ADVERTISEMENT

വറുതിയുടെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. കൊടിയ വേനലും ജലക്ഷാമവും പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും എല്ലാം കന്നുകാലികളെ വളരെ ദോഷകരമായി ബാധിക്കാറുണ്ട്. വേനൽക്കാലത്ത് കന്നുകാലികളുടെ ഉൽപാദനവും ഉൽപാദനക്ഷമതയും കുറയുന്നു. ചൂട് കൂടുന്നതനുസരിച്ച് പശുക്കളിൽ വരുന്ന മാറ്റങ്ങൾ ഇപ്രകാരമാണ്.

  • പശു ഇരട്ടി വെള്ളം കുടിക്കുന്നു.
  • ഖരാഹാരം കഴിക്കുന്നത് വളരെയധികം കുറയുന്നു
  • രാത്രിയിലും ചൂടു കുറവുള്ള സമയങ്ങളിലും പശു കൂടുതൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയും ചെയ്യും.
  • വായിൽ നിന്നും ഉമിനീര് ക്രമാതീതമായി ഒലിക്കുന്നതു മൂലം ആമാശയത്തിൽ കൂടുതൽ ആസിഡ് ഉണ്ടാകുന്നു.
  • മൂത്രത്തിലൂടെയും വിയർപ്പിലൂടെയും സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ നഷ്ടപ്പെടുകയും ചെയ്യും.
  • അയവിറക്കാതിരിക്കുകയോ അയവിറക്കൽ തടസ്സപ്പെടുകയോ ചെയ്യും.
  • കുമിളകളോട് കൂടിയ വയറിളക്കം ഉണ്ടാകും
  • പാൽ ഉൽപാദനം പെട്ടെന്ന് കുറയും.
  • കുളമ്പുകളിൽ വേദനയും നടക്കാൻ ബുദ്ധിമുട്ടും ഉണ്ടാകും.
  • കൃത്രിമ ബീജസങ്കലനത്തിന്റെ എണ്ണം ഈ കാലയളവിൽ കൂടുതലാകും.
  • പാൽ ഉൽപാദനം ഗണ്യമായി കുറയുകയും പാലിലെ മാംസ്യം, കൊഴുപ്പ് എന്നിവയുടെ അളവ് കുറയുകയും ചെയ്യും. ഇതുമൂലം പാലിന്റെ ഗുണനിലവാരം കുറയുന്നു.
  • വേനൽക്കാലത്ത് മദിയും ഗർഭധാരണവും വൈകും.
  • താൽക്കാലിക വന്ധ്യത മൂലം പ്രസവങ്ങൾ തമ്മിലുള്ള കാലയളവ് വർധിക്കും.
  • ഗർഭത്തിലുള്ള കിടാവിന്റെ വളർച്ചയെയും ചൂട് ദോഷകരമായി ബാധിക്കും.
  • സുഖപ്രസവം നടന്നാലും മറുപിള്ള വീഴാതിരിക്കും.
dairy-farm-heat-problem-7

വേനൽ കാലത്തെപ്രത്യേക പരിചരണമുറകൾ

തൊഴുത്തിൽ പതിക്കുന്ന സൂര്യരശ്മികളുടെ അളവ് കുറയ്ക്കാൻ കിഴക്കു പടിഞ്ഞാറ് ദിശയിൽ നീളത്തിലായിരിക്കണം തൊഴുത്ത്. ചുറ്റുപാടും നിന്നും പ്രതിഫലിക്കുന്ന സൂര്യരശ്മികളാണ് തൊഴുത്തിൽ ചൂടുകൂട്ടുന്നത്. ഇതൊഴിവാക്കാൻ തൊഴുത്തിനു ചുറ്റും പുല്ല് വെച്ചു പിടിപ്പിക്കാം. തൊഴുത്തിലെ ചൂട് പരമാവധി കുറയ്ക്കുന്നതിനായി ഫാൻ, സ്പ്രിങ്ഗ്ലർ എന്നിവ ഉപയോഗിക്കാം.
Also read: ഈ തൊഴുത്തിൽ ചൂടൊരു പ്രശ്നമേയല്ല: ഊട്ടിയിലെ കാലാവസ്ഥ; കുറയാതെ പാൽ ചുരത്തി പശുക്കൾ; മാതൃകയാക്കേണ്ട രീതി

