‘ബിവേർ, ഗാർഡ് റോട്ട്‌വീലർ ഓൺ ഡ്യൂട്ടി’; സൗകര്യങ്ങളെല്ലാമൊരുക്കി, മറന്നത് ഒറ്റക്കാര്യം, ഒടുവിൽ കാവൽക്കാരൻ റോട്ടിന് സംഭവിച്ചത്
Mail This Article
'ബീവേർ, ഗാർഡ് റോട്ട്‌വീലർ ഓൺ ഡ്യൂട്ടി'- 'ജാഗ്രതൈ, കാവൽക്കാരൻ റോട്ട്‌വീലർ ഡ്യൂട്ടിയിലാണ്.'
വീടിനു മുന്നിൽ ഗേറ്റിനോട് ചേർന്ന് ഇങ്ങനെയൊരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച വ്യക്തിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ നായയെ ചികിത്സിക്കാൻ പോയത് ഈയിടെയായിരുന്നു. ഗേറ്റിലെ മുന്നറിയിപ്പിൽ സൂചിപ്പിച്ച റോട്ട്‌വീലർ നായ തന്നെയായിരുന്നു അവിടെ രോഗി.
ഛർദ്ദിയും ദഹിച്ച, രക്തം കലര്‍ന്ന കഠിനമായ വയറിളക്കവുമെല്ലാം മൂർച്ഛിച്ച് തീർത്തും അവശനിലയിലിരുന്നു റോട്ട്‌വീലർ. ലക്ഷണങ്ങളിൽനിന്നു തന്നെ രോഗം നായ്ക്കളിലെ മാരകപകർച്ചവ്യാധിയായ പാർവോ വൈറൽ എന്ററൈറ്റിസ് ആണെന്ന് വ്യക്തം. കുഞ്ഞായിരിക്കെ വലിയ വില കൊടുത്ത് വാങ്ങിയ റോട്ട്‌വീലർ നായയ്ക്ക് വേണ്ടി മികച്ച കൂടും, സമയാസമയം തരാതരം പോലെ നല്ല മുന്തിയ ഭക്ഷണവും, സദാജാഗരൂകനായി വീട്ടിൽ റോട്ട്‌വീലർ നായയുണ്ടെന്ന് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാൻ ഗേറ്റിന് പുറത്ത് ബോർഡുമൊക്കെ സ്ഥാപിച്ചെങ്കിലും ഒറ്റക്കാര്യം സമയബന്ധിതമായി ചെയ്യാൻ ആ വീട്ടുകാർ മറന്നു, നായയ്ക്ക് സമയാസമയങ്ങളിൽ നൽകേണ്ട പാർവോ വൈറസ് പ്രതിരോധ കുത്തിവയ്പായിരുന്നു മറന്നത്. ശൗര്യവും വീര്യവുമുണ്ടായിരുന്ന ആറ് മാസം പ്രായം പിന്നിട്ട അവരുടെ റോട്ട്‌വീലർ നായയെ ഇപ്പോൾ ഒന്ന് തല പൊക്കാൻ പോലും കഴിയാത്ത വിധം തളർത്തിക്കളഞ്ഞതും തങ്ങളുടെ അരുമയ്ക്ക് പാർവോ കുത്തിവയ്പ് നൽകുന്നതിൽ അവർക്ക് വന്ന ഈ വീഴ്ച തന്നെ.
എത്ര ശക്തിയും ശൗര്യവുമുള്ള നായ ജനുസ്സാണെങ്കിലും പാർവോ എന്ന മാരകവൈറസിനോട് പിടിച്ചുനിൽക്കാൻ നായ്ക്കൾക്ക് ഒറ്റയ്ക്കാവില്ല. പാർവോ വൈറസിന്റെ പിടിയിൽ നിന്ന് കുതറിമാറണമെങ്കിൽ നായ്ക്കൾക്ക് പ്രതിരോധവാക്സിനേഷന്റെ കരുത്തും കരുതലും കൂടിയെ തീരൂ.
