മത്സ്യകൃഷിയിൽ തീറ്റച്ചെലവ് കുറയ്ക്കാൻ കറുത്ത പട്ടാളപ്പറവയുടെ ലാർവ

HIGHLIGHTS
  • പെണ്ണീച്ചകൾ ഒരു തവണ നൂറുകണക്കിന് മുട്ടകളിടും
  • ഇവയെ വളർത്തിയാൽ ഗുണം രണ്ടാണ്
black-soldier-fly-1
Black Soldier Fly Larvae
SHARE

കാഴ്ചയ്ക്ക് അത്ര സൗന്ദര്യമൊന്നുമില്ലാത്തവയാണ് കറുത്ത പട്ടാളപ്പറവ (Black soldier flies (Hermetia illucens). എന്നാൽ, അക്വാകൾച്ചർ മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ ഇവയ്ക്കാകും. പ്രോട്ടീൻ ഏറെയുള്ള ഇവയുടെ ലാർവകളെ മത്സ്യങ്ങൾക്ക് തീറ്റയായി നൽകിയാൽ ചെലവ് വലിയൊരളവിൽ കുറയ്ക്കാൻ കഴിയും. 

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളിൽ മത്സ്യോൽപാദനം രണ്ടു മടങ്ങായിട്ടുണ്ട്. അതിനൊപ്പം വളർത്തുമത്സ്യങ്ങൾക്കുള്ള തീറ്റയ്ക്ക് സുസ്ഥിരമായ മാർഗങ്ങളും നിരവധി ഉയർന്നുവന്നു. പരമ്പരാഗതമായി മത്സ്യ‌ങ്ങൾക്ക് മത്സ്യമാലിന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണമാണ് നൽകിയിരുന്നതെങ്കിൽ അതിന്റെ ലഭ്യതക്കുറവ് മുന്നിൽക്കണ്ട് മറ്റു മാർഗങ്ങൾ ഇപ്പോൾ സ്വീകരിക്കുന്നുണ്ട്. ഇവിടെയാണ് കറുത്ത പട്ടാളപ്പറവയുടെ പ്രാധാന്യം. 

കറുത്ത പട്ടാളപ്പറവ പുതിയ അവതാരമൊന്നുമല്ല. വർഷങ്ങളായി കർഷകർ കമ്പോസ്റ്റ്, മാലിന്യനിർമാർജനം, പക്ഷിമൃഗാദികൾക്കുള്ള തീറ്റ എന്നിവയിൽ ഉപയോഗിച്ചിരുന്നവയാണ്. ഉയർന്ന തോതിൽ പ്രോട്ടീൻ ഉള്ള അതിവേഗ വളർച്ചയുള്ള ലാർവകൾ എന്തിനെയും അതിവേഗം വിഘടിപ്പിച്ച് വളമാക്കും. അതുകൊണ്ടുതന്നെ ഇവയെ വളർത്തിയാൽ ഗുണം രണ്ടാണ് – പക്ഷി–ജന്തു–മത്സ്യങ്ങൾക്ക് തീറ്റയുമാകും മാലിന്യനിർമാർജനവും നടക്കും.

തിളങ്ങുന്ന കറുത്ത ശരീരവും തലയിൽ ഒരു ജോടി ആന്റിനകളും ചിറകുകളുമാണ് പ്രായപൂർത്തിയായ പട്ടാഴപ്പറവകൾക്കുള്ളത്. മറ്റു ജീവജാലങ്ങളെയോ മനുഷ്യരെയോ കടിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ല എന്നതും പ്രത്യേകതയാണ്. 

പെണ്ണീച്ചകൾ ഒരു തവണ നൂറുകണക്കിന് മുട്ടകളിടും. നാലു ദിവസംകൊണ്ട് വിരിഞ്ഞ് പുറത്തിറങ്ങുന്ന ലാർവകൾ വലിയ വിശപ്പുള്ളവരാണ്. മുന്നിൽക്കിട്ടുന്ന ജൈവാവശിഷ്ടങ്ങൾ കഴിച്ച് അവർ അതിവേഗം വളരും. 14 ദിവസംകൊണ്ട് ലാർവ പൂർണവളർച്ചയിലെത്തും. കുഞ്ഞുങ്ങൾക്ക് കഴിക്കാനാവശ്യമായ ജൈവാവശിഷ്ടങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണ് ഈച്ചകൾ മുട്ടയിടൂ. 

black-soldier-fly
Black Soldier Fly

മത്സ്യകൃഷിയിൽ ട്രോട്ട്, സാൽമൺ മത്സ്യങ്ങൾക്ക് പട്ടാളപ്പറവയുടെ ലാർവകളെ നൽകിയതുവഴി വളർച്ചയിൽ ഞെട്ടിക്കുന്ന മാറ്റമുണ്ടായി എന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. സാധാരണ മത്സ്യമാലിന്യങ്ങളിൽനിന്നുള്ള തീറ്റകളേക്കാളും വളർച്ചയിൽ പ്രകടമായ മാറ്റമുണ്ടാക്കാൻ ലാർവകൾക്ക് കഴിയുന്നുണ്ട്. ലാർവകളെ കഴിച്ച മത്സ്യങ്ങളെ കഴിക്കുന്നതുവഴി മനുഷ്യർക്കു ദോഷമില്ലെന്നും ഗവേഷകർ പറയുന്നു. 

കടപ്പാട്: അരീല്ല സിംകെ (മറൈൻ ബയോളജിസ്റ്റ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WASTE MANAGEMENT