ADVERTISEMENT

ആനക്കമ്പം, ആനപ്രേമം, ആനച്ചന്തം അങ്ങനെ ആനയോടുള്ള ആളുകളുടെ അഭിനിവേശത്തിന് വിളിപ്പേരുകൾ പലതുണ്ട്. 

ആന എവിടെയുണ്ടോ അവിടെ ആളുകൂടും, ചിലർക്ക് ആനയെ കണ്ടാൽ മാത്രം മതി, മറ്റു ചിലർക്ക് ഒന്നു തൊട്ടുനോക്കണം, ഒപ്പം നിന്നൊരു പടമെടുക്കണം അങ്ങനെ ആനയാഗ്രഹങ്ങൾ പലത്. നമ്മുടെ ആഘോഷങ്ങളിലും ആചാരത്തിലുമെല്ലാം ആനകൾക്ക് താക്കോൽസ്ഥാനമുണ്ട്.

എത്ര കണ്ടാലും അറിഞ്ഞാലും ആളുകൾക്ക്  ഒട്ടും മടുപ്പുവരാത്ത കൗതുകത്തിന്റെ കനൽ ആനയിലുണ്ട്. അരിക്കൊമ്പനും പടയപ്പയും തുടങ്ങി കാട്ടിലെ കരിവീരന്മാർ പലരും പലകുറി നാട്ടിലിറങ്ങി ആളപായത്തിന്റെ ചിന്നംവിളിച്ചെങ്കിലും നമ്മുടെ ആനയിഷ്ടം കുറയുന്നേയില്ല. നിരവധി പേരെ കൊമ്പിൽ കോർത്ത നാട്ടാനകൾക്ക് പോലും ഇഷ്ടക്കാർ ഏറെ. എന്തിനേറെ, അഴകും ആകാരവും കൊണ്ടും വീര്യം കൊണ്ടും ശൗര്യം കൊണ്ടും പേരുകേട്ട താരമൂല്യമുള്ള നാട്ടാനകൾക്കും കാട്ടാനകൾക്കും ആരാധകക്കൂട്ടവും ഫാൻസ് അസോസിയേഷനുകളും പ്രവർത്തിക്കുന്ന നാടാണിത്. സിനിമാതാരങ്ങൾക്ക് പിന്നാലെ ആരാധകർ എന്നത് പോലെ തങ്ങളുടെ പ്രിയപ്പെട്ട ആനയെവിടെയുണ്ടോ അവിടേക്ക് ആനപ്രേമികളൊഴുകും. 

elephant-1

കാഴ്ച കൊണ്ടും കൗതുകം കൊണ്ടും എന്നും മനുഷ്യന്റെ മനം കവർന്ന ആനകളുടെ അന്തർദേശീയദിനമാണിന്ന്. കാട്ടാനകളെ ഇല്ലാതാക്കുന്ന അനധികൃത വന്യജീവി വ്യാപാരത്തിന് അറുതികുറിക്കുക എന്നതാണ് ഈ വർഷത്തെ ആനദിനത്തിന്റെ പ്രമേയം. ആവാസവ്യവസ്ഥയുടെ നഷ്ടം, ആനക്കൊമ്പിനായുള്ള വേട്ടയാടൽ, മനുഷ്യ-ആന സംഘർഷങ്ങൾ തുടങ്ങി പലകാരണങ്ങളാൽ കാട്ടാനകളുടെയും നാട്ടാനകളുടെയും എണ്ണം കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാട്ടാനയെ കൊന്ന് കൊമ്പെടുത്ത ശേഷം കുഴിച്ചുമൂടിയ ദാരുണസംഭവമുണ്ടായത് ഈയിടെ തൃശൂർ വാഴക്കോട്ടായിരുന്നു. 

ഈയൊരു സാഹചര്യത്തിൽ നാട്ടാനകളുടെയും കാട്ടാനകളുടെയും മെച്ചപ്പെട്ട സംരക്ഷണപ്രവർത്തനങ്ങളുടെ ആവശ്യകത പൊതുശ്രദ്ധയിലെത്തിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. മൃഗക്ഷേമ സംഘടനകളുടെയും വനം- വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ആനദിനാചരണത്തിന്റെ ഭാഗമായി ലോകമെങ്ങും നടക്കുന്നത് .

ആനകൾക്കായി മൾട്ടി സ്പെഷൽറ്റി ആശുപത്രി പരിഗണനയിലെന്ന് മന്ത്രി

സംസ്ഥാനത്ത് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് ആനദിനത്തിന്റെ ഭാഗമായി നടക്കുന്നത്. ആനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് പുത്തൻകുളം കാവേരി ആനത്താവളത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നാട്ടാനകൾക്കായി കേരളത്തിൽ 

മൾട്ടിസ്പെഷൽറ്റി ആശുപത്രിയും സുഖചികിത്സാ കേന്ദ്രവും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. നാട്ടാനകളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ 600ൽ നിന്ന് 416 ആയി കുറഞ്ഞ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. നാട്ടാനകൾക്ക് ക്ലേശവും ജോലി ഭാരവും കൂടുതലാണ്. നല്ല പ്രായമെത്തുന്നതിനു മുമ്പേ മിക്ക ആനകളും മരണപ്പെടുകയാണ്. ആനകളുടെ ഉടമസ്ഥാവകാശത്തിലും പ്രശ്നങ്ങളുണ്ട്. പകുതിയോളം ആനകളുടെയും ഉടമസ്ഥാവകാശം ഇനിയും നൽകിയിട്ടില്ല. 

