ADVERTISEMENT

മൃഗസംരക്ഷണ മേഖലയുടെ വികസനത്തിന് ഇന്ന് ഏറ്റവുമധികം പ്രതിബന്ധം സൃഷ്ടിക്കുന്ന ഒന്നാണ് ഫലപ്രദമായ മാലിന്യസംസ്‌കരണ മാര്‍ഗങ്ങളുടെ അപര്യാപ്തത. കാര്യക്ഷമമായ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ നടപ്പിലാക്കാത്തതിനാല്‍ ആദായകരമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി ഫാമുകള്‍ അടച്ചുപൂട്ടേണ്ട ദുരവസ്ഥയും നമുക്കുണ്ടായിട്ടുണ്ട്. മൃഗപരിപാലന മേഖലയില്‍നിന്നും മൃഗോല്‍പ്പന്നങ്ങളുടെ സംസ്‌കരണശാലകളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക - സാമൂഹിക പ്രശ്‌നങ്ങളും ചില്ലറയല്ല. ഇത് തെരുവുനായ്ക്കളുടെയും പക്ഷികളുടെയും വംശവര്‍ധനയ്ക്കും പരിസ്ഥിതി മലിനീകരണത്തിനും സാംക്രമികരോഗങ്ങള്‍ പകരുന്നതിനും ഇടയാക്കുന്നുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് താഴ്ന്ന അന്തരീക്ഷ ഊഷ്മാവും ഉയര്‍ന്ന ഈര്‍പ്പവുമെല്ലാം ഫലപ്രദമായ മാലിന്യസംസ്‌കരണത്തിന് വിഘാതം സൃഷ്ടിക്കുന്നു. 

വര്‍ഷകാലത്ത് കന്നുകാലി ഫാമുകളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് തുമ്പൂര്‍മുഴി മോഡല്‍ എയ്‌റോബിക് കമ്പോസ്റ്റിംഗ് ടെക്‌നിക് (TMAC). വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരവുമായ ഈ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് തുമ്പൂര്‍മുഴി കന്നുകാലി പ്രജനന കേന്ദ്രത്തില്‍ പ്രഫസറും മേധാവിയും ആയിരുന്ന ഡോ. ഫ്രാന്‍സിസ് സേവ്യറിന്റെ നേതൃത്വത്തിലാണ്. മാലിന്യനിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ പരിസ്ഥിത സൗഹൃദമാര്‍ഗമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതികവിദ്യയാണിത്. കൂടാതെ യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (UNDP) കാലാവസ്ഥ നിയന്ത്രണ കമ്മിറ്റി, ഇന്ത്യയിലെ ഗ്രാമീണ കാര്‍ഷിക മേഖലയില്‍ ഏറ്റവും ഉപയുക്തമായ നാല് മാലിന്യസംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്‌റോബിക് കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യയാണ്. 

പശു, എരുമ, ആട് തുടങ്ങിയ കന്നുകാലി ഫാമുകള്‍, കോഴി ഫാമുകള്‍, പന്നി ഫാമുകള്‍, അറവുശാലകള്‍, മത്സ്യ-മാംസ സംസ്‌കരണ ശാലകള്‍ എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങളും പഴം, പച്ചക്കറി തുടങ്ങിയ അടുക്കള മാലിന്യങ്ങളും ഈ രീതിയില്‍ വളരെ ഫലപ്രദമായി പോഷകഗുണമേറെയുള്ള ജൈവവളമാക്കി (കമ്പോസ്റ്റ്) മാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത. 

ഏതുതരത്തിലുള്ള മാലിന്യമാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് കമ്പോസ്റ്റിന്റെ പോഷകഗുണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. 

സവിശേഷതകള്‍ 

  • പരിസ്ഥിതി സൗഹൃദ പദ്ധതിയാണ്.
  • വായു കടക്കുന്ന അഥവാ എയ്‌റോബിക് രീതിയിലുള്ള പദ്ധതിയായതിനാല്‍ കമ്പോസ്റ്റിംഗ് നിര്‍മ്മാണ പരിസരത്ത് യാതൊരുവിധ ദുര്‍ഗന്ധവും ഉണ്ടാകുന്നില്ല.
  • ചത്ത മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവാവശിഷ്ടങ്ങള്‍ വളരെ വിലയേറിയ ജൈവവളമായി മാറുന്നതിലൂടെ മണ്ണിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നു. 
  • കുറഞ്ഞ സ്ഥലത്ത് വരെ നടപ്പിലാക്കാവുന്ന ചെലവു കുറഞ്ഞ കമ്പോസ്റ്റിങ് മാര്‍ഗം. 
  • അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച് 1-2 ആഴ്ചകള്‍ക്കുള്ളില്‍ കമ്പോസ്റ്റ് ടാങ്കിലെ ഉഷ്മാവ് 70 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നതിനാല്‍ അവശിഷ്ടങ്ങളിലെ രോഗാണുക്കളെയും പരാദ മുട്ടകളെയും നശിപ്പിച്ചു കളയുന്നു. 

