ഫാമുകളിലെ മാലിന്യപ്രശ്‌നം പരിഹരിക്കാം

Water-plant
SHARE

മൃഗസംരക്ഷണ  സംരംഭകർ അഭിമുഖീകരിക്കുന്ന  പ്രധാന പ്രശ്‌നം മാലിന്യ ഭീഷണിയാണ്. മാലിന്യപ്രശ്‌നങ്ങളില്ലെങ്കില്‍പോലും വിജയകരമായി പ്രവർത്തിക്കുന്ന  കന്നുകാലി, പന്നി, ആട്, കോഴിഫാമുകൾ അടച്ചു പൂട്ടിക്കാൻ മലയാളികൾക്കു താൽപര്യമേറും. അതിനാല്‍ ഫാമിലെ മാലിന്യ ഭീഷണി ഒഴിവാക്കാൻ ശാസ്‌ത്രീയ നടപടികള്‍ എടുക്കണം. 

തൊഴുത്ത്, കൂട് എന്നിവ കഴുകുന്ന വെള്ളം നേരിട്ട് പറമ്പിലേക്കോ, ഓടകളിലേക്കോ വിടുന്നതാണ് ദുർഗന്ധത്തിനുകാരണം. ഇതിൽ ബിഒഡി (BOD –BiologicalOxygen Demand) നിലവാരം വളരെ കൂടുതലായിരിക്കും. ഈ വെള്ളം നേരിട്ട് പുറത്തുവിടാതെ സംസ്‌കരിച്ച്  ബിഒഡി നിലവാരം  100 ലും  താഴെയാക്കണം. വെള്ളത്തിലെ മാലിന്യത്തിന്റെ അളവു സൂചകമാണ് ബിഒഡി നിലവാരം.  

തൊഴുത്തും പരിസരവും ചാണകം/കാഷ്‌ഠത്തോടൊപ്പം കഴുകി വെള്ളം പുറത്തേക്കൊഴുക്കുന്നതാണ് മാലിന്യ പ്രശ്‌നമുണ്ടാക്കുന്നത്.  ചാണകം, പന്നിക്കാഷ്‌ഠം എന്നിവ എടുത്തു മാറ്റി തൊഴുത്തും കൂടുകളും കഴുകണം. കഴുകിയ വെള്ളം മെക്കാനിക്കൽ ഫിൽട്ടറിലേക്ക് വിട്ട് ഖരമാലിന്യങ്ങൾ വീണ്ടും  വേർതിരിക്കണം.  വെള്ളം, ബ്ലീച്ചിങ് പൗഡർ, ആലം/കുമ്മായം എന്നിവ ചേർത്ത് കെമിക്കൽ പ്ലാന്റിലേക്കു വിട്ട് മാലിന്യത്തോത് കുറച്ച് ബിഒഡി നിലവാരം കുറയ്‌ക്കാം. തുടർന്ന് ജൈവ പ്ലാന്റിലേക്ക് വിടാം.  പ്രത്യേകം നിർമിച്ച  സിമന്റ് ടാങ്കുകളിൽ ചിരട്ട നിരത്തി ഒപ്പം  ആക്റ്റിവേറ്റഡ് ചാര്‍ക്കോള്‍ നിറച്ച് കെമിക്കൽ ടാങ്കിൽനിന്നുള്ള വെള്ളം ജൈവ ടാങ്കിലൂടെ കടത്തിവിട്ടാൽ ബിഒഡി നിലവാരം കുറയുകയും മാലിന്യപ്രശ്‌നത്തിനു സ്ഥിര പരിഹാരമാവുകയും ചെയ്യും. ഈ വെള്ളം ഫാമിലെ ആവശ്യത്തിന് വീണ്ടും  ഉപയോഗിക്കാം.  

സാധാരണയായ ഫാമിൽനിന്നുള്ള മാലിന്യങ്ങളടക്കം ബയോഗ്യാസ് പ്ലാന്റിലേക്ക് വിടുകയാണ് പതിവ്. ചെറിയ ഫാമുകളില്‍ ഇതു ഫലപ്രദമാണ്.  എന്നാല്‍ കൂടിയ അളവിൽ മാലിന്യങ്ങൾ കുറഞ്ഞ കാലയളവിൽ ബയോഗ്യാസ് പ്ലാന്റിലൂടെ കടന്നാൽ  ഫെർമന്റേഷൻ(കിണ്വനം) നടക്കില്ല. അതിനാല്‍ ബയോഗ്യാസ് പ്ലാന്റുകൾ വലിയ ഫാമുകളിൽ ഫലപ്രദമല്ല.  

കോഴിഫാമുകളിലെ ദുർഗന്ധം അകറ്റാൻ കൂട്ടിൽ ലിറ്ററായി ഉപയോഗിക്കുന്ന മരപ്പൊടി ആഴ്‌ചയിൽ രണ്ടുതവണ ലിറ്ററിനു മേൽ  വിതറണം.  കൂടും പരിസരവും  വൃത്തിയാക്കണം. ഫാമിലേക്ക്  അന്യരെ കയറ്റരുത്. ഫാമിൽ കയറുന്നതിനു മുമ്പ് ചെരുപ്പുകളടക്കം പാദങ്ങൾ അണുനാശക ലായനിയിൽ മുക്കണം.  ഇറച്ചിക്കോഴികളെ വിൽപന നടത്തി  ഒരാഴ്ചയ്ക്കുള്ളില്‍ കൂട്ടിലെ ലിറ്ററും കോഴിക്കാഷ്‌ഠവും കുമ്മായം വിതറി കൂട്ടിവച്ച്  സംസ്‌കരിക്കണം. ഇവ മികച്ച ജൈവവളമാണ്. 

ഫോൺ: 8086223999

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WASTE MANAGEMENT
SHOW MORE
FROM ONMANORAMA