ADVERTISEMENT

മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും വളരെ കുറഞ്ഞ സമയംകൊണ്ട് സംസ്കരിച്ച് മികച്ച മാംസമായി മാറ്റുന്ന മാംസോൽപാദന–മാലിന്യ സംസ്കരണ യൂണിറ്റുകളാണ് പന്നിഫാമുകൾ. മാംസമായും അതുപോലെ കുഞ്ഞുങ്ങളായും കർഷകർക്ക് വരുമാനം ലഭിക്കുന്ന ഇടം. ഇറച്ചിപ്പന്നികളെ മൊത്തമായി വിൽക്കുന്നതിലൂടെ ചില കർഷകർ വരുമാനം നേടുമ്പോൾ മറ്റു ചിലർ സ്വന്തമായി കശാപ്പു ചെയ്ത് വിറ്റ് വരുമാനം നേടുന്നുണ്ട്. അതുപോലെ പന്നിക്കർഷകർക്ക് മികച്ച നേട്ടം സമ്മാനിക്കുന്നവയാണ് ഫാമിലുണ്ടാകുന്ന കുഞ്ഞുങ്ങൾ. ഇന്ന് ഒരു കുഞ്ഞിന് ശരാശരി 6000 രൂപ വില വരും. അതുകൊണ്ടുതന്നെ  മികച്ച കുഞ്ഞുങ്ങളെ ആവശ്യക്കാരിലെത്തിക്കാൻ കർഷകർ ഉത്സാഹിക്കുന്നുമുണ്ട്. ഒരു ബ്രീഡിങ് ഫാമിൽ കർഷകരെ സഹായിക്കുന്ന ചില ചെറിയ ഉപകരണങ്ങൾ ഇവിടെ പരിചയപ്പെടുത്താം.

pig-farm-clipping

1. ടൂത്ത് നിപ്പെർ

നാലു ജോടി പല്ലുകളുമായാണ് പന്നിക്കുഞ്ഞുങ്ങൾ ജനിക്കുക. സൂചി പോലെ കൂർത്ത ഈ പല്ലുകൾ മൂലം അമ്മപ്പന്നിയുടെ മുലഞെട്ടുകൾക്ക് ക്ഷതവും പരിക്കുമേൽക്കാനിടവരും. ഇത് ക്രമേണ അകിടുവീക്കത്തിനും വലിയ മുറിവിനും കാരണമാകും. വേദനമൂലം അമ്മപ്പന്നി വെപ്രാളപ്പെട്ട് എഴുന്നേറ്റാൽ കുട്ടികൾ അമ്മയുടെ അടിയിൽപ്പെട്ട് ചത്തുപോകാനും സാധ്യതയുണ്ട്. മാത്രമല്ല കുട്ടികൾ പരസ്പരം ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യും. ഇതൊഴിവാക്കുന്നതിനായി പന്നിക്കുട്ടികളുടെ നാലു ജോടി പല്ലുകളുടെ അഗ്രഭാഗം മുറിച്ചു നീക്കാറുണ്ട്. ഇത് ക്ലിപ്പിങ് എന്നാണ് അറിയപ്പെടുക. ഇതിന് ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ടൂത്ത് നിപ്പെർ (ടീത്ത് കട്ടർ, ടീത്ത് ക്ലിപ്പിങ് ടൂൾ). 

pig-farm-injection-gun

2. ഇൻജക്ഷൻ ഗൺ

ജനനശേഷം ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനായി പന്നിക്കുഞ്ഞുങ്ങൾക്ക് അയൺ ഇൻജക്ഷൻ നൽകാറുണ്ട്. ജനിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഈ കുത്തിവയ്പ്പ് പൂർത്തിയാക്കുന്നതാണ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഉത്തമം. ഇതിനായി ഇൻജക്ഷൻ ഗൺ ഉപയോഗിക്കാം. ഓരോ തവണ സിറിഞ്ചിൽ നിറച്ച് ബുദ്ധിമുട്ടേണ്ട എന്നതാണ് ഇതിന്റെ നേട്ടം. ഇൻജക്ഷൻ മരുന്ന് അടങ്ങിയ ബോട്ടിൽ ഗണ്ണിൽ ഘടിപ്പിച്ച് അനായാസം കുത്തിവയ്ക്കാൻ കഴിയും. ഓരോ കുത്തിവയ്പ്പ് കഴിയുന്തോറും മരുന്നു തനിയെ ഗണ്ണിനുള്ളിൽ ലോഡ് ആകുന്നുവെന്ന പ്രത്യേകതയുമുണ്ട്. വലിയ പന്നികൾക്കും മറ്റു ജീവികൾക്കും ഇത് ഒരുപോലെ കുത്തിവയ്പ്പിനായി ഉപയോഗിക്കാൻ കഴിയും.