കമ്പോസ്റ്റിങ് ടാങ്ക് നിര്‍മിക്കുന്ന വിധം 

thumboormuzhy-wate-management-1

ആദ്യമായി വായു സഞ്ചാരമുള്ളതും മേല്‍ക്കൂരയുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കണം. ഫെറോസ്ലാബ് അഥവാ ഇഷ്ടിക ഉപയോഗിച്ച് സമചതുരാകൃതിയില്‍ നാലടി നീളവും, നാലടി വീതിയും, നാലടി ഉയരവുമുള്ള ഒരു ടാങ്ക് ചിത്രത്തില്‍ കാണുന്നതു പോലെ വായു കടക്കാവുന്ന രീതിയില്‍ നിര്‍മിക്കുക. സ്ലാബിന്റെ അടിഭാഗം സിമന്റ് അല്ലെങ്കില്‍ ഫെറോസിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്യുക. ടാങ്കിന്റെ അരികുകളിലൂടെ എലി, പെരുച്ചാഴി തുടങ്ങിയ ജീവികള്‍ പ്രവേശിക്കാതിരിക്കാന്‍ നെറ്റ് കൊണ്ട് മറയ്ക്കുന്നത് നന്നായിരിക്കും. 

കമ്പോസ്റ്റ് നിര്‍മിക്കുന്ന വിധം 

thumboormuzhy-wate-management-3
ചത്ത മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവാവശിഷ്ടങ്ങള്‍ വളരെ വിലയേറിയ ജൈവവളമായി മാറുന്നതിലൂടെ മണ്ണിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നു.

കമ്പോസ്റ്റ് ടാങ്കിന്റെ ഏറ്റവും അടിഭാഗത്ത് 6 ഇഞ്ച് കനത്തില്‍ ചാണകം നിരത്തിയിടുക. വെള്ളം ഊറിയ അല്‍പം ഉണങ്ങിയ ചാണകമാണ് നിക്ഷേപിക്കേണ്ടത്. അതിനു മുകളിലായി 6 ഇഞ്ച് കനത്തില്‍ ഉണങ്ങിയ കരിയിലകള്‍ നിരത്തിയിടുക. ഇതിനു മുകളിലാണ് ചത്തമൃഗങ്ങള്‍, പ്രസവാവശിഷ്ടങ്ങള്‍, കോഴി, പന്നി ഫാമുകളിലെ അവശിഷ്ടങ്ങള്‍, അറവുശാലയിലെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ നിക്ഷേപിക്കേണ്ടത്. ജൈവാവശിഷ്ടങ്ങള്‍ എപ്പോഴും കമ്പോസ്റ്റ് ടാങ്കിനു മധ്യഭാഗത്തായി നിക്ഷേപിക്കുവാന്‍ ശ്രദ്ധിക്കണം. ഈ ജൈവാവശിഷ്ടങ്ങള്‍ക്കു മുകളിലായി വീണ്ടും ആറിഞ്ച് കനത്തില്‍ ചാണകവും കരിയിലയും തട്ടുകളായി നിക്ഷേപിച്ച ശേഷം വീണ്ടും ജൈവാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാം. ഇപ്രകാരം ടാങ്ക് നിറഞ്ഞു കഴിയുമ്പോള്‍ ഏറ്റവും മുകളില്‍ ചാണകമാണ് നിരത്തിയിടേണ്ടത്. കമ്പോസ്റ്റ് ടാങ്ക് മഴ നനയാതെ സൂക്ഷിക്കുക. ഏകദേശം 90 മുതല്‍ 120 ദിവസങ്ങള്‍ക്കുള്ളില്‍ തൂവലുകള്‍, മുടി, എല്ലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവശിഷ്ടങ്ങളും പൊടി രൂപത്തിലാവുകയും, കമ്പോസ്റ്റ് നെറ്റ്(അരിപ്പ) ഉപയോഗിച്ച് അരിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യും. 

കമ്പോസ്റ്റ് ടാങ്ക് നിര്‍മിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ അളവുകള്‍ കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കണം. മാതൃക അളവിനേക്കാള്‍ കൂടുതല്‍ വലിപ്പത്തില്‍ ടാങ്ക് നിര്‍മിച്ചാല്‍ ടാങ്കിന്റെ മധ്യഭാഗത്തേക്ക് വായുകടക്കാത്തതിനാല്‍ എയ്‌റോബിക് കമ്പോസ്റ്റിംഗ് പ്രക്രിയ പൂര്‍ണമായി നടക്കില്ല. ഫെറോസ്ലാബ്, ഇഷ്ടിക എന്നിവയ്ക്കു പകരം പിവിസി പൈപ്പുകളോ, മരക്കഷണമോ ഉപയോഗിക്കാം. കരിയിലയ്ക്ക് പകരം വൈക്കോല്‍, ഹേ (Hay), പേപ്പര്‍ കഷണങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. 

തുമ്പൂര്‍മുഴി കമ്പോസ്റ്റിന്റെ പ്രവര്‍ത്തനം 

ചാണകത്തിലെ സൂക്ഷ്മജീവികള്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി ജൈവാവശിഷ്ടങ്ങളിലെ നൈട്രജന്‍, ഫോസ്ഫറസ്, കാര്‍ബണ്‍ മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. 

കാര്‍ബണ്‍ ഉറവിടം ആയിട്ടാണ് കരിയില, വൈക്കോല്‍ എന്നിവ ചേര്‍ക്കുന്നത്. സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനഫലമായി കാര്‍ബണ്‍ ഡയോക്‌സൈഡും ചൂടും ഉണ്ടാവുകയും ജൈവാവശിഷ്ടങ്ങള്‍ ദ്രവിച്ച് പൂര്‍ണ്ണമായി സംസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. കാര്‍ബണ്‍: നൈട്രജന്‍ അനുപാതം 15-20: 1 ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

തുമ്പൂര്‍മുഴി കമ്പോസ്റ്റിന്റെ പോഷക ഗുണങ്ങള്‍ 

thumboormuzhy-wate-management

ഒരു കിലോഗ്രാം വളത്തില്‍ 

13-17 ഗ്രാം നൈട്രജന്‍,  78-80 ഗ്രാം കാത്സ്യം , 6-8 ഗ്രാം ഫോസ്ഫറസ്, 30-35 ഗ്രാം പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു 

തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് നിര്‍മാണം - സംരംഭകസാധ്യത 

കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്ന തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് നിര്‍മാണപദ്ധതി വളരെ ആദായകരമായ സംരംഭക സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. കമ്പോസ്റ്റ് നിര്‍മിച്ച് പാക്കറ്റുകളിലാക്കി വിപണനം ചെയ്യാന്‍ സാധിക്കും. ചാണകത്തില്‍നിന്നും മൃഗ അവശിഷ്ടങ്ങളില്‍ നിന്നും നിര്‍മിക്കാവുന്ന ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമാണിത്. ഫെറോസ്ലാബ്, ഇഷ്ടിക എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന ഒരു കമ്പോസ്റ്റ് യൂണിറ്റിന് ഏകദേശം 9000 മുതല്‍ 11,000 രൂപ വരെ ചെലവ് വരും. വിപണിയില്‍ ശ്രദ്ധിക്കപ്പെടാനായാല്‍ ചാണക വിലയും കമ്പോസ്റ്റ് നിര്‍മിക്കുന്നതിനുള്ള കൂലിച്ചെലവും കഴിഞ്ഞ് ഓരോ കമ്പോസ്റ്റ് ടാങ്കില്‍നിന്നും 3-4 മാസത്തിനുള്ളില്‍ ഏകദേശം 2500-2600 രൂപയോളം ആദായം ഉറപ്പാണ്. ഒരു കിലോ കമ്പോസ്റ്റിന് 16 രൂപയോളം മാര്‍ക്കറ്റ് വില ലഭിക്കുന്നുണ്ട്. 

ചാലക്കുടിയിലെ തുമ്പൂര്‍മുഴി കന്നുകാലി പ്രജനന കേന്ദ്രത്തില്‍ TMAC കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ സംബന്ധിച്ചുള്ള സൗജന്യ പരിശീലന സൗകര്യം കര്‍ഷകര്‍ക്കും മറ്റ് സംരംഭകര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇന്ന് കേരളത്തിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഈ മാലിന്യ സംസ്‌കരണ പദ്ധതിയുടെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമായ രീതിയില്‍ നടപ്പിലാക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും മൃഗസംരക്ഷണ വകുപ്പ് തലത്തിലും, സര്‍ക്കാരിതരസ്ഥാപനങ്ങള്‍ വഴിയും ക്ഷീരകര്‍ഷകര്‍ക്ക് തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റിങ് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക സഹായം നല്‍കാവുന്നതാണ്. ഇതിലൂടെ മൃഗസംരക്ഷണ മേഖലയിലെ വികസനത്തിന് തടസ്സം നില്‍ക്കുന്ന മാലിന്യ നിര്‍മാര്‍ജന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കുക തന്നെ ചെയ്യും. 

English summary: Thumboormuzhi aerobic compost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com