ADVERTISEMENT

കാളീച്ചകളെ വളർത്തിയുള്ള മാലിന്യസംസ്കരണവും തീറ്റയുൽപാദനവും ഇന്നു ലോകമെങ്ങും പ്രചാരം നേടുന്നുണ്ട്. (കാളീച്ചയുടെ അഥവാ ബ്ലാക് സോൾജ്യർ ഫ്ലൈയുടെ ലാർവ ഉൽപാദിപ്പി ക്കുന്ന സംരംഭത്തെക്കുറിച്ച് കർഷകശ്രീ 2019 സെപ്റ്റംബർ ലക്കത്തിൽ വിശദമാക്കിയിരുന്നു). വിപുലമായ സംരംഭം എന്ന നിലയ്ക്കു മാത്രമല്ല, വീട്ടാവശ്യത്തിനും ബ്ലാക് സോൾജ്യർ ഫ്ലൈയുടെ സേവനം പ്രയോജനപ്പെടുത്താമെന്നു തെളിയിക്കുകയാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എ ട്രീ (Ashoka Trust for Reserch in Ecology & the Environment) എന്ന സന്നദ്ധ സംഘടനയുടെ കേരള ചാപ്റ്റർ. 

കേരളത്തിൽ വേമ്പനാടുകായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് സന്നദ്ധപ്രവർത്തനം നടത്തുന്ന എ ട്രി, അതിന്റെ ഭാഗമായാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ കാളീച്ചകളെ ഉപയോഗിച്ചുള്ള മാലിന്യസംസ്കരണ മാതൃകയും അവതരിപ്പിച്ചിരിക്കുന്നത്; കുറഞ്ഞ ചെലവിലും ലളിതമായ രീതിയിലും നടപ്പാക്കാവുന്ന ഈ സംവിധാനത്തിലൂടെ മാലിന്യസംസ്കരണവും അടുക്കളമുറ്റത്തെ മുട്ടക്കോഴിക്കു പോഷകത്തീറ്റയും സാധ്യമാകുന്നു എന്നതാണ് ശ്രദ്ധേയം.  

അഞ്ചും പത്തും സെന്റിന്റെ പരിമിതിയിൽ കഴിയുന്ന വീട്ടുകാരാണല്ലോ മാലിന്യനിർമാർജനത്തിന് ഏറ്റവും പ്രയാസപ്പെടുന്നത്. അവർക്കേറെ ഉപകാരപ്രദമാണ്, ചെറിയൊരു ബയോപോഡ് തയാറാക്കി കാളീച്ചകളെ ആകർഷിച്ചുള്ള മാലിന്യസംസ്കരണരീതി.  ഭക്ഷ്യാവശിഷ്ടങ്ങൾ ബയോപോഡിൽ ഇടുകയും ഈച്ചകൾ അതിലേക്ക് എത്തുകയും ചെയ്യുന്നതാണ് ആദ്യഘട്ടം. ബയോപോ‌ഡിൽ ഈച്ച മുട്ടയിടുകയും മുട്ടവിരിഞ്ഞെത്തുന്ന ലാർവകൾ ഭക്ഷ്യാവശിഷ്ടങ്ങൾ തിന്നുതീർക്കുകയും ചെയ്യുന്നു അടുത്ത ഘട്ടത്തിൽ.  

ഉയർന്ന തീറ്റപരിവർത്തനശേഷിയുള്ളവയാണ് ഈ കാളീച്ച ലാർവകൾ. നന്നായി തിന്ന് നന്നായി വളരുന്നവ. നിശ്ചിത ദിവസങ്ങൾക്കു ശേഷം തീറ്റ മതിയാക്കി പ്യൂപ്പ ഘട്ടത്തിലേക്ക് പ്രവേശി‌ക്കാനൊരുങ്ങുന്ന ഈ ലാർവകളെ അടുക്കളമുറ്റത്തെ കോഴിക്കോ അടുക്കളക്കുളത്തിലെ മത്സ്യത്തിനോ തീറ്റയായി നൽകാം. കൂടിയ അളവിൽ  പ്രോട്ടീനും കൊഴുപ്പുമടങ്ങിയ ഈ തീറ്റപ്പുഴുക്കൾ കോഴികളിൽ മുട്ടയുൽപാദന നിരക്ക് ഉയർത്താനും മുട്ടയുടെ വലുപ്പം വർധിപ്പിക്കാനും സഹായകമാകുന്നുണ്ടെന്ന് മുഹമ്മയിലെ വീട്ടമ്മമാർ പറയുന്നു. ലാർവയുടെ വിസർജ്യമാകട്ടെ, അടുക്കളത്തോട്ടത്തിൽ വളമായി പ്രയോജനപ്പെടുത്താം. വളർച്ചയെത്തിയ ലാർവകളെ ഡ്രയറിൽ ഉണക്കി, പൊടിച്ചോ മുഴുവനായോ പായ്ക്കു ചെയ്ത് മൂല്യവർധിത തീറ്റയാക്കി സൂക്ഷിക്കുകയുമാവാം.

ഗ്രാമീണ മേഖലകളിലെ വീടുകളിൽ രൂപപ്പെടുന്ന മാലിന്യങ്ങളിൽ 80 ശതമാനവും ജൈവാവശിഷ്ടങ്ങൾതന്നെയാണ്. അടുത്തടുത്തു വീടുകളുള്ള പ്രദേശങ്ങളിൽ, തീരമേഖലകളിൽ വിശേഷിച്ചും, ഈ അവശിഷ്ടങ്ങൾ കായലിലോ കടലിലോ എത്തുകയാണു പതിവ്. ലാർവ ഉപയോഗിച്ചുള്ള ബയോപോഡിന്റെ പ്രസക്തിയും ഈ സാഹചര്യത്തിലാണ്. മാറ്റുള്ളവർക്കു ശല്യമാവാതെ മാലിന്യം സംസ്കരിക്കാം, തീറ്റച്ചെലവു കുറച്ച് മുട്ടക്കോഴി വളർത്താം. ദുർഗന്ധലേശമില്ലാതെ കുറഞ്ഞ ചെലവിൽ ഒരുക്കാവുന്ന ഈ സംവിധാനം എല്ലാ വീട്ടുകാർക്കും സ്വന്തം നിലയ്ക്കു  തയാറാ ക്കാവുന്നതേയുള്ളൂ എന്നും എ ട്രി പ്രവർത്തകർ പറയുന്നു. 

ബയോപോഡ്

മൂടിയുള്ളതും 30–32 കിലോ മാലിന്യം ശേഖരിക്കാവുന്നതുമായ വലിയ ബക്കറ്റാണ് ബയോപോഡിന്റെ മുഖ്യ ഭാഗം. അതിന്റെ മൂടിയുടെ മധ്യത്തിൽ ദ്വാരമിട്ട് ഒരു ടി വാൽവ് ഉറപ്പിക്കുന്നു. ടി വാൽവി‌ന്റെ, ബക്കറ്റിനുള്ളിൽ വരുന്ന ഭാഗത്ത് പേപ്പർ സ്ട്രോ നുറുക്കി ഉറപ്പിക്കുന്നു. മുട്ട സുരക്ഷിതമായി വിരിയണം എന്ന ആഗ്രഹത്തോടെ മുട്ടയിടാൻ വിടവുകൾ തേടിപ്പോകുന്ന ഈച്ചകൾക്കുള്ള ഒളിയിടമായി മാറും പേപ്പർ സ്ട്രോ കഷണങ്ങൾ. മുട്ട വിരിഞ്ഞെത്തുന്ന ലാർവകൾ നേരെ താഴെയുള്ള ഭക്ഷ്യാവശിഷ്ടങ്ങളിലേക്കു വീഴുകയും ചെയ്യും.

ഭക്ഷ്യാവശിഷ്ടങ്ങൾ തിന്നു വളരുന്ന ലാർവകൾ ഏതാണ്ട് മൂന്നാഴ്ച എത്തുന്നതോടെ തീറ്റ നിർത്തി പ്യൂപ്പ ഘട്ടത്തിലേക്കു നീങ്ങും. അതിനായി അൽപം ഇരുണ്ട ഭാഗം നോക്കി ലാർവകൾ സഞ്ചരിച്ചു തുടങ്ങും. ജലസേചനത്തിനായി ഉപയോഗിക്കുന്ന ഹോസ് കഷണം നീളത്തിൽ രണ്ടാ യി കീറി താഴെനിന്ന് ഏതാണ്ട് മധ്യഭാഗം വരെ എത്തുന്ന രീതിയിൽ ബക്കറ്റിനുള്ളിൽ വൃത്താകൃ തിയിൽ ഒരു സഞ്ചാരപാതയായി സ്ക്രൂ ചെയ്ത് ഘടിപ്പിക്കുന്നത് ഈ ആവശ്യത്തിലേക്കാണ്. ഇതിലൂടെ സഞ്ചരിച്ചെത്തുന്ന ലാർവകൾ ഈ പാതയിൽനിന്ന് പുറത്തേക്കു നീളുന്ന പിവിസി പൈപ്പിലൂടെ പുറത്തു ഘടിപ്പിച്ചിരിക്കുന്ന ചെറിയൊരു ബക്കറ്റിലേക്കു വന്നു വീഴുന്നു. മാലിന്യ ത്തിൽ കയ്യിടാതെ ലാർവ ശേഖരിക്കാനുള്ള മാർഗമായി മാറുന്നു ഈ സംവിധാനം. പ്രകൃതിയിൽനിന്ന് കൂടുതൽ ഈച്ചകളെത്തുകയും, ഇണചേരുകയും മുട്ടയിടുകയും ലാർവകൾ വിരിയുകയുമെല്ലാം ചെയ്യുന്ന തുടർപ്രക്രിയയിലൂടെ എന്നും ചെറിയൊരളവു ലാർവകൾ ശേഖരിക്കാനും കഴിയും. ഭക്ഷ്യാവശിഷ്ടങ്ങളിലെ ജലാംശം വാർന്നുപോകാനുമുണ്ട് ലളിതമായ കണ്ടെത്തൽ. അവശിഷ്ടങ്ങളിടുന്ന ബക്കറ്റിന്റെ അടിയിൽ ചെറിയ ദ്വാരങ്ങളിട്ട് അതിൽ കോട്ടൺ പഴന്തുണി തിരി രൂപത്തിലാക്കി താഴേക്ക് തൂങ്ങിക്കിടക്കുന്ന രീതിയിൽ തിരുകിവയ്ക്കുന്നു. ബക്കറ്റ് അൽപം ഉയർന്നു നിൽക്കുന്ന രീതിയിൽ സ്ഥാപിക്കുന്നതിനാൽ ജലം ഈ തിരിയിലൂടെ മെല്ലെ വാർന്നു പൊയ്ക്കൊള്ളും. 

സാധാരണ ഒരു വീടിനെ സംബന്ധിച്ച് രണ്ടുമാസത്തിലേറെ ഉപയോഗിക്കാൻ കഴിയും ഒരു ബക്കറ്റ്. 15 കിലോ ഭക്ഷ്യാവശിഷ്ടത്തിൽനിന്ന് ശരാശരി 2 കിലോ ലാർവയും 7–8 കിലോ ലാർവാ വിസർജ്യവും രൂപപ്പെടുമെന്നാണ് എ ട്രി പ്രവർത്തകരുടെ നിരീക്ഷണം. 

biopod-1
ലാർവകൾ വളരുന്ന ബയോപോഡിനരികെ എ ട്രീ പ്രവർത്തകരായ ശ്രീക്കുട്ടൻ, അനു, മനീജ എന്നിവരും വീട്ടമ്മയായ ബിന്ദുവും

‘‘ഞങ്ങളെപ്പോലെ സ്ഥലപരിമിതിക്കുള്ളിൽ ജീവിക്കുന്ന കുടുംബങ്ങൾക്ക് വലിയ സഹായമാണ് ഈ മാലിന്യസംസ്കരണമാർഗം. മറ്റാർക്കും ശല്യമില്ലാതെ മാലിന്യം സംസ്കരിക്കാം. ഒപ്പം പോഷ കമൂല്യമുള്ള കോഴിത്തീറ്റ ലഭിക്കുകയും ചെയ്യുന്നു. കോഴികൾക്കാകട്ടെ, ഈ പുഴുക്കൾ ഏറെ ഇഷ്ടവുമാണ്.’’  ബിന്ദു വേലമ്പറമ്പിൽ (മുഹമ്മയിലെ വീട്ടമ്മ)

ഈച്ചലോകം

പ്രകൃതിയിൽ സ്വാഭാവികമായി കാണുന്നവയാണ് കാളീച്ചകൾ. മനുഷ്യർക്കു ദ്രോഹം ചെയ്യാത്ത ഈച്ചയിനം. പട്ടാളച്ചിട്ടയിലെന്നപോലെ നീണ്ടു നിവർന്ന ശരീരപ്രകൃതം, തിളക്കമുള്ള കറുപ്പു നിറം. വായും കുടൽമാലകളുമില്ലാത്തതിനാൽ ഇവയ്ക്ക് ആഹാരം ആവശ്യമില്ല. അതുകൊണ്ടുതന്നെ ആഹാരസാധനങ്ങളിൽ വന്നിരുന്ന് രോഗം പരത്തുന്ന പതിവില്ല. 5 മുതൽ 7 ദിവസം വരെ മാത്രം ആയുസ്. 

BSF-Fly
കാളീച്ചയും മുട്ടകളും

ഭക്ഷ്യാവശിഷ്ടങ്ങളുടെ പരിസരങ്ങളിലാണ് ഇവ സാധാരണ മുട്ടയിടാറെങ്കിലും മണിയനീച്ചകളിൽനിന്നു വ്യത്യസ്തമായി അഴുകിയ അവശിഷ്ടങ്ങളോടും മാംസാവശിഷ്ടങ്ങളോടും കാളീച്ചകൾക്ക് അത്ര താൽപര്യമില്ല. അതുകൊണ്ടുതന്നെ കാളീച്ചകളെ ആകർഷിക്കാനായി ആദ്യ ഘട്ടത്തിൽ ബയോപോഡിൽ തലേദിവസത്തെ ചോറ് നിക്ഷേപിക്കുന്നതാണു നല്ലതെന്ന് എ  ട്രി പ്രവർത്തകരുടെ നിരീക്ഷണം. ചോറിന്റെ നേരിയ പുളിച്ച മണം മണിയനീച്ചകൾക്ക് അത്ര താൽപര്യമില്ലാത്തതിനാൽ കാളീച്ചകൾക്ക് അവിടെ കോളനി സ്ഥാപിക്കലും എളുപ്പവുമാകും. മറിച്ച്, മാംസാവശിഷ്ടങ്ങൾ ആദ്യമിട്ടാൽ മണിയനീച്ചകളാവും ആദ്യമെത്തുക. അവ കോളനിയായി മാറിയാൽ മറ്റൊന്നിനും പ്രവേശനമുണ്ടാവുകയുമില്ല.  

കോളനിയായി വസിക്കുന്ന കാളീച്ചകൾ ഇണചേരുകയും താമസിയാതെ പെണ്ണീച്ചകൾ ബയോ പോഡിൽ ഒരുക്കിയിരിക്കുന്ന ചെറു വിടവുകൾക്കുള്ളിൽ മുട്ടയിടുകയും ചെയ്യും. ഇണചേരുന്നതോടെ ആണീച്ചകളും മുട്ടയിടുന്നതോടെ പെണ്ണീച്ചകളും ചത്തു വീഴും. മുട്ടവിരിഞ്ഞുവരുന്ന ലാർവകൾക്കുള്ള തീറ്റയായി തീരും എല്ലാ ദിവസവും നിക്ഷേപിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ. 20 ദിവസം വളർച്ചയെത്തുന്നതോടെ ലാർവകൾ തീറ്റ മതിയാക്കി പ്യൂപ്പ ഘട്ടത്തിലേക്കു നീങ്ങും. ദിവസങ്ങൾക്കുള്ളിൽ പ്യൂപ്പ വിരിഞ്ഞ് ഈച്ചകളാവും. ബ്ലാക്ക് സോൾജ്യർ ഫ്ലൈയുടെ ജീവിതചക്രം ഇങ്ങനെ തുടരും. 

English summary: Black Soldier fly larvae for Organic Waste Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com