വീടുകളിലുമുണ്ട് മെഡിക്കല്‍ മാലിന്യം, മാലിന്യസംസ്‌കരണത്തില്‍ പെടാത്ത മാലിന്യം
Mail This Article
വികേന്ദ്രീകൃത മാലിന്യസംസ്‌കരണ മേഖലയില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ജൈവമാലിന്യവും അജൈവ മാലിന്യവും വേര്‍തിരിച്ച് സംഭരിച്ച് സംസ്‌കരിക്കുമ്പോള്‍ വീടുകളില്‍നിന്ന് ഉണ്ടാകുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഇവയില്‍ പെടാതെ നില്‍ക്കുകയാണ്. ഇത് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ആശുപത്രിയിലും മറ്റും അല്ലേ ഉണ്ടാവുക എന്ന് നമുക്ക് തോന്നാം. എന്നാല്‍ അങ്ങനെയല്ല.
വീടിനുള്ളിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍
കേരളം ആരോഗ്യ പരിപാലനരംഗത്ത് മറ്റു സംസ്ഥാനങ്ങളെക്കാളും ഏറെ മുന്നിലാണ്. എങ്കിലും ദിനംപ്രതി രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു. വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന കിടപ്പു രോഗികളുടെ എണ്ണം വളരെ വലുതാണ്. അതോടൊപ്പം തന്നെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്ത സമ്മര്‍ദ്ദം, ദിനം പ്രതിയുള്ള അപകടങ്ങള്‍ മുതലായവയും വര്‍ധിച്ചു വരുന്നു.
ഇത്തരത്തില്‍ നമ്മുടെ വീടുകളില്‍ ഗുളികയുടെ കവര്‍, സിറിഞ്ച്, കത്തീറ്റര്‍, റൈസ് ട്യൂബ്, പഞ്ഞി, കുട്ടികളും മുതിര്‍ന്നവരും ഉപയോഗിക്കുന്ന ഡയപ്പെര്‍, സാനിറ്ററി നാപ്കിന്‍, ഗര്‍ഭനിരോധന ഉറകള്‍ മുതലായ വിവിധ തരം ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉണ്ടാകുന്നു. ഇവ ശേഖരിക്കാനോ സംസ്‌കരിക്കാനോ ഭൗതിക സൗകര്യങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ലഭ്യമല്ല. ആയതിനാല്‍ പലപ്പോഴും അവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുകയും അതിലൂടെ പ്രകൃതിക്കും മനുഷ്യനും ദോഷം ഭവിക്കുകയും ചെയുന്നു.
വീടുകളിലെ ബയോമെഡിക്കല്‍ മാലിന്യം - ഇന്നത്തെ അവസ്ഥ
വീടുകളില്‍നിന്ന് ഉണ്ടാകുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നേരിടുന്ന പ്രതിസന്ധികളെ പറ്റി മനസിലാക്കാന്‍ തിരുവനന്തപുരം നഗരസഭയെയും, മാണിക്കല്‍ പഞ്ചായത്തിനെയും ഉള്‍പ്പെടുത്തി ചെറിയൊരു ഫീല്‍ഡ് സര്‍വേ വഴി ഒരു പ്രാഥമിക പഠനം നടത്തുകയുണ്ടായി. ഓരോ വീടുകളിലും ഉണ്ടാകുന്ന മെഡിക്കല്‍ മാലിന്യത്തിന്റെ സവിശേഷതകളും അളവും, ഇപ്പോള്‍ നിലവിലുള്ള സംവിധാനം എന്നിവ മനസിലാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
തിരുവനന്തപുരം നഗരസഭയില്‍ പ്രൗഡ് (PROUD - Programme on Removal Of Unused Drugs) മുഖേനെ വീടുകളില്‍നിന്നു വരുന്ന പഴയ മരുന്നുകള്‍, മരുന്നിന്റെ കവറുകള്‍ മുതലായവ ശേഖരിക്കാന്‍ 4 കേന്ദ്രങ്ങളിലായി കളക്ഷന്‍ ബൂത്തുകള്‍ സജ്ജമാണ്. അതോടൊപ്പം തന്നെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി വഴിയും ശേഖരണം നടക്കുന്നു. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റുകളില്‍നിന്നു വരുന്ന സിറിഞ്ച്, നീഡില്‍ മുതലായവ അതാതു യൂണിറ്റുകള്‍ തന്നെ ശേഖരിച്ച് ആശുപത്രിക്കു കൈമാറുന്നു. എങ്കിലും വീടുകളില്‍ തന്നെ ഉണ്ടാകുന്ന മറ്റു പല മെഡിക്കല്‍ മാലിന്യങ്ങളും ശേഖരിക്കാനോ ശാസ്ത്രീയമായി സംസ്‌കരിക്കാനോ സാധികുന്നില്ല.
മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ വീടുകളില്‍ ഉണ്ടാകുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം ലഭ്യമാണോ എന്ന് അറിയില്ല. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകളില്‍ 1,22,465 രോഗികള്‍ ഉണ്ട്. ഇവര്‍ക്ക് നല്‍കുന്ന സേവനങ്ങളിലൂടെ ഒരു മാസം ഏകദേശം 3 ടണ്‍ മെഡിക്കല്‍ മാലിന്യം ഉണ്ടാകുന്നതായി കണക്കാക്കുന്നു.
ആര്‍ത്തവവുമായി ബന്ധപ്പെട്ട് വരുന്ന മാലിന്യങ്ങള്‍
ദേശീയ കുടുംബാരോഗ്യ സര്‍വേ 2015-2016ന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയില്‍ മാത്രം 12.1 കോടി സ്ത്രീകള്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നു. കേരളത്തിന്റെ മാത്രം കണക്കെടുത്താല്‍ 1.74 കോടി സ്ത്രീകള്‍ ആണുള്ളത്. അതില്‍ തന്നെ 87 ലക്ഷം കോടി പേര്‍ 10-50 വയസിനിടയില്‍ ഉള്ളവരാണ്. അതിലും സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നവര്‍ 50 ലക്ഷം. ഒരാള്‍ ഒരു മാസത്തില്‍ 20 നാപ്കിന്‍ വരെ ഉപയോഗിക്കാം. അത്തരത്തില്‍ നോക്കിയാല്‍ 50 ലക്ഷം പേരില്‍നിന്നും ഒരു വര്‍ഷം ആകെ ഉണ്ടാകുന്നത് 120 കോടി നാപ്കിനുകള്‍ ആണ്..
ഇവയെല്ലാം എങ്ങോട്ടാണ് പോകുന്നത്? കത്തിക്കല്‍, വലിച്ചെറിയല്‍ അതുമല്ലെങ്കില്‍ ക്ലോസറ്റില്‍ ഇട്ട് ഫ്‌ളഷ് ചെയ്യല്‍. ഇവയൊക്കെയാണ് ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന സംസ്‌കരണ രീതികള്‍.
ഇതിനുപുറമേയാണ് കുഞ്ഞുങ്ങളും കിടപ്പുരോഗികളും ഉപയോഗിക്കുന്ന ഡയപ്പറുകള്‍. പലരും ഈ പ്രശ്‌നം ഉന്നയിച്ച് കണ്ടിട്ടുണ്ട്. സാനിറ്ററി നാപ്കിന്‍ പോലെയല്ലല്ലോ ഡയപ്പറുകള്‍. അവ നശിപ്പിച്ചു കളയാന്‍ ഏറെ പ്രയാസമാണ്. കത്തിക്കാനും പാടാണ്.
എന്താണ് പോംവഴി?
നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും നിലവിലുള്ള മാലിന്യസംസ്‌കരണ മാര്‍ഗങ്ങളെയും കൂട്ടിച്ചേര്‍ത്തുകൊണ്ട് നമുക്ക് വീടുകളിലെ മെഡിക്കല്‍ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
- പാലിയേറ്റീവ് യൂണിറ്റുകള്‍ തങ്ങളുടെ ചികിത്സയുടെ ഭാഗമായി വരുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ കൈയോടെ ശേഖരിച്ച് അതാത് ആശുപത്രിയില്‍ ഏല്‍പ്പിക്കണം.
