ADVERTISEMENT

ലോകത്ത് ഏറ്റവുമധികം ഉപഭോഗമുള്ള മാംസങ്ങളിലൊന്നാണ് പോർക്ക് അഥവാ പന്നിയിറച്ചി. ഏതാനും വർഷങ്ങൾക്കു മുൻപുവരെ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന പോർക്കിനെ പിൻതള്ളി ചിക്കൻ മുൻപിൽ വന്നെങ്കിലും പോർക്കിന്റെ ഡിമാൻഡിനും പ്രിയത്തിനും കുറവുണ്ടായിട്ടില്ല. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് പോർക്കിന്റെ ഉപഭോഗം കൂടുതലുള്ളത്. കേരളത്തിൽത്തന്നെ ഉപഭോഗത്തിന് അനുസരിച്ചുള്ള പന്നിവളർത്തൽ ഇവിടെ നടക്കുന്നില്ലെന്നുള്ളത് വസ്തുതയാണ്. അതേസമയം, ആഫ്രിക്കൻ പന്നിപ്പനി വരുത്തിയ പ്രതിസന്ധിയും പന്നിവളർത്തൽ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

pig-farming-1

ഏതാനും നാളുകളായി പന്നി വളർത്തൽ മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ആഫ്രിക്കൻ പന്നിപ്പനി മൂലം ഫാമുകൾ നിന്നുപോയതും ഇതര സംസ്ഥാനങ്ങളിലെ പന്നികൾക്ക് വില ഉയർന്നതും ഇവിടെ പന്നിവളർത്തൽ മേഖലയിൽ ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്. പന്നിയിറച്ചിക്ക് 400 രൂപ വില വന്നതും ജീവനോടെയുള്ള പന്നിക്ക് കിലോയ്ക്ക് 200 രൂപ വരെ വില വന്നതും കർഷകർക്ക് ഈ മേഖലയിൽ പുതിയ പ്രതീക്ഷകൾ നൽകുന്നു. അതുകൊണ്ടുതന്നെ ഇറച്ചിക്കെന്നപോലെ കുഞ്ഞുങ്ങൾക്കും വില ഉയർന്നു. 

ഈ സാഹചര്യത്തിൽ ശാസ്ത്രീയ പന്നിവളർത്തൽ രീതി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. മൃഗസംരക്ഷണ മേഖലയിലെ ഏതു വിഭാഗത്തിന്റെയും ഉൽപാദനക്ഷമത അടിസ്ഥാനപരമായി ജനിതക ഗുണം, തീറ്റ, പാർപ്പിടം, ആസൂത്രണം എന്നിങ്ങനെ നാലു കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുക. ഉൽപാദനക്ഷമതയുടെ 40–50 ശതമാനം ആസൂത്രണത്തെ ഭാഗമായാണ് ലഭിക്കുക. അതുകൊണ്ടുതന്നെ മികച്ച ഇനം ഉണ്ടായിട്ടോ നല്ല തീറ്റ നൽകിയതുകൊണ്ടോ നല്ല പാർപ്പിടം ഒരുക്കിയതുകൊണ്ടോ ഉൽപാദനക്ഷമത ഉയരില്ല.

1. ജനിതക ഗുണം

ഏത് ഇനമാണു വളർത്താൻ അനുയോജ്യം എന്നു ചിന്തിക്കുന്നതിലും നല്ലത് നമ്മുടെ ആവശ്യം അനുസരിച്ച് ജനിതകമായി എങ്ങനെ കൊണ്ടുവരാം എന്നാണ് ചിന്തിക്കേണ്ടത്. പന്നിക്കർഷകനെ സംബന്ധിച്ചിടത്തോളം കുറഞ്ഞ സമയംകൊണ്ട് ഒരു പന്നിയിൽനിന്ന് പരമാവധി കുട്ടികളെ ഉൽപാദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരു വർഷത്തിൽ 30 പന്നികളെ ഇറച്ചിക്കായി ഒരു പന്നിയിൽനിന്ന് ഉൽപാദിപ്പിക്കാൻ കഴിയണം. ചുരുക്കത്തിൽ ഒരു പ്രസവത്തിൽ ശരാശരി 15 കുഞ്ഞുങ്ങളെ ലഭിക്കണം. അതുപോലെ വർഷം 2.3–2.4 പ്രസവം ലഭിക്കുക എന്നതും പ്രധാനമാണ്. ഈ രീതിയിലേക്ക് എത്താൻ എന്തൊക്കെ ചെയ്യണം?

