ADVERTISEMENT

കഴിഞ്ഞദിവസത്തെ  ദിനപത്രത്തിൽ ബ്രൂസല്ലോസിസ് ബാധിച്ച് കോട്ടക്കലിൽ ഒരു പെൺകുട്ടി മരിച്ചത് ഞെട്ടലോടെയാണ് വായിച്ചത്.  ബ്രൂസല്ലോസിസ് എന്ന ജന്തുജന്യരോഗത്തെപ്പറ്റി ബോധവാന്മാരാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  ഇതു വായിച്ചപ്പോൾ ഓർമകൾ എൻ്റെ പഠനകാലത്തേക്ക് പോയി. 

 ക്ലിനിക്കൽ പരിശീലനത്തിനിടെ ഗൈനക്കോളജി വിഭാഗത്തിൽ വച്ച് കേട്ട ഒരു വാചകം ഇപ്പോഴും ഓർമ്മയിലുണ്ട്. 'അബോർഷൻ കേസുകൾ അറ്റൻഡ് ചെയ്യുമ്പോൾ കഴിവതും രണ്ട് ഗ്ലൗസിട്ട് ചെയ്യുക ചിലപ്പോൾ നിങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരു ബ്രൂസല്ലാ അബോർഷനായിരിക്കാം.'

 എല്ലാ അണുക്കളിലുമുപരി ബ്രൂസല്ലയ്ക്കെന്താണൊരു പ്രത്യേകത? പിന്നീട് കൂടുതൽ അറിഞ്ഞപ്പോൾ ഈ ജന്തുജന്യ രോഗത്തെ പേടിച്ചേ മതിയാകൂ എന്ന് മനസ്സിലായി. അന്നു മുതൽ ഇന്നുവരെ അബോർഷൻ  കേസുകൾ അറ്റൻഡ് ചെയ്യേണ്ടി വന്നാൽ രണ്ട് ഗ്ലൗസ് വീതം രണ്ട് കയ്യിലും ഇടാൻ മറക്കാറില്ല. പക്ഷേ മിക്കവാറും സമയങ്ങളിൽ പശുവിൻ്റെ അബോർഷൻ കഴിഞ്ഞ് 2-3 ദിവസം കഴിഞ്ഞോ പിന്നീടെപ്പോഴെങ്കിലുമോ കർഷകർ പറയുമ്പോഴാവും വെറ്ററിനറി ഡോക്ടർ വിവരമറിയുന്നത്. വെറ്ററിനറി ഡോക്ടർമാരെപ്പോലെ തന്നെ കർഷകരും അബോർഷൻ സംഭവിച്ച പശുവിൻ്റെ മരണം സംഭവിച്ച കിടാവിനെയും മറുപിള്ളയും ഒക്കെ മറവു ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

നമ്മുടെ സമ്പദ്ഘടനയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന ബ്രൂസല്ലോസിസ് എന്ന അസുഖം ഉണ്ടാക്കുന്നത് ബ്രൂസല്ല എന്ന ബാക്ടീരിയ ആണ്. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ അസുഖം മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പകരുന്നു. 

 അസുഖം ബാധിച്ച മൃഗവുമായി ഉള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മൃഗഉൽപ്പന്നങ്ങളിലൂടെയും ഈ അസുഖം മനുഷ്യരിലേക്കെത്താം. മൃഗങ്ങളിൽ സമ്പർക്കം മുഖേനയും ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്കും ഈ രോഗം പകരാം.

എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ ഒന്നു നോക്കാം .