മഴയെത്തി, പാർവോയും: മൃഗാശുപത്രികൾ നിറഞ്ഞ് പാർവോരോഗികൾ
സംസ്ഥാനത്ത് മഴ കനത്തതോടെ മുൻ വർഷങ്ങളിലെന്നപോലെ ഇത്തവണയും മിക്കയിടങ്ങളിലും നായ്ക്കളിൽ പാർവോ രോഗം വ്യാപകമായി പടരുന്നുണ്ട്. ക്ഷീണം, വിശപ്പില്ലായ്മ, ഛർദ്ദി, ദഹിച്ച രക്തം കലര്‍ന്ന് കറുത്ത നിറത്തിൽ ദുര്‍ഗന്ധത്തോടു കൂടിയ മലം തുടങ്ങിയ പാർവോ സംശയിക്കാവുന്ന ലക്ഷണങ്ങളുമായി വെറ്ററിനറി ഹോസ്പിറ്റലുകളിൽ ദിനംപ്രതി എത്തിക്കുന്ന നായ്ക്കളുടെ എണ്ണവും കൂടുതലാണ്. ആറ് ആഴ്ച മുതല്‍ ആറു മാസം വരെ പ്രായമുള്ള നായ്ക്കുട്ടികളാണ് പാര്‍വോ വൈറസിന്റെ പ്രധാന ഇരകള്‍. എങ്കിലും പ്രതിരോധശേഷി കുറഞ്ഞതും വാക്സിനുകൾ കൃത്യമായി നൽകാത്തതുമായ ഏതു പ്രായത്തിലുള്ള നായ്ക്കളിലും രോഗമുണ്ടാക്കാനുള്ള ശേഷി ഈ വൈറസിനുണ്ട്. ഡോബര്‍മാന്‍, റോട്ട്‌വീലര്‍, പിറ്റ്ബുള്‍, ലാബ്രഡോര്‍ റിട്രീവര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ ഇനങ്ങള്‍ക്ക് പാര്‍വോ പിടിപെടാനുള്ള സാധ്യത പൊതുവെ ഉയര്‍ന്നതാണ്. ഇതിന്റെ ശാസ്ത്രീയ കാരണം ഇപ്പോഴും അവ്യക്തമാണ്.
മറക്കല്ലേ വാക്സിനേഷൻ; ഇതുവരെ എടുത്തില്ലെങ്കിൽ ഉടനെടുക്കുക
വാക്സിനേഷൻ വഴി ഫലപ്രദമായി തടയാൻ കഴിയുന്ന രോഗമാണ് പാർവോ വൈറൽ എന്ററൈറ്റിസ്. നായ്ക്കുഞ്ഞിന് ആറാഴ്ച പ്രായമാകുമ്പോൾ തന്നെ പാർവോ, ഡിസ്റ്റംബർ എന്നീ രണ്ടു രോഗങ്ങൾ തടയാൻ മാത്രമുള്ള പ്രത്യേക വാക്‌സീൻ നൽകുന്നത് അഭികാമ്യമാണ്. പ്രതിരോധ കുത്തിവയ്പുകൾ ഒന്നും യഥാവിധി നൽകാത്തതോ കുത്തിവയ്പുകൾ നൽകിയതായി ഉറപ്പില്ലാത്തതോ ആയ നായ്ക്കൾക്ക് ഉണ്ടാവുന്ന കുഞ്ഞുങ്ങളോ ഏതെങ്കിലും കാരണത്താൽ പ്രസവാനന്തരം മതിയായ അളവിൽ കന്നിപ്പാൽ ഉൾപ്പെടെ ലഭിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളോ ആണെങ്കിൽ തീർച്ചയായും ആറ് ആഴ്ച പ്രായത്തിൽ വാക്‌സീൻ നൽകണം.
പൊതുവിൽ നായ്ക്കുഞ്ഞിന് 6-8 ആഴ്ച പ്രായമെത്തുമ്പോള്‍ പാര്‍വോ രോഗമുള്‍പ്പെടെയുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരായ ആദ്യ മള്‍ട്ടി കംപോണന്റ് വാക്സീൻ നല്‍കണം. തുടര്‍ന്ന് 10-12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യമെടുത്ത വാക്സിനെ ഒന്നുകൂടി ഉത്തേജിപ്പിക്കാനായി ആദ്യമെടുത്ത അതേ വാക്സീൻ ബൂസ്റ്റര്‍ ഡോസ് നല്‍കണം. 14-16 ആഴ്ച പ്രായത്തിൽ വീണ്ടും ഒരു ബൂസ്റ്റർ കൂടെ നൽകുന്നത് അഭികാമ്യമാണ്.
