ADVERTISEMENT

തൃശൂർ ജില്ലയിലെ വെളപ്പായയിൽ വിഷസസ്യം കഴിച്ച് ക്ഷീരകർഷകന്റെ അഞ്ചു പശുക്കൾ കൂട്ടമായി ചത്ത വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. ബ്ലൂമിയ എന്ന ചെടിയാണ് മരണകാരണം എന്നാണു പോസ്റ്റ്മോർട്ടം പരിശോധനയിലെ കണ്ടെത്തൽ. സംസ്ഥാനത്ത് ഇത് ആദ്യമായല്ല ബ്ലൂമിയ ചെടിയിൽനിന്നുള്ള വിഷബാധ കന്നുകാലികളുടെ കൂട്ടമരണത്തിന് കാരണമാവുന്നത്. കഴിഞ്ഞ വർഷങ്ങളിലും  സമാനമായ സംഭവങ്ങൾ വിവിധ ജില്ലകളിൽനിന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്ലൂമിയ ചെടിയിലെ ജീവനെടുക്കാൻ പോന്ന വിഷത്തെക്കുറിച്ച് കർഷകർക്ക് പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും അശ്രദ്ധ കാരണം കന്നുകാലി മരണങ്ങൾ ആവർത്തിക്കുന്നു.

ബ്ലൂമിയ ചെടിയിലെ വിഷം ഇന്നും നിഗൂഢം
കടും പച്ച നിറത്തിലുള്ള മിനുസമുള്ള ഇലകളും മാംസളമായ തണ്ടുകളും വെളുപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെറിയ പുഷ്പങ്ങളുമായി മരത്തണലിലും പാതയോരങ്ങളിലും വഴിവക്കിലുമെല്ലാം പൂത്തുനില്‍ക്കുന്നവയാണ് ബ്ലൂമിയ ചെടികള്‍. ആസ്റ്ററേസിയ സസ്യകുടുംബത്തില്‍പ്പെട്ട കുറ്റിച്ചെടികളില്‍ ഒന്നാണിത്. സംസ്ഥാനത്ത് ബ്ലൂമിയയുടെ വര്‍ധിച്ച സാന്നിധ്യം കേരള വനഗവേഷണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്ലൂമിയ സസ്യകുടുംബത്തില്‍പ്പെട്ട പതിനാറോളം ഇനം ചെടികള്‍ കേരളത്തില്‍ കാണപ്പെടുന്നുണ്ട്. ഇതില്‍ ബ്ലൂമിയ വൈറന്‍സ്, ലെവിസ്, ലസീറ, ആക്സിലാരിസ്, ബലന്‍ജെറിയാന, ഓക്സിയോഡോണ്ട തുടങ്ങിയ ഇനങ്ങളാണ് കേരളത്തില്‍ വ്യാപകം. കുക്കുറച്ചെടി, രാക്കില എന്നൊക്കെ പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന സസ്യമാണ് ബ്ലൂമിയ ലസീറ ചെടികള്‍. ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരാന്‍ ബ്ലൂമിയ ചെടികള്‍ക്ക് ശേഷിയുണ്ട്. ബ്ലൂമിയ ചെടികളുടെ പുഷ്പകാലം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ്.

blumia

പൂത്തു നിൽക്കുന്ന ബ്ലൂമിയ ചെടികൾ അധിക അളവിൽ കഴിക്കുന്നത് വഴിയാണ് പശുക്കളിലും ആടുകളിലും വിഷബാധയേൽക്കുന്നത്. തീറ്റയെടുക്കാതിരിക്കല്‍, ഉദരസ്തംഭനം, പശുക്കളുടെ ശരീരതാപനില സാധാരണനിലയില്‍ നിന്നും വളരെയധികം താഴല്‍, നിര്‍ജലീകരണം, നില്‍ക്കാനും നടക്കാനുമുള്ള പ്രയാസം, വായില്‍ നിന്നും നുരയും പതയുമൊലിക്കല്‍, മൂക്കില്‍ നിന്നും ഗുദദ്വാരത്തില്‍ നിന്നും രക്തസ്രാവം, ശരീരവിറയല്‍, മറിഞ്ഞുവീണ് കൈകാലുകള്‍ നിലത്തിട്ടടിക്കല്‍ ഇവയെല്ലാമാണ് ബ്ലൂമിയ സസ്യ വിഷബാധയുടെ പ്രധാനലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ മരണം സംഭവിക്കാൻ സാധ്യതയേറെയാണ്. 

തീവ്രവിഷബാധയിൽ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുൻപുതന്നെ പശുക്കൾ മരണപ്പെടാനും സാധ്യതയുണ്ട്. ഉദരസ്തംഭനം, കരള്‍, ഹൃദയം, അന്നനാളം, ആമാശയ-കുടല്‍ ഭിത്തികള്‍ തുടങ്ങിയ ശരീര അവയവങ്ങളിലെല്ലാം രക്തസ്രാവം എന്നിവയെല്ലാമാണ് ബ്ലൂമിയ വിഷബാധയേറ്റു മരണപ്പെടുന്ന പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കാണുന്ന പ്രധാനലക്ഷണങ്ങള്‍. ബ്ലൂമിയ ചെടികള്‍ ധാരളമായി പൂക്കുന്ന ഡിസംബര്‍- ജൂണ്‍ കാലയളവിലാണ് സംസ്ഥാനത്ത് ബ്ലൂമിയ വിഷബാധ വ്യാപകമായി കണ്ടുവരുന്നത്. പൊതുവെ പച്ചപ്പുല്ലിനും പച്ചിലകള്‍ക്കും ക്ഷാമമുണ്ടാവുന്ന ഈ കാലത്ത് പാതയോരങ്ങളില്‍ സമൃദ്ധമായി പൂത്തു നില്‍ക്കുന്ന ബ്ലൂമിയ ചെടികള്‍ പശുക്കള്‍ ആഹാരമാക്കാനും സ്വന്തമായി തീറ്റപ്പുൽ കൃഷിയൊന്നുമില്ലാത്ത സാധാരണകര്‍ഷകര്‍ പശുക്കള്‍ക്ക് അവ വെട്ടി നല്‍കാനും സാധ്യതയേറെയാണ്. ഇത് വിഷ ബാധയേൽക്കാനുള്ള സാധ്യതയും ഉയർത്തും.

പശു, ആട്, എരുമ, പോത്ത് തുടങ്ങിയ ഇരട്ടകുളമ്പുള്ള ജീവികളിലെല്ലാം ബ്ലൂമിയ സസ്യങ്ങള്‍ വിഷബാധയ്ക്ക് കാരണമാവുമെന്ന് ബംഗ്ലാദേശ് കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും 2015ല്‍ പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നു. ബ്ലൂമിയ വിഷബാധ സംശയിച്ച 750ൽപ്പരം പശുക്കളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ബംഗ്ലാദേശില്‍ വ്യാപകമായി കാണപ്പെടുന്ന ബ്ലൂമിയ ലസീറ എന്ന സസ്യത്തെയാണ് പഠനവിധേയമാക്കിയത്. ബ്ലൂമിയ ചെടികള്‍ പൂക്കാന്‍ ആരംഭിക്കുന്ന സപ്റ്റംബര്‍ മുതലുള്ള ശരത്കാലത്താണ് വിഷബാധയ്ക്ക് സാധ്യതയേറെയെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. ആറു മാസം മുതല്‍ രണ്ടു വയസുവരെ പ്രായമുള്ള മേഞ്ഞുനടക്കുന്ന കന്നുകാലികളിലാണ് വിഷബാധയ്ക്ക് സാധ്യതയേറെയെന്നും പഠനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. കോശനാശം സംഭവിച്ച് ശരീരത്തിലെ വിവിധ അവയവങ്ങളുടെ സ്വാഭാവികപ്രവര്‍ത്തനം നിലച്ചുപോകുന്ന അവസ്ഥയാണ് ബ്ലൂമിയ വിഷബാധയെന്ന് സംശയിക്കുന്ന സംഭവങ്ങളില്‍ കാണുന്നതെന്ന് വിദഗ്ധ നിരീക്ഷണങ്ങള്‍ ഉണ്ട്.

