ഭക്ഷ്യോൽപന്ന സംരംഭങ്ങളിലെ അവശിഷ്ടങ്ങൾ സംസ്കരിച്ചും വരുമാനമുണ്ടാക്കാം

HIGHLIGHTS
  • മണ്ണിരയെ ഉപയോഗിച്ചും മാലിന്യം കമ്പോസ്റ്റ് ആക്കാം
  • തേങ്ങാവെള്ളത്തിൽനിന്നുണ്ടാക്കാവുന്നതാണ് നാറ്റാ ഡി കോക്കോ
vegetable
SHARE

ഭക്ഷ്യോൽപന്ന മൂല്യവർധനയിൽ സംരംഭകർ നേരിടുന്ന പ്രധാന പ്രശ്നമാണ് അവശിഷ്ട മാലിന്യ സംസ്കരണം. പഴം–പച്ചക്കറികൾ, നാളികേരം, മൽസ്യം എന്നിവയുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് അതും വരുമാന മാർഗമാക്കാനുള്ള നിർദേശങ്ങളാണ് ഈ ലേഖനത്തിൽ.  

പഴം, പച്ചക്കറി മാലിന്യം

പൈനാപ്പിൾ, ചക്ക, പഴം എന്നിവയ്ക്ക് 20–40 ശമാനം വരെ അവശിഷ്ടമുണ്ടാകാം. ഈച്ച, എലി തുടങ്ങിയവ പെരുകാൻ ഇടയാക്കുന്നതിനു പുറമെ ഇവ ദുർഗന്ധവുമുണ്ടാക്കും. പരിസരവാസികൾ പരാതിപ്പെടാൻ സാധ്യതയേറെ. 

സൂക്ഷ്മ ജീവികളെയോ മണ്ണിരയെയോ ഉപയോഗിച്ചു മാലിന്യം കമ്പോസ്റ്റ് ആക്കുന്നതാണു നല്ലത്. മാലിന്യത്തിന്റെ തോതിന് ആനുപാതിക വലുപ്പമുള്ള സിമന്റ് ടാങ്കുകൾ (മേൽക്കൂരയുള്ളത്) നിർമിക്കണം.

ടാങ്കുകൾ സംരംഭത്തിൽനിന്നു നിശ്ചിത അകലത്തിൽ വേണം നിർമിക്കാൻ. സ്ഥലസൗകര്യമില്ലാത്തവർ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി ടാങ്കുകൾ അവിടെ സ്ഥാപിക്കണം. തുടർന്നു ഗുണമേൻമയുള്ള മണ്ണിരകൾ അല്ലെങ്കിൽ ഇഎം ലായനി ശേഖരിക്കണം.

ഇഎം ലായനി (എഫക്ടീവ് മൈക്രോ ഓർഗാനിസം) ഉപയോഗിച്ചാണ് കമ്പോസ്റ്റ് ഉണ്ടാക്കുന്നതെങ്കിൽ മാലിന്യം നിറച്ചതിനുശേഷം ലായനി തളിച്ച് അൽപം ചകിരിച്ചോറ് മുകളിൽ നിക്ഷേപിക്കണം. ഓരോ ദിവസത്തെയും മാലിന്യം ഇതുപോലെ അന്നന്നു ടാങ്കിൽ നിക്ഷേപിച്ചു മുകളിൽ ലായനി തളിച്ചു കൊടുക്കാം. അധികം ജലാംശവും പുളിയുമുള്ള മാലിന്യങ്ങൾ ഒഴിവാക്കണം. ടാങ്ക് നിറഞ്ഞതിനുശേഷം ടാങ്ക് നന്നായി മൂടിയിടുക. 45 ദിവസം കൊണ്ടു ഗുണമേൻമയുള്ള കമ്പോസ്റ്റായി മാറും.

