൻ കേരളത്തിലെ വെറ്ററിനറി ഡോക്ടർമാർക്കോ ഇന്ത്യൻ വെറ്ററിനറി അസോസിയേഷനോ കഴിയുമായിരുന്നില്ല. ചോദിക്കാനും പറയാനും ആളില്ലാത്ത മിണ്ടാപ്രാണികളുടെ പക്ഷമായി അവർ മാറി. സ്ഥാപനത്തിന്റെ അനധികൃത പ്രവർത്തനത്തെ പറ്റിയുള്ള ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വിശദമായ പരാതികൾ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലും കൊല്ലം റൂറൽ പൊലീസ് സുപ്രണ്ടിന്റെ അടുത്തും സംസ്ഥാന വെറ്ററിനറി കൗൺസിലുമെല്ലാം എത്തി. നഗരസഭാധികൃതർ സ്ഥാപനത്തിന്റെ ലൈസൻസ് അപേക്ഷ പരിശോധിച്ചപ്പോൾ റജിസ്ട്രേഡ് വെറ്ററിനറി ഡോക്ടറോ ഫാർമസിസ്റ്റോ ഡ്രഗ് ലൈസൻസോ ഇല്ലാതെയാണ് പ്രവർത്തനം എന്ന് വ്യക്തമായി. കൊട്ടാരക്കര പൊലീസ് ഈ ക്ലിനിക്കിന്റെ പ്രവർത്തനങ്ങളെ പറ്റി അന്വേഷണവും ആരംഭിച്ചു. ഈ സ്ഥാപനം നടത്തുന്ന നിയമലംഘനം വ്യക്തമായ പോലീസ് സ്ഥാപനത്തിൽ നടത്തിവന്നിരുന്ന മൃഗചികിത്സ അവസാനിപ്പിക്കാനും ഹോസ്പിറ്റൽ എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സ്ഥാപിച്ച ബോർഡ് നീക്കം ചെയ്യാനും നടത്തിപ്പുകാർക്ക് കർശനനിർദ്ദേശം നൽകി. കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർമാനും സെക്രട്ടറിയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ നടത്തിയ ഇടപെടലുകൾക്ക് പൂർണ പിന്തുണയും നൽകി. നിയമത്തിന്റെ പിടിവീഴുമെന്ന് ഉറപ്പായതോടെ നിർദേശം അനുസരിക്കുകയല്ലാതെ വ്യാജന്മാർക്ക് വേറെ വഴിയില്ലായിരുന്നു.

വ്യാജചികിത്സയോട് വിട്ടുവീഴ്ചയില്ല, അനധികൃത മൃഗചികിത്സാകേന്ദ്രത്തിൽ വെറ്ററിനറി കൗൺസിൽ പരിശോധന

വെറ്ററിനറി ഡോക്ടർ ഇല്ലാതെ പ്രവർത്തിച്ച കൊല്ലം കൊട്ടാരക്കരയിലെ അനധികൃത മൃഗചികിത്സാ കേന്ദ്രത്തിൽ സംസ്ഥാന വെറ്ററിനറി കൗൺസിൽ പരിശോധന നടത്തിയത് ചൊവ്വാഴ്ചയായിരുന്നു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള നൽകിയ പരാതിയുടെ പുറത്തായിരുന്നു കൗൺസിൽ പരിശോധന. വെറ്ററിനറി കൗൺസിൽ സംസ്ഥാനത്ത് മൃഗചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും നിയമപരമായ അധികാരമുള്ള സ്ഥാപനമാണ്. സംസ്ഥാനത്ത് മൃഗചികിത്സ നടത്തണമെങ്കിൽ വെറ്ററിനറി ബിരുദവും വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷനും നിർബന്ധമാണ്. ഈ രണ്ടു കാര്യങ്ങളുമില്ലാതെ ചെയ്യുന്ന എല്ലാ ചികിത്സകളും വ്യാജവും നിയമത്തിനു മുൻപിൽ ശിക്ഷാർഹവുമാണ്. 

ഫ്രാൻസിലേക്ക് പറക്കാൻ കേരളത്തിലെ തെരുവുനായ; അരുമകൾക്ക് നല്ല ജീവിതം ലഭിച്ചെന്ന് ഹരി 

കൗൺസിലിന്റെ നേതൃത്വത്തിൽ ചില വ്യാജ ചികിത്സകർക്കെതിരെ നടത്തിയ ഇടപെടലുകളിൽ  ഇപ്പോൾ കോടതിയിൽ വിചാരണനടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. 

