പാഴായിപ്പോകുന്ന തെങ്ങോലയിൽനിന്നു സ്ട്രോ‌, കൈ നിറയെ വിദേശ ഓർഡറുകൾ

HIGHLIGHTS
  • തായ്‍ല‌ൻഡിനും ഫിലിപ്പീൻസിനും ശ്രീലങ്കയ്ക്കുമൊന്നും തോന്നാത്ത ബുദ്ധി
  • നാലു മില്ലിമീറ്റർ മുതൽ 13മില്ലിമീറ്റർ വരെ ഉള്ളളവിലുള്ള സ്ട്രോകൾ
straw
SHARE

നീരയില്‍ നിരാശയിലായ കേരകർഷകർക്കു ശുഭവാർത്ത. പ്രതീക്ഷകളുടെ മധുരം നുകരാൻ ഇതാ തെങ്ങോല സ്ട്രോ. നിലത്തുവീണു ദ്രവിച്ചു തീരുന്ന, അതല്ലെങ്കിൽ കത്തിച്ചോ പൊടിച്ചോ കളയുന്ന തെങ്ങോലയിൽനിന്ന് ലോകം അത്ഭുതത്തോടെ നോക്കുന്ന കണ്ടുപിടിത്തവുമായി വരുന്നത് ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലിഷ് അധ്യാപകൻ പ്രഫ. സജി വർഗീസ്. 

തെങ്ങിൽനിന്നും തേങ്ങയിൽനിന്നും നൂറുകണക്കിനു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന തായ്‍ല‌ൻഡിനും ഫിലിപ്പീൻസിനും ശ്രീലങ്കയ്ക്കുമൊന്നും തോന്നാത്ത ബുദ്ധി. ഒരു കോടി തെങ്ങോല സ്ട്രോ സാധ്യമാകുന്നത്ര വേഗത്തിൽ, അമേരിക്കയിലെത്തിക്കാനുള്ള ഓർഡർ പ്രഫസറുടെ കയ്യിലിരിക്കുന്നു. ഒപ്പം മുപ്പതിലേറെ വിദേശരാജ്യങ്ങളിൽനിന്നുള്ള അന്വേഷണങ്ങളും താൽപര്യങ്ങളും. 

കൃഷി–തൊഴിൽ–പരിസ്ഥിതി മേഖലകളിലെല്ലാം ഗുണപരമായ മാറ്റങ്ങൾക്കു വഴിവയ്ക്കും സജിയുടെ തെങ്ങോല സ്ട്രോ. വലിച്ചു കുടിച്ച ശേഷം വലിച്ചെറിയുന്ന സ്ട്രോയ്ക്ക് ഇത്ര സാധ്യതകളോ എന്നു സംശയി ക്കുന്നവർക്ക് സൗമ്യമായി സജി പറഞ്ഞുതരും ചെറിയ സ്ട്രോയുടെ വലിയ ലോകം. ‘‘കേരളത്തിൽ മാത്രം ദിവസം ഏകദേശം 30 ലക്ഷം പ്ലാസ്റ്റിക് സ്ട്രോകൾ ആവശ്യം വരുന്നെന്നു കണക്കുകൾ. ബെംഗളൂരു നഗരത്തിൽ ദിവസം വേണ്ടി വരുന്നത് 7–8 ലക്ഷം സ്ട്രോ. അമേരിക്കയിലിത് കോടികളത്രെ’’, സജി പറയുന്നു.  

ഇത്രയും പ്ലാസ്റ്റിക് സ്ട്രോകൾ ഉടനടി തെങ്ങോല സ്ട്രോകൾക്കു വഴിമാറും എന്നല്ല ഇതിനർഥം.  പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ നിർമിക്കുന്ന ചെലവിൽ അതേപോലൊരു ബദൽ ഉൽപന്നം സാധ്യമല്ലെന്ന വസ്തുതയുമുണ്ട്. തെങ്ങോല സ്ട്രോയുടെ കാര്യവും അങ്ങനെതന്നെ. പ്ലാസ്റ്റിക് സ്ട്രോ ഒന്നിന് 30–35 പൈസ മാത്രം വില വരുമ്പോൾ 3 രൂപ വിലയെത്തും തെങ്ങോല സ്ട്രോയ്ക്ക്. എന്നിട്ടും എന്തുകൊണ്ട് ഈ കണ്ടെത്തൽ ലോകശ്രദ്ധ നേടുന്നുവെന്നു ചോദിച്ചാൽ, ആരോഗ്യകരമായ ഉൽപന്നങ്ങൾ മാത്രം വാങ്ങാൻ തയാറുള്ള സമൂഹം ലോകമെമ്പാടും വളര്‍ന്നുവരുന്നു എന്നു സജിയുടെ മറുപടി. അതുതന്നെയാണ് തെങ്ങോല സ്ട്രോ, തെങ്ങുകൃഷിയുടെ തലവര മാറ്റും എന്ന പ്രതീക്ഷയ്ക്ക് അടിസ്ഥാനവും.

ലക്ഷങ്ങൾ മാത്രമല്ല ലക്ഷ്യം 

നാലു മില്ലിമീറ്റർ മുതൽ 13മില്ലിമീറ്റർ വരെ വ്യത്യസ്ത ഉള്ളളവിലുള്ള സ്ട്രോകളാണ് സജി ഉണക്കത്തെങ്ങോലയിൽ നിർമിക്കുന്നത്. ആന്റി ഓക്സിഡന്റ് സ്വഭാവമുള്ള ആരോഗ്യ ഘടകങ്ങളും ആന്റി ഫംഗൽ മേന്മകളുമുള്ള ഈ തെങ്ങോല സ്ട്രോ നിർമിക്കുന്ന യൂണിറ്റുകൾക്ക് കേരളത്തിലും തമിഴ്നാട്ടിലുമുള്ള തെങ്ങിൻ തോപ്പുകളിൽ തുടക്കമിട്ടു കഴിഞ്ഞു. കാസർകോട്ടെ യൂണിറ്റ് സന്ദർശിച്ച ധനമന്ത്രി ടി.എം. തോമസ് ഐസക് സംരംഭത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നു. 

കോടികളുടെ വരുമാനസാധ്യതയുണ്ടെങ്കിലും തെങ്ങോല സംരംഭം സുതാര്യവും തൊഴിലാളിക്ഷേമത്തിൽ ഊന്നിയുള്ളതുമാവണമെന്നു നിർബന്ധമുണ്ട് സജിക്കും ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കും. ലാഭം മാത്രം ലക്ഷ്യമിട്ട് സംരംഭത്തിൽ പങ്കാളികളാവാൻ വരുന്നവരെ സ്നേഹപൂർവം നിരസിക്കുന്നതും അതുകൊണ്ടു തന്നെ. കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട പേറ്റന്റുകളെല്ലാം സ്വന്തമാക്കി കരുതലോടെയാണ് സജിയും സർവകലാശാലയും ഓരോ ചുവടും വയ്ക്കുന്നത്. സ്ട്രോ നിർമാണത്തിനായി രൂപീകരിച്ച ‘ബ്ലെസിങ് പാം’ എന്ന കമ്പനി അനേകർക്ക് അനുഗ്രഹമാകണമെന്നുതന്നെയാണ് സജിയുടെ ആഗ്രഹം.

straw-1
സ്ട്രോകൾ നിർമിക്കുന്നു

ഗ്രാമങ്ങളിലെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകൾക്കു മാത്രം തൊഴിൽ നൽകുന്ന രീതിയിലാണു യൂണിറ്റുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഉൽപാദനച്ചെലവു മുതൽ ഏതു രാജ്യത്ത് ഏതു തുകയ്ക്കു വിറ്റഴിക്കുന്നു എന്നതുവരെയുള്ള ഒാരോ ഘട്ടവും സുതാര്യമായിരിക്കും. രാജ്യാന്തര ഓർഡറുകൾക്കും ലാഭത്തിനും അനുസൃതമായി തൊഴിലാളികളുടെ വരുമാനവും വർധിക്കും.