തൊഴുത്തിനു ചുറ്റും മരങ്ങൾ വച്ചുപിടിപ്പിക്കണം. തൊഴുത്തിലെ വായു സഞ്ചാരം കൂട്ടുന്നതിന് മേൽക്കൂരയുടെ ഉയരം കൂട്ടണം. ഒപ്പം ചുവരിന്റെ ഉയരം കുറയ്ക്കുകയും വേണം. വേനലിൽ മേൽക്കൂരയ്ക്ക് മുകളിൽ ഓല മേയുകയോ വള്ളിച്ചെടികൾ പടർത്തുകയോ ആവാം. തൊഴുത്തിൽ കാറ്റ് വരുന്ന ഭാഗത്ത് ചണച്ചാക്ക് നനച്ചു തൂക്കിയിടാം. കുടിവെള്ളം ഇഷ്ടംപോലെ നൽകേണ്ടതാണ്. ഇതിനായി ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനം ഒരുക്കുന്നതു നല്ലതാണ്. മേൽക്കൂര ആസ്ബസ്റ്റോസോ, ഓടോ ആണെങ്കിൽ മുകൾഭാഗം കുമ്മായം പൂശുന്നതും അടിയിൽ പാക്കിങ് കേസുകൾ ആയി വരുന്ന തെർമോകോൾ വെക്കുകയോ ചെയ്യാം. മേൽക്കൂരയിൽ ചാക്ക്, ഓല, പുല്ല് എന്നിവ കൊണ്ട് പുതയിടാം. തൊഴുത്തിനു മുകളിൽ സ്പ്രിങ്ഗ്ലർ സ്ഥാപിച്ച മേൽക്കൂര നനയ്ക്കുന്നതും നല്ലതാണ്.

dairy-farm-feeder-cow

തീറ്റയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചൂടുകാലത്ത് ഉണക്കപ്പുല്ലും വൈക്കോലും കുറഞ്ഞ അളവിൽ നൽകുക. ഇവ വയറു നിറയ്ക്കും. അതിനാൽ മറ്റ് ആഹാരങ്ങൾ കഴിക്കാൻ മടി കാണിക്കും. കൊഴുപ്പും പ്രോട്ടീനും കൂടുതൽ ലഭിക്കാൻ ഗുണനിലവാരമുള്ള കാലിത്തീറ്റ മാത്രം കൊടുക്കുക. ഇതിനായി പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം. ഖരാഹാരം നൽകുന്നത് രാവിലെയും വൈകിട്ടും ആയി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ചിലകൾ, ഈർക്കിൽ മാറ്റിയ പച്ചോല എന്നിവയും നൽകാം. അത്യുൽപാദന ശേഷിയുള്ള ഇനങ്ങൾക്ക് ബൈപ്പാസ് പ്രോട്ടീനും ബൈപ്പാസ് ഫാറ്റും നൽകാം. 100 ഗ്രാം ധാതുലവണ മിശ്രിതവും 50 ഗ്രാം ഉപ്പും 25 ഗ്രാം അപ്പക്കാരം വൈറ്റമിൻ എ, ഡി, ഇ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

