ADVERTISEMENT

കേരളത്തിലെ ഖരമാലിന്യ സംസ്കരണരംഗത്ത് കഴിഞ്ഞ നാല് വർഷത്തിനിടയിൽ വന്ന പുതിയൊരു തുടക്കമാണ് ഹരിത കർമ്മ സേന. നമ്മളിൽ ചിലർക്കെങ്കിലും ഹരിതകർമ്മസേനയെ പറ്റി ഇപ്പോഴും കേട്ടുകേൾവിയുണ്ടാവില്ല. പക്ഷേ, ഈ കൂട്ടർ ഇതിനോടകം തന്നെ നമ്മുടെ മാലിന്യ സംസ്കരണ മേഖലയുടെ നട്ടെല്ലായി മാറിക്കഴിഞ്ഞു.

ഹരിത കർമ്മ സേന

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വാതിൽപ്പടി സേവനം നൽകുന്ന സംരംഭമാണ് ഹരിത കർമ്മസേന. ഉറവിടത്തിൽ തരം തിരിച്ച് വൃത്തിയാക്കിയ അജൈവ മാലിന്യ ശേഖരണം, ജൈവ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നതിനുള്ള സാങ്കേതിക സഹായവും ഉപാധികളും ലഭ്യമാക്കൽ എന്നിവയാണ് മുഖ്യ വാതിൽപ്പടി സേവനങ്ങൾ. ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. 

ഇതോടൊപ്പം തെറ്റായ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നവരുടെ വിവരം ശേഖരിക്കാനും ബോധവൽകരണം നടത്താനും ഹരിത കർമ്മസേനയുടെ സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. 

നിലവിലെ സ്ഥിതി

ഒരു വാർഡിൽ രണ്ട് ഹരിത കർമ്മ സേനാംഗങ്ങളെ വീതമാണ് നിയോഗിച്ചിട്ടുള്ളത്. ഹരിത കേരളം മിഷന്റെ കണക്ക് പ്രകാരം 938 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 28,632ൽപ്പരം ഹരിത കർമ്മ സേനാംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 3468 രൂപയാണ് ഒരു ഹരിത കർമ്മ സേനാംഗത്തിന്റെ പ്രതിമാസ ശരാശരി വരുമാനം. എന്നാൽ അതിനു മുകളിൽ ലഭിക്കുന്നിടങ്ങളുമുണ്ട്.

ഹരിത കർമ്മ സേനയും പൊതു മനോഭാവവും

എത്രപേർ ഹരിത കർമ്മ സേനയെ നല്ല രീതിയിൽ സ്വീകരിക്കുന്നുണ്ട്? വിരളം. എന്താ കാരണം? നമ്മുടെ മനോഭാവവും ശീലങ്ങളും തന്നെ. 'നമ്മുടെ വീട്ടിലെ പ്ലാസ്റ്റിക്കും കൊടുക്കണം പൈസയും കൊടുക്കണോ?' ഇതാണ് പലരുടെയും സംശയം.

ഹരിതകർമ്മസേന വരുന്നത് കാണുമ്പോൾ വാതിൽ പൂട്ടി അകത്തിരിക്കുന്നവരുടെ എണ്ണവും കുറവല്ല. അവരോടുള്ള നീരസം തീർക്കാൻ എന്ന രീതിയിൽ പ്ലാസ്റ്റിക്കിനൊപ്പം സാനിറ്ററി പാഡുകളും മറ്റും കൂട്ടിക്കലർത്തി കൊടുക്കുന്നവരുമുണ്ട് നമുക്കിടയിൽ. ഒരു മാസത്തെ നമ്മുടെ സമ്പാദ്യത്തിൽനിന്ന് മുപ്പതോ അൻപതോ രൂപ അവർക്ക് കൊടുക്കാൻ നാം മടി കാണിക്കുന്നു. നമ്മളിൽ പലരുടെയും വിചാരം അവർക്ക് മറ്റു വരുമാന സ്ത്രോതസുകൾ ഉണ്ടെന്നാണ്. എന്നാൽ സത്യാവസ്ഥ അതല്ല.

