പശുക്കളിലെ അനാപ്ലാസ്മ പോലുള്ള രോഗങ്ങൾ തടയാനുള്ള ഏറ്റവും ഉത്തമ മാർഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്. പശുക്കളുടെ ശരീരത്തിന് പുറത്ത് നേരിട്ടും വെള്ളത്തിൽ ലയിപ്പിച്ചും പ്രയോഗിക്കാവുന്നതും ഉള്ളില്‍ ഗുളികരൂപത്തില്‍ നല്‍കാവുന്നതും തൊലിക്കിടയില്‍ കുത്തിവയ്ക്കാവുന്നതുമായ ബാഹ്യപരാദ നിയന്ത്രണ മരുന്നുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. സിന്തറ്റിക് പൈറന്തോയിഡ്, അമിട്രാസ്, ഐവര്‍മെക്ടിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട രാസസംയുക്തങ്ങള്‍ അടങ്ങിയതാണ് ഈ ബാഹ്യപരാദനാശിനികളില്‍ ഭൂരിഭാഗവും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രസ്തുത മരുന്നുകള്‍ കൃത്യമായ ഇടവേളകളില്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും ഉപയോഗിക്കുന്നതില്‍ ക്ഷീരകര്‍ഷകര്‍ ഒരു ഉപേക്ഷയും കാണിക്കരുത്. ഉദാഹരണത്തിന് 1% വീര്യമുള്ള ഫ്ലുമെത്രിൻ ലായനി പട്ടുണ്ണിനാശിനിയായി ഉപയോഗിക്കാം. ഒട്ടേറെ ബ്രാൻഡ് പേരുകളില്‍ ഈ മരുന്ന് ലഭ്യമാണ്. ഉരുവിന്റെ നട്ടെല്ലിന്റെ തുടക്കം മുതല്‍ വാലിന്റെ കടഭാഗം വരെ നട്ടെല്ലിന്റെ മുകളിലൂടെ ലേപനം പുരട്ടണം. കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. ആടുകളിലും ഇതേ രീതി പിൻതുടരാം. രണ്ടാഴ്ച കൂടുമ്പോൾ ഇതാവർത്തിക്കണം.
പോറോണോ അതുപോലെ പശുക്കളുടെയും ആടുകളുടെയും ദേഹത്ത് പുറട്ടുന്നതോ ഉള്ളിൽ നൽകുന്നതോ കുത്തിവയ്ക്കുന്നതോ ആയ മരുന്നുകൾക്കൊണ്ടു മാത്രം പരാദനിയന്ത്രണം സാധ്യമാകില്ല. തൊഴുത്തിലും പരിസരത്തും പരാദനിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുകയും വേണം. അതിനായി പശുക്കളുടെ ശരീരത്തില്‍ പ്രയോഗിച്ചതിന്റെ രണ്ട് ഇരട്ടി ഗാഢതയില്‍ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് തൊഴുത്തിലും പരിസരത്തും തളിക്കണം. വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാവുന്ന പട്ടുണ്ണിനാശിനി മരുന്നുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. തൊഴുത്തിന്റെ തറയുടെയും ഭിത്തിയുടെയും ചെറിയ സുഷിരങ്ങളിൽ പട്ടുണ്ണികൾ മുട്ടയിട്ട് പെരുകാൻ ഇടയുള്ളതിനാൽ ഇവിടെയെല്ലാം പട്ടുണ്ണിനാശിനികൾ തളിക്കാൻ വിട്ടുപോവരുത്. കാരണം പട്ടുണ്ണികളും പട്ടുണ്ണികളുടെ മുട്ടകളും അവ വിരിഞ്ഞിറങ്ങുന്ന ലാര്‍വകളും ഒളിച്ചിരിക്കുന്നത് ഇത്തരം സുഷിരങ്ങളിലാണ്. യാതൊരു ആഹാരവും കൂടാതെ 2 മുതല്‍ 7 മാസം വരെ ഇവിടെ സുഖസുഷുപ്തിയില്‍ കഴിയാന്‍, അനുകൂലാവസ്ഥയില്‍ പട്ടുണ്ണികളുടെ ലാര്‍വകള്‍ക്ക് സാധിക്കും. പിന്നീട് പുറത്തിറങ്ങി രക്തമൂറ്റുകയും ചെയ്യും. തൊഴുത്തിന്റെ ഭിത്തിയിലെ സുഷിരങ്ങളും വിള്ളലുകളും സിമന്റ് ചേര്‍ത്തടയ്ക്കാനും ശ്രദ്ധിക്കണം. ഒപ്പം ബാഹ്യപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ ചേര്‍ത്ത് തൊഴുത്തിന്റെ ഭിത്തികളില്‍ വെള്ള പൂശുകയും ചെയ്യാം.
ഒരേതരം പട്ടുണ്ണി നാശിനി തന്നെ സ്ഥിരമായി ഉപയോഗിക്കുന്നതിന് പകരം ഇടയ്ക്ക് മാറ്റി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പട്ടുണ്ണികള്‍ മരുന്നിനെതിരെ പ്രതിരോധശേഷിയാർജിക്കുന്നത് തടയാനാണിത്. തൊഴുത്തിന്റെ 2-21/2 മീറ്റര്‍ ചുറ്റളവില്‍ വളര്‍ന്നിരിക്കുന്ന പുല്ലും കളകളുമെല്ലാം നശിപ്പിച്ച് കളയണം. ഒപ്പം മതിയായ ജലവാര്‍ച്ച ഉറപ്പുവരുത്തി മെറ്റല്‍ വിരിക്കുകയും ചെയ്യാം. രക്തമൂറ്റിയ ശേഷം പശുക്കളുടെ ശരീരം വിട്ടിറങ്ങുന്ന പട്ടുണ്ണികള്‍ക്ക് മുട്ടയിട്ട് പെരുകുന്നതിനും ലാര്‍വകള്‍ വളര്‍ച്ച പ്രാപിക്കുന്നതിനും ഇത്തരം പാഴ്ച്ചെടികളും മറ്റും അനുകൂല സാഹചര്യം ഒരുക്കും. ഒറ്റത്തവണ 3000 ലധികം മുട്ടകളാണ് ഒരു പട്ടുണ്ണി മാത്രം പുറന്തള്ളുക. ഇത്രയും മുട്ടകള്‍ വിരിഞ്ഞ് രക്തമൂറ്റിക്കുടിക്കുകയും രോഗം പരത്തുകയും ചെയ്യുന്ന ലാര്‍വകള്‍ പുറത്തിറങ്ങിയാലുണ്ടാവുന്ന അപകടം ഊഹിക്കാമല്ലോ.
English summary: Poron External Parasite Treatment