ADVERTISEMENT

ഒരു തൊഴിൽ സംരംഭം ഒരേ സമയം സാമൂഹികപ്രശ്നങ്ങൾക്കു പരിഹാരവും സംരംഭകനു വരുമാനവും നൽകുമെങ്കിൽ അതിനെ സാമൂഹികസംരംഭ (social entrepreneur– ship)മെന്ന ഗണത്തിൽപ്പെടുത്താം. സമൂഹത്തിനും സംരംഭകനും ഒരുപോലെ ഗുണകരമാവുന്ന സാമൂഹികസംരംഭങ്ങൾക്ക് വികസിതരാജ്യങ്ങൾ മുന്തിയ പരിഗണനയും പിന്തുണയും നൽകുന്നുണ്ട്. ഈ വിഭാഗത്തിൽ ആദ്യം കടന്നുവരുന്ന ഒന്നാണു മാലിന്യസംസ്കരണം. സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള പ്രതിബദ്ധതയും സംരംഭകത്വവും സമന്വയിക്കുന്ന തൊഴിൽ മേഖല. 

 

മികച്ച വരുമാനം നേടാവുന്ന സംരംഭമെന്ന നിലയ്ക്ക് മാലിന്യസംസ്കരണം പക്ഷേ കേരളത്തിൽ ഇനിയും വേണ്ടത്ര വളർന്നിട്ടില്ല. ഇത്തരം സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കു തുണയേകുന്നു തിരുവനന്തപുരത്ത് പാപ്പനം കോടുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (NIIST-നിസ്റ്റ്) എന്ന കേന്ദ്ര സർക്കാർ സ്ഥാപനം. നിസ്റ്റിലെ എമിരറ്റസ് സയൻറിസ്റ്റ് ഡോ. വി.ബി. മണിലാൽ വികസിപ്പിച്ചെടുത്ത യന്ത്രങ്ങൾ വഴി മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളവും പാചകവാതകവും നിർമിക്കാം. വീട്ടാവശ്യത്തിനുമാത്രമെങ്കിൽ അതിനും, സംരംഭമായി മാറ്റാൻ ഉദ്ദേശിക്കുന്നവർക്ക് അങ്ങനെയും പ്രയോജനപ്പെടും ഈ കണ്ടെത്തലുകൾ.

 

വളവും വാതകവും 

 

waste-management1
കിച്ചൻ വെയ്സ്റ്റ് സെല്‍ഫ് കമ്പോസ്റ്റർ

നഗരത്തിലെ സ്ഥലപരിമിതിക്കുള്ളിൽ വീർപ്പുമുട്ടുന്ന വീടുകൾക്ക് ഇണങ്ങുന്നതാണ് നിസ്റ്റിന്റെ അനെയ്റോബിക് ഡൈജസ്റ്റർ കം ബയോഗ്യാസ് പ്ലാന്റ്. അടുക്കളയിൽനിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങളെല്ലാം– ദിവസം രണ്ട് രണ്ടര കിലോ – വായു കടക്കാത്ത ഈ സംസ്കരണ യൂണിറ്റിൽ നിക്ഷേപിക്കാം. ഒാക്സിജന്റെ അഭാവത്തിൽ ഇതിൽ നിന്നു സൃഷ്ടിക്കപ്പെടുന്ന മീഥെയ്ൻ ശേഖരിക്കാൻ ബലൂൺ സംവിധാനമുണ്ട്. നാലോ അഞ്ചോ അംഗങ്ങളുള്ള  വീട്ടില്‍ ആവശ്യമുള്ള  പാചകവാതകത്തിന്റെ ചെറുതല്ലാത്ത പങ്ക് ഇതിലൂടെ നേടാം.

 

സംസ്കരണശേഷം ലഭിക്കുന്ന,  മികച്ച പോഷകഗുണമുള്ള സ്ലറി ചെടികൾക്കു വളമായി അടുക്കളത്തോട്ടത്തിൽ പ്രയോജനപ്പെടുത്താം. ഇത്തരം യൂണിറ്റുകൾ നിർമിച്ചു വിപണിയിലെത്തിച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ ഒട്ടേറെ ആവശ്യക്കാരുണ്ടാവുമെന്ന് ഡോ. മണിലാൽ പറയുന്നു. ഇതേ യൂണിറ്റിനെത്തന്നെ വിപുലീകരിച്ച് ഹോട്ടലുകൾക്കും കാന്റീനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മെസ്സുകൾക്കുമെല്ലാം പ്രയോജനപ്പെടുത്താം. ആദ്യം പരിചയപ്പെട്ട ചെറിയ യൂണിറ്റിൽ വലിയ എല്ലുകളും മറ്റും നുറുക്കിയിടേണ്ടി വരും. എന്നാൽ വലിയ യൂണിറ്റിൽ നുറുക്കി വീഴ്ത്താനുള്ള യന്ത്രസൗകര്യമുണ്ട്. ദിവസം നൂറു കിലോ ഭക്ഷ്യാവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ ശേഷിയുള്ള യൂണിറ്റെങ്കിൽ അതിൽനിന്നു ദിവസം ശരാശരി 10കിലോ പാചകവാതകവും 25 കിലോ ജൈവവളവും ലഭിക്കും. ഭക്ഷണശാലകൾക്ക് അനുബന്ധമായി നിർമിക്കുകയാണെങ്കിൽ ബയോഗ്യാസ് എളുപ്പത്തിൽ നേരിട്ട് അടുക്കളയിലെത്തിക്കാം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിർമിച്ചിരിക്കുന്ന ഇതേ യൂണിറ്റ് ദിവസം 500 കിലോ  ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ളതാണെന്നു ഡോ. മണിലാൽ. ജനറേറ്റർ പ്രവർത്തിപ്പിച്ച് പാചകവാതകത്തെ വൈദ്യുതിയാക്കി മാറ്റുകയാണ് ഇവിടെ. 