മാറണം പൊതു മനോഭാവം

നാളെ ഒരു സമയത്ത് ഇവരാരും തന്നെ ഈ പണിക്ക് ഇറങ്ങുന്നില്ല എന്ന് ഉറച്ച് തീരുമാനിച്ചാൽ ആരാണ് ദുരിതത്തിലാവുക? അവർക്ക് ഒരുപക്ഷേ മറ്റ് ജോലികൾ കിട്ടിയെന്ന് വരാം. പക്ഷേ നമ്മുടെ മാലിന്യ സംസ്കരണ മേഖലയുടെ നട്ടെല്ല് അതോടെ തകരും. അന്ന് നമ്മുടെ മാലിന്യങ്ങൾ നമ്മൾ എങ്ങനെ സംസ്കരിക്കും? ഒരു പരിധിവരെ നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ പറ്റുമായിരിക്കും. അത് കഴിഞ്ഞാൽ നമ്മൾ ആർക്ക് കൈമാറും? അതോ വീട്ടിൽ മാലിന്യം ഉണ്ടാവില്ല എന്ന് വാദിക്കാൻ സാധിക്കുമോ?

ഇവയൊക്കെ മുന്നിൽകണ്ടുകൊണ്ട് തന്നെ നാം പ്രവർത്തിക്കണം. ഓരോ തവണയും നാം അവരെ ആട്ടിയിറക്കി വിടുമ്പോൾ, പുച്ഛിക്കുമ്പോൾ ഈ ചിന്തകൾ നമ്മുടെ മനസ്സിൽ ഉണ്ടാവണം.

ഹരിത കർമ്മ സേനയ്ക്കൊരു കൈത്താങ്ങ്

ഹരിതകർമസേനകളുടെ പ്രവർത്തനം തിട്ടപ്പെടുത്തുന്നതിന് വിജിഎഫ്,  ആരോഗ്യ സുരക്ഷാ ഉപാധികൾ, വാഹനസൗകര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം നൽകുന്നുണ്ട്.

ഹരിത കർമ്മ സേനയുടെ വരുമാനം വർധിപ്പിക്കാനായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെടുത്തി ധാരാളം പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. പാഴ്‌വസ്തുക്കളിൽ നിന്നും മികച്ച ഉൽപന്നങ്ങളുണ്ടാക്കുന്ന ഹരിത സംരംഭങ്ങൾ മുതൽ മറ്റ് പല തരം നൂതന സംരംഭ മാതൃകകൾ നടപ്പാക്കിയും സ്വയംപര്യാപ്തമാകാൻ ഹരിത കർമ്മസേന ശ്രമിക്കുന്നുണ്ട്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഉപാധികളായ ഗ്രീൻ പ്രോട്ടോകോൾ സേവനം ലഭ്യമാക്കൽ, വസ്തുക്കളുടെ പുനരുപയോഗം സാധ്യമാക്കുന്നതിന് സ്വാപ് ഷോപ്പ് സംഘടിപ്പിക്കൽ മുതലായവയും ഇതിലുൾപ്പെടുന്നു.

കോവിഡ് കാലത്തെ ഹരിത കർമ്മ സേന പ്രവർത്തനം

കോവിഡും ലോക്ഡൗണും കൂടെ ഒന്നിച്ചു വന്നപ്പോൾ ഹരിത കർമ്മ സേന അംഗങ്ങൾക്ക് തൊഴിൽ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വരുമാന മാർഗവും. എന്നാൽ ഇപ്പോൾ പലരും തിരിച്ച് തങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിയിരിക്കുകയാണ്. അതും സമൂഹത്തിനുവേണ്ടി തന്നെയാണ്. ഒരു വിഭാഗം ജനം സുഖസൗകര്യങ്ങളിൽ ലയിച്ചു ജീവിക്കുമ്പോൾ ഒരു കൂട്ടം ജനത എല്ലാവർക്കുംവേണ്ടി പോരാടുന്നുണ്ട് എന്നുള്ള കാര്യം എപ്പോഴും മനസ്സിലുള്ളത് നല്ലതാണ്. 

English summary:  Importance of Haritha Karma Sena in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT