ADVERTISEMENT

കൊല്ലം പുനലൂരിൽ തെരുവുനായയുടെ കടിയേറ്റ കെട്ടിട നിർമാണത്തൊഴിലാളിയായ ഇടമണ്‍ വട്ടവിളവീട്ടിൽ അജീഷ് (37)  പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ വച്ചാണ് മരണപ്പെട്ടത്. 

പുനലൂരിൽ തന്നെ ഈ കഴിഞ്ഞ ആഴ്ചകളിൽ തെരുവ് നായ്ക്കൾ ബസ് സ്റ്റാൻഡിൽ കടന്ന് ഒട്ടേറെപ്പേരെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ വാർത്തകളാണ് ദിനംപ്രതി വരുന്നത്. മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നതോടു കൂടി ഇത്തരം വാർത്തകളെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിൽ വ്യാപകമായി തെരുവുനായ ശല്യം രൂക്ഷമാകുകയും മന്ത്രിതല ചർച്ച നടത്തുകയും ചെയ്തിരുന്നു.

കേരളത്തിലെ എല്ലാ വളർത്തു നായ്ക്കൾക്കും പേ വിഷപ്രതിരോധ കുത്തിവയ്പ്, എല്ലാ തെരുവുനായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ്പ്, ഘട്ടം ഘട്ടമായി എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കും, ആക്രമണകാരികളായവയെ പുനരധിവസിപ്പിക്കും, എല്ലാ മാസവും അവലോകന യോഗം തുടങ്ങിയ തീരുമാനങ്ങൾ മന്ത്രിതലത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചു. ഒന്നും തന്നെ നടന്നില്ല. എന്തുകൊണ്ടാണ് കേരളത്തിൽ ചർച്ച ചെയ്തെടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാകാതെ പോകുന്നത്?

Read also: പേവിഷബാധ മരണം തുടർക്കഥയാകുന്നു; ഭയക്കണം മാരകമായ വൈറസ് രോഗത്തെ 

സർക്കാരിന്റെ തന്നെ റിപ്പോർട്ട് അനുസരിച്ച് പട്ടികടിയേറ്റ് ചികിത്സ തേടിയെത്തുന്നവരില്‍ 60 ശതമാനം ആൾക്കാർക്കും വളർത്തു നായക്കളിൽനിന്നാണ് കടിയേറ്റത്. ഇത് സൂചിപ്പിക്കുന്നത് എല്ലാ വളർത്തു നായ്ക്കൾക്കും വാക്സീൻ നൽകി ലൈസൻസ് നൽകും എന്ന പ്രഖ്യാപനം പാളിപ്പോയി എന്നാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിൽ എത്ര ലൈസൻസ് നൽകി എന്നു പരിശോധിച്ചാൽ ഇതിന്റെ നിജസ്ഥിതി ബോധ്യമാകും. എന്തുകൊണ്ടാണ് ലൈസൻസ് നിർബന്ധമാക്കാൻ ആരും വലിയ താൽപര്യം കാണിക്കാത്തത്? കോവിഡ് കാലഘട്ടത്തിൽ കളിപ്പാട്ടം പോലെ കുട്ടികൾക്ക് വാങ്ങിക്കൊടുത്തു അരുമമൃഗങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? സർക്കാർ സംവിധാനങ്ങളെ മാത്രം കുറ്റം പറയാൻ കഴിയില്ല. ശരിയായ രീതിയിൽ പരിപാലിക്കാൻ കഴിയാത്തവർ, അരുമമൃഗങ്ങളെ വളർത്താൻ തുനിയരുത്. അത് മൃഗങ്ങളോടും സമൂഹത്തിനോടും ചെയ്യുന്ന ഒരു ദ്രോഹമാണ്. 

എവിടെയെങ്കിലും ഒരു പട്ടികടിയുടെ വാർത്ത വന്നാലുടൻ ജനപ്രതിനിധികളും ജനങ്ങളും ശബ്ദമുയർത്തും. ഉടൻ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും പ്രഖ്യാപനം വരും. ‘ഈ പഞ്ചായത്തിലെ എല്ലാ തെരുവുനായ്ക്കളെയും ‘ഉടന്‍’ വന്ധ്യംകരിക്കും.’ ഇതോടെ ജനരോഷമടങ്ങും. പ്രഖ്യാപനം പ്രഖ്യാപനത്തിലുമൊതുങ്ങും. 

Read also: പേവിഷബാധ പ്രതിരോധത്തിന്റെ പത്തു പാഠങ്ങൾ 

മൃഗക്ഷേമ ബോർഡിന്റെ മാർഗനിർദേശമനുസരിച്ചു മാത്രമേ വന്ധ്യംകരിക്കാൻ കഴിയൂ. അതിന് ശീതീകരിച്ച ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം വേണം. കേരളത്തിലെ ഒട്ടമിക്ക പഞ്ചായത്തുകളിലും ഈ സൗകര്യങ്ങളില്ല എന്നതാണ് വാസ്തവം. എയർ കണ്ടീഷൻ റൂമില്ലാത്ത സ്ഥലത്തുവച്ച് വന്ധ്യംകരണം നടത്തി എന്ന പേരിൽ മൃഗസ്നേഹി സംഘടനകൾ കോടതിയിൽ കേസ് കൊടുത്തത് കൊല്ലം ജില്ലയിലാണ്. അതോടെ നാമമാത്രമായെങ്കിലും ചെയ്തിരുന്ന വന്ധ്യംകരണം മുടങ്ങി. തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാൻ വന്ധ്യംകരണം കൊണ്ട് നടക്കില്ല. പെറ്റുപെരുകാതെ ഒരു നിശ്ചിത എണ്ണമായി പരിമിതപ്പെടുത്താനേ കഴിയൂ. അതും കുറഞ്ഞത് ഒരു പത്തു വർഷമെങ്കിലും മുടങ്ങാതെ ഈ പദ്ധതി നടപ്പിലാക്കണം. 