കമ്പോസ്റ്റ് തയാറാക്കുന്നതിനുള്ള ഇഎം ലായനിയുടെ, ഗാഢത കൂടിയ തയാറിപ്പ് (Stock Solution) അംഗീകൃത സ്ഥാപനങ്ങളിലും കാർഷിക സർവകലാശാലകളിലും ലഭ്യമാണ്. മണ്ണിരയെ ഉപയോഗിച്ചും മാലിന്യം  കമ്പോസ്റ്റ് ആക്കാം.   ഇത് ഉണക്കി പായ്ക് ചെയ്തു വിപണിയിലിറക്കാം.

തേങ്ങാവെള്ളം 

ദിവസേന 1000 നാളികേരം സംസ്കരിക്കുന്ന സംരംഭത്തിൽ ഏകദേശം 150–200 ലീറ്റർ തേങ്ങാവെള്ളം അവശിഷ്ടമായി വരാം. തേങ്ങാവെള്ളം ശേഖരിച്ചതിനുശേഷം 2–3 മണിക്കൂറിനുള്ളിൽ അതു സംസ്കരിക്കേണ്ടതുണ്ട്. വൃത്തിയായി ശേഖരിക്കുന്ന നാളികേര വെള്ളം 2–3 മണിക്കൂറിനുള്ളിൽ അരിച്ചെടുത്തു തിളപ്പിച്ചു തണുത്തതിനുശേഷം വിനാഗിരിയോ നാറ്റാ ഡി കോക്കോയോ ആക്കാം.

തിളപ്പിച്ചു തണുത്ത തേങ്ങാവെള്ളത്തിൽ ഒരു ലീറ്ററിന് 50 ഗ്രാം എന്ന തോതിൽ പഞ്ചസാരയും ഒരു ഗ്രാം യീസ്റ്റും ചേർത്ത് ഒരാഴ്ച മൂടിക്കെട്ടി വയ്ക്കുക. തുടർന്ന് അരിച്ചെടുത്ത് അതിനുശേഷം കള്ള് വിനാഗിരിയോ മറ്റു പ്രകൃതിദത്ത വിനാഗിരിയോ ലീറ്ററിന് 250 മില്ലി എന്ന തോതിൽ ചേർത്തു മൂടിക്കെട്ടി വയ്ക്കുക. രണ്ടാഴ്ച കൊണ്ടു വിനാഗിരി തയാറാകും. കൂടുതൽ അളവിൽ വിനാഗിരി തയാറാക്കുമ്പോൾ അതിനാവശ്യമായ ടാങ്കുകളും അതിലേക്കു പുളിപ്പിച്ച തേങ്ങാവെള്ളം പമ്പു ചെയ്യാനാവശ്യമായ ഉപകരണങ്ങളും ഒരുക്കേണ്ടതുണ്ട്.

തേങ്ങാവെള്ളത്തിൽനിന്നുണ്ടാക്കാവുന്ന, ഭക്ഷ്യയോഗ്യ  ജെല്ലിയാണ് നാറ്റാ ഡി കോക്കോ. ഫ്രൂട് ജ്യൂസുകളിലും സാലഡുകളിലും ചേരുവയാണിത്. തേങ്ങാവെള്ളത്തിൽ ഗാഢത കൂടിയ അസെറ്റിക് അമ്ലവും പഞ്ചസാരയും നിശ്ചിത അനുപാതത്തിൽ ചേർത്ത് അസെറ്റോബാക്ടർ സൈലീനിയം എന്ന സൂക്ഷ്മ ജീവിയുടെ കൾച്ചർ ചേർത്ത് അനങ്ങാതെ മൂടിവയ്ക്കുക. രണ്ടാഴ്ച കഴിയുമ്പോൾ ജെല്ലിയുടെ രൂപത്തിൽ നാറ്റാ ഡി കോക്കോ ട്രേയ്ക്കുള്ളിൽ വളർന്നിരിക്കും. ഇതു ശ്രദ്ധാപൂർവം എടുത്തു തിളപ്പിച്ച് പുളിരസം മാറ്റി പഞ്ചസാര സിറപ്പിൽ സൂക്ഷിക്കാം. നല്ല വില കിട്ടുന്ന ഭക്ഷ്യവസ്തുവാണ് നാറ്റാ ഡി കോക്കോ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WASTE MANAGEMENT