- പാലിയേറ്റീവ് സേവനം ലഭ്യമാക്കുന്ന മറ്റ് എന്‍ജിഒകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായോ, കുടുംബാരോഗ്യ കേന്ദ്രവുമായോ ബന്ധിപ്പിക്കുക.
- പൊതുജനങ്ങള്‍ക്ക് മെഡിക്കല്‍ ഇനത്തില്‍പ്പെടുന്ന അജൈവമാലിന്യം നിക്ഷേപിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ലോക്ക് ആന്‍ഡ് കീ സൗകര്യമുള്ള കളക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാം.
- പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, കുടുംബാരോഗ്യ കേന്ദ്രത്തിലോ തന്നെ ഇത്തരത്തില്‍ വീടുകളില്‍ നിന്നും ഉണ്ടാകുന്ന മെഡിക്കല്‍ മാലിന്യം ശേഖരിക്കാന്‍ പ്രത്യേകം പെട്ടികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
- സുരക്ഷിതമായ കേന്ദ്രങ്ങളില്‍ പഴകിയതും ഉപയോഗിക്കാത്തതുമായ മരുന്നുകള്‍ ശേഖരിക്കാന്‍ സംവിധാനം ഏര്‍പെടുത്താം.
- ഉപയോഗശൂന്യമായ മരുന്നുകള്‍ തിരികെ ഏല്‍പ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, പ്രര്‍ഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തുടങ്ങി എല്ലാ മാര്‍ഗങ്ങളിലൂടെയും ബഹുജന വിദ്യാഭ്യാസ പരിപാടി നടത്തുന്നതിനുള്ള ക്രമീകരണം.
- വീടുകളില്‍ ഇത്തരത്തില്‍ വരുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ പ്രത്യേകം ബിന്നുക്കളില്‍ നിക്ഷേപിക്കുക. അവ പിന്നീട് പ്രത്യേക ട്രെയിനിങ് ലഭിച്ച ഗ്രൂപ്പുകള്‍ക്ക് കൈമാറാം.
- ഇത്തരത്തില്‍ മാലിന്യം ശേഖരിക്കാന്‍ വരുന്ന ഗ്രൂപ്പുകള്‍ക്ക് ട്രെയിനിങ് ലഭിച്ചിട്ടുണ്ടെന്നും അതുപോലെതന്നെ ആവശ്യമായ സുരക്ഷാ കവചങ്ങള്‍ ഉണ്ടെന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം
- പുനരുപയോഗം സാധ്യമായ നാപ്കിനുകള്‍, ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കാം.
- താല്‍കാലിക പരിഹാരം എന്ന നിലയില്‍ പൊതു ഇന്‍സിനറേറ്ററുകള്‍ ഉപയോഗിച്ച് നാപ്കിന്‍, ഡയപ്പര്‍ എന്നിവ സംസ്‌കരിക്കാം
ഇനി മറ്റൊരു കാര്യം കൂടെ ഓര്‍മിപ്പിക്കട്ടെ. നമ്മള്‍ ഇത്രയും സമയം പറഞ്ഞ മാലിന്യങ്ങളെല്ലാം പുറമേയാണ് കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന മാസ്‌ക്, ഗ്ലൗസ് മുതലായവ. ഇവയൊക്കെ പരിസ്ഥിതിക്ക് മറ്റ് ജീവജാലങ്ങള്‍ക്കും ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ചെറുതല്ല. ആയതിനാല്‍ ഗാര്‍ഹിക മെഡിക്കല്‍ മാലിന്യ സമാഹരത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സംവിധാനവും കേന്ദ്രീകൃത സംസ്‌കരണത്തിന് ക്രമീകരണവും അനിവാര്യമാണ്.
English summary: Biomedical waste management and disposal