ADVERTISEMENT

ആലപ്പുഴ ചാരുംമൂട്ടിൽ നാലാം ക്ലാസ് വിദ്യാർഥിയായിരുന്ന സാവനെ സൈക്കിളിൽ വരുന്ന വഴിക്ക് തെരുവു നായ ആക്രമിച്ചു. രണ്ട് മാസത്തിനു ശേഷം പേ വിഷബാധമൂലം കുട്ടി മരിച്ചു. കടിച്ച നായ ഏതാണെന്നോ കടിച്ചതിനു ശേഷം എങ്ങോട്ടു പോയെന്നോ ആർക്കും അറിയില്ല. ആ നായയ്ക്ക് എന്തു സംഭവിച്ചു കാണും?

പേയുള്ള നായ ആയതിനാൽ സ്വാഭാവികമായും 10 ദിവസത്തിനുള്ളിൽ നായ ചത്തിട്ടുണ്ടാവും. ചാകുന്നതിനു മുൻപ് കണ്ണിൽ കണ്ട മറ്റു തെരുവു നായ്ക്കളേയും മൃഗങ്ങളേയും കടിച്ചിട്ടുണ്ടാവും. മറ്റു തെരുവ് നായ്ക്കൾക്ക് കടിയേറ്റിട്ട് ഇപ്പോൾ രണ്ടു മൂന്നു മാസം ആയിട്ടുണ്ട് എന്ന് അനുമാനിക്കാം. അങ്ങനെയെങ്കിൽ ആ മേഖലയിൽ പേവിഷബാധയേറ്റ തെരുവുനായ്ക്കൾ തെരുവിൽ ഇപ്പോൾ അലഞ്ഞു നടക്കുന്നുണ്ടാകും. നാം ഈ ഗുരുതര പ്രശ്നത്തിനെതിരെ എന്തു പ്രതിവിധി എടുത്തു? ഈ വിഷയം എന്താണ് ആരും പൊതുജനങ്ങളുടെ അറിവിലേക്ക് എത്തിക്കാത്തത്?‌

ഇത്തരം സാഹചര്യത്തിൽ സമൂഹവും സർക്കാരും എന്താണ് ചെയ്യേണ്ടത്? ABC എന്ന ജനന നിയന്ത്രണ പ്രക്രിയ ഇതിന് പരിഹാരമാണോ? ഇത്രനാൾ നാം മുടക്കിയ കോടികൾ പ്രയോജനം ചെയ്തോ? മുൻപ് കണ്ണൂർ മുഴപ്പിലങ്ങാട് സംസാര ശേഷിയില്ലാത്ത കുട്ടിയെ തെരുവുനായ ആക്രമിച്ച് കൊലപ്പെടുത്തിയപ്പോൾ ജനരോഷം ഇരമ്പി. ജനത്തിന്റെ കണ്ണിൽ പൊടിയിടാനായി ആ മേഖലയിലെ പത്തോ ഇരുപതോ നായ്ക്കളെ പിടിച്ചു വന്ധ്യംകരിച്ച് പിടിച്ച സ്ഥലത്തു തന്നെ തിരികെ വിട്ടു. അക്രമാസക്തരായ ആ നായ്ക്കൾ ഇപ്പോഴും വിലസുന്നുണ്ടാകും. വന്ധ്യംകരിച്ചാൽ നായ കടിക്കില്ലെന്ന് പൊതുജനത്തിനെയും ഭരണാധികാരികളെയും ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നമുക്കു ചില കണക്കുകൾ നോക്കാം. നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ വർഷം 3.16 ലക്ഷം പേർ ചികിത്സ തേടി. അഞ്ചു വർഷത്തിനിടെ 13 ലക്ഷം പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് അനിമൽ വെൽഫയർ ബോർഡ് നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിനാലാണ് തെരുവുനായ ആക്രമണം കൂടുന്നതെന്നാണ് സർക്കാർ പറയുന്നത്. 

2017 മുതൽ മുടങ്ങാതെ കോടികൾ മുടക്കി രണ്ടു വർഷം മുൻപ് വരെ വന്ധ്യംകരണം നടത്തിയിരുന്നു. അക്കാലയളവിൽ തെരുവുനായ്ക്കളുടെ എണ്ണം കുറഞ്ഞോ? വന്ധ്യംകരണം നടത്തി പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടുന്ന നായ്ക്കളല്ലേ പിൽക്കാലത്ത് പേ ഇളകി നടന്ന് കടിക്കുന്നത്?