pig-farm-docking

3. ഇലക്ട്രിക് ടെയിൽ കട്ടർ

പന്നിക്കുഞ്ഞുങ്ങളുടെ വാൽ മുറിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം. കൂട്ടത്തോടെ വളർത്തുമ്പോൾ പരസ്പരം വാൽ കടിക്കുന്നത് ഒഴിവാക്കാനും പെൺപന്നികളിൽ ഇണചേർക്കൽ എളുപ്പമാക്കാനും അതുപോലെ കൂടുകൾ വൃത്തിയായിരിക്കാനും ഡോക്കിങ് സഹായിക്കുന്നു. ചില പെൺപന്നികളിൽ പ്രസവ സമയം ഈറ്റത്തിലുണ്ടാകുന്ന ചതവ് മാരകമാകാതിരിക്കാനും ഈ വാലുമുറിക്കൽ സഹായിക്കുന്നുണ്ട്. ജനിച്ച് 2–4 ദിവസത്തിനുള്ളിൽ കുത്തിവയ്പ്പിനും ക്ലിപ്പിങ്ങിനുമൊപ്പം ഇതും ചെയ്യാം. ഇലക്ട്രിക് കട്ടർ ആയതിനാൽ രക്തം വരില്ലെന്ന നേട്ടവുമുണ്ട്. ഇലക്ട്രിക് അല്ലാത്ത ടെയിൽ കട്ടറും വിപണിയിൽ ലഭ്യമാണ്.

4. കാസ്ട്രേഷൻ ടൂൾ

pig-farm-castration-tool

മറ്റാരുടെയും സഹായമില്ലാതെ കർഷകന് ഒറ്റയ്ക്ക് കാസ്ട്രേഷൻ സാധ്യമാക്കാൻ ഈ ടൂൾ സഹായിക്കും. ടൂളിൽ പന്നിക്കുഞ്ഞിന്റെ കാലുകൾ ഉടക്കിയശേഷമാണ് കാസ്ട്രേഷൻ സാധ്യമാക്കുന്നത്. 

വൃഷ്ണങ്ങൾ നീക്കം ചെയ്ത് വന്ധ്യംകരിക്കുക എന്നതാണ് കാസ്ട്രേഷൻ. നായ്ക്കളിൽ പ്രജനനം തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ പന്നികളിൽ പ്രജനനം തടയുന്നതു കൂടാതെ ആൻഡോസ്റ്റിറോൺ ഹോർമോൺ മൂലം മാംസത്തിൽ ഉണ്ടാകുന്ന പ്രത്യേക ഗന്ധം തടയാനും കാസ്ട്രേഷനിലൂടെ സാധിക്കും. ചുരുക്കത്തിൽ പുരുഷഹോർമോൺ ഉൽപാദനം തടയുക എന്നതാണ് ലക്ഷ്യം. ലോകത്തിൽ ഏറ്റവും പ്രചാരമുള്ള മാംസങ്ങളിൽ മുൻനിരയിലാണ് പന്നിമാംസം. അതുകൊണ്ടുതന്നെ മികച്ച മാംസം ഉപഭോക്താക്കളിൽ എത്തിക്കാൻ കർഷകർ ശ്രദ്ധിക്കുന്നു. പോർക്ക് ഉപയോഗിക്കുന്നവരിൽ 75 ശതമാനം ആളുകളും ഈ ഗന്ധത്തെക്കുറിച്ച് ബോധവാന്മാരാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇറച്ചിക്കായി പന്നികളെ വളർത്തുന്ന കർഷകരിൽ നല്ലൊരു ശതമാനവും കാസ്ട്രേഷൻ നടത്തിയശേഷമാണ് വളർത്തുന്നത്. 

pig-farm-marcker

5. മാർക്കർ

അപ്രസക്തമെന്നു തോന്നുമെങ്കിലും ഒരേ നിറത്തിലും വലുപ്പത്തിലുമുള്ള പന്നിക്കുട്ടികളെ തിരിച്ചറിയുന്നതിന് ഈ മാർക്കർ ഉപയോഗിക്കാം. വിരമരുന്നോ കുത്തിവയ്പ്പോ നൽകുമ്പോൾ തിരിച്ചറിയാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. 

കൂടുതൽ വിവരങ്ങൾക്ക്: 9526425054, 9745979898

English Summary:

5 Must-Have Tools for Every Successful Pig Farm

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com