വിജയകരമായി മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

HIGHLIGHTS
  • ചാണകം മണ്ണിരയുടെ കുഞ്ഞുങ്ങളുടെ ബേബി ഫുഡ് ആണ്
  • മാലിന്യം ഏതാണ്ട് 40-45 ദിവസം കൊണ്ട് കമ്പോസ്റ്റാകും
vermi-compost-1
SHARE

മണ്ണിര കമ്പോസ്റ്റിനെ ജയിക്കാൻ മറ്റൊരു ജൈവവളവും ഇല്ല. ഇത് കൊടുത്തു വളർത്തുന്ന സസ്യങ്ങളുടെ അഴകും ആരോഗ്യവും അവ തരുന്ന വിളവും ഒന്ന് വേറെ തന്നെയാണ്. യൂഡ്രില്ലസ് യൂജീന അല്ലങ്കിൽ ഐസീനിയ ഫെറ്റിഡ എന്ന് അറിയപ്പെടുന്ന രണ്ടു തരം ആഫ്രിക്കൻ മണ്ണിരകളെയാണ് മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഇവ മണ്ണിൽ ജീവിക്കില്ല. ഇതിൽ വീടുകളിലും മറ്റും മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് അനുയോജ്യം താരതമ്യേന  വലുപ്പം കുറഞ്ഞ യൂഡ്രില്ലസ് യുജീനയാണ്.

ഏറെ ശ്രദ്ധ ആവശ്യമുള്ള പ്രവർത്തിയാണ് മണ്ണിരകമ്പോസ്റ്റ് നിർമ്മാണം. മണ്ണിരയുടെ അംഗസംഖ്യ കുറയുന്നതും അവ അപ്രത്യക്ഷമാകുന്നതും പലരുടെയും അനുഭവമാണ്. ആഫ്രിക്കൻ മണ്ണിരയുടെ പ്രത്യേകതകൾ അറിയാതെയുള്ള നിർമ്മാണമാണ് ഇതിനു കാരണം. ഈ മണ്ണിരകൾ അഴുകിയ ജൈവ വസ്തുക്കൾ മാത്രമേ ഭക്ഷിക്കൂ. സ്വന്തം ശരീരഭാരത്തിനു തുല്യമായ അത്രയും അഴുകിയ ജൈവ മാലിന്യങ്ങൾ ഭക്ഷിച്ച് അത് കാഷ്ടമായി പുറം തള്ളുന്നു. ഇങ്ങനെ ലഭിക്കുന്ന കാഷ്ടമാണ് മണ്ണിര കമ്പോസ്റ്റ്. ഇതിൽ വിത്തുകൾ നല്ല കരുത്തോടെ മുളച്ചു വരുന്നതും കാണാം.

vermi-compost

ഈ മണ്ണിരകൾക്കു നേരിയ തോതിലുള്ള ചൂട് പോലും അസഹനീയമാണ്. ഫ്രഷ് ആയുള്ള അടുക്കള മാലിന്യം അങ്ങനെ തന്നെ ഇട്ടു കൊടുത്താൽ അത് മണ്ണിരകൾക്കു ഭക്ഷ്യ യോഗ്യമല്ല എന്നു തന്നെയല്ല അത് അഴുകുമ്പോൾ ഉണ്ടാകുന്ന ചൂട് മണ്ണിരകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് അടുക്കള മാലിന്യം ആദ്യം ഒരു ഡ്രമ്മിൽ ശേഖരിക്കണം ഡ്രം നിറയുമ്പോൾ അതിന്റെ ഉപരിതലത്തിൽ ധാരാളം വെളുത്ത പുഴുക്കൾ പ്രത്യക്ഷമാകും. ഇത് ഏറിയ പങ്കും ഈച്ചയുടെ ലാർവകൾ ആണ്. ചെറിയ തോതിൽ ബ്ലാക്ക് സോൾജിയർ ഫ്ലൈയുടെ ലാർവകളും ഉണ്ടാവാം.  ഈ ലാർവകളും അഴുകിയ മാലിന്യങ്ങൾ കാഷ്ഠമായി മാറ്റിക്കൊണ്ടിരിക്കും. പക്ഷേ, ഈ ലാർവകളെ ജീവനോടെ മണ്ണിര പ്ലാന്റിൽ നിക്ഷേപിച്ചാൽ അവ എല്ലാം ഈച്ചകളായി/സോൾജിയർ ഫ്ലൈ ആയി പുറത്തു വരും. 