പിന്നീട് വാക്സിന്റെ ബൂസ്റ്റർ കുത്തിവെയ്പ് ഒരു വര്‍ഷത്തിനു ശേഷം നല്‍കിയാല്‍ മതി. മിക്ക വാക്സീനുകളുടെയും പ്രതിരോധ കാലാവധി ഒരു വർഷമായതിനാൽ തുടർന്നുള്ള വർഷങ്ങളിൽ ഒരു തവണ വാക്സീൻ കുത്തിവയ്പ് ആവർത്തിക്കുകയും വേണം.
വാക്സീൻ നൽകുന്നതിന് ഒരാഴ്ചമുൻപ് നായ്ക്കളെ വിരയിളക്കേണ്ടതും പ്രധാനം. വാക്സിനേഷൻ സമയബന്ധിതമായി നൽകിയ നായ്ക്കളിൽ ഇനി ഏതെങ്കിലും സാഹചര്യത്തിൽ രോഗബാധയുണ്ടായാൽ തന്നെ പ്രശ്നം ഗുരുതരമാവില്ല. ശരിയായി ശീതികരിച്ച് സൂക്ഷിച്ച വാക്‌സീൻ വിശ്വാസയോഗ്യമായ സ്രോതസ്സിൽനിന്ന് മാത്രം വാങ്ങി ഉപയോഗിക്കണം. വാക്സീൻ ഉപയോഗരീതിയെ കുറിച്ച് മതിയായ പരിജ്ഞാനമില്ലാത്ത ആളുകളെയും വിൽപനക്കാരെയും വ്യാജചികിത്സകരെയും വാക്സീൻ എടുക്കാൻ ആശ്രയിക്കുന്നത് ഒഴിവാക്കണം.
മണ്ണിലും തൂണിലും തുരുമ്പിലും പാർവോ; വാക്സിനെടുക്കാത്ത നായ്ക്കൾക്ക് പ്രത്യേക ശ്രദ്ധ
രോഗാണുമലിനമായ പരിസരങ്ങളില്‍ ദീർഘനാൾ നിലനില്‍ക്കാൻ ശേഷിയുള്ളവയാണ് പാർവോ വൈറസുകൾ. അതുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ പൊതുകെന്നലുകളിൽ നിന്നും പെറ്റ് സ്റ്റോറുകളിലും നിന്നും മൃഗാശുപത്രിപരിസരങ്ങളിൽ നിന്നും തെരുവുനായ്ക്കൾ ഉള്ള സ്ഥലങ്ങളിൽ നിന്നുമെല്ലാം വൈറസ് പകരാൻ സാധ്യത കൂടുതലാണ്. നായ്ക്കളുടെ കളിപ്പാട്ടങ്ങള്‍, കഴുത്തിലണിയുന്ന ബെല്‍റ്റുകള്‍, ലീഷുകള്‍, കോളറുകള്‍, തീറ്റപ്പാത്രങ്ങള്‍, ഗ്രൂമിങ്ങ് ബ്രഷുകള്‍, ആശുപത്രി ടേബിളുകൾ തുടങ്ങിയവയെല്ലാം രോഗാണുമലിനമായാൽ വൈറസിന്റെ സ്രോതസ്സുകൾ ആയി മാറും. കണ്‍മുന്നില്‍പ്പെടുന്നതെന്തും രുചിച്ച് നോക്കാനും, മണത്തുനോക്കാനുമുള്ള നായ്ക്കളുടെ പ്രവണത രോഗപ്പകര്‍ച്ച എളുപ്പമാകും. ഈയൊരു സാഹചര്യം ഒഴിവാക്കാൻ പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ണ്ണമാകുന്നതു വരെ നായ്ക്കുഞ്ഞുങ്ങളെ പൊതു കെന്നലുകളിലും ഡേ കെയര്‍ ഹോമുകളിലും പാര്‍പ്പിക്കുന്നതും, മറ്റ് നായ്ക്കള്‍ക്കൊപ്പം ട്രെയിനിങ്ങിന് വിടുന്നതും പെറ്റ് സ്റ്റോറുകളിലും മറ്റും കൊണ്ടുപോകുന്നതും വെള്ളത്തിലും ചെളിയിലും കളിക്കാൻ വിടുന്നതും ഒഴിവാക്കുന്നതാണ് ഉചിതം.
മൃഗാശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പരിസരങ്ങളിൽ ചുറ്റിത്തിരിയാനും ടേബിളിലും തറയിലുമെല്ലാം നക്കാനും മണം പിടിക്കാനും വാക്സീൻ പൂർണ്ണമായും എടുത്തിട്ടില്ലാത്ത നായ്ക്കുഞ്ഞുങ്ങളെ ഒരു കാരണവശാലും അനുവദിക്കരുത്. പെറ്റ് ഷോപ്പിൽ നിന്നും മറ്റും ചെറിയ പ്രായത്തിലുള്ള വാക്സിനേഷൻ പൂർണമായും നൽകാത്ത നായ്ക്കുഞ്ഞുങ്ങളെ വാങ്ങുന്നത് തീർച്ചയായും ഒഴിവാക്കണം. നായ്ക്കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ വാക്സിനേഷനെ പറ്റി പ്രത്യേകം ചോദിക്കണം. വാക്‌സീൻ നൽകിയതാണോയെന്ന് കൃത്യമായി ഉറപ്പില്ലെങ്കിൽ പൂർണ വാക്സിനേഷൻ പൂർത്തിയാക്കി ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും കഴിഞ്ഞതിനു ശേഷം വാങ്ങുന്നതാണ് സുരക്ഷിതം.
പാർവോ രോഗം ബാധിച്ചാൽ
പാർവോ വൈറസുകള്‍ ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം നായ്ക്കൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. വിശപ്പില്ലായ്മ, പനി, ഛർദ്ദി, ക്ഷീണം, ശരീരതളര്‍ച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയില്‍ കിടയ്ക്കല്‍ എന്നിവയെല്ലാമാണ് പ്രാരംഭലക്ഷണങ്ങള്‍. ദുർഗന്ധമുള്ള ഛര്‍ദ്ദി, രക്തം കലർന്ന മലത്തോട് തുടർച്ചയായ വയറിളക്കം, ദഹിച്ച രക്തം കലര്‍ന്ന് കറുത്ത നിറത്തിൽ ദുര്‍ഗന്ധത്തോട് കൂടിയ മലം തുടങ്ങിയ ലക്ഷണങ്ങള്‍ തുടര്‍ന്ന് ഒന്നുരണ്ട് ദിവസത്തിനകം കാണും. രോഗാരംഭത്തില്‍ തന്നെ ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം ചെറുകുടലിലെ രക്തസ്രാവവും നിര്‍ജലീകരണവും പാര്‍ശ്വാണുബാധകളും മൂര്‍ച്ഛിച്ച് നായ്ക്കള്‍ രണ്ട്-മൂന്ന് ദിവസത്തിനകം മരണപ്പെടും. രോഗലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം. രോഗാരംഭത്തില്‍ തന്നെ വിദഗ്ധചികിത്സ ഉറപ്പുവരുത്തിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത 80 ശതമാനത്തിനു മുകളിലാണ്. എന്നാൽ ഒരാഴ്ചയിലധികം നീണ്ട് നില്‍ക്കുന്ന ചെലവേറിയ ചികിത്സ തന്നെ വൈറസുകളെ കീഴടക്കാന്‍ വേണ്ടതുണ്ട്. തീരെ ചെറിയ നായ്ക്കുട്ടികളില്‍ പാര്‍വോ രോഗാണു ആദ്യഘട്ടത്തില്‍ തന്നെ ഹൃദയപേശികളെ അതിഗുരുതരമായി ബാധിക്കുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനു മുമ്പുതന്നെ മരണം സംഭവിക്കാം.
English summary: Parvo in Dogs and Puppies