കൂടുതൽ കുട്ടികൾ ജനിക്കണം, വേഗത്തിൽ ഗർഭംധരിക്കണം, തള്ളയ്ക്ക് പാലുണ്ടാകണം, കുട്ടികളെ പെട്ടെന്ന് അമ്മയിൽനിന്ന് മാറ്റാൻ കഴിയണം, കുട്ടികളുടെ തൂക്കം കൂടുതലായിരിക്കണം... ഇത്തരത്തിൽ പലതും ചേർന്നിട്ടുള്ള ഒരു റസൽട്ട് ആയിരിക്കണം ഒരു ബ്രീഡർ ഫാമിൽ ഉണ്ടാകേണ്ടത്. 

pig-farming-2

കുറഞ്ഞ തീറ്റയിൽ പെട്ടെന്ന് വളരുക എന്നതായിരിക്കണം ഇറച്ചിക്കായി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്. അതായത് തീറ്റ പരിവർത്തനശേഷി മികച്ചതാവുക. ഒപ്പം കുറഞ്ഞ കാലംകൊണ്ട് ഇറച്ചിപ്പന്നിയായി മാറുക. ഇത് മാർക്കറ്റിൽ വിൽക്കുമ്പോൾ മികച്ച വില ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾക്ക് താൽപര്യമുള്ള രീതിയിലുള്ള ഇറച്ചിയായിരിക്കണം നൽകേണ്ടത്. ആരോഗ്യത്തിൽ ഏറെ ശ്രദ്ധിക്കുന്നവരാണ് ഉപഭോക്താക്കൾ എന്നതുകൊണ്ടുതന്നെ കൊഴുപ്പു കുറഞ്ഞ മാംസം വിപണിയിൽ എത്തിക്കുക എന്നതായിരിക്കണം ഓരോ കർഷകന്റെയും ദൗത്യം. 

കൊഴുപ്പു കൂടുതലുള്ള പന്നികൾക്ക് കൊഴുപ്പു കൂടുതലുള്ള കുട്ടികളായിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ നീളം കൂടിയും കൊഴുപ്പു കുറഞ്ഞതുമായ പന്നികളെയായിരിക്കണം വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. പന്നിയിറച്ചിയെ സംബന്ധിച്ചിടത്തോളം ഒരു നേട്ടമെന്നു പറയുന്നത് ഇറച്ചിക്കു പുറത്താണ് അതിന്റെ കൊഴുപ്പ് എന്നതാണ്. മട്ടനിലും ബീഫിലും കൊഴുപ്പ് ഇറച്ചിക്കുള്ളിലാണ്. അതുകൊണ്ടുതന്നെ കൊഴുപ്പ് നീക്കം ചെയ്താൽ കോഴിയിറച്ചിക്കു സമമെന്നു പറയാം. കൊഴുപ്പു കുറഞ്ഞ പന്നിയാണെങ്കിൽ ഉള്ളിറച്ചി കൂടുതലായിരിക്കും. അതിനാൽ അത്തരം മേന്മകളുള്ള മാതൃ–പിതൃ പന്നികളെ തിരഞ്ഞെടുക്കണം. 

കുട്ടികളെ ഉൽപാദിപ്പിക്കുന്ന കഴിവ് ജനിതകമായി കൈമാറ്റം ചെയ്യപ്പെടാറില്ല. അതേസമയം, ശരീരഘടനയുമായി ബന്ധപ്പെട്ടിട്ടുള്ള ശരീര നീളം, കുറഞ്ഞ കൊഴുപ്പ്, കൂടുതൽ ഉള്ളിറച്ചി എന്നിവയെല്ലാം ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ നല്ല അച്ഛനെയും അമ്മയെയും തിരഞ്ഞെടുത്തുകഴിഞ്ഞാൽ ഇറച്ചിയുടെ ഗുണമേന്മ മെച്ചപ്പെടുത്താൻ കഴിയും. അതുപോലെ ഒരു പരിധിവരെ വളർച്ചനിരക്കും തീറ്റ പരിവർത്തനശേഷിയും ഈ സെലക്ഷനിലൂടെ കൈമാറ്റം ചെയ്ത് ലഭിക്കും. 