ഇതൊഴിവാക്കാൻ ഒരു എളുപ്പ വിദ്യ ഉണ്ട്. അടുക്കള മാലിന്യം ശേഖരിക്കുന്ന ഡ്രം അത് നിറഞ്ഞു കഴിയുമ്പോൾ അടപ്പ് ഉപയോഗിച്ച് അടച്ച്‌ 2-3 ദിവസം കമഴ്ത്തി വയ്ക്കുക. അപ്പോൾ പ്രാണവായു ലഭിക്കാതെ ഈ ലാർവകൾ ചത്തൊടുങ്ങും. പ്രോട്ടീൻ സമ്പുഷ്ടമായ ചത്ത ലാർവകൾ മണ്ണിരക്ക് വിശിഷ്ട ഭോജ്യവും ആകും. ഇങ്ങനെയുള്ള അഴുകിയ മാലിന്യം മണ്ണിരയ്ക്ക് നൽകുമ്പോൾ നിർബന്ധമായും ഒരു 10% എങ്കിലും പച്ചച്ചാണകം അതിന്റെ കൂടെ നൽകണം. ഈ ചാണകത്തിലാണ് മണ്ണിരയുടെ മുട്ടകൾ വിരിയുന്നത്. ഏതാനും ദിവസങ്ങൾക്കു ശേഷം ഈ ചാണകം വകഞ്ഞു നോക്കിയാൽ മണ്ണിരയുടെ ധാരാളം കുഞ്ഞുങ്ങളെ ഈ ചാണകത്തിൽ കാണാൻ സാധിക്കും. 

vermi-compost-2

ചാണകം മണ്ണിരയുടെ കുഞ്ഞുങ്ങളുടെ ബേബി ഫുഡ് ആണ്. കോൺക്രീറ്റ് റിങ്ങിലും പ്ലാസ്റ്റിക് പാത്രങ്ങളിലും മൺ പാത്രങ്ങളിലും മറ്റും അടുക്കള മാലിന്യം നേരിട്ട് നിക്ഷേപിച്ച് പലരും മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുന്നുണ്ട്. നാമ മാത്രമായ മണ്ണിരകളേ ഈ സാഹചര്യങ്ങളിൽ ഉണ്ടാവുകയുള്ളൂ എന്ന് കരുതേണ്ടിയിരിക്കുന്നു. ഈ മണ്ണിരകൾക്ക് നല്ല വായൂ സഞ്ചാരം ആവശ്യമാണ്. ഈ വക പാത്രങ്ങളിൽ നിന്നും ലഭിക്കുന്ന കമ്പോസ്റ്റ് ഏറിയ പങ്കും സാധാരണ കമ്പോസ്റ്റ് ആയിരിക്കും. അതിൽ നേരിയ ഒരു അംശം മാത്രമേ മണ്ണിര കമ്പോസ്റ്റ് ഉണ്ടാവുകയുള്ളൂ.

വിജയകരമായി മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കാൻ 3 അറകളുള്ള ഒരു ചെറിയ പ്ലാന്റ് ആവശ്യമാണ്. വെയിലും മഴയും ഏൽക്കാത്ത ഒരു ഷെഡിൽ 3-4  ഇഷ്ടിക പൊക്കത്തിൽ 3 കള്ളികൾ നിർമ്മിക്കുക. എലിയും മറ്റു ക്ഷുദ്രജീവികളും കയറാതിരിക്കാൻ തടി കൊണ്ട് ഒരു ഫ്രെയിം ഉണ്ടാക്കി കമ്പിവല അടിക്കുക. ഒന്നിൽ നനഞ്ഞ ഘനമുള്ള ഒരു ചണച്ചാക്കു വിരിച്ച് അതിൽ കുറച്ചു പച്ചച്ചാണകം ഇട്ട് അതിൽ മണ്ണിരകളെ നിക്ഷേപിക്കുക. മണ്ണിരയുടെ ഒരു നല്ല അംഗസംഖ്യ ആകുന്നതു വരെ വീണ്ടും വീണ്ടും ചാണകം ഇടുക. ആവശ്യത്തിന് ഈർപ്പം നിലനിർത്തണം. 2-3 മാസത്തിനുശേഷം മണ്ണിരയുടെ അംഗ സംഖ്യ പല മടങ്ങു വർധിക്കും. അപ്പോൾ അഴുകിയ ജൈവ മാലിന്യവും അതോടൊപ്പം 10% ത്തിൽ കുറയാതെ പച്ച ചാണകവും കുറച്ചു കരിയില പൊടിച്ചതും ക്രമാനുഗതമായി അതിൽ നിക്ഷേപിക്കാം. കാർബൺ നൈട്രജൻ അനുപാതം നിലനിർത്താനാണ് കരിയില ചേർക്കുന്നത്. 