2016ല്‍ മലപ്പുറം ജില്ലയില്‍ നിരവധി ആടുകള്‍ ബ്ലൂമിയ ചെടികള്‍ കഴിച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് മണ്ണുത്തി വെറ്ററിനറി കോളജില്‍ ബ്ലൂമിയ വിഷബാധയെ പറ്റി  പഠനം നടത്തിയിരുന്നു. മലബാര്‍ മേഖലയില്‍ വ്യാപകമായി കാണപ്പെടുന്ന ബ്ലൂമിയ വൈറന്‍സ് സസ്യങ്ങളായിരുന്നു പഠനത്തിന് ഉപയോഗിച്ചത്. ബ്ലൂമിയ ചെടിയുടെ മുഴുവന്‍ സസ്യഭാഗങ്ങളും ശേഖരിച്ച് പരിശോധിച്ചായിരുന്നു പഠനം. ബ്ലൂമിയ ചെടികള്‍ അമിത അളവില്‍ ആഹാരമാക്കിയാല്‍ കരള്‍, ശ്വാസകോശ വിഷബാധയ്ക്ക്  കാരണമാവാമെന്ന് പഠനത്തില്‍ നിരീക്ഷിച്ചിരുന്നു. ബ്ലൂമിയ ചെടികള്‍ വിഷബാധയ്ക്ക് കാരണമാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വിഷബാധയ്ക്ക് ഇടയാക്കുന്ന രാസഘടകമേതാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ഇന്നും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ബ്ലൂമിയ ചെടിയില്‍ ആല്‍ക്കലോയിഡുകള്‍, ഗ്ലൈക്കോസൈഡുകള്‍, ഫ്ളാവനോയിഡുകള്‍, സാപോണിന്‍, സ്റ്റിറോയിഡുകള്‍, ഡൈടെര്‍പ്പനോയ്ഡുകള്‍, ട്രൈടെര്‍പ്പനോയ്ഡുകള്‍, ടാനിന്‍ തുടങ്ങിയ രാസഘടകങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്. സസ്യത്തില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന രാസഘടകമായ ആല്‍ക്കലോയിഡുകളാണ് വിഷബാധയേല്‍ക്കുന്നതിന് ഇടയാക്കുന്നത് എന്ന് ചില ശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കൃത്യമായി ഏത് ആല്‍ക്കലോയിഡാണെന്നുള്ളത് അജ്ഞാതമായി തുടരുന്നു.

വിഷബാധയ്ക്ക് ചികിത്സയുണ്ടോ ?
ബ്ലൂമിയയിലെ സസ്യവിഷം കൃത്യമായി ഏതന്നറിയാത്തതുകൊണ്ട് തന്നെ വിഷത്തിനെതിരായ പ്രതിവിധിയും അജ്ഞാതമാണ്. ബ്ലൂമിയ സസ്യം ആഹാരമാക്കിയെന്ന് കണ്ടെത്തിയാല്‍ ഉടന്‍ വിരേചനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന മഗ്നീഷ്യം ഹൈഡ്രോക്സൈഡ്, മഗ്നീഷ്യം സള്‍ഫേറ്റ് തുടങ്ങിയ മിശ്രിതങ്ങളും നിര്‍ജലീകരണം തടയാനും രക്തത്തിലെ വിഷാംശത്തെ നിര്‍വീര്യമാക്കാനും ലവണ ലായനികളും ജീവകം ബി അടങ്ങിയ കുത്തിവെപ്പുകളും നല്‍കാവുന്നതാണ്. ബ്ലൂമിയ ചെടിയിലെ അജ്ഞാതമായ വിഷവസ്തുവിനെ കൃത്യമായി കണ്ടെത്തുന്നതിനായുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ ഇനി വേണ്ടതുണ്ട്. ബ്ലൂമിയ കുടുംബത്തിലെ എല്ലാ ഇനം ചെടികളും അപകടകാരികളാണോ, ചെടികള്‍ പൂവിടുമ്പോള്‍ മാത്രമാണോ അപകടസാധ്യതയുള്ളത് തുടങ്ങിയ കാര്യങ്ങളിലും ഇനിയും പഠനങ്ങൾ ആവശ്യമാണ്. ബ്ലൂമിയ ചെടിയിലെ വിഷമേതാണെന്നും അതിനെ നിര്‍വീര്യമാക്കാനുള്ള കൃത്യമായ പ്രതിമരുന്ന് ഏതാണെന്നുമെല്ലാമുള്ള വിവരങ്ങള്‍ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ് സമീപഭാവിയില്‍ കര്‍ഷകരിലെത്തുമെന്ന് പ്രതീക്ഷിക്കാം. അതുവരെ ബ്ലൂമിയ ചെടികളെ തൊഴുത്തിന്റെ പടിക്ക് പുറത്ത് നിര്‍ത്താനും കന്നുകാലികൾ കഴിക്കാതെ കരുതാനും കര്‍ഷകന്‍ ജാഗ്രത പുലര്‍ത്തണം.

English Summary:

Blumea poisoning in Kerala is causing significant cattle deaths. Further research is urgently needed to identify the toxic compound and develop an antidote to prevent future tragedies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com