എങ്കിലും തെരുവിൽ പട്ടികൾ കാണും. ആ പട്ടികൾ കടിക്കുകയും ചെയ്യും. മാലിന്യ മുക്തവും, വലിച്ചെറിയല്‍ മുക്തവുമായി കേരളം മാറുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അപ്പോൾ തെരുവ് നായ്ക്കൾക്ക് എവിടെനിന്ന് എങ്ങനെ ഭക്ഷണം ലഭിക്കുമെന്നതാണ് മറ്റൊരു ചോദ്യം. 

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പുനരധിവസിപ്പിക്കുക എന്നതാണ് മറ്റൊരു മാർഗം. അതിനു വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. പക്ഷേ ചെലവേറിയതാണ്. മൃഗക്ഷേമ ബോർഡിന്റെ മാനദണ്ഡപ്രകാരം വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ നിശ്ചിത അളവിലുള്ള കൂടുകളിൽ വേണം പാർപ്പിക്കാൻ. 

തെരുവുനായയുമായി ബന്ധപ്പെട്ട പല നിയമങ്ങളും പരിശോധിച്ചാൽ, ഈ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കൾ ഒരിക്കലും തെരുവില്‍നിന്ന് മാറരുത് എന്ന രീതിയിലുള്ള നിയമങ്ങളാണെന്ന് തോന്നിപ്പോകും. ഓരോ വർഷവും പൊലിയുന്ന മനുഷ്യജീവനും ചികിത്സയ്ക്കും വാക്സീനുമായി ചെലവാകുന്ന കോടികളും കണക്കിലെടുത്തെങ്കിലും, സർക്കാർ അടിയന്തിരമായി ഇടപെട്ട് ഈ നിയമങ്ങളിലെ നടപ്പാക്കാൻ കഴിയാത്ത ഭാഗങ്ങൾ ഒഴിവാക്കണം. പേവിഷബാധയേറ്റ് മരണത്തോടു മല്ലിടുന്ന മനുഷ്യനെ നേരിട്ട് കാണുന്ന ഒരാളും ഈ നിയമങ്ങളെ അമിതമായി സ്നേഹിക്കാൻ നിൽക്കില്ല. ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് ഇതൊക്കെ പരിശോധിക്കണം അല്ലെങ്കിൽ ഒരു മുന്നറിയിപ്പെങ്കിലും കൊടുക്കണം. ‘തെരുവ് പട്ടിയുണ്ട്, അവനവൻ സൂക്ഷിക്കണം’ അത്തരത്തിലുള്ള ഒരു മുന്നറിയിപ്പാണ് ആരോഗ്യവകുപ്പിൽ നിന്നും ഇപ്പോൾ വരുന്നത്. 

സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കെതിരെ ചികിത്സ തേടിയെത്തുന്നവരിൽ 70 ശതമാനം ആൾക്കാരും ദാരിദ്യരേഖയ്ക്കു മുകളിലാണെന്നും അവർക്ക് ഇനിമുതൽ സൗജന്യ ചികിത്സ നൽകില്ലെന്നും, അന്തിമ തീരുമാനം എടുത്തിട്ടില്ല, ഉടനുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ ഗവ. ആശുപത്രികളിലുമായി പ്രതിദിനം 800 വയല്‍ പേവിഷ വാക്സീൻ ചെലവാകുന്നുണ്ട്. അടുത്ത കാലത്തായി ഇതിന്റെ ഉപയോഗം 150 ശതമാനം വർധിച്ചുവത്രെ. ഇത് സൂചിപ്പിക്കുന്നത് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്നു തന്നെയാണ്. ഒരു വയൽ വാക്സീന് 350 രൂപ ചെലവ് വരുമ്പോൾ, മാരകമായി കടിയേറ്റവർക്ക് നല്‍കേണ്ടി വരുന്ന ഇമ്യൂണോ ഗ്ലോബുലിന് 500 മുതൽ 12,000 രൂപ വരെ വിലയാകും. ബിപിഎൽ കാർഡുള്ളവർക്ക് മാത്രം ചികിത്സ സൗജന്യമാക്കിയാൽ ബാക്കിയുള്ളവർ മുകളിൽ പറഞ്ഞ നിരക്കിൽ ഫീസടയ്ക്കേണ്ടി വരും. 

ദാരിദ്ര്യ രേഖയ്ക്ക് മുകളിലെന്ന് സർക്കാർ നിർവചിക്കുന്നവരിൽ മഹാഭൂരിപക്ഷവും അന്നന്നത്തെ അന്നത്തിന് ബുദ്ധിമുട്ടുന്ന സാധാരണക്കാരാണ്. അവർക്ക് ഇനി വരാൻ പോകുന്ന തീരുമാനം ഇരുട്ടടിയാകും. റേഷൻ കാർഡിന്റെ നിറം നോക്കിയല്ലല്ലോ പട്ടി കടിക്കുന്നത്. 

മൃഗങ്ങളുടേയും മനുഷ്യരുടേയും ആവശ്യത്തിനായി വാങ്ങുന്ന വാക്സീന്റെ വില പ്രതിവർഷം കോടികൾ വരും. ഈ ‘കോടികൾ’ തന്നെയാണോ തെരുവ് നായ്ക്കളെ തെരുവിൽ തന്നെ നിലനിർത്തുന്നത്? അതെ ‘കേരളം ചർച്ച മാത്രം ചെയ്യും, ഒന്നും തന്നെ നടക്കില്ല’.

English summary: Another life lost due to rabies; Kerala will discuss, but not implement it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com