വേനൽക്കാലത്ത് ശരീരത്തിൽ ഉണ്ടാകുന്ന ചൂട് കുറയ്ക്കാനായി തീറ്റയുടെ അളവ് കുറയ്ക്കണം. പരുഷാഹാരങ്ങൾ ചൂടു കുറവുള്ള രാത്രിയിലും കാലിത്തീറ്റ, പിണ്ണാക്ക് എന്നിവ അതിരാവിലെയും വൈകിട്ടും ആയി നൽകുക. കുടിവെള്ളത്തിൽ അൽപം കല്ലുപ്പ് ചേർത്ത് നൽകുന്നത് നന്നായിരിക്കും. 1%  വീര്യമുള്ള അപ്പക്കാരലായനി കുടിവെള്ളത്തിൽ നൽകിയാൽ അത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കും. പകൽ സമയത്ത് അന്തരീക്ഷ താപനില കൂടുതലായതിനാൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അവയെ മേയാൻവേണ്ടി പുറത്ത് കെട്ടരുത്. ഇത് അതിരാവിലെയും വൈകിട്ടുമായാൽ നല്ലത്. ചൂട് കൂടുതലുള്ള സമയം പശുവിനെ മരത്തണലിലോ തൊഴുത്തിലോ കെട്ടണം.

നട്ടുച്ച സമയത്ത് പശുവിന്റെ ശരീരത്തിൽ കുറച്ചു വെള്ളം തളിക്കുകയോ നന്നായി നനഞ്ഞ ചാക്കിട്ട് കൊടുക്കുകയോ വേണം. വേനൽക്കാലത്ത് പശുക്കളുടെ പ്രത്യുൽപാദനക്ഷമത കുറയും. മദി ദൈർഘ്യം കുറയുകയും മദി ലക്ഷണം പുറമേ പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്യും. അതായത് വേനൽക്കാലത്ത് പശുക്കൾ നിശബ്ദ മദി പ്രകടമാകും. ബീജാധാനത്തിനു ശേഷം പശുവിന്റെ മുതുകത്ത് ചണച്ചാക്ക് നനച്ചിടുന്നത് ബീജാധാനം ഫലപ്രദമാക്കുന്നതിന് സഹായിക്കും. കൃത്രിമ ബീജാധാനത്തിന്റെ മുമ്പും പിമ്പും പശുക്കളെ അര മണിക്കൂർ നടത്താതെ തണലിൽ തന്നെ കെട്ടിയിടണം.

പോഷകാഹാരക്കുറവ് വേനൽക്കാലത്ത് പശുക്കളിൽ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ബീജാധാനത്തിനു ശേഷമുള്ള ആദ്യത്തെ ഒന്നുരണ്ട് ആഴ്ചകളിലും ഗർഭകാലത്തിന്റെ അവസാന രണ്ട് മൂന്ന് മാസങ്ങളിലും അത്യുഷ്ണം മൂലം സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സമ്മർദ്ദം കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം.

പശുക്കൾ തെങ്ങിൻതോപ്പിൽ
പശുക്കൾ തെങ്ങിൻതോപ്പിൽ

കന്നുകാലികൾക്കു സൂര്യാഘാതമേറ്റാൽ

നേരിട്ടുള്ള സൂര്യരശ്മികൾ മനുഷ്യരിൽ എന്നപോലെ മൃഗങ്ങളിലും സൂര്യാഘാതം ഉണ്ടാകും. ശാരീരിക അസ്വസ്ഥത, കാലിടർച്ച കിതപ്പ്, നാവ് പുറത്തേക്ക് തള്ളുക, പതയോടു കൂടിയ ഉമിനീരൊലിപ്പ്, ഉയർന്ന ഹൃദയമിടിപ്പ് എന്നിവയെല്ലാം സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ശ്വാസതടസ്സം, വിറയൽ , അപസ്മാരം പോലുള്ള ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യും. ഉയർന്ന താപനില മൂലം ഉരുക്കൾക്ക് നിർജലീകരണവും തുടർന്ന് മരണവും  സംഭവിക്കാനുള്ള സാധ്യതയുണ്ട്. സൂര്യാഘാതം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ നൽകുകയാണ് വേണ്ടത്.

English Summary:

Summer cattle care is crucial for maintaining productivity and health. Implementing effective cooling strategies, adjusting feeding routines, and providing proper shelter are vital for preventing heat stress and ensuring high milk yield.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com