ADVERTISEMENT

അലങ്കാരമത്സ്യങ്ങളുടെ ലോകത്തെ പുതിയ അതിഥിയാണ് അലങ്കാരച്ചെമ്മീനുകൾ (colour shrimps). ഭക്ഷ്യയോഗ്യമായ ചെമ്മീൻ ഓരുവെള്ളത്തിലും ഉപ്പുവെള്ളത്തിലുമാണു വളരുന്നതെങ്കിൽ അരുമച്ചെമ്മീനുകളെ ശുദ്ധജലത്തിൽ വളർത്താം. ഒന്നര ഇഞ്ചിന് അപ്പുറത്തേക്കു വലുപ്പം വയ്ക്കാത്ത അലങ്കാരച്ചെമ്മീനുകൾക്ക് ഈയിടെയാണ് നമ്മുടെ അക്വേറിയങ്ങളിൽ ഇടം കിട്ടിയത്, ഗപ്പിയും ടെട്രയും ഫൈറ്ററും പോലെ അത്യുൽസാഹത്തോടെ നീന്തിപ്പായാനല്ല, മറിച്ച്, അക്വേറിയത്തിന്റെ അടിത്തട്ടിൽ ജലസസ്യങ്ങൾക്കിടയിൽ ശാന്തമായി കഴിയാനാണ് ഇവര്‍ക്കിഷ്ടം.  

മനോഹരമായ നിറഭേദങ്ങളുമായി ആരാധകരെ നേടുന്ന അരുമച്ചെമ്മീനുകളുടെ വിപുലമായ ശേഖരമുണ്ട് പാലക്കാട് സ്വദേശി റസിയയുടെ പക്കല്‍. ആകസ്മികമായി അലങ്കാരമത്സ്യക്കൃഷിയിലെത്തിയ റസിയ ഇന്ന് ഈ സംരംഭത്തിലൂടെ മികച്ച വരുമാനം നേടുന്നുമുണ്ട്. 

shrimp-2

പാലക്കാട് നഗരാതിർത്തിയിൽ പതുപ്പരിയാരം താണിക്കാട്ടിൽ വീട്ടിൽ എം.റസിയ എന്ന വീട്ടമ്മയുടെ മുറ്റം നിറയെയുണ്ട് അലങ്കാരമത്സ്യങ്ങൾ വളരുന്ന ടാങ്കുകൾ. 5 വർഷം മുൻപ് മകൻ സാഹിൽ വഴിയാണ് റസിയ ഈ രംഗത്തെത്തുന്നത്. കുട്ടിക്കാലം മുതൽ അലങ്കാരമത്സ്യങ്ങളെ അരുമയായി പോറ്റിയ സാഹിൽ ഉപരി പഠനത്തിനു ചേർന്നതോടെ അവയെ അമ്മയെ ഏൽപിച്ചു. വീട്ടുകാര്യങ്ങൾ കഴിഞ്ഞ് ഇഷ്ടം പോലെ സമയമുള്ളതിനാൽ മത്സ്യക്കൃഷി ഗൗരവമായെടുക്കാമെന്ന് റസിയയും നിശ്ചയിച്ചു. ബിസിനസുകാരനായ ഭർത്താവു ജബ്ബാറും വിദ്യാർഥിയായ സാഹിലും എന്തിനും പിന്തുണയുമായി വന്നതോടെ കൗതുകച്ചെമ്മീൻ ആദായച്ചെമ്മീനായി വളർന്നു. സംസ്ഥാനത്തെ വിവിധ പെറ്റ് ഷോപ്പുകളിലിന്ന് റസിയയുടെ കളർ ചെമ്മീനുകൾ എത്തുന്നുണ്ട്.

നല്ല മത്സരമുള്ള മേഖലയാണ് അലങ്കാരമത്സ്യങ്ങളുടേത്. അതുകൊണ്ടുതന്നെ സംരംഭത്തിൽ എന്തു പുതുമയാകാം എന്നാണ് ആദ്യം അലോചിച്ചതെന്നു റസിയ. അലങ്കാരച്ചെമ്മീനുകളെക്കുറിച്ചു കേട്ടതോടെ അവയുടെ നിറഭേദങ്ങൾ തേടി വിവിധ ഫാമുകളിലേക്കു യാത്ര തുടങ്ങി. ക്രിസ്റ്റൽ ബ്ലാക്ക്, ക്രിസ്റ്റൽ റെഡ്, ഫയർ റെഡ്, ബ്ലഡി മേരി, ജേഡ് ഗ്രീൻ, സകുറ ഓറഞ്ച്, ഓറഞ്ച് റിലി, റെഡ് റിലി, ഡ്രീം ബ്ലൂ, ഗോൾഡൻ ബാക് യെല്ലോ, ഇലക്ട്രിക് ബ്ലൂ, ചോക്കോ ബ്ലാക്ക്, അമാനോ എന്നിങ്ങനെ 21 വ്യത്യസ്ത നിറങ്ങളിലുള്ള ചെമ്മീനുകൾ നിലവിൽ റസിയയുടെ ശേഖരത്തിലുണ്ട്. മിക്കതും അപൂർവ നിറങ്ങളാൽ അത്യാകർഷകവുമാണ്. മാത്രമല്ല, അക്വേറിയത്തിലെ ജൈവാവശിഷ്ടങ്ങൾ തിന്ന് ടാങ്ക് വൃത്തിയായി വയ്ക്കാനും ഈ ചെമ്മീനുകൾ ഉപകരിക്കുമെന്നു റസിയ.