മൃഗങ്ങളിൽ പ്രത്യുൽപാദനം വ്യവസ്ഥയെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. മൃഗങ്ങളിൽ ഇവ ഗർഭമലസൽ ഉണ്ടാക്കുന്നു. ഗർഭാശയ അണുബാധ, മറുപിള്ള പുറത്തു പോകാതെ ഇരിക്കൽ, ആരോഗ്യക്കുറവുള്ള കുട്ടികൾ വന്ധ്യത തുടങ്ങിയവയും മൃഗങ്ങളിലെ  പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഗർഭമലസൽ സാധാരണയായി ഉണ്ടാകുന്നത് ഗർഭത്തിൻ്റെ 5 മുതൽ 8 വരെയുള്ള മാസങ്ങളിലാണ് .പാലുൽപാദനത്തിൽ ഉള്ള കുറവ്, സന്ധികളിൽ ഉണ്ടാകുന്ന വീക്കവും അണുബാധയും  തുടങ്ങിയവ പ്രധാനമായും പശുക്കളിലും പന്നികളിലും കണ്ടുവരുന്നു. പനി ക്ഷീണം ഭാരം കുറയൽ തുടങ്ങിയവയും ഉണ്ടാകും. രോഗം പ്രധാനമായും പകരുന്നത് രോഗം ബാധിച്ച മൃഗങ്ങളോടോ അവയുടെ വിസർജ്യങ്ങളോടോ അല്ലെങ്കിൽ അവയുടെ ഉൽപ്പന്നങ്ങളോടുള്ള നേരിട്ടുള്ള സമ്പർക്കം മൂലം ആണെന്ന് പറഞ്ഞല്ലോ കൂടാതെ മലിനമായ ഭക്ഷണം, വായു തുടങ്ങിയവയിലൂടെയും ഈ അസുഖം പകരാം. തിളക്കാത്ത പാൽ ,വേവിക്കാത്ത ഇറച്ചി ,പാസ്ചൂ റൈസ് ചെയ്യാത്ത പാൽ തുടങ്ങിയവ കഴിക്കുന്നതിലൂടെ ഈ രോഗം പകരും. ലാബുകളിലെയും ഫാമുകളിലെയും മലിനമായ വായു ശ്വസിക്കുന്നതിലൂടെയും രോഗം പകരും.

രക്തം, പാൽ, വിസർജ്യങ്ങൾ എന്നിവ ടെസ്റ്റ് ചെയ്തും കൾച്ചർ പരിശോധന മുഖേനയും  ബ്രൂസല്ല എന്ന വിനാശകാരിയായ ബാക്ടീരിയയെ കണ്ടെത്താം . പക്ഷേ ഈ ബാക്ടീരിയയുടെ ചികിത്സ വളരെ വിഷമം പിടിച്ചതാണ് .ഒരിക്കൽ ഇത് ശരീരത്ത് കയറിയാൽ പൂർണമായി തുരത്തുക വളരെ ദുഷ്കരം തന്നെ. അതുകൊണ്ട് കൂടുതൽ മൃഗങ്ങളിലേക്ക് അസുഖപ്പകർച്ച ഉണ്ടാകാതിരിക്കുന്നതിനായി ഫാമുകളിൽ നിന്ന്  നീക്കം ചെയ്യുകയാണ് ചെയ്തു വരുന്നത്. മനുഷ്യരിലുള്ള ബ്രൂസെല്ലോസിസ് (Brucellosis) അല്ലെങ്കിൽ അണ്ടുലന്റ് ജ്വരം (Undulant Fever), ആണ് Brucella ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം. ലക്ഷണങ്ങൾ നിസ്സാരമോ  ഗുരുതരമോ ആകാം.

 ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്.

ഇടവേളകളോടു കൂടിയ പനി, കടുത്ത ക്ഷീണം, കാലിനും ശരീരമാകമാനമുള്ള വേദന,തലവേദന,വിശപ്പില്ലായ്മ, തൂക്കം കുറയൽ തുടർച്ചയായ പനി,സ്പോണ്ടിലൈറ്റിസ് എന്നിവ, കരൾവീക്കം,നാഡീവ്യൂഹത്തെ ബാധിക്കുന്ന ന് ന്യൂറോബ്രൂസെല്ലോസിസ്, ഹൃദയത്തെ ബാധിക്കുന്ന എൻഡോകാർഡൈറ്റിസ് പുരുഷന്മാരിൽ വൃഷണവീക്കം, ഗർഭിണികളിൽ ഗർഭമലസൽ തുടങ്ങിയവയും ഈ രോഗം മൂലമുള്ള ബുദ്ധിമുട്ടുകളിൽ പെടുന്നു.