vermi-compost-1

മണ്ണിര കമ്പോസ്റ്റിൽ അഴുകൽ പ്രക്രിയയെ സഹായിക്കുന്ന ജീവാണുക്കളുടെ നിറസാന്നിധ്യം ആവശ്യമാണ്. കരിയിലയും ചാണകവും ഇതിനു സഹായിക്കും. കൂടാതെ ചാണകത്തോടോ കരിയിലയോടോ ഒപ്പം നേർപ്പിച്ച AEM (ആക്ടിവേറ്റഡ് എഫക്ടീവ് മൈക്രോഓർഗാനിസം) ലായനി (2 ml/Ltr.) ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. മാലിന്യത്തിന് ഉൾക്കൊള്ളാൻ സാധിക്കുന്ന ക്ലോറിൻ കലരാത്ത വെള്ളം മാത്രമേ നൽകാവൂ. എപ്പോഴും ഒരു നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടണം. ഇടയ്ക്കിടക്ക് ഇളക്കക്കിക്കൊടുക്കുകയും വേണം. ഒരു കള്ളി നിറയുമ്പോൾ അടുത്ത കള്ളി. മൂന്നാമത്തെ കള്ളിയും നിറയുമ്പോൾ ആദ്യത്തെ കള്ളി മുഴുവനായും കമ്പോസ്റ്റായിരിക്കും. ഇത് കൂന കൂട്ടി മുകളിൽനിന്നും കുറേശേ ചുരണ്ടി എടുക്കാം. 

മാലിന്യം ഏതാണ്ട് 40-45 ദിവസം കൊണ്ട് കമ്പോസ്റ്റാകും. ഇത് മണ്ണിരയുടെ അംഗസംഖ്യ അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും.  മുഴുവനായും വാരി എടുക്കരുത്. പാകമായ കള്ളിയിൽനിന്നു മറ്റു കള്ളികളിലേക്കു മണ്ണിരകളെ മാറ്റാൻ ഒരു എളുപ്പ വിദ്യ ഉണ്ട്. കുറച്ചു പച്ചച്ചാണകം മുകളിൽ ഇട്ടു കൊടുത്താൽ ഒരു 3-4 ദിവസങ്ങൾക്കുള്ളിൽ ഏറിയ പങ്കു മണ്ണിരകളും ഈ ചാണകത്തിൽ പ്രവേശിച്ചിരിക്കും. മണ്ണിരകളോടൊപ്പം ഈ ചാണകത്തെ ആവശ്യമുള്ള കള്ളിയിലേക്കു വാരി മാറ്റാം. പച്ച ചാണകം ഒരു ഡ്രമ്മിൽ അടച്ചു സൂക്ഷിച്ചാൽ 4-5 മാസം വരെ അഴുകാതിരിക്കും. അഴുകിയ ചാണകവും ചാണകപ്പൊടിയും പച്ച ചാണകത്തിനു പകരമാവില്ല. 

vermi-compost-3

മണ്ണിരയ്ക്കുള്ള അടുക്കള മാലിന്യത്തിൽനിന്നും നാരങ്ങാത്തൊണ്ട്, പുളി മുതലായ അമ്ല സ്വഭാവമുള്ള മാലിന്യങ്ങളും, എരിവ്, ഉപ്പ്‌, എണ്ണ ഇവയും അഴുകാൻ  പ്രയാസമുള്ള മുട്ടത്തോടും വാഴയിലയും മറ്റും ഒഴിവാക്കുക. 

എലിയും ഉറുമ്പും ആണ് മണ്ണിരയുടെ പ്രധാന ശത്രുക്കൾ. 

മണ്ണിര കമ്പോസ്റ്റിന്റെ ഗുണ നിലവാരം അതിലുള്ള മണ്ണിരകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഓരോ ഡിവിഷനിലും തിങ്ങി നിറഞ്ഞ് മണ്ണിര ഉണ്ടാവണം. നിക്ഷേപിക്കുന്ന അഴുകിയ ജൈവ മാലിന്യത്തിന്റെ മൂന്നിൽ ഒരു ഭാഗമോ അതിൽ താഴെയോ ആയിരിക്കും ലഭിക്കുന്ന മണ്ണിര കമ്പോസ്റ്റ്. നിക്ഷേപിക്കുന്ന മാലിന്യത്തിലെ ഉയർന്ന തോതിലുള്ള ജലാംശമാണ് ഇതിനു പ്രധാന കാരണം.