എല്ലാ ഗുണമേന്മയും ഒരുപോലെ ഒരു ഇനത്തിൽ ലഭിക്കില്ല എന്നതിനാൽ ആവശ്യമായ എല്ലാ ഗുണങ്ങളും സംയോജിപ്പിക്കാൻ വർഗസങ്കരണത്തിലൂടെ കഴിയും. മൂന്നോ അതിലധികമോ ഇനങ്ങളുടെ സങ്കര ഇനങ്ങളാണ് ഇന്ന് വ്യാപകമായി ഈ മേഖലയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ലാർജ് വൈറ്റ് യോർക്‌ഷെയർ, ലാൻഡ്‌റേസ്, ഡ്യുറോക് എന്നീ ഇനങ്ങളെ സംയോജിപ്പിച്ച് ത്രീ വേ ക്രോസിങ്ങ് എന്ന രീതിയിലാണ് കുട്ടികളെ ഉൽപാദിപ്പിക്കുക. ലാർജ് വൈറ്റ് യോർക്‌ഷെയർ, ലാൻഡ്‌റേസ് എന്നി ഇനങ്ങളെ തമ്മിൽ ക്രോസ് ചെയിത് ജനിക്കുന്ന പെൺകുട്ടികളെ ഡ്യുറോക്കുമായി ക്രോസ് ചെയ്ത് ജനിക്കുന്ന കുട്ടികളെ ഇറച്ചിപ്പന്നിയായി വളർത്തുന്ന രീതിയാണ് ത്രീ വേ ക്രോസിങ്ങിലൂടെ ഉരുത്തിരിച്ചെടുത്തിരിക്കുന്നത്. മാതൃഗുണം കൂടുതലുള്ള ഇനങ്ങളാണ് ലാർജ് വൈറ്റ് യോർക്‌ഷെയർ, ലാൻഡ്‌റേസ് എന്നിവ. മികച്ച ഇറച്ചിപ്പന്നിയാണ് ഡ്യുറോക്ക്. അതുകൊണ്ടുതന്നെ മികച്ച വളർച്ചയും ഇറച്ചിയുമുള്ള കുട്ടികളായിരിക്കും ഇതിലൂടെ ലഭിക്കുക. 

2. തീറ്റക്രമം

പന്നികളുടെ വളർച്ചയിൽ തീറ്റയ്ക്ക് പ്രധാന പങ്കുണ്ട്. അന്നജം, മാംസ്യം, ഫൈബർ എന്നിവയാണ് ഏതൊരു മൃഗത്തിന്റെയും തീറ്റയുടെ അടിസ്ഥാന ഘടകങ്ങൾ. അതുകൊണ്ടുതന്നെ തീറ്റ നൽകുമ്പോഴും സമീകൃതമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ നാട്ടിൽ പ്രധാനമായും മിച്ചഭക്ഷണത്തെ ആശ്രയിച്ചാണ് പന്നിവളർത്തൽ മേഖല മുൻപോട്ടു പോകുന്നത്. എന്നാൽ, പ്രത്യുൽപാദനത്തിനായി പന്നികളെ വളർത്തുമ്പോൾ ഇത്തരത്തിൽ മിച്ചഭക്ഷണത്തെ മാത്രം ആശ്രയിച്ചു മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കില്ല.  അതുകൊണ്ടുതന്നെ തീറ്റക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഒരു പന്നി പ്രസവിച്ചതിനു ശേഷമല്ല നല്ല ഭക്ഷണം നൽകേണ്ടത്. ഇണ ചേർക്കുന്നതിനു മുൻപുതന്നെ പ്രസവത്തിനുവേണ്ടിയുള്ള പരിചരണം നൽകിത്തുടങ്ങണം. കാരണം, പ്രസവത്തിന് എത്ര കുട്ടിയെ കിട്ടണം എന്നത് 14 ആഴ്ച മുൻപ് ചെയ്ത ഇണചേർക്കലിനെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാന മാനേജ്മെന്റ് നടക്കുന്നത് ഇണചേർക്കലിലാണ്. അതായത് ഒന്നിൽ കൂടുതൽ കുട്ടികളുണ്ടാകുന്ന ജീവികളിൽ കുട്ടികളുടെ എണ്ണം നിശ്ചയിക്കപ്പെടുന്നത് അവയുടെ അണ്ഡാശയത്തിൽ എത്ര അണ്ഡങ്ങൾ പൂർണമായും വളർച്ചപ്രാപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. എത്ര അണ്ഡങ്ങൾ വളർച്ചയിൽ എത്തുന്നുണ്ടെന്നത് പന്നിക്ക് ലഭിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മദിയിലേക്ക് എത്തുന്നതിന് 5 ദിവസം മുൻപേ കൂടുതൽ തീറ്റ നൽകിയാൽ കൂടുതൽ അണ്ഡങ്ങൾ ഉൽപാദിപ്പിക്കുന്നതിനെ സഹായിക്കാം. ഈ തീറ്റക്രമത്തെ ഫ്ലഷിങ് എന്നാണ് വിളിക്കുക. ഈ തീറ്റ രീതിയിലൂടെ 2 കുട്ടികളെ വരെ അധികമായി ലഭിക്കാമെന്ന് ശാസ്ത്രീയ പഠനങ്ങളുണ്ട്. 