ആലപ്പുഴയിൽ കുട്ടിയെ കടിച്ച നായ ഒരുപക്ഷേ മുൻപ് വന്ധ്യംകരണത്തിനു വിധേയമായിട്ടുള്ളതാവാം. നായ്ക്കൾ വളരേണ്ടത് തെരുവിലല്ലെന്ന് ജനത്തിന് ബോധ്യം വരണം. ഈ വർഷവും പഞ്ചായത്ത് 47 കോടി രൂപയും, സർക്കാർ ബജറ്റിൽ രണ്ടു കോടി രൂപയും ABC പദ്ധതിക്ക് നീക്കി വെച്ചിട്ടുണ്ട്. അതായത്, തെരുവിലെ നായ്ക്കളെ വന്ധ്യം കരിച്ച് തെരുവിൽത്തന്നെ വിടാൻ!!! അപ്പോഴും നായ കടിക്കുമെന്നും, അതിനെതിരെയുള്ള പ്രവർത്തനങ്ങളാണ് ആവശ്യമെന്നും അധികാരികളെ ആരു പറഞ്ഞു മനസ്സിലാക്കും. പറയേണ്ടവര്‍ പറയാത്തതാണോ അതോ അറിഞ്ഞിട്ടും അധികാരികൾ കണ്ണടയ്ക്കുന്നതാണോ? ഒരു വ്യക്തിക്ക് പേപ്പട്ടി കടിയേറ്റാല്‍ പ്രതിരോധ ചികിത്സകൾക്കായി 3000 രൂപ ശരാശരി ചെലവാകുന്നു എന്നു കണക്കാക്കിയാൽ, കഴിഞ്ഞ 5 വർഷം കൊണ്ട് 13 ലക്ഷം പേര്‍ക്ക് കടിയേറ്റ്, ചികിത്സയ്ക്കായി 390 കോടി ചെലവായി എന്നു കരുതണം. കൂടാതെ ABC, തെരുവ് നായ വാക്സിനേഷൻ തുടങ്ങിയവയ്ക്കായി ഇത്രതന്നെ ചെലവാക്കിയിട്ടുണ്ട്. ഈ കണക്കുകളിലെ ആകർഷണീയതയാണോ തെരുവിലെ നായ്ക്കളെ തെരുവിൽ തന്നെ നിലനിർത്തുന്നത്?

നായകടിയേറ്റാല്‍ 5 ഡോസ് വാക്സിനാണ് എടുക്കേണ്ടത്. ഒരു ഡോസിന് 250 മുതൽ 500 രൂപ വരെ (ബ്രാൻഡ് വ്യത്യാസമനുസരിച്ച്) വിലയുണ്ട്. ഗുരുതരമായി കടിയേറ്റവർക്ക് നൽകുന്ന ഇമ്യൂണോ ഗ്ലോബുലിന് 3400 മുതൽ 6000 വരെ വിലയുണ്ട്. തെരുവിൽ നായ്ക്കളില്ലെങ്കിൽ കമ്പനികളുടെ ഈ ഉൽപന്നങ്ങൾ എവിടെ വിൽക്കും?

ഒരു തെരുവിൽ പേപ്പട്ടി ഇറങ്ങി മറ്റു നായ്ക്കളേയും മനുഷ്യരേയും കടിച്ചാൽ എന്തു ചെയ്യും? മനുഷ്യർക്ക് ചികിത്സ നൽകാം. കടിയേറ്റ് മറ്റു നായ്ക്കൾ അപ്പോഴും പേവിഷബാധയുടെ അണുക്കളുമായി തെരുവിൽ തന്നെയാണ്. പിന്നീട് ഈ നായ്ക്കൾ പേവിഷ വാഹകരാകുന്നു. ഒരു പട്ടണത്തിൽ ഒരു ക്രിമിനലായ മനുഷ്യൻ മറ്റുള്ളവരെ ആക്രമിച്ചാൽ എന്താണ് ചെയ്യുക? സ്വാഭാവികമായും അറസ്റ്റും തുടർന്ന് ജയിലുമായിരിക്കും ഫലം. എന്തുകൊണ്ട് നായ്ക്കളെ അത്തരത്തിൽ നീക്കുന്നില്ല? പേ പിടിച്ചതോ, കടിയേറ്റതോ, അക്രമകാരികളായതോ, അസുഖം ബാധിച്ചതോ, കൂട്ടംകൂടി നടക്കുന്നതോ ആയ നായ്ക്കളെ പഞ്ചായത്ത് സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കണം. മൃഗങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് പുനരധിവാസ കേന്ദ്രത്തിൽ എത്തി തീറ്റ നൽകാനും, ഓമനിക്കാനും, പരിചരിക്കാനുമുള്ള അവസരം നൽകണം. പഞ്ചായത്തിന് പൊതുശ്മശാനം കണ്ടെത്താമെങ്കിൽ, കളിസ്ഥലം കണ്ടെത്താമെങ്കിൽ, അറവുശാല സ്ഥാപിക്കാമെങ്കിൽ, മാലിന്യസംസ്കരണശാല സ്ഥാപിക്കാമെങ്കിൽ, ശുചിത്വമുറികൾ സ്ഥാപിക്കാമെങ്കിൽ എണ്ണമറ്റ കെട്ടിടങ്ങൾ ഉപയോഗ ശൂന്യമായി കെട്ടിയിടാമെങ്കിൽ നായ പുനരധിവാസ കേന്ദ്രവും സ്ഥാപിക്കാം. ഫണ്ട് ഇല്ല എന്ന സ്ഥിരം പല്ലവി മാറ്റിവച്ച് ഫണ്ട് എങ്ങനെ കണ്ടെത്താമെന്ന് പരിശോധിക്കണം. വർഷാവർഷം ABCക്കു ചെലവാകുന്ന തുകയും വാക്സിൻ വാങ്ങാൻ ചെലവാകുന്ന തുകയും തന്നെ ധാരാളം.

English Summary:

Rabies from stray dog attacks is a serious public health crisis in Kerala. The ineffective ABC program and lack of accountability demand immediate action from the government and community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com