മണ്ണിര കമ്പോസ്റ്റ് ബെഡിന്റെ താഴെ ഒരു മൂന്നിഞ്ച് ഘനത്തിൽ അറക്കപ്പൊടിയും തൊണ്ടും ചകിരിയും ഒക്കെ ഉപയോഗിച്ച് ഒരു ബെഡ് ഉണ്ടാക്കണം എന്നുള്ള നിർദ്ദേശം പല ലേഖനങ്ങളിലും നിങ്ങൾ കണ്ടിരിക്കും. ഇത് എന്തിനാണെന്നോ ഇതിന്റെ ഗുണദോഷങ്ങൾ എന്താണെന്നോ ആരും അന്വേഷിക്കാറില്ല. ഈ ബെഡിൽ മണ്ണിരകൾ പ്രവേശിക്കുകയോ അവയുടെ മുട്ട വിരിയുകയോ ചെയ്യുന്നതായി കാണുന്നില്ല. അറക്കപ്പൊടിയിൽ 60% കാർബണും ഉയർന്ന തോതിൽ ലിഗ്നിനും  മറ്റു  വിഷ വസ്തുക്കളും (Toxins) അടങ്ങിയിരിക്കുന്നു. ചകിരിച്ചോറിൽ 40% ലിഗ്നിനും ഉയർന്ന തോതിൽ കാർബണും അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയുടെ അഴുകൽ പ്രക്രിയയിൽ മണ്ണിര കമ്പോസ്റ്റിൽ ഉള്ള ഏറെക്കുറെ മുഴുവൻ പാക്യജനകനും നഷ്ടമാകും. അതുകൊണ്ട് അശാസ്ത്രീയമായ ഈ അബദ്ധത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ ഒരു ബെഡ്ഡ് നിർത്തിക്കൊണ്ട് മണ്ണിരകമ്പോസ്റ്റു ഇളക്കാനും സാധ്യമല്ല. അതുകൊണ്ട് ഒരു നനഞ്ഞ കട്ടിയുള്ള ചണച്ചാക്ക് താഴെ വിരിച്ചുകൊടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഈ ചാക്ക് ഈർപ്പം നിലനിർത്തുകയും അധികമുള്ള ജലം വലിച്ചെടുക്കുകയും ചെയ്യും. ലിഗ്നിൻ സസ്യങ്ങൾക്ക് നന്നല്ല. ചകിരിച്ചോർ കമ്പോസ്റ്റാക്കുമ്പോൾ ഈ ലിഗ്നിൻ 40% ത്തിൽനിന്നു 4% ആയി കുറയുന്നു. അതുകൊണ്ടാണ് ചകിരിച്ചോർ കമ്പോസ്റ് കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്.

അടുത്ത നിർദ്ദേശമാണ് താഴെ ഒരു കുഴൽ ഘടിപ്പിച്ചു വെർമിവാഷ് സംഭരിക്കുക എന്നുള്ളത്. ആവശ്യത്തിലധികം വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രമേ കുഴലിൽ കൂടി അത് പുറത്തോട്ടു ഒഴുകുകയുള്ളൂ. അങ്ങനെ ഒഴുകി വരുന്നത് ജീവാണുക്കളും മണ്ണിരകളുടെ മുട്ടകളും ആയിരിക്കും. തന്നെയുമല്ല ഈ കുഴലുകളിൽ കൂടി ഉറുമ്പ് ഉൾപ്പെടെയുള്ള പല ക്ഷുദ്ര ജീവികളും അകത്തു പ്രവേശിക്കുകയും ചെയ്യും. അതുകൊണ്ട് ഈ രണ്ട് ഏർപ്പാടുകളും തികച്ചും അശാസ്ത്രീയമാണ്. കുറച്ചു വെർമി കമ്പോസ്റ്റ് ഒരു തുണിസഞ്ചിയിൽ കെട്ടി വെള്ളത്തിൽ ഇട്ടാൽ ലഭിക്കുന്നതാണ് ഏറ്റവും നല്ല വെർമി വാഷ്. പത്രപോഷണത്തിന് ഇതിനെ ജയിക്കാൻ മറ്റൊന്നും ഇല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WASTE MANAGEMENT