ലഘുവായ യന്ത്രോപകരണങ്ങൾ മാത്രമാണ് സ്ട്രോ നിർമാണത്തിനു വേണ്ടിവരുന്നത്. ആദ്യ ഘട്ടത്തിൽ സജി നിർമിച്ച പ്രോട്ടോടൈപ്പ് യന്ത്രങ്ങൾ പരിഷ്കരിച്ച് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ബിസിനസ് ഇൻക്യുബേഷൻ സെന്റർ മികവേറിയ യന്ത്രങ്ങൾ നിർമിച്ചിരിക്കുന്നു. 6 സ്ത്രീകൾ ഉൾപ്പെടുന്ന ഒരു കുടിൽ യൂണിറ്റിന് ദിവസം ശരാശരി 5000 സ്ട്രോകൾ നിർമിക്കാൻ കഴിയും. അടുത്ത ഘട്ടത്തിൽ ഒരു പ്രദേശത്തെ യൂണിറ്റുകൾക്കെല്ലാം കൂടി  കേന്ദ്രീകൃത സംഭരണ സംവിധാനം ഒരുക്കാനാണ് പദ്ധതി. സ്ട്രോകൾ സംഭരിച്ച് ഗുണമേന്മാപരിശോധനയും യുവി സ്റ്റെറിലൈസേഷനും നടത്തി പായ്ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടാകും. 

‘തെങ്ങോലയിൽനിന്നു സ്ട്രോയോ, അതൊക്കെ നടപ്പുള്ള കാര്യമാണോ’ എന്നു മലയാളി നെറ്റി ചുളിക്കുന്ന നേരത്ത് ഓർക്കുക, തമിഴ്നാട്ടിലെ തെങ്ങിൻതോപ്പുകളിലെ ചെറു യൂണിറ്റുകളിൽ നിർമിക്കുന്ന സ്ട്രോകൾ വലിയ സാധ്യതകളിലേക്കു സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.   

തേടിയെത്തിയ തെങ്ങോല

ചെങ്ങന്നൂർ സ്വദേശി സജി വർഗീസ് വളർന്നതും പഠിച്ചതുമെല്ലാം നാഗ്പൂരിൽ. പഠിച്ചതു സാഹിത്യമെ ങ്കിലും സയൻസിനോടുമുണ്ട് ചെറുപ്പത്തിലേ കമ്പം. ചെറു കണ്ടുപിടിത്തങ്ങൾ വിനോദവുമായിരുന്നു. തെങ്ങിൻതോപ്പിലൂടെ നടക്കുമ്പോൾ കണ്ണിലുടക്കിയ ഒരു കൗതുകക്കാഴ്ചയാണ് സജിയെ സാഹിത്യത്തിൽനിന്നു സംരംഭത്തിലേക്കു തിരിച്ചുവിട്ടത്; ഉണങ്ങി വീണ മടലിലെ തെങ്ങോലയിലൊന്ന് കുഴലുപോലെ ചുരുണ്ടിരിക്കുന്നു. 

straw-2
സജി വർഗീസ്

സാധാരണ കാഴ്ച, എന്നാലതിലൊരു സാധ്യത മിന്നി സജിക്ക്. പ്ലാസ്റ്റിക് സ്ട്രോയ്ക്കൊരു ബദൽ എന്ന ആശയം. അതെടുത്തു വീട്ടിലേക്കു നടന്നു. ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചു മിനുക്കി കൂടുതൽ ഭംഗിയായി ചുരുട്ടിയെടുക്കാമെന്നു കരുതിയപ്പോൾ മറ്റൊരു കൗതുകം; ചൂടു തട്ടിയപ്പോൾ ഓലയുടെ പ്രതലത്തിൽ നേർത്തൊരു മെഴുക് ആവരണം പടർന്നിരിക്കുന്നു. ഓലയുടെ മുകൾ ഭാഗത്തതു കൂടുതലെങ്കിൽ പരുപരുപ്പുള്ള മറുഭാഗത്തു കുറവ്. 

തെങ്ങോല സ്ട്രോയിലേക്കുള്ള അന്വേഷണങ്ങളും പഠനങ്ങളും തുടങ്ങുന്നത് അവിടെനിന്ന്. വേനലിൽ ഓലയിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ തെങ്ങുതന്നെ സ്വീകരിക്കുന്ന പ്രതിരോധമാണ് ഈ മെഴുകാവരണം. ഓല ഉണങ്ങുന്തോറും അതിന്റെ സാന്നിധ്യം കൂടുതലാവും. കണ്ടുപിടിത്തത്തിന്റെ കാതലായ ഭാഗവും ഇതുതന്നെ. ഈ മെഴുക് ആവരണമാണ് ഓല സ്ട്രോയെ സുരക്ഷിതവും ആരോഗ്യകരവുമാക്കി മാറ്റുന്നത്. രണ്ട് ഓലകൾ എടുത്ത് അവയുടെ പരുപരുത്ത വശങ്ങൾ കൂട്ടിയൊട്ടിക്കുമ്പോൾ അകത്തും പുറത്തും ഒരുപോലെ മെഴുകാവരണമുള്ള സ്ട്രോ ലഭിക്കുന്നു. മാസങ്ങൾ സൂക്ഷിച്ചാലും ഈ ആവരണം മൂലം സ്ട്രോയിൽ ഫംഗസ് ബാധ ഉണ്ടാവുന്നുമില്ല. ഓലകൾ ഒട്ടിക്കാന്‍ ഉപയോഗിക്കുന്നതാവട്ടെ ഇറക്കുമതി ചെയ്ത, രാജ്യാന്തര നിലവാരമുള്ള ഫൂഡ് ഗ്രേഡ് ഗ്ലൂവും. 

മെഴുകാവരണത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയപ്പോൾ ആന്റി ഓക്സിഡന്റ് ഘടകങ്ങൾ ഉൾപ്പെടെയുള്ള അതിന്റെ ആരോഗ്യ സവിശേഷതകള്‍ വ്യക്തമായി. പൊഴിഞ്ഞു വീണു പാഴാകുന്ന ഓല (മാസങ്ങൾ കഴിഞ്ഞാൽപ്പോലും) ഉപയോഗിക്കാം എന്നതിനാൽ ഉൽപന്നത്തിനുള്ള അസംസ്കൃത വസ്തുവിന്റെ ചെലവ് പൂജ്യം. ഒരു മടലിലെ ഓലയിൽനിന്ന് 200–300 സ്ട്രോ  നിർമിക്കാം.

നമ്മുടെ നാട്ടിൽ സാധാരണ പ്രചാരമുള്ളത് 4 മില്ലിമീറ്റർ സ്ട്രോകളാണെങ്കിൽ 13 മില്ലിമീറ്റർ വരെ  ഉള്ളളവു ള്ള സ്ട്രോകൾ ഉപയോഗിക്കുന്നുണ്ട് യൂറോപ്പിലും അമേരിക്കയിലുമെല്ലാം. വിവിധ കോക്ടെയിൽ ജ്യൂസുകളും ബബിൾ ടീ പോലുള്ള പാനീയങ്ങളുമെല്ലാം അകത്താക്കാൻ ഇതാവശ്യമാണ്. ഏതു വലുപ്പത്തിലുള്ളവയുണ്ടാക്കാനും തെങ്ങോലകൊണ്ടു കഴിയും എന്നതും വൻ സാധ്യത തന്നെ.  

തെങ്ങിന്റെ കൊതുമ്പും സ്ട്രോ നിർമാണത്തിലെ അവശിഷ്ടങ്ങളുമെല്ലാം ചേർത്ത് ഉയർന്ന ഗുണമേന്മയുള്ള ഡിഷ് വാഷ് സ്ക്രബർ ഉൾപ്പെടെ ഒരുപിടി ഉൽപന്നങ്ങൾ കൂടി ഉടൻ രാജ്യാന്തര വിപണിയിലെത്തിക്കുമെന്നും സജി വർഗീസ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WASTE MANAGEMENT