ADVERTISEMENT

മുറ പോത്തുകൾ കേരളത്തിൽ തരംഗമായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. മികച്ച വളർച്ചയും പാലുൽപാദനവുമുള്ള ഈ ഇനത്തിന് കേരളത്തിൽ ആരാധകരേറെ. ഇറച്ചിയാവശ്യത്തിനായിട്ടാണ് മുറ പോത്തുകളെ പ്രധാനമായും കർഷകർ വളർത്തുന്നതെങ്കിലും മികച്ച വളർച്ചയും വംശപാരമ്പര്യവും തലയെടുപ്പുമുള്ളവയെ അരുമയായി വളർത്തുന്ന പോത്തുപ്രേമികളും നമ്മുടെ സംസ്ഥാനത്തേറെ. അത്തരത്തിലൊരു പോത്തുപ്രേമിയാണ് തൃശൂർ കാട്ടൂർ സ്വദേശി ഷാനവാസ് അബ്ദുള്ള. കേരളത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഭീമൻ പോത്തുകളായ സോനു (21 കോടി രൂപ വില വന്ന സുൽത്താന്റെ കുട്ടിയായിരുന്നു സോനു), സദ്ദാം, ഹുസൈൻ, ഷെയ്ക്ക് എന്നിവയൊക്കെ ഷാനവാസിന്റെയായിരുന്നു. ഏറ്റവും വലിയ പോത്തുകളെ വളർത്താൻ ഇഷ്ടപ്പെടുന്ന ഷാനവാസിന്റെ വീട്ടിലെ ഇപ്പോഴത്തെ താരം പത്തു വയസുകാരൻ ഖുമാൻ ഖലിയാണ്.

ഏറ്റവും വലുപ്പമുള്ള പോത്തിനെ തേടിനടന്ന് രണ്ടര വർഷം മുൻപ് പഞ്ചാബിൽനിന്ന് കൊണ്ടുവന്നതാണ് ഖുമാൻ ഖലിയെന്ന പോത്തുരാജനെ. ഇന്ത്യയിലെ എരുമക്കർഷകരുടെയും പോത്തുപ്രേമികളുടെയും ഇടയിൽ താരമായിരുന്ന ഖലി എന്ന പോത്തിന്റെ മകനാണ് ഖുമാൻ ഖലി. സ്ട്രോംഗസ്റ്റ് ബുൾ എന്ന് പേരുള്ള ഖലിയുടെ മക്കൾക്ക് 24 ലീറ്ററിനു മുകളിലാണ് പാലുൽപാദനം. ആ വംശാവലിയിലുള്ള ഖുമാൻ ഖലിയുടെ മക്കൾക്കും രണ്ടാം  പ്രസവത്തിൽ 19 മുതൽ‌ 22 വരെ ലീറ്റർ പാൽ ഉൽപാദനമുണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ സ്വകാര്യ മേഖലയിൽ മികച്ച വംശപാരമ്പര്യമുള്ള പോത്തുകളിലൊന്നാണിത്.

വംശപാരമ്പര്യം മാത്രമല്ല പഞ്ചാബിലെയും ഹരിയാനയിലെയും ഷോകളിലെ താരമായിരുന്നു ഖുമാൻ ഖലി. നിലവിൽ പിഡിഎഫ്എ (Progressive dairy Farmers Association), സിഐആർബി (Central Institute for Research on Buffaloes) പോലുള്ള മേളകളിൽ ഖലിയുടെ വംശാവലിയിൽ പെടുന്ന മക്കളാണ് പാലുൽപാദനത്തിൽ സമ്മാനം നേടുന്നത്. 

ghuman-khali-1

വംശപാരമ്പര്യം നോക്കിയല്ല താൻ ഖുമാൻ ഖലിയെ സ്വന്തമാക്കിയതെന്ന് ഷാനവാസ്. മറ്റു പോത്തുകളിൽ കണ്ടിട്ടില്ലാത്ത സ്വഭാവം, ശരീര വലുപ്പം എന്നിവയാണ് തന്നെ ഇവനിലേക്ക് ആകർഷിച്ചതെന്ന് ഷാനവാസ് പറഞ്ഞു. ധാരാളം ഷോകളിൽ പങ്കെടുത്തിട്ടുള്ളതുകൊണ്ടുതന്നെ വളരെ സൗമ്യനാണ് ഇവൻ. കൈകാര്യം ചെയ്യാനും എളുപ്പം. അതുപോലെ ഉയരത്തിലും (5 അടി 9 ഇഞ്ചാണ് ഉയരം) നീളത്തിലും ഇവന്റെ അടുത്തെത്താൻ മറ്റൊരു പോത്തില്ല. കൈവശമുണ്ടായിരുന്ന മറ്റു പോത്തുകളൊന്നും ഇവന്റെയത്ര സൗമ്യതയുള്ളവരായിരുന്നില്ല.

പ‍ഞ്ചാബിൽനിന്ന് ഒരാഴ്ചയോളം യാത്ര ചെയ്താണ് ഖുമാൻ ഖലി തൃശൂരിൽ എത്തിയത്. ഒരു വലിയ വാഹനത്തിൽ ഒറ്റയ്ക്കായിരുന്നു ആശാൻ എത്തിയത്. ഒരു ലക്ഷം രൂപയ്ക്കു മുകളിൽ യാത്രാച്ചെലവുതന്നെ വേണ്ടിവന്നു. പോത്തിന് മോഹവിലയായിരുന്നു. പക്ഷേ കോടികളൊന്നും വേണ്ടിവന്നിട്ടില്ലെന്നും ഷാനവാസ്. 

ghuman-khali-3
ദിവസവും വ്യായാമം

രണ്ടു പേരാണ് പരിചരിക്കാനുള്ളത്. ദിവസം മൂന്നു നേരം വ്യായാമമുണ്ട്. പുരയിടത്തിൽ നടത്തും. അതിനുശേഷം നന്നായി നനയ്ക്കും. നനയ്ക്കു ശേഷമാണ് ഭക്ഷണം. ദിവസം 50 കിലയോളം പച്ചപ്പുല്ല് നാലു നേരമായി നൽകുന്നുണ്ട്. പിണ്ണാക്കുകൾ, തവിടുകൾ, ധാന്യപ്പൊടികൾ എന്നിവയ്‌ക്കൊപ്പം കഞ്ഞിയും ചേർത്ത് രാവിലെ പത്തു കിലോയോളം സാന്ദ്രിത തീറ്റ കൊടുക്കുന്നുണ്ട്. തുട‌ർന്നുള്ള മൂന്നു നേരത്തെ സാന്ദ്രിത തീറ്റ രാവിലെ കൊടുക്കുന്നത്ര അളവിലല്ല. പെറ്റ് ആയി നോക്കുന്നതുകൊണ്ടുതന്നെ ചെലവിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ദിവസവും നന്നായി വെയിൽ കൊള്ളിക്കുന്നുണ്ട്. അത് ശരീരത്തിന്റെ കറുപ്പു നിറത്തിന് ആവശ്യമാണ്. 

English Summary:

Ghuman Khali, a prize Murrah buffalo, is a new sensation in Kerala. Owned by Shanavas Abdullah, this magnificent animal's lineage boasts exceptional milk production and a gentle temperament.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com