 

സംരംഭസാധ്യതയുള്ള മറ്റൊരു കണ്ടെത്തൽ കിച്ചൺ വെയ്സ്റ്റ് സെൽഫ് കമ്പോസ്റ്ററാണ്. മീഥെയ്ൻ ഉൽപാദനം കൂടി ലക്ഷ്യമിട്ടാണ് വായു കടക്കാത്ത അനെയ്റോബിക് സംവിധാനത്തിലൂടെ മാലിന്യ സംസ്കരണം നടത്തുന്നത്. അതേസമയം വായു സമ്പർക്കത്തോടെയുള്ള എയ്റോബിക് മാർഗം, ഗൃഹമാലിന്യ സംസ്കരണവും അടുക്കളത്തോട്ടത്തിലേക്കുള്ള വളവും ലക്ഷ്യമിട്ടുള്ളതാണ്. മീഥെയ്ൻ ഉൽപാദിപ്പിക്കാൻ പര്യാപ്തമല്ലാത്ത അളവിൽ, അതായത്, ദിവസം ശരാശരി ഒരു കിലോ മാത്രം ഭക്ഷ്യാവശിഷ്ടങ്ങൾ ബാക്കിയാവുന്ന വീടുകൾക്ക് ഈ രീതിയാണ് അഭികാമ്യം. സംസ്കരണ സംവിധാനത്തിന്റെ ചെലവു കുറയുകയും ചെയ്യും. 

 

മണ്ണിരക്കമ്പോസ്േറ്റാ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള കമ്പോസ്േറ്റാ മണ്ണുമായി കൂട്ടിക്കലർത്തി അതു പകുതിയോളം നിറച്ച വീപ്പയാണ് കിച്ചൺ വെയ്സ്റ്റ് സെൽഫ് കമ്പോസ്റ്ററിന്റെ മുഖ്യഭാഗം. മാലിന്യങ്ങൾ നിക്ഷേപിക്കാൻ വീപ്പയിൽ മൂന്നു ദ്വാരങ്ങളുണ്ട്. ഒന്നാമത്തെ ദ്വാരത്തിലൂടെ  ദിവസവും മാലിന്യങ്ങൾ നിക്ഷേപിച്ച് ഗിയർ ചലിപ്പിച്ച് വീപ്പ രണ്ടോ മൂന്നോ തവണ കറക്കുന്നു. ആദ്യ ഭാഗം നിറയുമ്പോൾ അടുത്ത ദ്വാരത്തിലൂടെ മാലിന്യങ്ങൾ നിക്ഷേപിക്കാം. 

 

മൂന്നാമത്തെ ഭാഗം നിറയുമ്പോഴേക്കും ആദ്യ,ഭാഗത്തെ മാലിന്യം ജൈവവളമായി മാറിയിട്ടുണ്ടാവും. മറ്റു ദ്വാരങ്ങൾ അടച്ച ശേഷം വീപ്പ കറക്കി ആദ്യ ദ്വാരം താഴോട്ടു തുറന്ന് വളം പുറത്തേക്കു വീഴിക്കാം. ഈ യൂണിറ്റിന്റെയും നിർമാണവും വിപണനവും വളം ഉൽപാദനവും സംരംഭമാക്കി മാറ്റാവുന്നതാണ്. മേൽപ്പറഞ്ഞ സംവിധാനങ്ങളെല്ലാം ദുർഗന്ധലേശമില്ലാതെയുള്ള സംസ്കരണമാർഗങ്ങളാണ് എന്നതും പ്രധാന കാര്യം തന്നെ. 

 

വീട്ടിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം മനുഷ്യർക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത രീതിയിൽ സംസ്കരിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് സംവിധാനവും ഡോ. മണിലാലിന്റെ നേതൃത്വത്തിൽ നിസ്റ്റ് രൂപകൽപന ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ടു നാം നിർമിക്കുന്ന വീടുകളിലെല്ലാം ഈ സംവിധാനമാണ് വേണ്ടതെന്നു ഡോ. മണിലാൽ അഭിപ്രായപ്പെടുന്നു. ഫോൺ: 9495405665 (ഡോ. മണിലാൽ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com