ലോക്ക് ഡൗൺ വെറുതെ കളയാനുള്ളതല്ല, പാളകൊണ്ട് ഗ്രോബാഗ് നിർമിച്ച് രണ്ടു മിടുക്കന്മാർ
Mail This Article
ലോക്ക് ഡൗൺ കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞവർ ഒരുപാടുപേരുണ്ട്. വിത്തുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറികളുടെ വിത്തുകൾ സംഘടിപ്പിക്കാൻ പലരും മത്സരിച്ചു. സർക്കാർ വിത്തുകൾ വീട്ടിലെത്തിച്ചുകൊടുക്കാൻ തുടങ്ങിയതോടെ കൃഷി ഉഷാറായി. കൃഷിയിടത്തിൽ പരീക്ഷണങ്ങൾ നടത്താനും ചിലർ ഈ കോവിഡ് കാലം ഉപയോഗിച്ചു.
പച്ചക്കറികൾ നടാൻ പ്ലാസ്റ്റിക് ഗ്രോബാഗുകൾക്കു പകരം എന്തൊക്കെ ഉപയോഗിക്കാമെന്ന് ചിന്തിച്ചവരാണ് പലരും. ഓല മെടഞ്ഞും ടയർ മുറിച്ചും പലരും പച്ചക്കറിച്ചെടികൾക്ക് നടീൽസ്ഥലമൊരുക്കി. അതിൽ ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച രീതിയാണ് പാളകൊണ്ടുള്ള ഗ്രോബാഗ്. രണ്ടു പാളകൾ മടക്കി നാലു വശവും ചേർത്തു കെട്ടിയാൽ ഗ്രോബാഗായി. കൂടുതൽ കാലം ഈടുനിൽക്കില്ലെങ്കിലും ഒരു പച്ചക്കറിച്ചെടിയുടെ വളർച്ചാകാലം പൂർത്തിയാക്കാൻ ഈ പാള ഗ്രോബാഗിനു കഴിയുമെന്നതിൽ സംശയമില്ല. ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞാലും പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്തുന്നില്ല എന്നത് മറ്റൊരു ഗുണം.
പാളകൊണ്ട് ഗ്രോബാഗ് നിർമിക്കുന്ന ഒട്ടേറെ വിഡിയോകൾ പ്രചരിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ താരങ്ങൾ സഹോദരങ്ങളായ രണ്ടു കുട്ടികളാണ്. കോവിഡ് കാലത്ത് വിട്ടിലിരിക്കുമ്പോൾ പാളകൊണ്ട് ഗ്രോബാഗ് നിർമിച്ച് അതിൽ പച്ചക്കറികൾ നടുകയാണ് ഈ മിടുക്കന്മാർ. അവരുടെ ഗ്രോബാഗ് നിർമാണം എങ്ങനെയെന്നറിയാനും എങ്ങനെയാണ് ഗ്രോബാഗ് നിർമിക്കുന്നതെന്നറിയാനും വിഡിയോ കാണാം.