shrimp-3

പരിപാലനം എളുപ്പം

കൂട്ടമായി പാർക്കാൻ ഇഷ്ടപ്പെടുന്ന ഇവയെ ബേസിനിലോ സിമന്റ് ടാങ്കിലോ ഒക്കെ പരിപാലിക്കാം. വേഗം പെറ്റുപെരുകുകയും ചെയ്യും. 20–25 ദിവസത്തെ ഇടവേളകളിൽ തോടു പൊഴിക്കും. അലങ്കാരച്ചെമ്മീനുകളിൽ ആണുങ്ങൾക്ക് ആകർഷകത്വമില്ല. ഭംഗി പെണ്ണുങ്ങൾക്കുതന്നെ. വർണഭംഗിയും വലുപ്പവുമുള്ളവയാണ് പെൺചെമ്മീനുകളെങ്കിൽ വിളറിയ നിറവും നീണ്ടു മെലിഞ്ഞ ശരീരവുമാണ് ആൺമത്സ്യങ്ങളുടേത്. പിറന്നു വീഴുന്ന മത്സ്യക്കുഞ്ഞുങ്ങൾ ഒറ്റനോട്ടത്തിൽ കാണാൻപോലും കഴിയാത്തത്ര ചെറുതാണ്. അതുകൊണ്ടുതന്നെ അക്വേറിയത്തിലെ വെള്ളം മാറ്റുന്ന സന്ദർഭങ്ങളിൽ അവ നഷ്ടപ്പെടാതെ നോക്കണം. കൃത്രിമത്തീറ്റയില്ലെങ്കിലും ഇവയ്ക്കു പ്രശ്നമില്ല. ചീര–മുരിങ്ങ–മൾബറി ഇലകളൊക്കെ ആഹാരമാക്കും. മുകൾത്തട്ടിൽ വന്ന് തീറ്റയെടുക്കുന്ന സ്വഭാവവുമില്ല. അതുകൊണ്ടുതന്നെ ഇലകൾ വാട്ടിയുടച്ചു നൽകേണ്ടി വരും. എങ്കിലേ ടാങ്കിന്റെ അടിത്തട്ടിലേക്കു താഴ്ന്നു ചെല്ലൂ. ഇലകളുടെ കൂട്ടത്തി ൽ ഏറ്റവും നന്നായി തോന്നിയത് ബദാം ഇലയെന്നു റസിയ. ഒരു ദിവസം വെള്ളത്തിലിട്ടു കറ കളഞ്ഞ ശേഷം ചൂടുവെള്ളത്തിൽ വാട്ടി ഇവ കുഞ്ഞുമത്സ്യങ്ങൾക്കു തീറ്റയായി നൽകാം. സംരംഭം എന്ന നിലയിൽ പരിപാലിക്കുമ്പോൾ വളർച്ചനിരക്ക് കൂട്ടാനായി കൃത്രിമത്തീറ്റ നൽകേണ്ടിവരും. അതും, വെള്ളത്തിൽ താഴ്ന്നു കിടക്കുന്നവതന്നെ നല്‍കണം. 

shrimp-4

ക്രേ ഫിഷ്

അലങ്കാരച്ചെമ്മീന്‍പോലെ ക്രേ ഫിഷും ഇന്നു സംസ്ഥാനവിപണിയിലുണ്ട്. വലുപ്പത്തിലും രൂപത്തിലും ഒട്ടൊക്കെ കൊഞ്ചിനു സമാനമെങ്കിലും കടൽ–ആറ്റു കൊഞ്ചിൽനിന്നു വ്യത്യസ്തമായി ശുദ്ധജല മത്സ്യമാണ് അരുമ ഗണത്തിലേക്കു വന്ന ക്രേ ഫിഷ്. റെഡ്, ബ്ലൂ, ഓറഞ്ച്, വൈറ്റ് തുടങ്ങി 8 വ്യത്യസ്ത ക്രേ ഫിഷ് ഇനങ്ങള്‍  റസിയയുടെ പക്കലുണ്ട്.  സംരംഭത്തിന് പാലക്കാട് ജില്ലാ ഫിഷറീസ് വകുപ്പിന്റെ വലിയ പിന്തുണയുണ്ടെന്ന് റസിയ. അതുകൊണ്ടുതന്നെ ഫിഷറീസ് വകുപ്പു നടപ്പാക്കുന്ന പിഎംഎംഎസ്‌വൈ ചെറുകിട അലങ്കാരമത്സ്യക്കൃഷി പദ്ധതിയിലൂടെ 8 ലക്ഷം രൂപ ചെലവിട്ട് സംരംഭം വിപുലമാക്കുകയാണ് റസിയ ഇപ്പോൾ. ദിനംപ്രതി പുതുമകൾ നിറയുന്ന ഈ രംഗത്തു കൂടുതൽ സംരംഭകർക്ക്, വിശേഷിച്ചും വീട്ടമ്മമാർക്ക്, ഒട്ടേറെ അവസരങ്ങളുണ്ടെന്നും റസിയ പറയുന്നു.

ഫോൺ: 99951 69373

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com