ഈ രോഗത്തെ എങ്ങനെ തടയാമെന്ന് നോക്കാം.ഈ രോഗത്തെ പ്രധാനമായും തടയാൻ സാധിക്കുന്നത് മൃഗങ്ങളെ വാക്സിനേഷൻ ചെയ്യുന്നതു വഴിയാണ്. കിടാങ്ങൾക്ക് 5 മുതൽ 8 മാസം വരെയുള്ള  പ്രായത്തിൽ ബ്രൂസെല്ലാ രോഗത്തിനെതിരെയുള്ള പ്രതിരോധകുത്തി വെയ്പ് എടുക്കുന്നത് വഴി അതിനെ ജീവിതകാലം മുഴുവൻ ബ്രൂസല്ലോസിസ് എന്ന അസുഖത്തിൽ നിന്ന്  രക്ഷിക്കാനാവും. ഇപ്പോൾ മൃഗസംരക്ഷണവകുപ്പ് ബ്രൂസല്ലാ പ്രതിരോധയജ്ഞത്തിലൂടെ ഈ പ്രതിരോധകുത്തിവെയ്പ് ചെയ്തു വരുന്നു . മറ്റ് ഏത് രോഗത്തിലും എന്നപോലെ ശുചിയായ പരിസരം, ശുചിയായതും ശാസ്ത്രീയമായതുമായ പശു പരിപാലനം എന്നിവയിലൂടെ അസുഖത്തിന്റെ പകർച്ച തടയാവുന്നതാണ്. ഫാമുകളിൽ ഇടയ്ക്കിടെ പശുക്കളെ ടെസ്റ്റ് ചെയ്യേണ്ടതും ടെസ്റ്റിൻ്റെ ഫലം അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ് അസുഖം ബാധിച്ച  സ്ഥലങ്ങളിൽ നിന്നും അസുഖം ബാധിക്കാത്ത സ്ഥലങ്ങളിലേക്കുള്ള മൃഗങ്ങളുടെ വരവ് തടയുന്നത് അസുഖത്തിന്റെ പകർച്ച തടയും. വേവിക്കാത്ത പാൽ, ഇറച്ചി, പാസ്ചറൈസ് ചെയ്യാത്ത പാൽ എന്നിവ ഉപയോഗിക്കാതിരിക്കുക.ഇതൊരു ജന്തുജന്യ രോഗമായത് കൊണ്ട് തന്നെ പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ ഇത് വളരെ പ്രാധാന്യമർഹിക്കുന്നു മൃഗങ്ങളിൽ ഈ രോഗത്തിനുള്ള സാധ്യത തടയുന്നതാണ് മനുഷ്യനെ രക്ഷിക്കുവാനുള്ള വഴി അതുകൊണ്ട് ബ്രൂസല്ലോസിസിനെ തിരെ നമുക്ക് ഒന്നിച്ച്  അണിനിരക്കാം. അസുഖബാധ കാണുന്ന പക്ഷം പെട്ടെന്ന് തന്നെ ചികിത്സ നേടേണ്ടതാണ്.

എഴുതിയത്,

ഡോ. എസ്. ജയശ്രീ

വെറ്ററിനറി സർജൻ, ആലപ്പുഴ 

English Summary:

Brucellosis is a serious zoonotic disease affecting both animals and humans, causing significant economic and health concerns. Prevention through vaccination, hygienic practices, and careful handling of animal products is crucial to controlling its spread.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com