ധനസഹായത്തിന് വഴികളുണ്ട്; ഒരു ചെറുകിട ആടുഫാം എങ്ങനെ ആരംഭിക്കാം? 8 സംശയങ്ങള്‍, ഉത്തരങ്ങള്‍

Mail This Article
? ഒരു ചെറുകിട ആടുഫാം എങ്ങനെ ആരംഭിക്കാം
∙ 19 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു ബ്രീഡിങ് യൂണിറ്റായി ആരംഭിക്കുന്നതാണ് ഉത്തമം. നല്ലയിനം ആട്ടിൻകുട്ടികളെ ഉൽപാദിപ്പിച്ച് ഇടനിലക്കാരെ ഒഴിവാക്കി ആവശ്യക്കാര്‍ക്ക് നേരിട്ടു വില്‍ക്കാനായാല്‍ മികച്ച വില നേടാം.
? ഇത്തരത്തിൽ 20 ആടിന്റെ യൂണിറ്റ് തുടങ്ങാൻ പഞ്ചായത്തിന്റെ ലൈസൻസോ ബിൽഡിങ് പെർമിറ്റോ ആവശ്യമാണോ.
∙ 50 ആടുകളിൽ കുറഞ്ഞ സംരംഭങ്ങൾക്ക് ബിൽഡിങ് പെർമിറ്റ്, ഫാം ലൈസൻസ് എന്നിവ ആവശ്യമില്ല.
? 20 ആടുകളുടെ ഒരു സംരംഭത്തിന് എത്ര സ്ഥലം വേണം.
∙ കൂട് (30 അടി നീളവും 8 അടി വീതിയും) നിർമിക്കാൻ 240 ചതുരശ്ര അടി സ്ഥലം വേണം. കൂടിന് തറയിൽനിന്ന് 5 അടി ഉയരം വേണം. 20 സെന്റ് സ്ഥലമുണ്ടെങ്കിൽ ആടുകൾക്കാവശ്യമായ തീറ്റപ്പുൽകൃഷിയും ചെയ്യാം.

? ഇത്തരത്തിലുള്ള ആടുവളർത്തൽ സംരംഭത്തിന് ധനസഹായം ലഭ്യമാണോ. എത്ര മുതൽമുടക്ക് വേണ്ടിവരും.
∙ ത്രിതല പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ആടുവളർത്തൽ സംരംഭം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദേശസാൽകൃത ബാങ്കുകളും ഈ സംരംഭത്തിന് വായ്പ നൽകിവരുന്നു. 20 ആടിന്റെ ഒരു സംരംഭത്തിന് 3 ലക്ഷം രൂപ കൂടു നിർമാണം, ആടിന്റെ വില എന്നീ ഇനത്തിൽ വേണ്ടിവരും.
? തൊഴിലുറപ്പു പദ്ധതിയുടെ ധനസഹായം ലഭിക്കുമോ
∙ ആട്ടിൻകൂട് നിർമാണം, തീറ്റപ്പുൽകൃഷി എന്നിവയ്ക്കു ധനസഹായമുണ്ട്.
? കിസാൻ ക്രെഡിറ്റ് കാർഡ് ഈ സംരംഭത്തിനു സഹായകരമാണോ
∙ ആടുവളർത്തൽ സംരംഭത്തിനു ദൈനംദിന ചെലവുകൾക്കായി ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 7% പലിശയ്ക്കു ലഭിക്കുന്ന ഈ തുക കൃത്യമായി അടച്ചാൽ 4% പലിശ ഇളവ് ലഭിക്കും.
? സംരംഭത്തിന്റെ മുഖ്യവരുമാനമെന്താണ്
∙ ശാസ്ത്രീയമായി വളർത്തിയാൽ പ്രതിവർഷം 38 ആട്ടിൻകുട്ടികളെ ഈ സംരംഭത്തിൽനിന്ന് ഉൽപാദിപ്പിക്കാം. ഈ ആട്ടിൻകുട്ടികളെ 3 മാസം വരെ വളർത്തി തൂക്കത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം വിലയ്ക്കു വിൽക്കാം. മൂന്നാം വർഷം ഈ സംരംഭം ലാഭകരം അഥവാ ബ്രേക്ക് ഇവൻ ആകും.
? ഏതിനം ആടാണ് ഈ സംരംഭത്തിനുത്തമം
∙ കേരളത്തിന്റെ തനതു ജനുസ്സും ഒരു പ്രസവത്തിൽ ഒന്നിൽ കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കാൻ കഴിവുള്ളതുമായ മലബാറി ആടുകളാണു നല്ലത്. കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഇവ യോജ്യമാണ്.