വെറ്ററിനറി കൗൺസിൽ രജിസ്ട്രാർ ഡോ. അജിലാസ്റ്റ്, കൊല്ലം ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്. അനിൽകുമാർ, വെറ്ററിനറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ഡോ. ജെ.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊട്ടാരക്കരയിലെ വിവാദ ക്ലിനിക്കിൽ പരിശോധന. പൊലീസ് അധികൃതരും ഒപ്പം ഉണ്ടായിരുന്നു. പാർലമെന്റ് പാസാക്കിയ ഇന്ത്യൻ വെറ്ററിനറി കൗൺസിൽ ആക്ട് 1984 നിഷ്കർഷിക്കുന്ന വിധമാണോ ഈ  ഹോസ്പിറ്റലിന്റെ പ്രവർത്തനം നടക്കുന്നത് എന്നതാണ് കൗൺസിൽ സംഘം പരിശോധിച്ചത്. റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാറിലേക്ക് കൈമാറും. വെറ്ററിനറി കൗൺസിൽ ആക്ട് പ്രകാരം മൃഗചികിത്സയോ സർജറിയോ വാക്സിനേഷനോ മരുന്ന് വിതരണമോ എന്തിന് മരുന്ന് കുറിക്കൽ പോലും നടത്തണമെങ്കിൽ മൃഗചികിത്സാകേന്ദ്രങ്ങളിൽ റജിസ്‌ട്രേഡ് വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടം അനിവാര്യമാണ്. ഏതായാലും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെയും പൊലീസിന്റെയും സംസ്ഥാന വെറ്ററിനറി കൗൺസിലിന്റെയും സമയോചിതമായ ഇടപെടൽ ഒരുപാട് മിണ്ടാപ്രാണികളുടെ ആയുസിനും ആരോഗ്യത്തിനും കരുതലായി എന്ന് ആശ്വസിക്കാം.

വ്യജന്മാർക്കെതിരെ ശക്തമായ നടപടികളുമായി സംസ്ഥാന വെറ്ററിനറി കൗൺസിൽ

സംസ്ഥാനത്ത് ഉടനീളം വ്യാജമൃഗചികിത്സക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ വെറ്ററിനറി കൗൺസിൽ ആക്ട് നിഷ്കർഷിക്കുന്ന പ്രകാരം നിയമനടപടികൾ കൈക്കൊള്ളുമെന്നും സംസ്ഥാന വെറ്ററിനറി കൗൺസിൽ. അനധികൃത ചികിത്സ നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും പൊതു സമൂഹം തിരിച്ചറിയണം. അത്തരം സ്ഥാപനങ്ങളിൽ തങ്ങളുടെ അരുമമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും അശാസ്ത്രീയമായി ചികിത്സിക്കുന്നത് സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും എന്ന് മാത്രമല്ല മൃഗങ്ങളുടെ ജീവനും അപകടത്തിലാക്കും. ഇത്തരം അനധികൃത സ്ഥാപനങ്ങൾ നിയമാനുസൃതം പ്രവർത്തിക്കുന്ന സ്വകാര്യമൃഗചികിത്സാ കേന്ദ്രങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. വ്യാജമൃഗചികിത്സ തടയാൻ പൊതുജനങ്ങളുടെ ജാഗ്രതയും അവബോധവും വേണമെന്നും സംസ്ഥാന വെറ്ററിനറി കൗൺസിൽ പത്രക്കുറിപ്പിൽ അറിയിച്ചു.

വ്യാജന്മാരെ തിരിച്ചറിയണം, മിണ്ടാപ്രാണികളെ വ്യാജന്മാർക്ക് മുന്നിലിട്ടുകൊടുക്കരുത്: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ

വ്യാജമൃഗചികിത്സകർക്കെതിരെ വളർത്തുമൃഗങ്ങളുടെ ഉടമകൾ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ. പൊതുജനങ്ങൾ സ്വാകാര്യ വെറ്ററിനറി ചികിത്സാകേന്ദ്രങ്ങളും മൃഗചികിത്സകരെയും തങ്ങളുടെ വളർത്തുമൃഗങ്ങളുമായി സമീപിക്കുമ്പോൾ അത്തരം സ്ഥാപനങ്ങളുടെയും ആളുകളുടെയും മൃഗചികിത്സയ്ക്കുള്ള യോഗ്യതകൾ എപ്പോഴും പരിശോധിച്ച് ഉറപ്പാക്കണമെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രസ്ഥാവനയിൽ അഭ്യർഥിച്ചു. കൊട്ടാരക്കരയിലെ സംഭവം അരുമകളുടെ ചികിത്സ മേഖലയിലുളള വ്യാജന്മാരെ പറ്റി പൊതുസമൂഹത്തിനുള്ള മുന്നറിയിപ്പാണ്. ഇത്തരം കള്ളനാണയങ്ങളെ നിയന്ത്രിക്കാൻ നിയമാനുസൃതനടപടികൾ ശക്തമാക്കണമെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

English summary: Veterinary Council inspection of illegal veterinary clinic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS