ADVERTISEMENT

ആനകളെ കൂട്ടമായി സംരക്ഷിക്കുന്ന സ്ഥലങ്ങളിൽ ആനപ്പിണ്ടം നീക്കൽ നിസ്സാര കാര്യമല്ല. ആ രോഗ്യമുള്ള ആന ദിവസം ശരാശരി 100 കിലോ പിണ്ടമിടും. അവിടെത്തന്നെ  അതു കുമിഞ്ഞു കൂടിക്കിടക്കുന്നത് ആനയുടെ ആരോഗ്യത്തിനു ദോഷം ചെയ്യും. അവിടെനിന്നു നീക്കി മറ്റെവിടെയെങ്കിലും കൂട്ടിയിട്ടാലും കുഴപ്പം; പരിസര മലിനീകരണം മുതൽ കൊതുകുശല്യം വരെ. വനം വകുപ്പിനു കീഴിൽ കാലടിക്കടുത്ത് കോടനാടുള്ള അഭയാരണ്യം കാലങ്ങളായി നേരിട്ടിരുന്ന പ്രശ്നത്തിന് ഇപ്പോള്‍ പരിഹാരമായി. ആനപ്പിണ്ടത്തിൽനിന്നു ജൈവവളം നിർമിച്ച് കർഷകർക്കു നൽകുന്ന സംവിധാനമാണ്  മാലിന്യമെന്ന തലവേദനയ്ക്കു മരുന്നായത്. 

എറണാകുളം ജില്ലയിൽ കാലടിക്കടുത്ത് പെരിയാറിന്റെ തീരത്ത് 250 ഏക്കറിലുള്ള കോടനാട് കപ്രിക്കാട് അഭയാരണ്യത്തിലുള്ളത് ആറ് ആനകൾ. ഒപ്പം മുന്നൂറോളം മാനുകൾ, അത്രയുംതന്നെ മ്ലാവുകൾ. നാലു കിലോമീറ്റർ പുഴയോരമുള്ള ഈ വിനോദസഞ്ചാരകേന്ദ്രത്തിൽ കുന്നുകൂടുന്ന മൃഗവിസർജ്യം പരിസരമാകെ മാലിന്യത്തിനും ദുർഗന്ധത്തിനും വഴിവച്ചിരുന്നു. കുഴിച്ചിട്ടും കത്തിച്ചും ഒഴിവാക്കാവുന്നതിനു പരിധിയുണ്ടല്ലോ. എത്രയൊക്കെ ശ്രദ്ധിച്ചാലും കുറെയൊക്കെ പുഴയിൽ കലരും, വെള്ളം മലിനമാകും. 

‘പനംപട്ട കിട്ടാതായതോടെ പശുക്കൾക്കു നൽകുന്ന തീറ്റപ്പുല്ലും പ്ലാവിലയുമൊക്കെയാണ് ആനവയറും നിറയ്ക്കുന്നത്. ഇവയുടെ അവശിഷ്ടമായ കടയും കമ്പുകളുമൊക്കെ കുമിഞ്ഞു കൂടുന്നതും പ്രശ്നമായി. മാനിന്റെയും മ്ലാവിന്റെയും വിസർജ്യം കൈകാര്യം ചെയ്യാനും പ്രയാസം. തുമ്പൂർമുഴി മോഡല്‍ കമ്പോസ്റ്റിങ്ങിലൂടെയും  ബയോഗ്യാസ് യൂണിറ്റിലൂടെയുമാണ് ഈ മാലിന്യമെല്ലാം സംസ്കരിക്കുന്നത്. പെരിയാറും പരിസരവും മലിനപ്പെടുന്നില്ലെന്നത് അധിക നേട്ടം’ അഭയാരണ്യം ശുചിത്വപദ്ധതിയുടെ വിജയശില്‍പിയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും കോടനാട്ടുകാരനുമായ എം.പി. പ്രകാശ് പറയുന്നു.   

തുമ്പൂർമുഴി കമ്പോസ്റ്റിങ്

തുറന്ന വേലിക്കൂടുകളിൽ വായു സമ്പർക്കത്തോടെ നടക്കുന്ന എയ്റോബിക് കമ്പോസ്റ്റിങ്ങാണ്  തുമ്പൂർമുഴി മോഡല്‍. കേരള കാർഷിക സർവകലാശാലയുടെ തുമ്പൂർമുഴി കാലിവളർത്തൽകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ഈ രീതി തികച്ചും ദുർഗന്ധരഹിതമാണ്.  ഇത്തരത്തിൽ 10 ടാങ്കുകളാണ് അഭയാരണ്യത്തിൽ നിർമിച്ചിരിക്കുന്നത്.

ചോപ്പർ യന്ത്രത്തില്‍ ചെറുതാക്കിയ ശേഷമാണ് ആനപ്പിണ്ടം കമ്പോസ്റ്റിങ് യൂണിറ്റിൽ ഇടുന്നത്. അടിയിൽ ഒരു നിര കരിയില വിരിച്ചിട്ടുണ്ടാവും. ആനമൂത്രം ശേഖരിച്ച് അതിൽ കമ്പോസ്റ്റിങ് ഇനോക്കുലം കലർത്തി ഓരോ ദിവസവും ഇടുന്ന ആനപ്പിണ്ടത്തിനു മീതെ തളിക്കുന്നു. നിശ്ചിത ഇടവേളകളിൽ ഇളക്കിക്കൊടുക്കും. 

നിറയുന്ന കൂടുകൾ മൂടിയിടും. വായു കയറുന്ന രീതിയിൽ, അഴികൾ നിശ്ചിത അകലത്തിൽ ക്രമീകരിച്ചു തയാറാക്കുന്ന വേലിക്കൂടിനുള്ളിൽ കിടന്ന് ഏതാണ്ട് രണ്ടു മാസംകൊണ്ട് ആനപ്പിണ്ടം പൊടിഞ്ഞു നല്ല ജൈവവളമായി മാറും. കമ്പോസ്റ്റിങ് പ്രക്രിയ ആരംഭിച്ചതിനാൽ അധികം വൈകാതെതന്നെ മിതമായ നിരക്കിൽ ജൈവവളം 10, 50 കിലോ ചാക്കുകളായി കർഷകർക്കു കൈമാറാൻ കഴിയുമെന്നു പ്രകാശ് പറയുന്നു.

പാചകവാതകം

പെല്ലറ്റ് രൂപത്തിലാണ് മാനുകളുടെ കാഷ്ഠം. അത് വെള്ളം ചേർത്ത് അലിയിച്ച്, അതിനൊപ്പം മ്ലാവുകളുടെ വിസർജ്യവും ബയോഗ്യാസ് യൂണിറ്റിൽ നിക്ഷേപിക്കുന്നു. രണ്ട് ഫ്ലോട്ടിങ് ഡോം ബയോ ഗ്യാസ് യൂണിറ്റുകളിലായി ദിവസം 100 കിലോ മാലിന്യം നിക്ഷേപിക്കാൻ കഴിയും. അതിൽനിന്നു ലഭിക്കുന്നത് ദിവസം നാലു കിലോ പാചകവാതകം. ആനകൾക്ക് ആഹാരം പാകം ചെയ്യാൻ ഇതു പ്രയോജനപ്പെടുന്നു. പാചകത്തിനായി അതുവരെ ചെലവിട്ടിരുന്ന വിറകിന്റെ അളവ് ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ കഴിയുന്നു. കോടനാട് കപ്രിക്കാട് വനംസംരക്ഷണ സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല.  

English summary: Now Elephant Dung be used as Organic Manure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com