‘ആപ്പി’ലായി പശുക്കളും പക്ഷികളും; ഇടനിലക്കാരില്ലാതെ നേരിട്ട് വിൽക്കാൻ സർക്കാർ സഹായം

Mail This Article
കന്നുകാലികളുടെയും മറ്റു വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വ്യാപാരത്തിനായി സർക്കാരിന്റെ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേരള കന്നുകാലി വികസന ബോർഡ് ഇതു സംബന്ധിച്ചു കേരള സ്റ്റാർട്ടപ് മിഷനുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ഇടനിലക്കാരില്ലാതെ കർഷകർക്കു നേരിട്ട് ഓൺലൈൻ വിപണിയിൽ ഇടപെടുകയും ചൂഷണം ഒഴിവാക്കി സുരക്ഷിതമായ പണമിടപാടു നടത്തുകയുമാണു ലക്ഷ്യം.
പ്രത്യേകതകൾ
- ഫോട്ടോകൾ, വിഡിയോകൾ, ബ്രീഡിനെക്കുറിച്ചുള്ള വിശദാംശങ്ങൾ, ആരോഗ്യനില എന്നിവയുൾപ്പെടെ വിശദമായ പരസ്യങ്ങൾ പോസ്റ്റ് ചെയ്യാം.
- ബന്ധപ്പെട്ട രേഖകളും ഇതോടൊപ്പം ഉൾപ്പെടുത്താം.
- സ്പീഷീസ്, ജനുസ്സ്, വില, സ്ഥലം എന്നിവ അറിയാൻ സെർച് ഓപ്ഷനുകൾ.
- നേരിട്ടുള്ള വില നിശ്ചയിക്കൽ അല്ലെങ്കിൽ ലേല ശൈലിയിലുള്ള ബിഡിങ്.
- സുരക്ഷിതമായി മൃഗങ്ങളെ എത്തിക്കാൻ ഗതാഗത ഏജൻസികളുമായുള്ള ക്രമീകരണം.
- വിൽപനയ്ക്ക് മുൻപുള്ള വെറ്ററിനറി പരിശോധനകൾക്കും സർട്ടിഫിക്കേഷനുകൾക്കുമുള്ള ഓപ്ഷൻ.
- വ്യാപാരവുമായി ബന്ധപ്പെട്ട സർക്കാർ നിയമങ്ങൾ
- വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും നിർബന്ധിത കെവൈസി

ബിസിനസ് വർധിക്കും
വില നിശ്ചയിക്കൽ, ഇടനിലക്കാരുടെ സ്വാധീനം കുറയ്ക്കൽ, ന്യായമായ വ്യാപാരം ഉറപ്പാക്കൽ എന്നിവ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സാധ്യമാണ്. മൃഗക്ഷേമത്തിനും ധാർമിക വ്യാപാരത്തിനും മുൻഗണന നൽകും. ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരിശോധിച്ചുറപ്പിച്ച ലിസ്റ്റിങ്ങുകൾ, ആരോഗ്യ സർട്ടിഫിക്കേഷനുകൾ, നിയന്ത്രണ മാർഗനിർദേശങ്ങൾ പാലിക്കൽ എന്നിവ ഉത്തരവാദിത്തമുള്ള വ്യാപാര രീതികൾ ഉറപ്പാക്കും. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വിപണികളിൽ ഭൗതിക സന്ദർശനങ്ങൾ നടത്താതെ തന്നെ അവരുടെ സൗകര്യാർഥം ആശയവിനിമയം നടത്താൻ കഴിയും.
ഇതു ബിസിനസ് അവസരങ്ങൾ വർധിപ്പിക്കുമെന്നാണു പ്രതീക്ഷ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് മറ്റ് ആധുനിക ഇ-ഗവേണൻസ് സംരംഭങ്ങളുമായി യോജിച്ചു പ്രവർത്തിക്കാനായാൽ മേഖലയിൽ വൻ മാറ്റങ്ങൾക്കു ഭാവിയിൽ സഹായകരമാകും.
ലക്ഷ്യമിടുന്ന ഉപയോക്താക്കൾ
- കർഷകർ, കന്നുകാലി വളർത്തുന്നവർ.
- ക്ഷീര സംരംഭകർ
- കോഴി ഫാം ഉടമകൾ
- മൃഗസംരക്ഷണ കേന്ദ്രങ്ങളും സന്നദ്ധ സംഘടനകളും
- വെറ്ററിനറി ഡോക്ടർമാരും മൃഗസംരക്ഷണ വിദഗ്‌ധരും