ഇതുമൂലം ആനകൾ മരിക്കുമ്പോഴും കൊമ്പുമുറിക്കുമ്പോഴും അമിത ചെലവുണ്ടാകാൻ കാരണമാകുന്നു. പുതിയ നാട്ടാന പരിപാലനചട്ടങ്ങൾ നിലവിൽ വരുമ്പോൾ ഇതിനു മാറ്റമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ആനയൂട്ടും ആനനീരാട്ടും നടന്നു. 

ആനകളുടെ സ്വഭാവസവിശേഷതകളും നാട്ടാനപരിപാലനചട്ടങ്ങളും  പരിചയപ്പെടുത്താനുള്ള സെമിനാറുകൾ പരിപാടിയുടെ ഭാഗമായി നടക്കും. 

elephant-2

ആനയെ കൂടുതലറിയാൻ വെറ്ററിനറി ഡോക്ടർമാർ ഗുരുവായൂരിലേക്ക്

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഓഗസ്റ്റ് 13 മുതൽ 15 വരെ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ ഗജചികിത്സ എന്ന വിഷയത്തിൽ ത്രിദിന പഠന, പ്രായോഗികപരീശീലന പരിപാടി സംഘടിപ്പിക്കും. വെറ്ററിനറി ഡോക്ടർമാർക്കായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ഈ തുടർവിദ്യാഭ്യാസ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 ഡോക്ടർമാർ പങ്കെടുക്കും. ഗുരുവായൂർ ദേവസ്വം ബോർഡിന്റെയും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ കീഴിലുള്ള ആന പഠന കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആനകളുടെ ചികിത്സയെയും ശാസ്ത്രീയ പരിപാലനത്തെയും സമഗ്രമായി പരിചയപ്പെടുത്തുന്ന വിപുലമായ ഇത്തരം ഒരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് സംഘടിപ്പിക്കുന്നത്. 

ആന ചികിത്സയുമായി ബന്ധപ്പെട്ട നൂതനാശയങ്ങളും ഈ മേഖലയിലെ നവീനരീതികളും ഡോക്ടർമാരെ പരിചയപ്പെടുത്താനും പുതുതലമുറ ആന ചികിത്സകരെ വാർത്തെടുക്കാനുമാണ് പരിപാടി ലക്ഷ്യംവയ്ക്കുന്നത്. പുന്നത്തൂർ കോട്ടയിലെ 40 ആനകളെ പഠനത്തിനും പ്രായോഗിക പരിശീലനം നൽകുന്നതിനുമായി പ്രയോജനപ്പെടുത്തും. ഒരു ആനയ്ക്കൊപ്പം ഒരു വെറ്ററിനറി ഡോക്ടർ ഒരു ദിവസം ചെലവഴിക്കുന്ന രീതിയിലാണ് പഠനപരിശീലന പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. പ്രമുഖ ആനചികിത്സാ വിദഗ്ധൻ ഡോ. പി.ബി.ഗിരിദാസാണ് പരിശീലന പരിപാടിയുടെ ഡയറക്ടർ. ആഗോള തലത്തിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷകയും വൈൽഡ് സ്പിരിറ്റ് ഫണ്ട് എന്ന പരിസ്ഥിതി സംഘടനയുടെ  സഹസ്ഥാപകയും ദക്ഷിണാഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വെറ്ററിനറി ഡോക്ടറുമായ ഫാബിയോള ക്യുസാഡ, ആനകളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പരിരക്ഷണ പ്രവർത്തനങ്ങളിലും ഗവേഷണത്തിലും അന്താരാഷ്ട്ര പ്രശസ്തയായ മിഷേൽ സിഡ്‌ലോവ്‌സ്‌കി, ഏഷ്യയുടെ ആന മനുഷ്യൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന പത്മശ്രീ ജേതാവുകൂടിയായ ഡോ.കെ.കെ.ശർമ, വൈൽഡ് ലൈഫ് ഹെൽത്ത് മാനേജ്‌മെന്റിൽ വിദഗ്ധനും വിവിധ സംസ്ഥാനങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷമേഖലകളിൽ നിരവധി റെസ്ക്യൂ ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഡോ. പരാഗ് നിഗം, ഡോ. അരുൺ സക്കറിയ, സംസ്ഥാനത്തെ തലമുതിർന്ന ആന ചികിത്സാ വിദഗ്ധൻ 

ഡോ. ജേക്കബ് വി ചീരൻ, വെറ്ററിനറി സർവകലാശാലയുടെ സംരഭകത്വ വിഭാഗം തലവനും പ്രമുഖ ആനചികിത്സകനുമായ ഡോ. ടി.എസ്. രാജീവ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിദഗ്ധർ പരിപാടിയിൽ പരിശീലകരായെത്തും.

English summary: World Elephant Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com