pig-farming-3

പന്നികളിൽ ഇണ ചേർന്നശേഷമുള്ള ആദ്യ ഒരു മാസം ഏറെ പ്രധാനപ്പെട്ടതാണ്. മാനസിക, ശാരീരിക സമ്മർദ്ദങ്ങളൊന്നും ഈ സമയത്ത് പാടില്ല. മറ്റു പന്നികളുടെ സമീപ്യം, അധിക തീറ്റ എന്നിവയൊക്കെ ഗർഭപാത്രത്തിൽ ഭ്രൂണം ഒട്ടിപ്പിടിക്കുന്നതിനെ തടയാം. ഇണ ചേർത്ത് 84–ാം ദിവസം മുതൽ തീറ്റ കൂടുതൽ നൽകിത്തുടങ്ങാം. അതായത് പ്രസവത്തിന് ഒരു മാസം മുൻപ് കുട്ടികളുടെ വളർച്ചയ്ക്കും തള്ളയുടെ ആരോഗ്യത്തിനുംവേണ്ടിയാണ് അധിക തീറ്റ നൽകേണ്ടത്. ഇതിനെ കണ്ടീഷനിങ് എന്നു പറയും. ഇത് അമ്മയുടെ പാലുൽപാദനത്തെ സഹായിക്കുകയും ചെയ്യും. പ്രസവശേഷം പന്നികൾ ഉടനേ നല്ല രീതിയിൽ ഭക്ഷണം എടുക്കില്ല. അതുകൊണ്ടുതന്നെ ശരീരത്തിൽ സൂക്ഷിച്ചിരിക്കുന്ന കൊഴുപ്പിൽനിന്നാണ് പാലുൽപാദനത്തിനാവശ്യമായ ഊർജം പന്നി എടുക്കുക. നേരത്തെതന്നെ ഭക്ഷണം കണ്ടീഷനിങ്ങിന്റെ പ്രധാന്യം ഇവിടെയാണ്.

പ്രസവം കഴിഞ്ഞ ഒരു പന്നി ശരീരത്തിനുവേണ്ടി രണ്ടു കിലോ ശുഷ്കാഹാരവും പാലുൽപാദനത്തിനായി ഒരു കുട്ടിക്ക് 300 ഗ്രാം മുതൽ 500 ഗ്രാം വരെ എന്ന രീതിയിൽ ഭക്ഷണം കഴിക്കണം. മിച്ചഭക്ഷണമാണെങ്കിൽ അതിൽ വെള്ളത്തിന്റെ അംശം കൂടുതലുള്ളതിനാൽ മുകളിൽ പറഞ്ഞ ശുഷ്കാഹാരം ലഭിക്കുന്നതിനുവേണ്ടി 4 ഇരട്ടി തീറ്റ കൊടുക്കേണ്ടിവരും. അത്രം ഭക്ഷണം ഒരു പന്നിക്ക് കഴിക്കാൻ കഴിയില്ലാത്തതിനാൽ ‌സാന്ദ്രിത തീറ്റ നൽകുന്നതാണ് കുട്ടികളുടെയും അമ്മപ്പന്നികളുടെയും ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലത്. വിശദമായി അറിയാൻ വിഡിയോ ക്ലാസുകൾ കാണാം..

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com